UPDATES

ബാബുറാമുമായി ബന്ധമില്ല; ആവര്‍ത്തിച്ച് കെ ബാബു

 

ബാബുറാമുമായി തനിക്ക് യാതൊരു ബിസിനസ് ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബു. വിജിലന്‍സിന്റെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ പോകുമ്പോഴാണ് ബാബു ഇങ്ങനെ പറഞ്ഞത്. ബാബുറാം വിജിലന്‍സിന് കത്തയച്ചത് തന്‍റെ അറിവോടെയല്ലെന്നും അദ്ദേഹം അയച്ച കത്തിന്‍റെ പേരില്‍ തനിക്കൊരു ഗുണവും ഉണ്ടായിട്ടില്ലെന്നും ബാബു പറഞ്ഞു.

ബാബുറാമും ബാബുവും തമ്മിലുള്ള ബിനാമി ബന്ധത്തിനുളള തെളിവുകള്‍ വിജിലന്‍സ് കണ്ടെത്തിയെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ബാബുറാമുമായി യാതൊരു ബിസിനസ് ബന്ധവും ഇല്ലെന്ന വിശദീകരണവുമായി മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബു രംഗത്തെത്തിയത്.

ബാബു ഒരു മകളുടെ വിവാഹം നടത്തിയത് ഇരുന്നൂറ് പവനിലേറെ സ്വര്‍ണം നല്‍കിയാണ്. ഇത്രയും സ്വര്‍ണം നല്‍കാനുളള സാമ്പത്തിക ഉറവിടത്തെക്കുറിച്ച് ബാബുവിനോട് വിജിലന്‍സ് വിശദീകരണം തേടും. ബാബുവിനെതിരെയുളള കൂടുതല്‍ തെളിവുകള്‍ കിട്ടിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് ബാബുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നതെന്നറിയുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബു ഉള്‍പ്പടെ മൂന്നുപേരെ പ്രതി ചേര്‍ത്താണ് വിജിലന്‍സ് നേരത്തെ എഫ്‌ ഐ ആര്‍ സമര്‍പ്പിച്ചത്. കുമ്പളം സ്വദേശി ബാബുറാം, തൃപ്പൂണിത്തുറ സ്വദേശി മോഹനന്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. നേരത്തെ ബാര്‍കോഴക്കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ബാബുറാം വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ പകര്‍പ്പും ഇരുവരും തമ്മിലുളള ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, സ്റ്റീല്‍ കമ്പനികള്‍ എന്നിവയില്‍ ബാബുവിന് ബിനാമി ബിസ്‌നസ് പങ്കാളിത്തമുണ്ടെന്നും റിയല്‍ എസ്റ്റേറ്റ് മാഫിയയുമായും ബാബുവിന് ബന്ധമുണ്ടെന്നും എഫ് ഐ ആറില്‍ പറയുന്നുണ്ട്. മകളുടെ ഭര്‍തൃപിതാവിന്‍റെ പേരില്‍ 45 ലക്ഷത്തിന് ബാബു വാങ്ങിയ ബെന്‍സ് കാര്‍ ബാര്‍കോഴ ആരോപണം പുറത്തുവന്നപ്പോള്‍ വിറ്റെന്നും തമിഴ്‌നാട്ടിലെ തേനിയില്‍ ബാബുവിന് 120 ഏക്കര്‍ ഭൂമിയുണ്ടെന്നും മന്ത്രിയായിരുന്ന കാലയളവിലാണ് അനധികൃത സ്വത്ത് സമ്പാദനം നടന്നതെന്നും എഫ്‌ ഐ ആറിലുണ്ട്.

ബാബുവിന്റെ ബിനാമി ബന്ധത്തിനുളള നിരവധി തെളിവുകള്‍ വിജിലന്‍സിന് കിട്ടിയതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍. ഇന്ന് നടക്കുന്ന ചോദ്യം ചെയ്യലില്‍ ഇതുള്‍പ്പെടെ നൂറോളം ചോദ്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നറിയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍