UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചക്കിലിയര്‍ ക്ഷേത്രങ്ങളില്‍ കഴിയുന്നത് മദ്യപിക്കാന്‍; കെ ബാബു എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍

തന്റെ പ്രസംഗത്തില്‍ ഒരു സമുദായത്തെയും പരാമര്‍ശിച്ചിട്ടില്ലെന്നും വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ബാബു

ദലിത സമുദായത്തെ അധിക്ഷേപിച്ച് നെന്മാറ എംഎല്‍എ കെ ബാബുവിന്റെ വിവാദ പരാമര്‍ശം. ദലിത സമുദായമായ ചക്കിലിയ വിഭാഗത്തെയാണ് കെ ബാബു സിപിഎം വിശദീകരണ യോഗത്തിനിടെ അപമാനിച്ച് സംസാരിച്ചത്. ഏഷ്യാനെറ്റ് ന്യൂസാണ് പ്രസംഗത്തിന്റെ വീഡിയോ ഉള്‍പ്പെടെ വാര്‍ത്ത പുറത്തുവിട്ടത്.

ചക്കിലിയര്‍ ക്ഷേത്രങ്ങളില്‍ കഴിയുന്നത് മദ്യപിക്കിക്കാനാണെന്നാണ് ബാബു പറഞ്ഞത്. ചക്കിലിയ വിഭാഗത്തില്‍പ്പെട്ടവരില്‍ ഒരു പെണ്‍കുട്ടി ഈഴവ സമുദായത്തില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് പാലക്കാട് ഗോവിന്ദാപുരത്തെ അംബേദ്കര്‍ കോളനിയിലെ ഇവരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ അമ്പലപ്പറമ്പുകളിലാണ് ഉറങ്ങിയിരുന്നത്. ഈ സാഹചര്യത്തില്‍ സിപിഎം വിശദീകരണ യോഗം വിളിച്ചു ചേര്‍ത്തത്. ‘ഞങ്ങളെ നടക്കാന്‍ സമ്മതിക്കുന്നില്ല, ഇരിക്കാന്‍ സമ്മതിക്കുന്നില്ല, ഉറങ്ങാന്‍ സമ്മതിക്കുന്നില്ല എന്നൊക്കെ പറയുന്ന ഇവര്‍ കൂട്ടംകൂടിയാണ് ഉറങ്ങുന്നതെന്ന് പറയുന്നത് ശരിയാണ്. അവര്‍ കൂട്ടംകൂടുന്നത് അടുത്തുള്ള പൈപ്പില്‍ നിന്നും വെള്ളമെടുത്ത് ഒരുമിച്ചിരുന്ന് മദ്യപിക്കാനാണ്’ എന്നാണ് ബാബു യോഗത്തില്‍ പറഞ്ഞത്.

ചക്കിലിയരോട് കടുത്ത അയിത്തമാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. നേരത്തെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഗവണ്‍മെന്റ് വെല്‍ഫയര്‍ എല്‍പി സ്‌കൂളില്‍ ഈ വിഭാഗത്തിലെ കുട്ടികള്‍ പഠിക്കുന്നുവെന്നതിനാല്‍ നാട്ടുകാര്‍ അയിത്തം കല്‍പ്പിച്ചതിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഈ വിഭാഗക്കാരെ പൊതുടാപ്പില്‍ നിന്ന് ജലമെടുക്കാനും മറ്റ് സമുദായക്കാര്‍ അനുവദിച്ചിരുന്നില്ല. അതേസമയം തന്റെ പ്രസംഗത്തില്‍ ഒരു സമുദായത്തെയും പരാമര്‍ശിച്ചിട്ടില്ലെന്നും വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ബാബു പറഞ്ഞു. കൂടാതെ വാര്‍ത്തയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്നും ബാബു വ്യക്തമാക്കി. ചില തല്‍പ്പര കക്ഷികളാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിപ്പിക്കുന്നതിന് പിന്നിലെന്നും ബാബു ആരോപിക്കുന്നു. യോഗത്തിന് ശേഷം അവിടെ കൂടിയവര്‍ ഈ സമുദായത്തില്‍പ്പെട്ട ഒരാളുടെ വീട്ടില്‍ നിന്നാണ് ഭക്ഷണം കഴിച്ചതെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.

ചക്കിലിയ സമുദായക്കാരെന്ന് അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും ആ സാഹചര്യത്തില്‍ ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണെന്ന് വിടി ബല്‍റാം എംഎല്‍എ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍