UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാബുവും കോടതിയും കൈവിട്ടാല്‍ ഉമ്മന്‍ ചാണ്ടി എന്തുചെയ്യും?

Avatar

അഴിമുഖം പ്രതിനിധി

കെ ബാബു മന്ത്രിയാണോ അതോ മുന്‍ മന്ത്രിയാണോ എന്നാണ് സംശയം.

താന്‍ രാജിവച്ചു എന്നു ബാബു പറയുന്നു. എന്നാല്‍ ബാബുവിന്റെ രാജി ഗവര്‍ണര്‍ക്കു കിട്ടിയിട്ടില്ല. സാങ്കേതികമായി ബാബു ഇപ്പോഴും മന്ത്രിസ്ഥാനത്തു നിന്നും മാറ്റപ്പെട്ടിട്ടില്ല. തന്റെ വിശ്വസ്തനെ കൈവിട്ടു കളയാതിരിക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ തന്ത്രമാണത്. രണ്ടു കളിക്കാരുടെ കാലിലും പന്തുണ്ട്, ആരു ഗോളടിക്കും എന്നതാണ് ഇനി കാണേണ്ടത്.

ബാബു പറയുന്നതുപോലെ, പൂര്‍ണത്രയീശ്വന്റെ അനുഗ്രഹം കൊണ്ട്, വിജിലന്‍സ് സ്‌പെഷല്‍ കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്തു ഹൈക്കോടതി ബാബുവിനെ ചുറ്റിയിരുന്ന കുരുക്ക് അഴിച്ചുകൊടുത്തു. 

ഇപ്പോള്‍ ബാബുവിന് രക്തസാക്ഷി പരിവേഷമാണ്. ബാബുവെങ്കിലും സ്വയം അങ്ങനെ പറയുന്നൂ. അതുകൊണ്ട് തന്നെ കലാവധി തീരാന്‍ അധികസമയമൊന്നും ഇല്ലാത്ത മന്ത്രിസഭയിലേക്ക് ബാബു തിരിച്ചെത്തില്ല.

പക്ഷേ ഉമ്മന്‍ ചാണ്ടി വഴങ്ങുന്നില്ല. ബാബുവിനെ തിരികെയെത്തിച്ച് പുതിയ രാഷ്ട്രീയക്കളിക്ക് ഇറങ്ങാനാണ് ഉമ്മന്‍ ചാണ്ടി തയ്യാറെടുക്കുന്നത്.

താന്‍ എന്തിന് രാജിവയ്ക്കണം എന്നു ചോദിച്ചതുപോലെ കോടതിയുടെ രാഷ്ട്രീയക്കളിക്ക് ഇരയായ ബാബുവിനെ എന്തിന് മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ചോദിക്കും. വിജിലന്‍സ് കോടതി ബാബുവിനെതിരെ എഫ് ഐ ആര്‍ ഇടാന്‍ ഇറക്കിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍, തെറ്റുകാരനല്ലാത്ത ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതുണ്ടോ എന്ന ന്യായമാണ് ഉമ്മന്‍ ചാണ്ടി ഉയര്‍ത്താന്‍ പോകുന്നത്.

രണ്ടു മന്ത്രിമാര്‍ രാജിവച്ച കളങ്കം ഉമ്മന്‍ ചാണ്ടിക്കു തന്റെ മന്ത്രിസഭയുടെ മേല്‍ നിന്നും കഴുകി കളയണം. അതിനു ബാബുവിനെ തിരികെ കൊണ്ടുവന്നേ പറ്റൂ. അങ്ങനെയെങ്കില്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അപമാനത്തില്‍നിന്നും അല്‍പ്പം തല ഉയര്‍ത്താമെന്ന് മുഖ്യന്‍ കണക്കു കൂട്ടുന്നു.

കെ സി ജോസഫിനെക്കാള്‍ ഉമ്മന്‍ ചാണ്ടിക്കു വേണ്ടപ്പെട്ടവനാണ് ബാബു. ഉമ്മന്‍ ചാണ്ടിയുടെ മടിശീല സൂക്ഷിപ്പുകാരന്‍. സോളാര്‍ കേസില്‍ ഉള്‍പ്പെടെ സെറ്റില്‍മെന്റ് മണി ഒഴുകിയത് എക്‌സൈസ് വകുപ്പില്‍ നിന്നാണെന്ന അടക്കം പറച്ചില്‍ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ തന്നെയുണ്ട്. അധികാരം വിട്ടൊഴിയുന്നതുവരെ ബാബു തനിക്കൊപ്പം മന്ത്രിയായി തന്നെ ഉണ്ടാകേണ്ടത് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യമാണ്.

ഉമ്മന്‍ ചാണ്ടിയെ തള്ളാന്‍ ബാബുവിന് കഴിയില്ല. പക്ഷേ ബാബു സെല്‍ഫ് പ്രൊട്ടക്റ്റഡ് പൊളിറ്റീഷ്യന്‍ ആണെന്നൊരു വിമര്‍ശനം എല്ലാ കോണ്‍ഗ്രസുകാര്‍ക്കിടയിലും ഉള്ളതുകൊണ്ട് ഇക്കാര്യത്തില്‍ തന്റെ നേതാവിന്റെ വാക്കു തള്ളിയേക്കാം. മാസങ്ങള്‍ക്കിപ്പുറം വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ മത്സരിക്കേണ്ടതാണ് ബാബുവിന്. കാര്യങ്ങള്‍ അത്ര പന്തിയില്ല. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും ബിജെപിയും മണ്ഡലത്തില്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ ബാബുവിനെ അസ്വസ്ഥനാക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടിക്കുള്ള സ്‌നേഹം മറ്റു നേതാക്കന്മാര്‍ക്കോ മണ്ഡലത്തിലെ ഒരു വിഭാഗം അണികള്‍ക്കോ തന്നോടില്ലെന്ന് ബാബുവിന് മനസിലായിട്ടുണ്ട്. അതുകണ്ട് ഒരിക്കല്‍ക്കൂടി നിയമസഭ കാണണമെങ്കില്‍ നന്നായി വിയര്‍ക്കണം.

ബാറില്‍ ആകെ നാറിയ അവസ്ഥയിലായിരുന്നു. ബാറുകള്‍ നിരോധിച്ചതിന്റെ ക്രെഡിറ്റ് പങ്കിട്ടു കിട്ടിയതിന്റെ ഒരു കഷ്ണവുമായി വോട്ട് പിടിക്കാന്‍ നടന്നതുകൊണ്ട് മാത്രമാകില്ല. സിപിഎം മണ്ഡലം എങ്ങനയെങ്കിലും തിരിച്ചുപിടിക്കാന്‍ സകല അടവും പയറ്റും. ബിജുരമേശിന്റെ ആരോപണങ്ങള്‍ വിശ്വസിക്കുന്നവരുടെ എണ്ണമാണ് കൂടുതല്‍.

ആകെ വയ്യാത്തൊരു സ്ഥിതിയില്‍ നില്‍ക്കുമ്പോഴായിരുന്നു വിജിലന്‍സ് കോടതിയുടെ ഇടപെടല്‍. അതൊരു തരത്തില്‍ അനുഗ്രഹമായിരുന്നു. ഇപ്പോള്‍ ബാബുവിന് ധാര്‍മികതയെക്കുറിച്ച് പറയാം. തനിക്കെതിരെ കോടതിയുടെ ഭാഗത്തു നിന്ന് എതിര്‍വിധി ഉണ്ടായാല്‍ മന്ത്രിസ്ഥാനത്തു കടിച്ചു തൂങ്ങില്ലെന്നു ബാബു ആദ്യം മുതല്‍ പറയുന്നുണ്ടായിരുന്നു. പറഞ്ഞതുപോലെ തന്നെ ചെയ്തു തന്റെ രാഷ്ട്രീയധാര്‍മിക തെളിയിക്കുയും ചെയ്തു. ഈ പരിവേഷം കളയാതെ സൂക്ഷിക്കണം. കേസുകള്‍ ഇനിയും തനിക്കെതിരെ ഉണ്ടെന്നു ബാബുവിന് അറിയാം. മന്ത്രിസ്ഥാനം ഏറ്റെടുത്തശേഷം ആ കേസുകള്‍ തിരിഞ്ഞു കൊത്തിയാല്‍ അത് വലിയ തിരിച്ചടിയാകും. ഒരുപക്ഷേ രാഷ്ട്രീയമായി ബാബുവിനെ ഇല്ലാതാക്കി കളയും. ഇതൊക്കെ മുന്നില്‍ കണ്ടുകൊണ്ടു തന്നെ ഉമ്മന്‍ ചാണ്ടിയുടെ ക്ഷണം നിരസിച്ച് മന്ത്രിസഭയില്‍ നിന്നും മാറിനില്‍ക്കാന്‍ തന്നെയാകും കെ ബാബുവിന്റെ തീരുമാനം. അങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭാവി എന്തായിരിക്കും? എന്തായാലും അതറിയാന്‍  ഇനി അധിക നേരം കാത്തിരിക്കേണ്ടി വരില്ല. ഉമ്മന്‍ ചാണ്ടിയുടെ ഭാവി ഹൈക്കോടതിയുടെയും ബാബുവിന്റെയും കയ്യിലാണ്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍