UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു വന്‍മരം കടപുഴകുകയാണ്; ചെറുകുലുക്കം പോലും ഉണ്ടാക്കാതെ വീണേക്കാം

Avatar

അഴിമുഖം പ്രതിനിധി

കെ ബാബുവിന്റെ കടവേരിലാണ് ജേക്കബ് തോമസ് കോടാലിവച്ചിരിക്കുന്നത്. ബാബു വീഴുമോ തുടര്‍ന്നും വാഴുമോ എന്നു പറയാറായിട്ടില്ല. വീഴാനാണു യോഗമെങ്കില്‍, ആ പതനം തൃപ്പൂണിത്തുറ മണ്ഡലത്തിലെ (ബാബുവിന്റെ സാമ്രാജ്യത്തിലെ) വലിയൊരു വിഭാഗം കോണ്‍ഗ്രസുകാര്‍ക്ക് സ്വീകാര്യമായിരിക്കും.

വര്‍ഷങ്ങള്‍ക്കു മുമ്പ് അങ്കമാലിയില്‍ നിന്നും പഴയൊരു അംബാസിഡര്‍ കാറില്‍ വന്നിറങ്ങുമ്പോള്‍ ബാബുവിനു മുന്നിലുണ്ടായിരുന്ന തൃപ്പൂണിത്തുറയുടെ രൂപം ഇന്നു കാണുന്നതല്ലായിരുന്നു. കാക്കനാടും തൃക്കാക്കരയുമൊക്കെ ചേര്‍ന്ന് വലിയ മണ്ഡലം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉരുക്കു കോട്ട. ടി കെ രാമകൃഷ്ണനെപോലുള്ളവരുടെ സ്വന്തം തട്ടകം. ബാബു വരുംവരെ അത് ഐ ഗ്രൂപ്പുകാരുടെ കേന്ദ്രം കൂടിയായിരുന്നു. അങ്ങനെയെല്ലാമുള്ള തൃപ്പൂണിത്തുറയില്‍ കെ ബാബു കോണ്‍ഗ്രസിന്റെ എംഎല്‍എ ആയി, നിസാര ഭൂരിപക്ഷത്തിനായിരുന്നുവെങ്കിലും.

സാഹചര്യങ്ങളും വഴിയും ബാബുവിന് അനുകൂലമായിരുന്നു. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെയുള്ള തെരഞ്ഞെടുപ്പ്. ആദ്യപോരാട്ടത്തിലെ എതിരാളി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തീര്‍ത്തും ദുര്‍ബലനായ എംഎം ലോറന്‍സ്. കാക്കനാട് പ്രദേശത്തു കൊടുകുത്തിവാണിരുന്ന സിപിഎം വിഭാഗീയത; എല്ലാംകൂടി ചേര്‍ന്നപ്പോള്‍ ബാബുവിന് കാര്യങ്ങള്‍ എളുപ്പമായി.

ബാബു തൃപ്പൂണിത്തുറയ്ക്ക് വന്നശേഷം ദീര്‍ഘനാള്‍ താമസിച്ചത് വേമ്പനാട് ഫ്രാന്‍സിസ് എന്നൊരാളുടെ വീട്ടിലായിരുന്നു. ഫ്രാന്‍സിസ് വാടകപോലും ബാബുവിന് ഒഴിവാക്കി കൊടുത്തു. ഐ ഗ്രൂപ്പുകാരുടെ ശക്തികേന്ദ്രമായിരുന്നിട്ടു കൂടി ‘എ’ ക്കാരനായ ബാബുവിനുവേണ്ടി മണ്ഡലത്തിലെ കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പു വ്യത്യാസമില്ലാതെ പ്രവര്‍ത്തിച്ചു. ആര്‍ക്കും പരിഭവവുമില്ലായിരുന്നു, സന്തോഷം മാത്രം.

ഇങ്ങനെയെല്ലാം ചരിത്രമുള്ള ബാബുവിന്റെ ഇന്നത്തെ അവസ്ഥയില്‍, ഒരിക്കല്‍ തനിക്കുവേണ്ടി കൈയും മെയ്യും മറന്നു പ്രവര്‍ത്തിച്ച പാര്‍ട്ടിക്കാര്‍ തന്നെ ഒത്തിരി സന്തോഷിക്കുന്നുണ്ടെന്ന കാര്യം ബാബുവിന് അറിയാതിരിക്കാന്‍ വഴിയില്ല. അങ്ങനെയൊരു സാഹചര്യം ഉണ്ടാക്കിയെടുത്തതിന്റെ കുറ്റബോധം ഉള്ളിലുണ്ടാകുമോയെന്ന്‍ പക്ഷേ, സംശയം.

ബാബുവിനെതിയുള്ള പ്രവര്‍ത്തനമാണ് യഥാര്‍ത്ഥ രാഷ്ട്രീയമെന്നും വിശ്വസിക്കുന്ന കോണ്‍ഗ്രസുകാര്‍ തൃപ്പൂണിത്തുറയില്‍ ഇന്നു പ്രബലമാണ്. ഐഎന്‍ടിയുസിക്കാരും ഒരു വിഭാഗം കോണ്‍ഗ്രസുകാരും പരസ്യമായി തന്നെ ബാബുവിന്റെ എതിരാളികളായി മാറിയിട്ടുണ്ട്. ഐഎന്‍ടിയുസിയുടെ പ്രിയദര്‍ശിനി മന്ദിരം പോലും ബാബുവിനോടുള്ള പ്രതിഷേധമാണ്. അവരുടെ പാര്‍ട്ടി പരിപാടികളിലൊന്നും കെ ബാബു പങ്കെടുക്കുന്നില്ല എന്ന് ഉറപ്പു വരുത്തുന്നു. കെ ബാബുവാകട്ടെ മാര്‍ക്‌സിസ്റ്റുകാരോടുള്ളതിനെക്കാള്‍ കടുത്ത വിരോധം തന്റെ പാര്‍ട്ടിയുള്ളവരോട് വച്ചുപുലര്‍ത്തുകയും ചെയ്യുന്നു. ഇത്തവണ തെരഞ്ഞെടുപ്പില്‍ ബാബുവിന്റെ വീഴ്ച്ചയ്ക്ക് ചുക്കാന്‍ പിടിച്ചതും ഇതേ കോണ്‍ഗ്രസ് വിമതവിഭാഗം തന്നെയാണെന്നതും രഹസ്യമല്ല. തൃപ്പൂണിത്തുറ, എരൂര്‍, മരട്, കൊച്ചിയിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ള കോണ്‍ഗ്രസ് – ഐഎന്‍ടിയുസിക്കാരാണ് കെ ബാബുവിനോട് കടുത്തവിരോധം വച്ചു പുലര്‍ത്തുന്നത്. കെ ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടന്നപ്പോഴും പരസ്യമായി തന്നെ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു ഇവര്‍. ആ സന്തോഷത്തിനു പിന്നില്‍ പിന്നില്‍ പഴയൊരു പ്രതികാരത്തിന്റെ കഥകൂടിയുണ്ട്.

കോണ്‍ഗ്രസ് തൃപ്പൂണിത്തുറ നിയോജക മണ്ഡലം പ്രസിഡന്റും കമ്യൂണിസ്റ്റു പാര്‍ട്ടിയോടു പടവെട്ടി കോണ്‍ഗ്രസിനെ തൃപ്പൂണിത്തുറയില്‍ നിലനിര്‍ത്തിപോരുകയും ചെയ്തിരുന്ന ഐ ഗ്രൂപ്പിന്റെ കരുത്തനായ നേതാവുമായിരുന്ന അന്തരിച്ച ടി രവീന്ദ്രന്റെ വീട്ടില്‍ നടന്ന റെയ്ഡ് ആരും മറന്നിട്ടില്ല. കെ ബാബുവിന്റെ പ്രവര്‍ത്തനങ്ങളോട് പൊരുത്തപ്പെടാനാകാതെ, പരസ്യമായി എതിരിട്ടു നിന്നിരുന്ന നേതാവായിരുന്നു രവീന്ദ്രന്‍. ബാബുവിനോടുള്ള വെല്ലുവിളിയായിരുന്നു തൃപ്പൂണിത്തുറയില്‍ സമാന്തരമായൊരു പാര്‍ട്ടി ഓഫീസ് എന്ന നിലയില്‍ ഐഎന്‍ടിയുസിക്ക് വേണ്ടി രവീന്ദ്രന്‍ മുന്‍കൈയെടുത്ത് ഗംഭീരമായൊരു കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ ബാബു അതിനോട് പ്രതികരിച്ചതാകട്ടെ രവീന്ദ്രന്റെ വീട്ടിലേക്ക് പൊലീസിനെ റെയ്ഡ് ചെയ്യാന്‍ അയച്ചായിരുന്നു. ഓഫീസ് നിര്‍മാണത്തില്‍ അഴിമതിയുണ്ടായിരുന്നെന്ന്‍ കാണിച്ച് രവീന്ദ്രനെതിരേ കേസു നല്‍കിയതും പൊലീസിനെ റെയ്ഡിനയച്ചതുമെല്ലാം ബാബു തന്റെ അധികാരമുപയോഗിച്ചു നടത്തിയ പകപോക്കലായിരുന്നുവെന്നു വിശ്വസിക്കുന്ന കോണ്‍ഗ്രസുകാര്‍ നിരവധിയായിരുന്നു. അവര്‍ക്ക് ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് എത്തിയ ദിവസം ആഹ്ലാദത്തിന്റെതായതു സ്വാഭാവികം.

ബാബു എങ്ങനെയാണ് തൃപ്പൂണിത്തുറയില്‍ ശക്തനായി മാറിയതെന്നു ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം; സമുദായവും സമ്പത്തും എന്നാണ്. അങ്കമാലിയിലെ ഒരു വഴിയോര ചായക്കച്ചവടക്കാരന്റെ മകന് ഇതു രണ്ടും കൈവശമുണ്ടായിരുന്ന കരുത്തല്ല, തൃപ്പൂണിത്തുറയില്‍ വന്നശേഷം ഉണ്ടാക്കിയെടുത്തതാണ്. ഒരു വശത്ത് എസ്എന്‍ഡിപിയുടെ നേതാവും മറുവശത്തു ബാര്‍ മുതലാളിയും നിന്നപ്പോള്‍ നടുവില്‍ നിന്ന ബാബു കരുത്തനാവുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നത്. ആ വിധത്തില്‍ ശക്തനായതോടെ കോണ്‍ഗ്രസും അതിന്റെ പ്രവര്‍ത്തകരും ബാബുവിന് രണ്ടാമതു മാത്രം ആശ്രയിക്കേണ്ട ഘടകമായി മാറിയെന്നും ഇവര്‍ ആരോപിക്കുന്നു. എസ്എന്‍ഡിപി സമുദായത്തിന്റെ ഉറച്ച പിന്തുണയും പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകളും തന്റേതാക്കി മാറ്റിയതോടെയാണ് തൃപ്പൂണിത്തുറയില്‍ ബാബു തുടര്‍ച്ചയായി വിജയിക്കാന്‍ തുടങ്ങിയതും മണ്ഡലം കോണ്‍ഗ്രസ് കോട്ടയാണെന്നു പ്രഖ്യാപിക്കാന്‍ വരെ തയ്യാറായതും.

ബാബുവിനെതിരെയുള്ള പ്രധാന പരാതി അയാള്‍ പാര്‍ട്ടിക്കാരോടു കാണിക്കുന്ന അസഹിഷ്ണുതയാണ്. പല ഉദാഹരണങ്ങള്‍ ഇതിന് പറയാനുണ്ട്. ആദ്യമായി എംഎല്‍എ ആയ സമയം, ഒരു റവന്യു റിക്കവറിയുടെ കാര്യം ശരിയാക്കാന്‍ ബാബുവിന്റെ അടുത്തെത്തിയ കെഎസ് യു നേതാവിന് നിരാശനായാണ് മടങ്ങേണ്ടി വന്നത്. പിന്നീട് സ്വന്തം നിലയില്‍ കാര്യങ്ങള്‍ ആ പ്രാദേശിക നേതാവ് ശരിയാക്കിയെടുത്തെന്നറിഞ്ഞപ്പോള്‍ ബാബു ചെയ്തത് അയാളോടു തട്ടിക്കയറുകയായിരുന്നു. നീ വന്ന് എനിക്ക് പകരം എംഎല്‍എ കസേരയില്‍ ഇരിക്കെടാ എന്നു പൊട്ടിത്തെറിച്ചാണ് ബാബു പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള തന്റെ അസഹിഷ്ണുത പ്രകടിപ്പിച്ചു തുടങ്ങിയത്. ആരും തന്നെ വിമര്‍ശിക്കാന്‍ പാടില്ല, വിമര്‍ശിച്ചാല്‍ പരിസരം നോക്കാതെ പൊട്ടിത്തെറിക്കും. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ബാബുവിന്റെ രൂക്ഷമായ വാക്പ്രയോഗത്തില്‍ കണ്ണുനനഞ്ഞ് ഇറങ്ങിപോകേണ്ടി വന്നിട്ടുണ്ടെന്നു സാക്ഷ്യം പറയുന്നതും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. കോണ്‍ഗ്രസുകാരെ മാത്രമല്ല, പൊലീസ് സംവിധാനത്തെപ്പോലും ബാബു തന്റെ ഇത്രയും നാള്‍

 

തന്റെ ചൂണ്ടുവിരലില്‍ നിര്‍ത്തിപ്പോരുകയായിരുന്നുവെന്നാണ് തൃപ്പൂണിത്തുറക്കാര്‍ പറയുന്നത്. തന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കാനായി വിശ്വസ്തനായ പി എ നന്ദുവിന് സര്‍വ്വാധികാരങ്ങളും ബാബു നല്‍കിയിരുന്നു. നഗരമധ്യത്തില്‍ നിലം നികത്തുന്നതുള്‍പ്പെടുയുള്ള കാര്യങ്ങളില്‍ യാതൊരു ഇച്ഛാഭംഗവുമില്ലാതെ പ്രവര്‍ത്തിച്ചിരുന്നതും നന്ദുവായിരുന്നു. ദാസ്യ മനോഭാവത്തോടെ ബാബുവിനു മുന്നില്‍ ഓച്ചാനിച്ചു നില്‍ക്കേണ്ടി വന്നിരുന്ന എ ഗ്രൂപ്പുകാരായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതെല്ലാം കണ്ടില്ലെന്നു നടിക്കാന്‍ മാത്രമെ കഴിഞ്ഞിരുന്നുള്ളു. കെപിസിസിയെ പോലും വെല്ലുവിളിക്കാനും മടി കാണിച്ചിരുന്നില്ല ബാബു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ കോണ്‍ഗ്രസിനു ഭരിക്കാന്‍ ഭൂരിപക്ഷം ഇല്ലെങ്കില്‍ കോണ്‍ഗ്രസ് വിമതര്‍ക്കു സുപ്രധാന സ്ഥാനങ്ങള്‍ നല്‍കി ഭരണം പിടിക്കാന്‍ നോക്കരുതെന്ന്‍ കെപിസിസി കര്‍ശന നിര്‍ദശം നല്‍കിയിരുന്നിട്ടും തന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ ആ നിര്‍ദേശം നിര്‍ദയം തള്ളാന്‍ മാത്രം ധൈര്യം ബാബുവിനുണ്ടായിരുന്നു. മരട് മുനിസിപ്പാലിറ്റിയില്‍ വിമതനെ വൈസ് ചൈയര്‍മാനാക്കാന്‍ ബാബു ഏകപക്ഷീയമായി തീരുമാനിച്ചു. പക്ഷേ ബാബു വിരോധികളായ ഐ ഗ്രൂപ്പുകാര്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നു ഭരണം നഷ്ടപ്പെടുത്തി. വി എം സുധീരന്റെ ശക്തമായ ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ കെപിസിസി നിര്‍ദേശം പാലിച്ച ഐ ഗ്രൂപ്പ് കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താകുമായിരുന്നു. കുമ്പളം ഗ്രാമപഞ്ചായത്തിലാകട്ടെ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ തന്നെ ബാബു സ്വന്തം വനിത പഞ്ചായത്തു പ്രസിഡിനെ വാഴിക്കുകയും ചെയ്തു.

ബാബു മണ്ഡലത്തിലെത്തുമ്പോള്‍ തൃപ്പൂണിത്തുറ ഐ ഗ്രൂപ്പിന്റെ കോട്ടയായിരുന്നെങ്കില്‍ ബാബു ശക്തനാകുന്തോറും എ ഗ്രൂപ്പില്‍ ആളുകൂടുകയുമായിരുന്നു. അതിന് എന്തൊക്കെ ചെയ്യാമോ അതൊക്കെ ബാബു ചെയ്തു. 46 ബൂത്തുകളില്‍ 45 ഉം ഐ ഗ്രൂപ്പ് നേടിയിരുന്ന കാലത്തു നിന്നും മണ്ഡലത്തില്‍ നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളിലെല്ലാം സ്വന്തംപക്ഷക്കാരെ മാത്രം മത്സരിപ്പാക്കാന്‍ മാത്രം കഴിയുന്ന തരത്തിലേക്കു ബാബു എത്തി. ഐ ഗ്രൂപ്പുകാരായ കോണ്‍ഗ്രസുകാരെ മുന്നില്‍ നിന്നും എതിര്‍ക്കുന്നതിലും ബാബുവിലെ മാടമ്പിത്തം യാതൊരു മടിയും കാണിച്ചിരുന്നുമില്ല. 

സ്മാര്‍ട്ട് സിറ്റി നിര്‍മാണമാത്തിനായുള്ള സ്ഥലമെടുപ്പോടെയാണ് കെ ബാബു പണം കണ്ടു തുടങ്ങിയെന്നാണ് മറ്റൊരു ആക്ഷേപവും എതിരാളികള്‍ പറയുന്നുണ്ട്. തൃക്കാക്കരയിലെ ഒരു മുന്‍ മുനിസിപ്പല്‍ ചെയര്‍മാനൊപ്പം ചേര്‍ന്നാണ് പണം വാരിക്കൂട്ടുന്നതിന്റെ രുചി ബാബു അനുഭവിച്ചറിഞ്ഞതെന്നാണ് എതിരാളികള്‍ പറയുന്നത്. സ്മാര്‍ട്ട് സിറ്റിയോട് ചേര്‍ന്ന് വലിയ ബില്‍ഡര്‍മാര്‍ക്ക് സ്ഥലം ഏറ്റെടുത്തു നല്‍കിയ വഴി കോടികളാണ് സമ്പാദിച്ചതെന്ന ആരോപണവും ബാബുവിനെതിരെ ഉന്നയിക്കുന്നു.

കെ ബാബു എപ്പോഴും പറഞ്ഞിരുന്നൊരു കാര്യമുണ്ട്. താന്‍ ഒരിക്കലും ആഗ്രഹിക്കാത്തൊരു വകുപ്പായിരുന്നു എക്‌സൈസ് എന്ന്. എന്നാല്‍ അതുവെറും പറച്ചില്‍ മാത്രമാണെന്നു തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള ബാബുവിന്റെ പ്രകടനങ്ങളെല്ലാം തന്നെയെന്ന്‍ തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസുകാര്‍ പറയുന്നു. പണം വലിയ തോതില്‍ ആവശ്യമായി വരുന്ന സാഹചര്യത്തിലെല്ലാം ഉമ്മന്‍ ചാണ്ടി ആശ്രയിച്ചിരുന്നത് ബാബുവിനെയായിരുന്നു. യുഡിഎഫ് ഭരണകാലത്ത് നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളുടെയും ചുമതല ഉമ്മന്‍ ചാണ്ടി ഏല്‍പ്പിച്ചതും ബാബുവിനെയായിരുന്നു. അതിന്റെ കാരണം ബാബുവിന്റെ രാഷ്ട്രീയമിടുക്കല്ലായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. ഉപതെരഞ്ഞെടുപ്പുകളില്‍ മാത്രമല്ല കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പുകളില്‍ അടക്കം എ ഗ്രൂപ്പിനുവേണ്ടി ഇടപെടലുകള്‍ നടത്താനും ഉമ്മന്‍ ചാണ്ടി നിയോഗിച്ചത് ബാബുവിനെയായിരുന്നു. മുന്‍കാലങ്ങളില്‍ ഈ ചുമതലകള്‍ ഏല്‍പ്പിച്ചിരുന്നതു ബെന്നി ബെഹനാനെയായിരുന്നെങ്കില്‍ ബാബു എക്‌സ്‌സൈസ് മന്ത്രി ആയതോടെ ബെഹനാന്റെ സ്ഥാനം പിന്നിലേക്കു മാറി. പണം കണ്ടെത്താനും അതു വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താനുമുള്ള കഴിവു തന്നെയായിരുന്നു ബാബുവിനെ തന്റെ മടിശീലക്കാരനാക്കാന്‍ ഉമ്മന്‍ ചാണ്ടിയെ പ്രേരിപ്പിച്ചതും. ഈ ഉപകരസ്മരണ തന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തെയും സുധീരന്റെ വെല്ലുവിളികളെയും പ്രതിരോധിച്ച് തൃപ്പൂണത്തുറയില്‍ ബാബുവിനെ തന്നെ മത്സരിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍വ്വായുധങ്ങളും പുറത്തെടുത്തത്. ഉമ്മന്‍ ചാണ്ടി മാത്രമല്ല, രമേശ് ചെന്നിത്തലയും കെ ബാബുവിന്റെ കാര്യത്തില്‍ എതിര്‍പ്പുയര്‍ത്തില്ല. പലതിലും ചെന്നിത്തലയും പങ്കുപറ്റിയിട്ടുണ്ടെന്നതു തന്നെ കാരണം.

എന്നാല്‍ ബാബുവിന്റെ കാര്യത്തില്‍ അന്നും ഇന്നും ശബ്ദമുയര്‍ത്തിയിട്ടുള്ള ഒരാളുണ്ട്. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഇപ്പോള്‍ നടന്ന റെയ്ഡുപോലും സുധീരന് കിട്ടിയിരിക്കുന്ന വടിയാണ്. എ – ഐ ഗ്രൂപ്പ് തനിക്കെതിരെ ഒരുമിച്ചു യുദ്ധം ചെയ്യുമ്പോള്‍ കെ ബാബു എന്ന ‘ഇര’ സുധീരന് ഉപകാരപ്പെടും. എ ഗ്രൂപ്പിനെ പരിപൂര്‍ണായി നിശബ്ദരാക്കാന്‍ സുധീരന്‍ ബാബുവിനെ ഉപയോഗിക്കും. ബാബുവിനെതിരെ കൂടുതല്‍ രേഖകള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് അറിയുന്നത്. തങ്ങളുടെ മൊഴിയെടുക്കാന്‍ തയ്യാറാകാതിരുന്ന വിജിലന്‍സ് അല്ല ഇപ്പോഴുള്ളതെന്ന് തെളിവുകൊടുക്കാന്‍ തയ്യാറായവര്‍ക്ക് മനസിലായിട്ടുണ്ട്. അഴിക്കാന്‍ പറ്റാത്തത്ര കുരുക്കുകള്‍ ബാബുവിന്റെ മേല്‍ മുറുകിയാല്‍ ശ്വാസം കിട്ടാതെ വരുന്നത് മറ്റു പലര്‍ക്കും കൂടിയായിരിക്കും. 

കെ ബാബു എന്ന വന്‍മരം കടപുഴകിയാല്‍, അതിന്റെ കുലുക്കങ്ങളൊന്നും തൃപ്പൂണത്തുറയില്‍ പോലും ഉണ്ടാകില്ലെന്നാണ് ഈ മൗനങ്ങള്‍ തെളിയിക്കുന്നത്. ഒരുപക്ഷേ തീര്‍ത്തും ഒറ്റപ്പെട്ടവനായി ബാബു മാറിക്കഴിഞ്ഞു. അഞ്ചു തവണ എംഎല്‍എയും കഴിഞ്ഞ തവണ മന്ത്രിയുമായിരുന്ന ഒരു നേതാവിന്റെ വീട്ടില്‍ റെയ്ഡ് നടന്നിട്ട് തൃപ്പൂണത്തറയിലോ പരിസരപ്രദേശങ്ങളിലോ അതിനെതിരെ ഒരു പ്രകടനം പോലും നടന്നിട്ടില്ല എന്നതും ഈ ഒറ്റപ്പെടലിന്റെ സൂചനകളാണു നല്‍കുന്നത്. ഈ സന്ദര്‍ഭത്തിലെങ്കിലും പണ്ടൊരിക്കല്‍ അംബാസിഡര്‍ കാറോടിച്ച് തൃപ്പൂണിത്തുറയിലേക്കു വന്ന ആ പഴയ കോണ്‍ഗ്രസുകാരനെ കെ ബാബു ഓര്‍ത്തേക്കാമെന്നും പശ്ചാത്തപിച്ചേക്കാമെന്നും ചിലര്‍ വിശ്വസിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍