UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നനഞ്ഞുപോയെങ്കിലും ജ്വാല…കെ. ബാലകൃഷ്‌ണൻ ഓർമ

Avatar

​സനകൻ വേണുഗോപാൽ

അഞ്ച് പതിറ്റാണ്ടിന് മുൻപ്,​ 1962-ലെ ചൈനീസ് ആക്രമണ കാലത്ത്, തിരുവനന്തപുരത്തെ വി.ജെ.ടി ഹാളിൽ ഒരു യോഗം നടന്നു. സംസ്ഥാന മുഖ്യമന്ത്രിയായ ആർ.ശങ്ക‌ർ ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ സദസിൽ നിന്ന് ചില അപശബ്ദങ്ങൾ കേട്ടു. മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയിൽ സംസാരിച്ചുകൊണ്ടിരുന്ന പിൻനിരയിലെ  ആ മാന്യവ്യക്തിയുടെ അടുത്ത് ചെന്ന് പല പ്രമുഖരും നിശബ്ദനായിരിക്കാൻ ബഹുമാനത്തോടെ ആവശ്യപ്പെട്ടു. പക്ഷേ ജ്വാലയായ ആ മനുഷ്യൻ ശങ്കറിനെതിരെ വാക്കുകൾ കൊണ്ടുള്ള ശരങ്ങൾ തുടർന്നു…  

“Who is he (R.Sankar) to speak on resurgent India… The wretched fellow who was polishing the shoes of C.P. is now speaking on national freedom struggle… Ask him to stop, then I shall also stop…”

ഒരു തലമുറയെ ആകെ ആവേശം കൊള്ളിച്ച ജീനിയസ്സുകളുടെ ഇടയിലെ ജീനിയസ്സായ കെ. ബാലകൃഷ്ണൻ എന്ന കൗമുദി ബാലകൃഷ്ണൻ ആയിരുന്നു ആ മാന്യവ്യക്തി.

ഇനി ക്ഷമാപണത്തോടെ തുടങ്ങട്ടെ. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റാണിത്. അർഹതയും കെൽപ്പുമില്ലാത്ത ഒരു ശ്രമം. ഞാൻ ജനിക്കുന്നതിന് നാല് വർഷം മുൻപ് വിടവാങ്ങിയ കൗമുദി ബാലകൃഷ്ണനെ അനുസ്‌മരിക്കാനുള്ള ശ്രമം മാപ്പ് അർഹിക്കാത്തത് ആണെന്ന് വ്യക്തമായി അറിയാം. എങ്കിലും കുട്ടികാലം മുതൽ അച്ഛനിൽ നിന്ന് ഒരുപാട് കേട്ടിറഞ്ഞിട്ടുള്ള, അവരുടെ തലമുറയെ ആകെ കോരിത്തരിപ്പിച്ച ബാലയണ്ണന്റെ മുപ്പതാം ചരമവാർഷികദിനത്തിൽ ഒരു ചെറിയ കുറിപ്പ്.

പത്രപ്രവർത്തകനും ഭാവനാനുഗ്രഹീതനായ സാഹിത്യകാരനുമായ കെ. ബാലകൃഷ്ണന്റെ എഴുത്തുകൾ വായിക്കാൻ വായനക്കാർ തിടുക്കം കാട്ടിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. കൗമുദി വിശേഷാൽ പതിപ്പുകൾ വീണ്ടും അച്ചടിക്കേണ്ടി വന്ന കാലഘട്ടം. സ്വന്തം പേരിന് പുറമേ ‘സുചിത്രാ സുകുമാരൻ’, ‘ജ്യോതി’ എന്നീ പേരുകളിലും എഴുതി വായനക്കാരെ ഹരം കൊള്ളിച്ച കാലം. കൗമുദി വാരികയിലെ കൗമുദി കുറിപ്പുകളിലൂടെ പുത്തൻ വായനാനുഭവം പകർന്ന കാലം. കേരളകൗമുദിയിലെ ചൂട്ടും വെളിച്ചവും എന്ന പംക്തിയിലൂടെ തീപ്പാറിച്ച കാലം. കൗമുദി പത്രത്തിന്റെ പത്രാധിപർ എന്ന നിലയിൽ തന്റെ മുഖപ്രസംഗങ്ങളിലൂടെ വായനക്കാരെ കൈയ്യിലെടുത്ത കാലം. തന്റെ വലിയ സൗഹൃദ ശൃംഖലയുടെ ഫലമായി,​ കേരളത്തിലെ രാഷ്ട്രീയ ലോകത്ത് നടക്കാൻ പോകുന്ന പല തീരുമാനങ്ങളും കൗമുദിയിലൂടെ വായനക്കാർ നേരത്തെ അറിഞ്ഞ കാലം. മഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് പട്ടത്തെ ഗവർണറാക്കി കേരളത്തിൽ നിന്ന് കെട്ടു കെട്ടിക്കുമെന്ന് തീരുമാനം വരുന്നതിന് ആഴ്ചകൾക്ക് മുൻപെ വായനക്കാരെ അറിയിച്ച കാലം.

അഗ്നിയായിരുന്നു ബാലകൃഷ്ണന്റെ എഴുത്ത്. അവസാന കാലഘട്ടത്തിൽ ഖണ്ഡശ്ശ എഴുതിയ ആത്മകഥാ കുറിപ്പുകൾക്ക് തലക്കെട്ട് നൽകിയതിൽ പോലും ആ അഗ്നിയുണ്ട്. ‘നനഞ്ഞുപോയി എങ്കിലും ജ്വാല’ എന്നായിരുന്നു ആ തലക്കെട്ട്. അപൂർണമായ ആ ആത്മകഥ പിൻക്കാലത്ത് പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ആ തലക്കെട്ട് നൽകിയതിൽ ഒരു വേദനയുണ്ടായിരുന്നു.

തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവന്റെ മകനായി ജനിച്ച കെ. ബാലകൃഷ്ണൻ,​ തന്റെ അച്ഛന്റെ എതിർ ചേരിയിൽ നിന്നുകൊണ്ടാണ് രാഷ്ട്രീയം പയറ്റിയത്. അക്കാലത്ത് അങ്ങനെയൊരു സാഹസം തന്നെ പുതുമയുള്ളതായിരുന്നു. പല പ്രസംഗങ്ങളിലും മിസ്റ്റർ സി. കേശവനോട് ഞാൻ ചോദിക്കുന്നുവെന്നൊക്കെ കെ. ബാലകൃഷ്ണൻ പ്രസംഗിച്ചപ്പോൾ അച്ഛനെ പേരെടുത്ത് വിളിക്കുന്ന മകനോടുള്ള ദേഷ്യം മറച്ചുവയ്‌ക്കാനാകാതെ ആളുകൾ ഇറങ്ങിപ്പോയിട്ടുണ്ട്. കോഴഞ്ചേരി പ്രസംഗത്തിലൂടെ മലയാളികളെയാകെ ഹരം കൊള്ളിച്ച സി. കേശവന് മകന്റെ പ്രസംഗങ്ങളോട് പ്രിയമായിരുന്നു.


കെ. ബാലകൃഷ്ണന്റെ സ്വന്തം കൈക്കൊണ്ട് ഒടുവിൽ കുറിച്ചത് ഈ തലവാചകമാണ്. എൻ. ശ്രീകണ്ഠൻ നായരുടെ സ്‌മരണയിൽ ഉൾപ്പെടുത്താൻ വേണ്ടി എഴുതിയ ലേഖനത്തിന്റെ തലവാചകമാണിത്. ഇത് എഴുതി പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല. 

കമ്മ്യൂണിസത്തിൽ വേണ്ടത്ര വിപ്ളവവീര്യമില്ലെന്ന് കണ്ടെത്തലിനെ തുടർന്ന് റവല്യൂഷണറി സോഷ്യലിസം എന്ന പദ സമുച്ഛയം കേരളത്തിൽ അവതരിപ്പിക്കുന്നതിൽ എൻ. ശ്രീകണ്ഠൻ നായർക്കൊപ്പം മുൻപന്തിയിൽ കെ. ബാലകൃഷ്ണനുമുണ്ടായിരുന്നു. കെ. ബാലകൃഷ്ണന്റെ പത്രാധിപത്യത്തിൽ അഞ്ച് വർഷത്തോളം പുറത്തിറങ്ങിയ‘കൗമുദി’ ദിനപത്രം ആ പ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്ക് നൽകിയ പങ്കും ചെറുതല്ല.

അച്ഛൻ ഉൾപ്പെടുന്ന ഒരു തലമുറയെ ആകെ ഹരം കൊള്ളിച്ച ബാലയണ്ണൻ ആയിരുന്നു കെ. ബാലകൃഷ്ണൻ. പലപ്പോഴും ആ വിളി പ്രായത്തെ കവച്ചുവച്ചു മുന്നോട്ട് പോയി. തന്നേക്കാൾ 21 വയസ് മൂപ്പുള്ള എ.കെ.ജിയെക്കൊണ്ട് പോലും ബാലയണ്ണാ എന്ന വിളിപ്പിക്കാൻ കെ. ബാലകൃഷ്ണന് സാധിച്ചു.

1954ൽ തിരുവനന്തപുരം രണ്ടാം മണ്ഡലത്തിൽ നിന്ന് തിരുക്കൊച്ചി നിയമസഭയിലേക്കായിരുന്നു കെ. ബാലകൃഷ്ണന്റെ ആദ്യ തിരഞ്ഞെടുപ്പ് വിജയം. പിന്നീട് ഒരു ഇടവേളയ്‌ക്ക് ശേഷം 1971ലാണ് അദ്ദേഹം വീണ്ടും തിരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നത്. അത്തവണ പാർലമെന്റിലേക്കായിരുന്നു മത്സരം. സുശീലാ ഗോപാലനെ തോൽപ്പിച്ച് അമ്പലപ്പുഴയിൽ നിന്ന് കെ. ബാലകൃഷ്ണൻ വിജയിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആദ്യ ഡൽഹി യാത്രയിൽ എതിർ സ്ഥാനാർത്ഥിയായ സുശീലയും ഭർത്താവ് എ.കെ.ജിയും ഒപ്പമുണ്ടായിരുന്നു. സംഭവബഹുലമായ ആ യാത്രയെക്കുറിച്ച് ചന്ദ്രികാ ബാലകൃഷ്ണൻ ജീവന്റെ നാദം എന്ന അവരുടെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വന്തം പിതാവിന്റെ ആത്മകഥയ്‌ക്ക് അവതാരിക എഴുതിയ റെക്കോഡും കെ. ബാലകൃഷ്ണന് മാത്രം അവകാശപ്പെട്ടതാണ്. സി. കേശവന്റെ ആത്മകഥയായ ജീവിതസമരത്തിന് ‘അച്ഛന്റെ ഒരാ‌ജ്ഞ നിറവേറ്റുന്നു’ എന്ന തലക്കെട്ടോടെയാണ് കെ. ബാലകൃഷ്ണൻ അവതാരിക എഴുതിയത്. ജീവിതസമരം വായനക്കാരുടെ മുൻപിൽ അവതരിപ്പിക്കാൻ സ്വന്തം മകനെക്കാൾ വലുതായി ആരുമില്ലെന്ന സി. കേശവന്റെ തീരുമാനം തന്നെ മതി കെ. ബാലകൃഷ്ണൻ എന്ന വ്യക്തിയെ വിലയിരുത്താൻ.

എല്ലാ നല്ല ഗുണങ്ങൾക്ക് മീതെ കെ.ബാലകൃഷ്ണന്റെ ജീവിതം കവർന്നെടുത്ത ഒരു ദുശ്ശീലമുണ്ടായിരുന്നു. മദ്യപാനം. അത് അദ്ദേഹത്തിന്റെ ജീവിത്തെ തന്നെ കാർന്നു തിന്നു. അവസാന കാലത്ത് ആ ദുശ്ശീലത്തോട് വിടപറഞ്ഞെങ്കിലും 59-ആം വയസിൽ ആ ജീവൻ പൊലിയാൻ അതും കാരണമായിത്തീർന്നിരിക്കാം.

മധുവിധു, പ്രേമം, സഹ്യാദ്രി സാനുക്കളിൽ,​ മഞ്ഞ ജലം,​ നിറമില്ലാത്ത മാരിവില്ല്,​കാലയളവ് ഒരു വർഷം തുടങ്ങിയവ പ്രസിദ്ധീകരിച്ചവ കൃതികളിൽ ചിലതാണ്. എങ്കിലും കൗമുദിയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള എത്രയോ ലേഖനങ്ങൾ സമാഹരിച്ച് വായനക്കാരുടെ മുന്നിൽ ഇനിയും എത്തിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ മകൻ അഡ്വ. റോമിയോ ബാലകൃഷ്ണന് അത് സാധിക്കുമെന്നാണ് എന്റെ വിശ്വാസം. അങ്ങനെയുണ്ടായാൽ അത് മലയാള വായനാ ലോകത്തെ പുതിയ വായനക്കാർക്ക് നൽകുന്ന ഏറ്റവും സ്വാദിഷ്ടമായ സാഹിത്യ വിരുന്നായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഇങ്ങനെയൊരു സാഹസത്തിന് ഒരിക്കൽ കൂടി മാപ്പ് പറഞ്ഞുകൊണ്ട് കെ. ബാലകൃഷ്ണന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ നമസ്‌കരിക്കുന്നു…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍