UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെലുങ്കാനയില്‍ ചന്ദ്രശേഖര റാവുവിന് തത്കാലം എതിരാളികളില്ല

Avatar

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ വര്‍ദ്ധിത ജനപ്രീതി വിളിച്ചറിയിച്ച് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ (ജിഎച്ച്എംസി) തെരഞ്ഞെടുപ്പില്‍ തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്)ക്ക് തകര്‍പ്പന്‍ വിജയം. 150 അംഗ സമിതിയില്‍ 99 സീറ്റും ടിആര്‍എസ് നേടി.

ആഹ്ലാദഭരിതരായ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തും ചായം വിതറിയും വഴികളില്‍ നിറഞ്ഞപ്പോള്‍ ചരിത്രവിജയമെന്നായിരുന്നു ചന്ദ്രശേഖര്‍ റാവുവിന്റെ പ്രതികരണം. ജിഎച്ച്എംസി തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് പാര്‍ട്ടി മല്‍സരിക്കുന്നത്. 2009-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടിആര്‍എസ് പങ്കെടുത്തിരുന്നില്ല.

‘ഇത് ചരിത്രവിജയമാണ്. മറ്റൊരു പാര്‍ട്ടിക്കും ഇങ്ങനെയൊരു ജനവിധി നേടാനായിട്ടില്ല. വിജയം എന്റെ സര്‍ക്കാരിന് കൂടുതല്‍ ഉത്തരവാദിത്തം കൊണ്ടുവരുന്നു. ഇത്തരമൊരു വിജയം സമ്മാനിച്ച ജനങ്ങളോട് ഞാന്‍ നന്ദിയുള്ളവനാണ്,’ ആഹ്ലാദവാനായ മുഖ്യമന്ത്രി വെള്ളിയാഴ്ച വൈകിട്ട് വാര്‍ത്താലേഖകരോടു പറഞ്ഞു.

ബിജെപി-ടിഡിപി സഖ്യവും കോണ്‍ഗ്രസും തൂത്തെറിയപ്പെട്ട തിരഞ്ഞെടുപ്പില്‍ കിംഗ്‌മേക്കറാകാന്‍ ആഗ്രഹിച്ചിരുന്ന മജ്‌ലിസ് – ഇ – ഇത്തെഹാദുല്‍ മുസ്ലിമീ (എംഐഐഎം)ന് പ്രധാന പ്രതിപക്ഷസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. 2009ലെ തിരഞ്ഞെടുപ്പില്‍നിന്ന് നില മെച്ചപ്പെടുത്തി മുഖം രക്ഷിക്കാനായ ഏക പാര്‍ട്ടിയാണ് എംഐഐഎം. ഇത്തവണ 44 സീറ്റ് ലഭിച്ച അവര്‍ക്ക് അന്ന് 43 സീറ്റാണുണ്ടായിരുന്നത്.

ടിആര്‍എസിന് 75-78 സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രവചനങ്ങള്‍. വാര്‍ത്ത ചാനലുകളില്‍ വിജയം ആര്‍ത്തിരമ്പുമ്പോള്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനമായ ബന്‍ജാര ഹില്‍സില്‍ മുദ്രാവാക്യം മുഴക്കിയും ചെണ്ട കൊട്ടിയും ആഹ്ലാദം പ്രകടിപ്പിച്ചു.

ജിഎച്ച്എംസി കൗണ്‍സിലില്‍ ഒറ്റയ്ക്കു ഭൂരിപക്ഷം നേടാന്‍ ഇതുവരെ ഒരു പാര്‍ട്ടിക്കും കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഭരണകക്ഷിക്ക് അനുകൂലമായ ശക്തമായ ജനവിധിയാണിത്. 2009ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജനപ്രീതി ഉയരങ്ങളിലായിരുന്ന കാലത്തുപോലും പാര്‍ട്ടിക്ക് 55 സീറ്റാണ് നേടാന്‍ കഴിഞ്ഞത്. 43 സീറ്റുകള്‍ നേടിയ എംഐഎമ്മുമായി അന്ന് കോണ്‍ഗ്രസ് അധികാരം പങ്കിടുകയായിരുന്നു.

ഇത്തവണ ടിആര്‍എസിന് അത്തരം സഖ്യങ്ങളുടെയൊന്നും ആവശ്യമില്ല. ഈ മാസം 11നു നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ജിഎച്ച്എംസി കണ്‍സിലിലെ എക്‌സ് ഒഫിഷ്യോ അംഗങ്ങളുടെ പോലും പിന്തുണ ആവശ്യമില്ല.

കെസിആറിനു വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണം നയിച്ച മകനും സംസ്ഥാന ഐടി മന്ത്രിയുമായ കെ താരക രാമറാവുവാണ് ‘മാന്‍ ഓഫ് ദ് മാച്ച്’. ഈ വര്‍ഷത്തെ വന്‍ വിജയം നേടിയ തെലുങ്ക് ചലച്ചിത്രം ‘ ഇതി നന്നകു പ്രേമദോ (സ്‌നേഹത്തോടെ അച്ഛന്) പരാമര്‍ശിച്ച് വിജയം തന്റെ അച്ഛനുളള സ്‌നേഹോപഹാരമാണെന്ന് രാമറാവു വികാരഭരിതനായി അനുയായികളോടു പറഞ്ഞു.

100 സീറ്റെങ്കിലും നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് നേരത്തെ രാമറാവു പ്രഖ്യാപിച്ചിരുന്നു. ഒരു സീറ്റ് കുറഞ്ഞെങ്കിലും അതീവ സന്തുഷ്ടനായാണ് രാമറാവു കാണപ്പെട്ടത്.

മുനിസിപ്പല്‍,നഗരവികസന വകുപ്പുകള്‍ കൂടി നല്‍കി രാമറാവുവിന്റെ പ്രയത്‌നം മുഖ്യമന്ത്രി ഇപ്പോള്‍ത്തന്നെ അംഗീകരിച്ചുകഴിഞ്ഞു. ഭാവിയില്‍ സര്‍ക്കാരിലും സംസ്ഥാന രാഷ്ട്രീയത്തിലും കൂടുതല്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ഇപ്പോഴത്തെ വിജയം രാമറാവുവിനു കരുത്തേകും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍