UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണിദാ: നിറങ്ങളില്‍ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നൊരാള്‍

Avatar

കെ. ജി. ബാലു

ദര്‍ബാര്‍ ഹാള്‍ ഗാലറി. മഴ തോര്‍ന്നിരുന്നു, പക്ഷേ ആകാശം അപ്പോഴും മേഘാവൃതമായിരുന്നു. മഴയില്‍ കുതിര്‍ന്ന് ദര്‍ബാര്‍ ഹാള്‍ ഗാലറി. ‘ പുതിയ ചിത്ര’ ങ്ങളായിരുന്നു അദ്ദേഹത്തിന്റെത്. അതും തൊണ്ണൂറാം വയസ്സില്‍. അതാണ് കെ.ജി.സുബ്രഹ്മണ്യന്‍ എന്ന മണിദാ. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ‘ അസ്വസ്ഥനായിരിക്കുന്നതുകൊണ്ടു തന്നെ ദിവസവും വരയ്ക്കുന്നു. ‘ വരയ്ക്കുക മാത്രമല്ല. ഇടപെട്ടുകൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെത് മാത്രമായ വഴികളില്‍.

ജനനം കേരളത്തില്‍, കൂത്തുപറമ്പ്. മദ്രാസ് പ്രസിഡന്‍സി കോളേജിലെ സാമ്പത്തിക ശാസ്ത്ര പഠനവും സ്വാതന്ത്ര്യ സമരവും കെ.ജി.സുബ്രഹ്മണ്യത്തെ ശാന്തിനികേതനിലെത്തിച്ചു. തുടര്‍ന്ന് ജീവിതത്തിന്റെ ഏറിയപങ്കും ശാന്തിനികേതനില്‍. നന്ദലാല്‍ ബോസ്, ബിനോദ് ബിഹാരി മുഖര്‍ജി, രാം കിങ്കര്‍ ബെജി, എന്നിവരുടെ തുടര്‍ച്ച കൂടിയാണ് കെ.ജി.എസ്.

ഐക്കണ്‍ ചിത്രങ്ങളില്‍ കെ.ജി.എസ്സിന്റെ വരയുടെ പ്രത്യേകതകള്‍ പ്രകടമാണ്. കാളിയും, ദുര്‍ഗയും, കാമധേനുവും, ഹനുമാനും ഗണപതിയും അടങ്ങുന്ന മിത്തിക്കല്‍ രൂപങ്ങള്‍ക്ക് ക്രിയാത്മക പരിണാമം കെ.ജി.എസ്സിലെത്തുമ്പോള്‍ സാധ്യമാകുന്നു. മറ്റ് മൃഗങ്ങളാലും, ഐക്കണുകളാലും നിരന്തരം ആക്രമിക്കപ്പെടുന്ന കാളകള്‍. ഐക്കണുകളുകള്‍ക്കു മുന്നില്‍ മുട്ടുകുത്തുന്നവര്‍, സംശയാലുക്കള്‍, ഭയന്നവര്‍ എന്നിങ്ങനെ പല ചിത്രങ്ങളും സമകാലീകത സൃഷ്ടിക്കുന്നതോടൊപ്പം നാടകീയ രചനാരീതി പിന്തുടരുന്നു. പൂ പാത്രങ്ങള്‍, സാന്താള്‍ കുടിലുകള്‍, മത്സ്യങ്ങള്‍ എന്നിവയോടൊപ്പം സാധാരണക്കാരും കടന്നു വരുന്നു. കുടുംബം, വീട്, പരിസരം തുടങ്ങി ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന പല ചിത്രങ്ങളിലും നാടകീയാഖ്യാന രീതി പിന്തുടരുന്നു. 

ചരിത്രകാരന്‍, സൈദ്ധാന്തികന്‍, കവി, എഴുത്തുകാരന്‍, അതിലുപരി കുട്ടികള്‍ക്കു വേണ്ടിയും നിരവധി സചിത്രപുസ്തകങ്ങള്‍ വരച്ചിട്ടുണ്ട്. പൂമ്പാറ്റയും ചീവീടും, ഒരു വേനല്‍ കഥ, റോബി, രാജാവും ചെറിയ മനുഷ്യനും, ഹനു എങ്ങനെ ഹനുമാനായി, മൃഗശാലയില്‍ തുടങ്ങിയവ കെ.ജി.എസ്സിന്റെ ചിത്രപുസ്തകങ്ങളാണ്.

‘ഇതില്‍ കൂടുതല്‍ ലളിതമായി ഞങ്ങളെങ്ങനെ ആവിഷ്‌ക്കരിക്കപ്പെടും’ 

ശാന്തിനികേതനിലടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലായി നിലവധി ചുമര്‍ ചിത്രങ്ങളും കെ.ജി.എസ്. വരച്ചിട്ടുണ്ട്.

തൊണ്ണൂറാം വയസ്സിലും ചെറുപ്പം സൂക്ഷിക്കുന്ന മണിദായുടെ ചിത്രങ്ങള്‍ കണ്ട് പുറത്തിറങ്ങും മുമ്പ് വരാന്തയില്‍ ‘ ആര്‍ക്കോ വേണ്ടി തൂങ്ങികിടക്കുന്ന’  പത്മിനിയുടെ ചിത്രങ്ങള്‍ കൂടി കാണാം. പുറത്തേക്കുള്ള ജനലുകള്‍ തുറന്നു കിടക്കുകയാവും. മഴച്ചില്ലുകളെ കടത്തിവിട്ട്, ചിത്രങ്ങളില്‍ പ്രതിബിംബങ്ങള്‍ തീര്‍ത്ത്. ഇങ്ങനെ നിങ്ങളുടെ കാഴ്ച മറച്ചുകൊണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍