UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാണി ഒളികാമറയില്‍?; മധ്യസ്ഥനായി വക്കം ഇടപെടുമെന്ന് സൂചന

Avatar

പി. കെ. ശ്യാം

ഒരു കോടി രൂപയുടെ കോഴയിടപാടില്‍ മന്ത്രി കെ.എം. മാണിയേയും ഭാര്യയേയും ഒരു സ്റ്റാഫംഗത്തേയും ബാറുടമകള്‍ ഒളികാമറയില്‍ കുടുക്കിയതായി സംശയിക്കുന്നു. ബാറുടമകളുടെ സംഘടനയുടെ സംസ്ഥാന നേതാക്കളില്‍ ചിലരാണ് പാലായിലെ വസതിയിലെത്തി മാണിക്ക് പണം കൈമാറിയതെന്നാണ് അവര്‍ ആരോപിച്ചത്. ഇക്കാര്യം തെളിയിക്കുന്നതിന് സംസാരിക്കുന്ന തെളിവുകളുണ്ടെന്നാണ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജുരമേശ് പറഞ്ഞത്. ഇക്കാര്യം ശരിവയ്ക്കുന്ന വിധത്തിലാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

പാലായിലെ വസതിയില്‍ മാണിക്ക് പണം കൈമാറുമ്പോള്‍ ഒരു സംഘടനാ നേതാവ് പോക്കറ്റില്‍ കുത്തിയ പെന്‍കാമറയിലൂടെ ആ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. വ്യക്തതയുള്ള ദൃശ്യങ്ങളാണ് ബാറുടമകളുടെ പക്കലുള്ളത്. പണം ഏറ്റുവാങ്ങി സ്റ്റാഫംഗത്തെ ഏല്‍പ്പിക്കുന്നതും അതിനിടയിലെ സംഭാഷണങ്ങളുമുണ്ടത്രേ. അല്‍പ്പം കഴിഞ്ഞ് മാണി, ഭാര്യ കുട്ടിയമ്മയെ അകത്തുനിന്ന് വിളിച്ചുവരുത്തി പെട്ടി സൂക്ഷിച്ചു വച്ചല്ലോ എന്ന് ചോദിക്കുന്നതടക്കമുള്ളവയെല്ലാം ബാറുടമകളുടെ ഒളികാമറയിലുണ്ടെന്നാണ് സൂചനകള്‍. സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിലെ എസ്.ഐ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ ഇത് കണ്ടെന്നും വാര്‍ത്തകളുണ്ട്. തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന് സര്‍ക്കാരിനെ അറിയിക്കാന്‍ ബാറുടമകള്‍ തന്നെ പൊലീസിനെ ഒളികാമറാ ദൃശ്യങ്ങള്‍ കാട്ടുകയായിരുന്നുവത്രേ. കോഴ ഇടപാടുമായി ബന്ധപ്പെട്ട് ബാറുടമകളും നേതാക്കളും തമ്മില്‍ നടന്ന ചില ഫോണ്‍ സംഭാഷണങ്ങളും തെളിവുകളായുണ്ട്. 

ഈ രേഖകള്‍ ഉണ്ടെന്ന വിവരം കേരള കോണ്‍ഗ്രസ് നേതാക്കളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. രേഖകള്‍ വിജിലന്‍സിന്റെ പക്കലെത്താതിരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ബാറുടമകളുടെ പക്കല്‍ ശക്തമായ തെളിവുകളുണ്ടെന്ന് ഇന്റലിജന്‍സ് മേധാവി എ.ഹേമചന്ദ്രന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഒളികാമറാ ദൃശ്യങ്ങളുണ്ടെന്ന് വ്യക്തമായതോടെ അത് പുറത്താകാതിരിക്കാനും കേസ് ഒതുക്കിതീര്‍ക്കാനും വന്‍ സമ്മര്‍ദ്ദമാണുള്ളത്.

യു.ഡി.എഫിന്റെ മുന്‍ എക്‌സൈസ് മന്ത്രിയും പിന്നീട് ഗവര്‍ണറുമായിരുന്ന വക്കംപുരുഷോത്തമന്‍ കേസൊതുക്കാന്‍ രംഗത്തിറങ്ങിയതായാണ് അറിയുന്നത്. ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ബിജു രമേശിനെ വശത്താക്കാനാണ് ഇവര്‍ കരുക്കള്‍ നീക്കുന്നത്. ബിജു രമേശിന്റെയും അബ്കാരി സംഘത്തിന്റെയും കൈവശമുള്ള കോഴ സംബന്ധിച്ച ഒരു രേഖയും പുറത്ത് വരാതിരിക്കാനുള്ള തന്ത്രങ്ങളാണ് ഇവര്‍ പയറ്റുന്നത്. ബാര്‍ ഹോട്ടലുടമകള്‍ക്ക് ഈ നേതാവ് പ്രിയങ്കരനാണ്. ബാറുകള്‍ അടച്ചിട്ട നടപടി തെറ്റാണെന്ന് നേരത്തേ ഇദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു. മാത്രമല്ല ഇദ്ദേഹം എക്‌സൈസ് മന്ത്രിയായിരുന്നപ്പോള്‍ ധാരാളം സഹായങ്ങള്‍ ഇവര്‍ക്ക് ചെയ്ത് കൊടുത്തിട്ടുമുണ്ട്. ഇത് കണക്കിലെടുത്താണ് കേരള കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും ഈ നേതാവിനെ കണ്ട് പ്രശ്‌നത്തില്‍ ഇടപെടാന്‍ അഭ്യര്‍ത്ഥിച്ചത്. ഇത് മാനിച്ചാണ് വക്കം പ്രശ്‌നത്തിലിടപെട്ടതെന്നാണ് അറിയുന്നത്.

ബെസ്റ്റ്  ഓഫ്  അഴിമുഖം 

മാണിയുടെ ചിറകരിഞ്ഞത് ചാട്ടത്തിന്റെ ലാസ്റ്റ് ലാപ്പിൽ
ബാര്‍ കോഴ: ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു; കോഴമുനയില്‍ മറ്റൊരു മന്ത്രിയും
ഓടുന്ന മാണിക്ക് ഒരു മുഴം മുമ്പേ!
ബാര്‍: യു ഡി എഫ് രാഷ്ട്രീയത്തില്‍ ഹൈക്കോടതി വിധിയുണ്ടാക്കാന്‍ പോകുന്ന പൊല്ലാപ്പുകള്‍
ബാര്‍ പൂട്ടല്‍: ഹൈക്കോടതി വിധിയെക്കുറിച്ച് ഒരു വര്‍ഗ്ഗ വിശകലനം

എന്നാല്‍ അടുത്തിടെ മാണിഗ്രൂപ്പിലെത്തിയ കേരള കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവ് മാണിക്കെതിരേ ശക്തമായി കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്. മാണി യു.ഡി.എഫ് വിട്ടാല്‍ പിന്നീട് തനിക്ക് മന്ത്രിസ്ഥാനമടക്കം അടിച്ചെടുക്കാമെന്നാണ് ഈ നേതാവിന്റെ കണക്കുകൂട്ടല്‍. രാഷ്ട്രീയനേതാക്കളെയടക്കം നേരില്‍ വിളിച്ച് ബാറുടമകളെ പ്രകോപിപ്പിക്കരുതെന്ന് മാണി അഭ്യര്‍ത്ഥിക്കുമ്പോള്‍ എങ്ങനെയും രേഖകള്‍ പുറത്ത് കൊണ്ടു വരണമെന്ന ഉപദേശമാണ് ഈ നേതാവ് ബാറുടമകള്‍ക്ക് നല്‍കിയിരിക്കുന്നത്.

പ്രാഥമിക അന്വേഷണം 15 ദിവസത്തിനകം തീര്‍ക്കണം
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം മൂന്നു മാസം വരെ നീട്ടാനാണ് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ ഇത് സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. മന്ത്രിമാര്‍ക്ക് എതിരായ അഴിമതിക്കേസുകളില്‍ പരമാവധി 15 ദിവസത്തിനുളളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെന്ന് കണ്ടാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഇത് കോടതിയെയും പരാതിക്കാരനെയും അറിയിച്ച് അന്വേഷണം നടത്തണമെന്നും സുപ്രീം കോടതി വിധിയുണ്ട്.

2013 നവംബര്‍ 12ന് ലളിതകുമാരി വെഴ്‌സസ് സ്‌റ്റേറ്റ് ഓഫ് യു.പി കേസില്‍ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഇപ്പോഴത്തെ കേരള ഗവര്‍ണറുമായ പി. സദാശിവത്തിന്റെ നേതൃത്വത്തിലുളള അഞ്ചംഗ ബെഞ്ചിന്റെതാണ് വിധി. ഇതു ബോധപൂര്‍വ്വം മറച്ചുവച്ച് 1992ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മൂന്നു മാസം വരെ പ്രാഥമിക അന്വേഷണം നീട്ടിക്കൊണ്ടു പോയി ധനമന്ത്രിയെ രക്ഷിക്കാനുളള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍