UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സി.പി.ഐയെ തൊട്ടുകളിയ്ക്കാന്‍ നോക്കേണ്ട- മുല്ലക്കര രത്‌നാകരന്‍ നയം വ്യക്തമാക്കുന്നു

Avatar

സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ കൊടുങ്കാറ്റായ ബാര്‍ കോഴയില്‍ തട്ടി ഇരുമുന്നണികളിലും ഉലച്ചിലുകള്‍ സംഭവിക്കുകയാണ്. മാണിയെ പ്രതിരോധിക്കാന്‍ യുഡിഎഫും സര്‍ക്കാരും ഒരുമിച്ചു നീങ്ങുന്നതായി പ്രത്യക്ഷത്തില്‍ തോന്നിപ്പിക്കാനെങ്കിലും ഭരണപക്ഷത്തിന് കഴിയുന്നുണ്ടെങ്കിലും പ്രതിപക്ഷത്തെ സ്ഥിതി അതല്ല. ശക്തമായൊരു അവസരം വീണുകിട്ടിയിട്ടും അതു മുതലാക്കാതെ ഒഴിഞ്ഞുമാറാനാണ് സിപിഎം ശ്രമം നടത്തുന്നത്. കോടതിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന പോലീസ് തന്നെ അന്വേഷണം നടത്തിയാല്‍ മതിയെന്ന നിലപാടും കേവലം വഴിപാടുപോലെ രാജി ആവശ്യവും മുഴക്കി സിപിഎം മാണിയെ തലോടുമ്പോള്‍ സിപിഐ തങ്ങളുടെ നിലപാട് ശക്തമാക്കുകയാണ്. പിളര്‍പ്പിന്റെ പേരില്‍ കൂടുതല്‍ പിളര്‍ന്ന സിപിഎം-സിപിഐ ബന്ധത്തിന് കൂടുതല്‍ പരുക്കേല്‍പ്പിക്കാനുള്ള സാധ്യതയായി കെ എം മാണി മാറിയിരിക്കുകയാണെന്നാണ് ചില അണിയറ സംസാരങ്ങള്‍ കേള്‍ക്കുന്നത്. ഒരാഴ്ച പിന്നിട്ടിട്ടും ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെയോ സര്‍ക്കാരിനെതിരെയോ ജനശ്രദ്ധയാകര്‍ഷിക്കുന്നൊരു പ്രകടനം നടത്താന്‍പോലും ഇടതുമുന്നണിക്ക് ആയിട്ടില്ലെന്നത്, ഈ പ്രതിസന്ധി കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഭരണപക്ഷത്തല്ല, പ്രതിപക്ഷത്താണെന്ന് തെളിയിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജനങ്ങളോട് തങ്ങളുടെ നിലപാടെന്താണെന്ന് മനസ്സിലാക്കാനായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ നടത്തിയ വാര്‍ത്താ സമ്മേളനം. എന്നാല്‍ സിപി ഐയെ വിമര്‍ശിച്ചും, അഴിമതിക്കെതിരെ പ്രതികരിക്കാന്‍ അവര്‍ക്ക് ധാര്‍മ്മികതയില്ലെന്നു പരിഹസിച്ചും കേരള കോണ്‍ഗ്രസ് എം രംഗത്തുവന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം കോടികള്‍ കോഴവാങ്ങി വിറ്റൊരു പാര്‍ട്ടിക്ക് അരനൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള മാണി സാറിനെതിരെ സംസാരിക്കാന്‍ എന്തുയോഗ്യതയാണെന്നാണ് കേരള കോണ്‍ഗ്രസ് എം നേതാവ് ആന്റണി രാജു ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചത്. ഈ ചോദ്യത്തിനോടുള്ള പ്രതികരണവും തങ്ങളുടെ നിലപാടുകളിലെ വ്യക്തതയും പങ്കുവയ്ക്കുകയാണ് സിപി ഐ നേതാവ് മുല്ലക്കര രത്‌നാകരന്‍. തയാറാക്കിയത്- രാകേഷ് നായര്‍

 

അഴിമതിക്കെതിരെ സംസാരിക്കാന്‍ സിപിഐക്ക് എന്തു ധാര്‍മ്മികതയുണ്ട് എന്ന ചോദ്യം വെറുമൊരു തമാശയായിട്ടെടുത്താല്‍ മതി. ഞങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍ സംഭവിച്ചതിനെക്കുറിച്ച് അന്വേഷിക്കാനും നടപടികള്‍ സ്വീകരിക്കാനുമുള്ള അപൂര്‍വ്വമായ കരുത്തും ആര്‍ജ്ജവവും കാണിച്ച പാര്‍ട്ടിയാണ് സിപി ഐ. കേരളാ കോണ്‍ഗ്രസിനോ മറ്റേതിങ്കിലും പാര്‍ട്ടിക്കോ സ്വപ്‌നം കാണാന്‍ പറ്റാത്ത കാര്യമാണിത്. സിപിഐയുടെ വ്യക്തിത്വം പരിശോധിക്കാനും തിരുത്താനും സത്യം സമൂഹത്തെ ബോധ്യപ്പെടുത്താനും ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കേരള കോണ്‍ഗ്രസില്‍ ഇപ്പോള്‍ വന്നുപെട്ടിരിക്കുന്ന പ്രശ്‌നം ജനങ്ങളുടെ മുന്നില്‍ നിന്ന് മൂടിവയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. മാത്രമല്ല, അവരുടെ നേതാവ് നടത്തിയെന്നു പറയുന്ന അഴിമതി ഒരു സാമൂഹികപ്രശ്‌നം കൂടിയാണ്. അതിനാല്‍ ജനങ്ങളോട് സത്യാവസ്ഥ ബോധ്യപ്പെടുത്തേണ്ട ചുമതല അവര്‍ക്കുണ്ട്. അതിന് തയ്യാറാകാതെ മറ്റുള്ളവരുടെ ധാര്‍മ്മികതയെ അന്വേഷിച്ചു നടക്കുന്നത് സ്വയം പരിഹാസ്യമാകലാണ്.

സിപി ഐക്കെതിരെ ഉന്നയിച്ചെ മറ്റൊരു ആക്ഷേപം ഞങ്ങള്‍ കഴിഞ്ഞയാഴ്ചവരെ മാണിയെ മുഖ്യമന്ത്രിയാക്കാന്‍ നടന്നവരാണെന്നാണ്. സിപിഐ അത്തരമൊരു നീക്കം ഒരിക്കലും നടത്തില്ലെന്ന് ജനങ്ങള്‍ക്ക് തന്നെ നല്ല ബോധ്യമുള്ളതാണ്. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന് സിപി ഐ ഒരിക്കലും തയ്യാറായിട്ടില്ല. എല്ലാക്കാലത്തും ഒരു മിനിമം നല്ലകാര്യത്തിനുവേണ്ടി മാക്‌സിമം യോജിപ്പിലെത്തുകയാണ് പാര്‍ട്ടിയുടെ നിലപാട്, അല്ലാതെ മിനിമം മോശത്തരത്തിന് മാക്‌സിമം യോജിപ്പ് കണ്ടെത്താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. അഴിമതിയുടെ കാര്യത്തില്‍ എല്ലാക്കാലവും പാര്‍ട്ടിക്ക് ഒരേനയമാണ്. ബാര്‍ കോഴവിവാദത്തില്‍ ഇടതുമുന്നണിയുടെ നിലപാട് ജനമധ്യത്തില്‍ പ്രഖ്യാപിക്കേണ്ടതായിട്ടുണ്ട്. അതില്‍ കാലതാമസം വരാന്‍ പാടില്ല. അതാണ് ഇന്നലെ പാര്‍ട്ടി സെക്രട്ടറി ചൂണ്ടിക്കാണിച്ചത്. അത് ജനങ്ങളോടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണ്. സിപിഎം വിഭിന്നമായ നിലപാടാണ് ഇക്കാര്യത്തില്‍ എടുത്തിട്ടുള്ളതെങ്കില്‍, അവരത് വിശദീകരിക്കേണ്ടതാണ്, ഞങ്ങളല്ല അതിനെക്കുറിച്ച് പറയേണ്ടത്. ഇക്കാര്യത്തില്‍ നിലവില്‍ ഇടതുമുന്നണിയില്‍ പറയത്തക്ക അഭിപ്രായ വ്യത്യാസങ്ങളൊന്നും തന്നെയില്ല. എന്തങ്കിലും ആശക്കുഴപ്പങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ പത്താം തീയതിക്കു കൂടുന്ന ഇടതുമുന്നണിയോഗത്തില്‍ അതെല്ലാം പരിഹരിച്ച്, യോജിച്ച പ്രക്ഷോഭത്തിന് മുന്നണി മുന്നിട്ടിറങ്ങുക തന്നെ ചെയ്യും.

12-ആം  തീയതി സിപി ഐ പ്രഖ്യാപിച്ചിരിക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് ഇടതുമുന്നണിയിലെ യോജിപ്പില്ലായ്മയുടെ പ്രതിഫലനമായി കാണേണ്ടതില്ല. പാര്‍ട്ടിയുടെ ജനകീയ ഉത്തരവാദിത്വം മാത്രമാണത്. ഓരോകാര്യത്തിലും പലര്‍ക്കും പല അഭിപ്രായങ്ങളായിരിക്കും. സിപി ഐയുടെ കാര്യത്തില്‍ ഞങ്ങളുടെ നിലപാട് വ്യക്തമാക്കി. അതിനോട് ഇടതുമുന്നി ഒന്നടങ്കം യോജിപ്പിലെത്തുമെന്നു തന്നെയാണ് പ്രതീക്ഷ. മുന്നണിയോഗം വിളിക്കാന്‍ താമസിച്ചതിലും ആരും കുറ്റം കണ്ടുപിടിക്കേണ്ടതായിട്ടില്ല. പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തുവരികയാണ്. അതിന്റെതായ തിരക്ക് എല്ലാ പാര്‍ട്ടികളിലുമുണ്ട്. ഇടതുമുന്നണിയോഗം കൂടാന്‍ വൈകുന്നതിന്റെ കാരണം ഇതാണ്. എന്തായാലും 10 ന് യോഗം ചേരും. ഉചിതമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യും. ഈ കാര്യങ്ങളൊക്കെ മുന്‍നിര്‍ത്തി പ്രതിസന്ധി ഇടതുമുന്നണിയിലാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളൊന്നും യഥാര്‍ഥ കുറ്റക്കാര്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങളൊന്നുമാകില്ല. പ്രതിസന്ധികള്‍ കേരള കോണ്‍ഗ്രസ് എമ്മിലും യുഡിഎഫിലുമാണെന്ന് പകല്‍പോലെ വ്യക്തമാണ്.

കെ എം മാണി ജനാധിപത്യപരമായി കേരള സമൂഹത്തോടു ചെയ്യേണ്ട ഉത്തരവാദിത്വം ഉണ്ട്. അദ്ദേഹം രാജിവച്ച് അന്വേഷണം നേരിടണം. അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ സംശുദ്ധനായി തന്നെ മടങ്ങി വരാമല്ലോ! എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സംശയത്തിന്റെ നിഴല്‍ മാണിസാറിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമേലും വീണിട്ടുണ്ട്.

സോളാര്‍ കേസില്‍ പ്രതിപക്ഷത്തിന്റെ ആവശ്യാര്‍ത്ഥം ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും അതിനോട് ഒരുതരത്തിലും സഹകരിക്കാതെ മാറിനിന്ന പാര്‍ട്ടിയാണ് സിപിഐ എന്നാണ് മറ്റൊരാക്ഷേപം. എന്താണ് ആ കാര്യത്തില്‍ സംഭവിച്ചതെന്ന് ജനങ്ങള്‍ക്ക് നല്ലതുപോലെ അറിയാവുന്നതാണ്. സിപിഐ അന്ന് ആവശ്യപ്പെട്ടത് ഗവണ്‍മെന്റിന് സത്യസന്ധതയുണ്ടെങ്കില്‍ സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ്. മാത്രമല്ല, അന്വേഷണം നേരെ ചൊവ്വേ നടക്കണമെങ്കില്‍ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്കുണ്ടെന്നു പറയുന്നതിനാല്‍ മുഖ്യമന്ത്രി മാറി നിന്ന് അന്വേഷണം നേരിടണമെന്നുമാണ്. എന്നാല്‍ നടന്നെതെന്താണ്? ഇതേ ആവശ്യം തന്നെയാണ് നിലവിലെ സാഹചര്യത്തിലും സിപി ഐ മുന്നോട്ടുവയ്ക്കുന്നത്. ഒരു മന്ത്രിയെക്കുറിച്ച് അദ്ദേഹത്തിന് താഴെയുള്ള ഒരുദ്യോഗസ്ഥന്‍ അന്വേഷിക്കുന്നതെങ്ങിനെയാണ്? മന്ത്രിക്ക് അദ്ദേഹത്തിന്റെതായ പ്രിവിലേജുണ്ട്. ആ ഉദ്യോഗസ്ഥന് നിരവധി പരിമിതികള്‍ ഈ കാര്യത്തിലുണ്ടാകും. പ്രതിപക്ഷം ഉയര്‍ത്തുന്ന ഇത്തരം മുഖ്യമായ ആവശ്യങ്ങള്‍ ഒഴിവാക്കികൊണ്ടുള്ള സര്‍ക്കാരിന്റെ അന്വേഷണ പ്രവഹസനങ്ങളോട് എങ്ങിനെ സഹകരിക്കാനാണ്?

ബെസ്റ്റ് ഓഫ് അഴിമുഖം 

ബാര്‍: യു ഡി എഫ് രാഷ്ട്രീയത്തില്‍ ഹൈക്കോടതി വിധിയുണ്ടാക്കാന്‍ പോകുന്ന പൊല്ലാപ്പുകള്‍
ശ്രീകൃഷ്ണന്‍ സഖാവ്, പക്ഷേ ഞങ്ങള്‍ ജയന്തി ആഘോഷിക്കില്ല- മുന്‍ മന്ത്രി മുല്ലക്കര രത്നാകരന്‍ സംസാരിക്കുന്നു
ശുദ്ധ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ ഗതികേടുകള്‍
മലയാളിക്ക് പറ്റിയ പെയ്മെന്‍റ് പാര്‍ട്ടികള്‍- ഒരു സി.പി.ഐ വിചാരം
ഓടുന്ന മാണിക്ക് ഒരു മുഴം മുമ്പേ!

സോളാര്‍ കേസില്‍ നിന്നും തീര്‍ത്തും വിഭിന്നമായ കാര്യങ്ങളല്ലേ ഇപ്പോള്‍ നടക്കുന്നത്. കൈക്കൂലി കൊടുത്തയാള്‍ തന്നെ അത് പുറത്ത് പറഞ്ഞിരിക്കുകയാണ്. അവരുടെ കൈയില്‍ തെളിവുകളുണ്ടെന്നു പറയുന്നു, കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും പറയുന്നു. ഇതൊക്കെ കേള്‍ക്കുന്ന ജനത്തിന് എന്താണ് സത്യാവസ്ഥ എന്നറിയാന്‍ അവകാശമില്ലേ? ജനാധിപത്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാവുകയാണ് വേണ്ടത്. ഇരുട്ടില്‍ നിന്നു കളിക്കേണ്ട കളിയല്ല ജനാധിപത്യം.

തങ്ങള്‍ തെറ്റു ചെയ്തിട്ടില്ലെങ്കില്‍ എതന്വേഷണത്തെയും നേരിടാനുള്ള ആത്മവിശ്വാസം കേരളകോണ്‍ഗ്രസ് എം കാണിക്കണം. അത്തരമൊരു ആത്മവിശ്വാസം ഒരാളുടെയും മുഖത്ത് കാണുന്നില്ല. മറിച്ച് അവര്‍ ഭയപ്പെടുകയാണ്. വലിയൊരു അഴിമതി ആരോപണമാണ് ഉണ്ടായിരിക്കുന്നത്. ഇതന്വേഷിച്ച് കണ്ടുപിടിക്കേണ്ടതാണ്. അതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതിനു പകരം പ്രതിപക്ഷത്ത് ആശയക്കുഴപ്പമെന്ന് വാര്‍ത്തയുണ്ടാക്കി വിടുകയല്ല വേണ്ടത്. കെ എം മാണി രാജിവച്ച് അന്വേഷണത്തെ നേരിടുകയെന്ന ഒറ്റനിലപാടില്‍ ഇടതുമുന്നണി ഉറച്ചു നില്‍ക്കുകയാണ്. ബാക്കി തീരുമാനങ്ങള്‍ പത്താം തീയതിക്കുശേഷം ഉണ്ടാകും. എന്തായാലും ഈ അഴിമതിയുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സിപി ഐ ആവുന്നതും പോരാടും. അതിനുള്ള ധാര്‍മ്മികത ഞങ്ങള്‍ക്കുണ്ട്. ജനങ്ങളാണ് അതിന് പിന്‍ബലം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍