UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ധാര്‍മ്മികതയില്‍ ധൃതിയില്ല; മലയോര മാര്‍ക്സിന്‍റെ ചില മനസിലിരുപ്പുകള്‍

Avatar

കെ എ ആന്റണി

ബാബു മന്ത്രി രാജി പിന്‍വലിച്ച് തിരിച്ചു വന്നിരിക്കുന്നു. നേരം ഇരുട്ടി വെളുക്കുന്ന വേഗത്തിലാണ് അത് സംഭവിച്ചത്. ബാബു മന്ത്രിക്കു മുമ്പേ രാജി വച്ച മാണി സാറിനുമുണ്ട് മന്ത്രി കസേരയിലേക്കുള്ള ക്ഷണം. അദ്ദേഹം പക്ഷേ ക്ഷണം സ്വീകരിച്ചിട്ടില്ല. ധാര്‍മ്മികതയുടെ പേരില്‍ രാജി വച്ച തനിക്ക് മന്ത്രി സ്ഥാനത്ത് തിരികെ എത്താന്‍ വലിയ താല്‍പര്യമോ അതിരു വിട്ട ഭ്രമമോ ധൃതിയോ ഇല്ലെന്നാണ് മാണി സാര്‍ പറയുന്നത്.

ഇപ്പറഞ്ഞതത്രയും മന്ത്രി സ്ഥാനത്ത് തിരിച്ചെത്താന്‍ ആഗ്രഹമില്ലാഞ്ഞിട്ടാണെന്ന് ആരും കരുതാന്‍ ഇടയില്ല. ഇറങ്ങിപ്പോകാന്‍ കാട്ടിയ വൈമനസ്യം കണ്ടവര്‍ക്ക് ഒക്കെ അറിയാം മാണിസാറിന് മന്ത്രി കസേരയോടുള്ള ഭ്രമം എത്ര വലുതാണെന്ന്. അപ്പോള്‍ പിന്നെ എന്തുകൊണ്ടാണീ പിണക്കവും വൈമനസ്യവും എന്നൊക്കെ ചിന്തിക്കുന്നവരുണ്ടാകാം. തന്നെയിറക്കി വിടാന്‍ ധൃതി കാണിച്ചവര്‍ ഇപ്പോള്‍ തിരിച്ചു വിളിക്കാന്‍ കാണിക്കുന്ന താല്‍പര്യത്തിന് പിന്നിലെ ചേതോവികാരം മലയോര മാര്‍ക്‌സിന് നന്നായി അറിയാം. ചാണ്ടി സാറിന്റേയും ആര്യാടന്‍ സായിവിന്റേയും കടിച്ചു തൂങ്ങലിനെ ന്യായീകരിക്കണം. ഒപ്പം ബാബു മന്ത്രിയുടെ തിരിച്ചു വരവിനേയും.

ബാബു മന്ത്രിയുടെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കാതെ ചാണ്ടി സാര്‍ കീശയിലിട്ട് നടക്കുന്നത് കണ്ടപ്പോള്‍ തന്നെ കാര്യം പിടികിട്ടിയിരുന്നു. മന്ത്രിമാരുടേയും മന്ത്രിസഭയുടേയും നിലനില്‍പ്പിന് അപ്പുറം മറ്റൊരു താല്‍പര്യം കൂടിയുണ്ട് ഈ തിരിച്ചു വിളിയുടെ പിന്നിലും. അതാകട്ടെ ബജറ്റ് തയ്യാറാക്കാന്‍ പോന്ന മറ്റൊരാള്‍ തല്‍ക്കാലം മന്ത്രിസഭയിലോ യുഡിഎഫിലോ ഇല്ല എന്നത് തന്നെ. ഒരു ബജറ്റൊക്കെ തട്ടിക്കൂട്ടാനുള്ള പ്രാഗല്‍ഭ്യം സി പി ജോണ്‍ സഖാവിനുണ്ട്. പക്ഷേ ഈ ചുരുങ്ങിയ സമയം കൊണ്ട് അത് ഉണ്ടാക്കിയെടുക്കല്‍ അത്ര എളുപ്പമല്ല.

മാണി സാര്‍ കടുംപിടിത്തം തുടരുമ്പോള്‍ മറ്റുചില സംശയങ്ങളും യുഡിഎഫിന് അകത്തും പുറത്തും ഉയരുന്നു. അതാകട്ടെ അടുത്ത് നടക്കാന്‍ ഇരിക്കുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ളതാണ്. വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പായി പുതിയ രാഷ്ട്രീയ ബന്ധുക്കളെ കണ്ടെത്താനാണ് അമിത്ജിയുടെ വരവ്. വരുന്നതാകട്ടെ കോട്ടയത്തേക്കും.

നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞതുപോലെ കോട്ടയം സന്ദര്‍ശനം കൊണ്ട് അമിത്ജി രണ്ട് കാര്യങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്. അതിലൊന്ന് കോണ്‍ഗ്രസുമായി മാനസികമായി അകന്നു കഴിഞ്ഞ മലയോര മാര്‍ക്‌സിനെ കേരളത്തില്‍ ബിജെപി വിഭാവനം ചെയ്യുന്ന മൂന്നാം മുന്നണിയില്‍ എത്തിക്കുക എന്നതാണ്. പെരുന്നയില്‍ ചെന്ന് സുകുമാരന്‍ നായരെ നന്നായി ഒന്ന് സോപ്പിടുകയെന്നതാണ് രണ്ടാമത്തെ ലക്ഷ്യം. നായര്‍ സാബ് ബിജെപിയോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസം പെരുന്നയിലെത്തിയ സുരേഷ് ഗോപിജിയോട് പ്രകടിപ്പിച്ച രോഷം ശമിച്ചമട്ടില്ല. അതൊന്നു നന്നായി തണുപ്പിക്കണം. തണുപ്പിച്ചാല്‍ മാത്രം പോര. നായര്‍ സാബിനെ ബിജെപിയുടെ നാവായി മാറ്റണം. അങ്ങനെ നായര്‍ വോട്ടില്‍ നല്ലൊരു പങ്ക് മൂന്നാം മുന്നണിയുടെ വോട്ടു പട്ടികയില്‍ എത്തിക്കണം. അങ്ങനെയങ്ങനെ വലിയ ലക്ഷ്യങ്ങളുമായാണ് അമിത്ജിയുടെ കോട്ടയം സന്ദര്‍ശനം.


അമിത്ജിയുടെ പഞ്ചാര വാക്കുകളില്‍ മലയോര മാര്‍ക്‌സും നായര്‍ സാബും വീഴുമോയെന്ന് അറിയാന്‍ നമുക്ക് കാത്തിരിക്കാം. കേന്ദ്രം ഭരിക്കുന്നത് മോദിജിയാണെങ്കിലും കടിഞ്ഞാണ്‍ അമിത്ജിയുടെ കൈയിലാണ്. ഇത്ര വലിയൊരാള്‍ വലിയ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ ഏത് മഹാതാപസനും വീണു പോകും.

മാണി സാര്‍ ബിജെപി മുന്നണിയില്‍ ചേരുമോയെന്ന ആശങ്ക കേരളത്തിലെ വലതു മുന്നണിക്ക് മാത്രമല്ല ഇടതു മുന്നണിക്കുമുണ്ട്. കോടിയേരി സഖാവ് മുതല്‍ പലരും അത് പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഉത്കണ്ഠ ഏറെയുണ്ടെങ്കിലും അത് പുറത്തു കാണിക്കാത്ത വലതു പക്ഷത്തുള്ള ഏക ആള്‍ നമ്മുടെ ചാണ്ടി സാര്‍ തന്നെയാണ്.

ഇക്കഴിഞ്ഞ ശനിയാഴ്ച കോട്ടയത്തു വച്ച് മാണി സാറിന്റെ മനസ് അറിയാന്‍ ചില മാധ്യമ സുഹൃത്തുക്കള്‍ ഒരു ശ്രമം നടത്തിയിരുന്നു. അമിത്ജി കോട്ടയത്ത് വരുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമായിരുന്നു എന്നായിരുന്നു മറുപടി. നേരില്‍ കാണുന്ന പക്ഷം കൈകൊടുത്ത് അഭിവാദ്യം ചെയ്യുമെന്നും പറയാന്‍ മറന്നില്ല.

ബാറും സോളാറും ഒക്കെയായി ആകെ ചീഞ്ഞ് നാറി നില്‍ക്കുന്ന യുഡിഎഫില്‍ തുടരുന്നതില്‍ കാര്യമില്ലെന്ന് മാണി സാറിന് നന്നായി അറിയാം. തന്റെ പേരിലും ബാര്‍ കോഴയുടെ കളങ്കം കിടപ്പുണ്ടെങ്കിലും പാലായില്‍ എങ്ങനെയെങ്കിലും ജയിച്ചു കയറാമെന്ന വിശ്വാസം തീരെയില്ലാതായിട്ടുമില്ല. ബിജെപിക്കൊപ്പം നില്‍ക്കുകയെന്നാല്‍ ബിജെപിയില്‍ ചേരുകയെന്ന് അര്‍ത്ഥമില്ലല്ലോ. പണ്ട് കേരളത്തിലെ യുഡിഎഫ് ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കിയില്ലേ. ഇടതന്‍മാരും ഏറെക്കാലം ബിജെപിയുടെ പ്രാഗ് രൂപമായ ജനസംഘവുമായി സഹകരിച്ചില്ലേ. ബിജെപി പിന്തുണയോടെ പി സി തോമാച്ചന്‍ മൂവാറ്റുപ്പുഴയില്‍ തന്റെ ജോസ് മോനെ മലര്‍ത്തിയടിച്ചില്ലേ. ഇങ്ങനെയൊക്കെ ആകണം ഇപ്പോള്‍ മാണി സാറിന്റെ ചിന്തകള്‍.

എന്തൊക്കെയായാലും ബിജെപിക്കാര്‍ പറഞ്ഞ വാക്ക് പാലിക്കുന്നവരാണ്. അല്ലെങ്കില്‍ പിന്നെ തോമാച്ചനെ കേന്ദ്ര മന്ത്രിയാക്കുമായിരുന്നില്ലല്ലോ. അങ്ങനെ വരുമ്പോള്‍ ബിജെപിക്ക് ഒപ്പം നിന്നാല്‍ രണ്ടുണ്ട് കാര്യം. ബാര്‍ കോഴ കേസ് സിബിഐയെ വച്ച് അട്ടിമറിപ്പിക്കാം. ജോസ് മോന് കേന്ദ്ര മന്ത്രിയുമാകാം. ഇങ്ങനെയൊക്കെ ചിന്തിച്ച് മാണി സാര്‍ ബിജെപിക്ക് ഒപ്പം ചേര്‍ന്നു കൂടായ്കയില്ലെന്നാണ് അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ അടുത്ത ദിവസം വരെ അടക്കം പറഞ്ഞിരുന്നത്.

എന്നാല്‍ ഇന്നലെ സ്ഥിതി മാറി. അമിത്ജിയുമായി കോട്ടയത്ത് വച്ച് ചര്‍ച്ചയ്ക്കില്ലെന്നാണ് മാണി സാറിന്റെ പാര്‍ട്ടി ഇപ്പോള്‍ പറയുന്നത്. ദല്‍ഹിയില്‍ ജോസ് മോനും ബിജെപി കേന്ദ്ര നേതൃത്വത്തെ കാണുന്നില്ലത്രേ. റബര്‍ വിലയിടിവും റബര്‍ കര്‍ഷകരുടെ ദുരിതവും ഒക്കെ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആയിരുന്നു ജോസ് മോന്‍ അമിത്ജി അടക്കമുള്ളവരെ കാണാന്‍ തീരുമാനിച്ചിരുന്നതത്രേ. എല്ലാ ചര്‍ച്ചകളും പരസ്യമായി നടക്കണമെന്നില്ല. അപ്പോള്‍ പിന്നെ രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നുണ്ടോയെന്നാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍