UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാണി രാജിവച്ചാല്‍ പിന്നാലെ പല മന്ത്രിമാരും രാജിക്കത്തെഴുതേണ്ടിവരും

Avatar

വി എസ് സുനില്‍ കുമാര്‍ എം എല്‍ എ

ജനാധിപത്യവ്യവസ്ഥിതിയെ അപമാനിക്കുന്ന നടപടികളാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ നിന്ന്, അവരുടെ ഭരണം തുടങ്ങിയ നാള്‍ തൊട്ട് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരാള്‍ക്കു പിറകെ ഓരാളായി അഴിമതിയാരോപണങ്ങള്‍ നേരിടുകയാണ് ഈ മന്ത്രിസഭയില്‍. എന്നിട്ടും ജനങ്ങളോടുള്ള സാമാന്യമര്യാദപോലും കാണിക്കാതെ എന്തുവന്നാലും ഞങ്ങള്‍ക്ക് നാണമില്ലെന്ന മുഷ്‌കുമായി അധികാരത്തിന്റെ രസം നുണഞ്ഞിരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായൊരു ജനകീയപ്രക്ഷോഭമാണ് ഉയര്‍ന്നു വരേണ്ടത്.

 

മന്ത്രിപദവി ദുരുപയോഗം ചെയ്ത് കൈക്കൂലി വാങ്ങുകയും, അതില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയപ്പോള്‍ അതേ അധികാരം ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്ന കെ എം മാണി ജനങ്ങളെ ഭരിക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. അദ്ദേഹം പ്രഥമദൃഷ്ട്യ കുറ്റക്കാരനെന്നു കണ്ടെത്തുകയും എഫ് ഐ ആര്‍ രജസ്റ്റര്‍ ചെയ്തിരിക്കുകയും ചെയ്യുന്നു. എന്നിട്ടും തന്റെ അധികാരം ഉപയോഗിച്ച് സ്വയം രക്ഷപ്പെടാനാണ് മാണി ശ്രമിക്കുന്നത്. ഇവിടെ അദ്ദേഹം തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് പ്രതിപക്ഷത്തെയല്ല, ജനങ്ങളെ തന്നെയാണ്. കൈക്കൂലി ചോദിച്ചു വാങ്ങിയെന്നതാണ് മാണിക്കെതിരെയുള്ള കുറ്റം. ഏതെങ്കിലും പ്രതിപക്ഷാംഗം ഉണ്ടാക്കിയ ആരോപണമല്ലയിത്. കൈക്കൂലി കൊടുത്ത വ്യക്തി തന്നെയാണ് ഇത്തരമൊരു ആരോപണമായി വന്നതും അതില്‍ ഉറച്ചു നില്‍ക്കുന്നതും. ആ വ്യക്തി പറയുന്നതില്‍ ശരിയുണ്ടെന്നും ബോധ്യമായിരിക്കുന്നു. പക്ഷെ, കുറ്റക്കാരനെതിരെ നടപടി മാത്രമില്ല. പകരം അദ്ദേഹത്തെ വെള്ളപൂശാനാണ് മുഖ്യമന്ത്രിയുള്‍പ്പെടെ യുഡിഎഫ് ശ്രമിക്കുന്നത്. യുഡിഎഫ് മന്ത്രിസഭയില്‍ അഴിമതിയാരോപണം നേരിടുന്ന ആദ്യവ്യക്തിയല്ല മാണി. ഈ മന്ത്രിസഭയുടെ കാലത്ത് മുഖ്യമന്ത്രിയുള്‍പ്പെടെ പല മന്ത്രിമാര്‍ക്കെതിരെയും ശക്തമായ അഴിമതിയാരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മാണിയുടെ കാര്യത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. അങ്ങനെയുള്ളൊരാള്‍ക്ക് എന്ത് അര്‍ഹതയാണ് തന്റെ പദവിയില്‍ തുടരാനായിട്ടുള്ളത്? സ്വയം രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്ന് നീക്കാന്‍ മുഖ്യമന്ത്രി ആര്‍ജ്ജവം കാണിക്കണമായിരുന്നു. എന്നാല്‍ മാണി കുറ്റം ചെയ്യ്തിട്ടില്ലെന്ന് വിളിച്ചുപറയാനാണ് ഉമ്മന്‍ ചാണ്ടി വ്യഗ്രത കാണിക്കുന്നത്. ഗവണ്‍മെന്റ് എല്ലാകാര്യത്തിലും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുമെന്ന് അവര്‍ പറയുന്നു. മാണി കുറ്റക്കാരാനെന്നു പറയാതിരിക്കുമ്പോള്‍ തന്നെ അദ്ദേഹം കുറ്റം ചെയ്തിട്ടില്ലെന്നും സമര്‍ത്ഥിക്കാന്‍ നില്‍ക്കരുത്. അതാണ് നിഷ്പക്ഷത. അന്വേഷണം നടക്കട്ടെ, സത്യം എന്താണെന്ന് തെളിയട്ടെ, അതാണ് മര്യാദ. ഇവിടെ അവര്‍ മുന്‍കൂറായി പറയുന്നു, മാണി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്. ഈ വെപ്രാളം തന്നെ പലതും ഒളിക്കേണ്ടതുണ്ട് എന്നതിന് തെളിവാണ്.

വ്യക്തിപരമായി ഉണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ നിന്ന് നീക്കാന്‍ തയ്യാറായ മുഖ്യമന്ത്രി മാണിയുടെ കാര്യത്തില്‍ എന്തുകൊണ്ട് മൗനിയായികുന്നു? ഒരു ഡ്രൈവറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രാഹുല്‍ ആര്‍ നായര്‍ക്കെതിരെ നടപടിയെടുത്ത സര്‍ക്കാര്‍ അതേപോലൊരു ഡ്രൈവര്‍ മാണിക്കെതിരെ മൊഴി നല്‍കിയപ്പോള്‍, വെറുമൊരു ഡ്രൈവറുടെ വാക്കുകേട്ട് നടപടിയെടുക്കാമോയെന്ന് പരിഹാസം പറയാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിയുന്നതെങ്ങനെ? തന്റെ പാര്‍ട്ടിക്ക് ഒറ്റ എംഎല്‍എമാത്രമുള്ളതുകൊണ്ടാണ് തനിക്ക് രാജിയവയ്‌ക്കേണ്ടി വന്നതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിട്ടുണ്ട്. മാണിയുടെ കാര്യത്തില്‍ സ്ഥിതി അതല്ല, മന്ത്രിസഭ നിലനിര്‍ത്തണമെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് മാണിയെ സംരക്ഷിക്കണം. അഥവ മാണി രാജിവച്ചാല്‍ ഈ മന്ത്രിസഭയിലെ പല മന്ത്രിമാരും രാജിക്കത്ത് എഴുതേണ്ടി വരും.

നമ്മുടെ നാട്ടില്‍ അധികാരവും സമ്പത്തും ബന്ധങ്ങളുമുള്ളവന്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് പലപ്പോഴും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍പോലും പൊലീസ് തയ്യാറാകില്ലായിരുന്നു. ഇരകള്‍ ഇവര്‍ക്കെതിരെ കോടതിയെ സമീപിക്കുമ്പോള്‍ ഈ കുറ്റവാളികള്‍ രക്ഷപ്പെടുന്നത് അവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ്. ലളിതാകുമാരി കേസില്‍ വിധി പറയവെ സുപ്രീം കോടതി ഈ പ്രവണതയെ വിമര്‍ശിക്കുകയും കുറ്റക്കാര്‍ എത്രവലിയ വമ്പന്മാരാണെങ്കിലും അവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഈ വിധിക്ക് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് മാണിയുടെ കാര്യത്തിലുള്ളത്. മാണിക്കെതിരെ ഒരുനടപടിയും എടുക്കുന്നില്ലെന്ന സന്ദര്‍ഭത്തിലാണ് ഞാന്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. സര്‍ക്കാര്‍ ഇടപെടല്‍ നടത്താതെ വിജിലന്‍സ് അന്വേഷിക്കണമെന്ന് കോടതി പറയുകയായിരുന്നു. നാല്‍പ്പത്തിരണ്ടിലേറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ കാര്യത്തില്‍ മാണിക്കെതിരെ കേസ് എടുക്കാന്‍ കഴിയില്ലെന്ന് വിജിലന്‍സിന് പറയാന്‍ കഴിഞ്ഞില്ല. മാണിക്കെതിരെ തെളിവുകളുണ്ടെന്ന് തന്നെയാണ് അതിനര്‍ത്ഥം. മാണിക്കെതിരെ ഉണ്ടായിരിക്കുന്നത് വെറും ആരോപണങ്ങളല്ലെന്നും അദ്ദേഹം തെറ്റു ചെയ്തിട്ടുണ്ടെന്നും ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. അന്വേഷണം നടക്കുക തന്നെ വേണം. എന്നാല്‍ മാണി മന്ത്രിക്കസേരിയില്‍ ഇരിക്കുന്നിടത്തോളം കാലം ആ അന്വേഷണത്തിന് എന്ത് വിശ്വാസ്യതയാണ് ഉണ്ടാവുക?

ധനമന്ത്രിക്കെതിരെ ആരോപണങ്ങളും തെളിവുകളും നല്‍കിയതും നല്‍കാനിരിക്കുന്നവരും വ്യവസായികളും വ്യാപാരികളുമൊക്കെയാണ്. ഇവരെല്ലാം തന്നെ ഗവണ്‍മെന്റുമായി നിരന്തരം ബന്ധപ്പെട്ടു നില്‍ക്കുന്നവരാണ്. അതില്‍ തന്നെ കൂടുതലായും ആശ്രയിക്കുന്നത് ധനവകുപ്പിനെയാണ്. അങ്ങനെ വരുമ്പോള്‍ ആ വകുപ്പിന്റെ മന്ത്രിക്കെതിരെ ഇതേ വ്യാപാരികള്‍ക്ക് എത്രകണ്ട് ശക്തമായി മുന്നോട്ടു പോകാന്‍ സാധിക്കും? മറിച്ച് ഇവരെയെല്ലാം ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സ്വാധീനിക്കാന്‍ മന്ത്രിക്കും കഴിയും. ഉപജാപങ്ങള്‍ ഇല്ലാതെ, ഈ കേസ് മുന്നോട്ടു പോകണമെങ്കില്‍ മാണി മന്ത്രി സഭയില്‍ നിന്ന് മാറിയെ പറ്റൂ. ഇപ്പോള്‍ തന്നെ ബാറുടമകളുടെ സമ്മര്‍ദ്ദതന്ത്രത്തില്‍ വീണ് അവര്‍ക്കനുകൂലമായി കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. ആദ്യം മദ്യനിരോധനം കൊണ്ടുവന്നവര്‍, പിന്നീടത് മദ്യവര്‍ജ്ജനമാക്കാന്‍ ശ്രമിച്ചു, പിന്നെയതിന്റെ പ്രായോഗികതയെ കുറിച്ച് വാചാലാരായി പൂട്ടിയതെല്ലാം തുറക്കാന്‍ തയ്യാറാവുകയാണ്. മദ്യമുതലാളിമാരെ പ്രീണിപ്പിച്ച് മാണിയെ എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കുക എന്ന ലക്ഷ്യവും ഇതിലുണ്ട്. ചുരുക്കത്തില്‍ യാതൊരു നാണവുമില്ലാതെ,ഛര്‍ദ്ദിച്ചതെല്ലാം വീണ്ടും വായിലാക്കുന്ന തലത്തിലേക്ക് താണ്, തങ്ങളുടെ അഴിമതിക്കഥകള്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണ് ഈ സര്‍ക്കാര്‍.

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍