UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിനവ ചെന്നിത്തലയ്ക്കും മാര്‍ക്ക് ആന്റണിയുടെ ശബ്ദമുണ്ട്; ഒരു ഗ്രീക്കോ-റോമന്‍ അങ്കം

Avatar

കെ. എ. ആന്റണി

ഇത് ഏറെ കഷ്ടമാണ്. ഒരു ഫീനിക്സ് പക്ഷിയും ഗ്രീക്ക് മിത്തോളജിയും ഉണ്ടായിരുന്നില്ലെങ്കില്‍ രമേശ്‌ ചെന്നിത്തല എന്തു ചെയ്യുമായിരുന്നു? കെ എം മാണി യുഡിഎഫ് വിട്ടത് സംബന്ധിച്ച് ചെന്നിത്തല നടത്തിയ പ്രസംഗങ്ങളില്‍ ചില നൊമ്പരങ്ങള്‍ അടങ്ങിയിരുന്നു. സത്യത്തില്‍ ഒരു മാര്‍ക്ക് ആന്റണി പ്രഭാഷണം തന്നെയാണ് ചാനലുകള്‍ക്ക് മുന്‍പില്‍ രമേശ്‌ ചെന്നിത്തല നടത്തിയത്. പതിറ്റാണ്ടുകള്‍ക്കു പിന്നില്‍ ഇ കെ നായനാര്‍ എഴുതിത്തള്ളിയ ചെന്നിത്തല, ചെന്നി മാത്രമുള്ള തലയില്ലാത്ത ആളല്ല. സാക്ഷാല്‍ കെ കരുണാകരനെ വെട്ടില്‍ വീഴ്ത്തിയ ഈ തല തന്നെയാണ് കോണ്‍ഗ്രസിന്റെ നായര്‍ തല. തല എന്നത് ശരീരത്തിലെ കേന്ദ്രീകൃതഭാഗമാകുന്നതിനാല്‍ തലയോ കിഡ്നിയോ ലിവറോ എന്നൊക്കെയുള്ളത് മസ്തിഷ്കം തന്നെയാണ് തീരുമാനിച്ചിരുന്നത്. 

ചെന്നിത്തലയുടെ ഗിരിപ്രഭാഷണം അഥവാ മാര്‍ക്ക് ആന്റണി പ്രഭാഷണം ഏറെ ഹൃദ്യമായിരുന്നു. കുറ്റക്കാരനായ ഒരാളെന്ന് തന്നെ മുദ്രയടിച്ച കെ എം മാണിക്കെതിരെയുള്ള ഭര്‍ത്സനത്തിനും അപ്പുറത്തേക്ക് നീണ്ടുപോയി അദ്ദേഹത്തിന്റെ പ്രഭാഷണം. ഞാന്‍ സീസറെ സംസ്കരിക്കാനല്ല വന്നത് എന്ന് പറഞ്ഞ മാര്‍ക്ക് ആന്റണിയുടെ ആ പ്രഭാഷണ ശൈലി രമേശ്‌ ചെന്നിത്തല എന്ന പഴയ ആഭ്യന്തര മന്ത്രിയും നിലവില്‍ പ്രതിപക്ഷ നേതാവ് സ്ഥാനം കൈയ്യാളുന്ന ആളും പറഞ്ഞപ്പോള്‍ കേരള രാഷ്ട്രീയത്തിനും ഒരു ഗ്രീക്കോ -റോമന്‍ ചുവ. ചെന്നിത്തല പറഞ്ഞതില്‍ അല്‍പ്പം ആത്മാര്‍ഥത ഇല്ലാതില്ല. പറഞ്ഞത് അത്രയും ശരിയാണോ അല്ലയോ എന്ന് മഷിയിട്ടു നോക്കി കണ്ടെത്തേണ്ടി വരും എന്ന് കേരള കോണ്‍ഗ്രസുകാര്‍ പറഞ്ഞേക്കാം. എങ്കിലും ഒരു യാഥാര്‍ത്ഥ്യ ബോധമുണ്ട് പറഞ്ഞ കാര്യങ്ങളില്‍ അത്രയും.

ചെന്നിത്തല നന്മയുടെ പ്രതിരൂപമാണ് എന്ന് ആരും കരുതുന്നുണ്ടാവില്ല. കോണ്‍ഗ്രസിലെ നായര്‍-നസ്രാണി-ഈഴവ സമവാക്യങ്ങള്‍ മാറുന്നതിനിടയില്‍ വെറുതേ ഒരു ബാലിയാടാകുമ്പോള്‍ ചെന്നിത്തലയ്ക്കും ചിലതൊക്കെ പറയാനുണ്ടാവില്ലേ. അത്രയേ ചെന്നിത്തലയും ഇന്നു പറഞ്ഞു വച്ചുള്ളൂ. ഇനി ചെന്നിത്തല പറഞ്ഞുവച്ച കാര്യങ്ങളിലേക്ക്.

മാണി സാര്‍ യുഡിഎഫിന്റെ അവിഭാജ്യഘടകമായിരുന്നു, ഞങ്ങളുടെയൊക്കെ നേതാവ് ആയിരുന്നു, ഞങ്ങള്‍ ആരും മാണി സാറിനെ ദ്രോഹിച്ചിട്ടില്ല. ബാര്‍ കോഴക്കേസ് പോന്തിവന്നപ്പോള്‍ സാക്ഷികള്‍ ഇല്ലാതിരുന്നതിനാല്‍ ഒരു ദ്രുതപരിശോധന നടത്തി മാണി സാറിനെ കുറ്റവിമുക്തനാക്കി. ഇതൊക്കെയാണോ തെറ്റ്. ബാബുവിന്റെ കാര്യത്തില്‍ അങ്ങനെ ആയിരുന്നില്ല. സാക്ഷികള്‍ വന്നപ്പോള്‍ കേസില്‍ നിന്നുതന്നെ പോയി. ശരിയാണ് ചെന്നിത്തല പറഞ്ഞതില്‍ ഒരുപാടു യാഥാര്‍ഥ്യങ്ങള്‍ ഉണ്ട്. ചെന്നിത്തല പറഞ്ഞത് തന്നെയാണ് ശരി എന്ന് കേള്‍ക്കുന്നവര്‍ക്ക് പെട്ടെന്നു തോന്നുമോ എന്നറിയില്ല. എങ്കിലും അതാണ് യാഥാര്‍ഥ്യം. പിന്നില്‍ നിന്ന് കുത്തി എന്ന് കെഎം മാണി പറയുന്നവര്‍ ആരാണെന്ന് ഇന്നലത്തെ ചരല്‍ക്കുന്നിലെ അവസാന വിടുതല്‍ യോഗത്തിലും അദ്ദേഹം വെളിപ്പെടുത്തിയില്ല. കുത്തിയവരെക്കുറിച്ച് പറയാതെ കുന്തവുമെടുത്ത് പുതിയ കുരിശു യുദ്ധത്തിനു ഇറങ്ങാന്‍ പുറപ്പെടുന്ന മാണിയ്ക്ക് പിന്നില്‍ ഇനിയെത്രപേര്‍ എന്ന ചോദ്യം ബാക്കിയാവുമ്പോള്‍ ചെന്നിത്തല പറഞ്ഞ വാക്കുകള്‍ ഒരു വിലാപ കാവ്യം പോലെ വായിക്കേണ്ടതുണ്ട്. വിലാപം ഇത്രേയുള്ളൂ. മണിസാര്‍ വിട്ടപേരില്‍ കോണ്‍ഗ്രസില്‍ ഏറെ ക്രൂശിക്കപ്പെടുന്നത് ചെന്നിത്തല തന്നെയാണ്. ചെന്നിത്തലയ്ക്കെതിരെ ഈഴവ പ്രമാണിമാരും നസ്രാണി പ്രമാണിമാരും ഒന്നുമല്ല ഇറങ്ങിയിരിക്കുന്നത്. കുറ്റവാളിയാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് ഈഴവര്‍ക്ക് ഇപ്പോള്‍ അനഭിമതനായി മാറിയ വിഎം സുധീരനും നസ്രാണി ബെല്‍റ്റ്‌ സ്വന്തം കാല്‍ക്കീഴില്‍ ആണെന്ന് സ്വയം വിശ്വസിക്കുന്ന ഉമ്മന്‍ചാണ്ടിയുമാണ്‌. പാളയത്തിലെ പട കോണ്‍ഗ്രസിന് വിനയായി മാറുമ്പോള്‍ ആരോട് പരിഭവം ചൊല്ലൂ എന്ന പഴയ കാലമൊക്കെ മാറി. എങ്കിലും പ്രത്യാശ കൈവെടിയുന്നില്ല ആരും. നശിച്ചു നാറാണക്കല്ലു പിടിച്ച യുഡിഎഫ് സംവിധാനം ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുനേല്‍ക്കും എന്ന് സ്വപ്നം കാണുകയാണ് അവര്‍. സ്വപ്നം കാണുന്നത് നല്ലത് തന്നെ. അതിന് ആര്‍ക്കും അവകാശമുണ്ട്.

സീസറിനെ വധിച്ച ബ്രൂട്ടസ് ആണോ സീസറിനെ സംസ്കരിച്ച മാര്‍ക്ക് ആന്റണി ആണോ ചരിത്രത്തിലെ കേമന്മാര്‍ എന്ന് പാവം കോണ്‍ഗ്രസുകാര്‍ പരസ്പരം തര്‍ക്കിക്കുമ്പോള്‍ എവിടെയോ ഒരു വശക്കേടുണ്ട്. ചരിത്രത്തെ നന്നായി വായിക്കാത്തവര്‍ പുതുക്കാല ചരിത്രത്തെ ചമയ്ക്കാന്‍ യോഗ്യരല്ല എന്ന വസ്തുത നമ്മുടെ രാഷ്ട്രീയക്കാര്‍ പലപ്പോഴും മറന്നു പോകുന്നു. അവര്‍ ഇപ്പോഴും അഭിരമിക്കുന്നത് ഫിദല്‍ കാസ്ട്രോയിലും ചെഗുവേരയിലും ഒക്കെയാണ്. ഭഗത് സിംഗും ആര്‍എസ്എസിന് തറക്കല്ല് പാകിയ  വീര സവര്‍ക്കര്‍ തൊട്ട് ഒരുപാടു വിപ്ലവകാരികളെ കണ്ട ലോകത്തിനു രണ്ടിലക്കാര്‍ നല്‍കിയ സംഭാവന എന്തെന്ന് കേരളചരിത്രം വീണ്ടും പരിശോധിക്കേണ്ടതുണ്ട്.

മധ്യതിരുവിതാംകൂറില്‍ നസ്രാണികളെയും കുറച്ചു നായന്മാരെയും കൂട്ടി പണ്ടെപ്പോഴോ തുടങ്ങിയ ഒരേര്‍പ്പാട് ഇപ്പോള്‍ ശിഥിലമായി ഏഴും എട്ടും എന്ന നിലയില്‍ പോയ്ക്കൊണ്ടിരിക്കുകയാണ്. മന്നത്ത് പദ്മനാഭന്റെ ആത്മീയ ആശസകളോടെ തുടങ്ങിയ ഒരു മധ്യതിരുവിതാംകൂര്‍ പാര്‍ട്ടിയുടെ അവസാനത്തെ ചോദ്യനില്‍പ്പാണ് ഇത്. ചോദ്യം വാതിലിനോട് ആണ്. ഈ വാതില്‍ പലതാണ്. ഒരു ഭാഗത്ത് എല്‍ഡിഎഫ്, മറുഭാഗത്ത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ. രണ്ടും നടന്നില്ലെങ്കില്‍ തിരിച്ച് കോണ്‍ഗ്രസിന്റെ പഴയ പാളയത്തിലേക്ക്.

ശരശയ്യാവലംബി ആകാന്‍ ഈ മാണി സാര്‍ അത്രവലിയ കേമന്‍ യോദ്ധാവ് ഒന്നുമല്ല. സുധീരന്‍ പറഞ്ഞതുപോലെ അവസരവാദ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും പ്രതീകം തന്നെയാണ്. എന്നിട്ടും സ്വയം ഭീഷ്മാചാര്യര്‍ ചമയുന്ന ഈ മനുഷ്യനെ കാത്ത് ബിജെപി വീണ്ടും ചില ഉടായിപ്പ് പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇതാവട്ടെ ബാര്‍കോഴ കേസില്‍ മാണിയെ ക്രൂശിക്കാന്‍ ആവശ്യപ്പെട്ട് അവര്‍ നടത്തിയ സമരത്തിനു വിപരീതമാണ് താനും. മാണി ബിജെപിയില്‍ ചേരുമോ എന്ന ബേജാറ്  സിപിഎമ്മിനും ഇല്ലാതില്ല. അതുകൊണ്ട് അവരും പിന്‍വാതില്‍ തുറന്നിട്ടിട്ടുണ്ട് എന്നാണ് മനസ്സിലാവുന്നത്. കുറ്റവിമുക്തനായി വരുന്ന മാണി മധ്യതിരുവിതാംകൂറില്‍ കോണ്‍ഗ്രസിന്റെ അവസാന ചരിതം എഴുതും എന്ന് വിശ്വസിക്കുന്നവരോട് വളരെ കൃത്യമായി ഇങ്ങനെ കൂടി പറയേണ്ടതുണ്ട്. ജാതി രാഷ്ട്രീയം അധികം പോറ്റിയാല്‍ ആപത്തേ വരുത്തൂ. യുപിയിലും തെരഞ്ഞെടുപ്പ് വരുന്ന ഘട്ടത്തില്‍ മോദി പറയുന്ന ഒരു വാക്ക് കൃത്യമായി വായിക്കുന്നു. പശുവിന്റെ പേരില്‍ ദളിതരെ ആക്രമിക്കരുത്. അവര്‍ക്കെതിരെ അയക്കുന്ന ഓരോ വെടിയുണ്ടയും തനിക്കെതിരെയാകട്ടെ എന്ന് പറയുന്ന മോദിയുടെ രാഷ്ട്രീയ കൌശലം എത്രകണ്ട് കേരളത്തില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്‍ക്കൊള്ളും എന്നിടത്താണ് ആര്‍ക്കും വേണ്ടാത്ത കെഎം മാണിയെ കൂട്ടത്തില്‍ കൂട്ടണമോ എന്ന് തീരുമാനിക്കേണ്ടത്. 

പ്രശ്നങ്ങള്‍ അവിടെ അവസാനിക്കുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ പ്രാദേശിക തലത്തില്‍ ബാന്ധവം തുടരുമെന്നും യുപിഎയുമായി ബന്ധം തുടരുമെന്നും പറയുന്ന മാണിയെ ആര്‍ക്കുണ്ട് അത്ര വിശ്വാസം. ഇരു തോണിയില്‍ കാലുവച്ച് നില്‍ക്കുന്ന ഒരു ചീഞ്ഞ രാഷ്ട്രീയം അവസാനിച്ചാല്‍ അവിടെനിന്നും ഏതെങ്കിലും ഒരു നല്ല രാഷ്ട്രീയം ഉണ്ടാവില്ലേ? മനുഷ്യനും മണ്ണിനും പ്രകൃതിക്കും വേണ്ടി പടപോരുതുന്ന ഒരുപാടുപേര്‍ ഇപ്പോഴും മധ്യതിരുവിതാകൂറില്‍ ഉണ്ട്. അവരാരും രണ്ടിലയുടെയോ താമരയുടെയോ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെയോ അരിവാള്‍ കതിരിന്റെയോ ചോട്ടില്‍ നിലയുറപ്പിച്ചവരല്ല, മനുഷ്യരാണ്. മനുഷ്യര്‍ക്ക് വേണ്ടി പോരാടുന്നവര്‍.

മാണി സാറിന്റെ മധ്യതിരുവിതാംകൂര്‍ വെറും രാഷ്ട്രീയ ഭൂമികയല്ല. അക്ഷര നഗരി എന്നതിനേക്കാള്‍ ആ നാടിന് റബ്ബറിന്റെയും റബ്ബര്‍ രാഷ്ടീയത്തിന്റെയും പേരാണ് ഉത്തകുക. വലിച്ചാല്‍ അയയുന്നതും വലി വിട്ടാല്‍ പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നതുമായ ഒട്ടുപാല്‍ രാഷ്ട്രീയം എന്ന് ചുരുക്കെഴുത്ത്.

തൊട്ടിപ്പുറത്ത് കിടക്കുന്ന ആലപ്പുഴയിലും കാര്യങ്ങള്‍ വിഭിന്നമല്ല. മുരിക്കന്‍ കായല്‍ നികത്തി വയലുണ്ടാക്കിയ കുട്ടനാടന്‍ ഭൂമിക പോലെ തന്നെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പ്രിയങ്കരമായ നാടാണ് ആലപ്പുഴ. കയറിനെയും നെല്ലിനെയും മത്സ്യത്തെയും കമ്മ്യൂണിസ്റ്റുകാരനേയും എഴുത്തിനെയും വായനയും നെഞ്ചേറ്റിയ ഒരു നല്ല ഭൂമിക. തകഴി ശിവശങ്കരപ്പിള്ളയും പിള്ളയ്ക്ക് ശേഷവും അയ്യപ്പപ്പണിക്കരും കാവാലവും നെടുമുടി വേണുവും ഒക്കെ കെട്ടിയാടുന്ന എഴുത്തിലും നൃത്തത്തിലും സംഗീതത്തിലും ചാരുതയര്‍ന്നു നില്‍ക്കുന്ന ഒരു സംസ്കൃതിയുടെ നാട്ടില്‍ ഇന്നിപ്പോള്‍ വെള്ളാപ്പള്ളിയും ചെങ്കൊടിക്കാരും തമ്മില്‍ വീതംവയ്പ്പുകള്‍ നടക്കുന്നു. ആര്‍ക്ക് ആര് തുണ പോകുമെന്ന കാര്യത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുന്ന ഒരു കാലമാണ് ഇത് .

കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായ പിള്ളസാറിനു പോലും  കെഎം മാണി എങ്ങോട്ട് പോകുന്നു എന്ന് ഒരു തീര്‍ച്ചയും തീരുമാനവും ഇല്ല. പിള്ളസാറിനും നായന്മാരെയും നസ്രാണികളെയും നല്ല വിശ്വാസമാണ്. അതുകൊണ്ടുതന്നെ ആവണമല്ലോ അടുത്തിടെ മാപ്പിളമാരെ ഭര്‍ത്സിച്ച് ഒരു കേസില്‍ പ്രതിയായതും! പിള്ളസാര്‍ കേരളാ കോണ്‍ഗ്രസ് ഉണ്ടാക്കിയ മന്നത്ത് പദ്മനാഭന്റെ കാലം എന്നോ കഴിഞ്ഞു പോയി. കെഎം ജോര്‍ജിന്റെ മകന്‍ പുതിയ അവതാരമെടുത്ത് പിണറായി വിജയനെ തൊട്ടു നില്‍ക്കുന്നു.

കോടിയേരി വാതായനങ്ങള്‍ എത്ര തുറന്നിട്ടാലും ആര്‍ക്കും വേണ്ടാത്ത ഈ ഒട്ടുപാല്‍ രാഷ്ട്രീയം ആര്‍ക്ക് ഉപകരിക്കും? ഈ ചോദ്യം തന്നെയാണ് വിഎം സുധീരനും ഉന്നയിക്കുന്നത്. ജാതിയില്‍ കുറഞ്ഞവന്‍ ആണെങ്കിലും കുമാരനാശാന്റെ കവിതകള്‍ കേട്ട് നടന്ന ഒരു പാരമ്പര്യം കൊണ്ടുനടന്ന ഒരു കോണ്‍ഗ്രസ് നേതാവിനെ വെട്ടി വീഴ്ത്താന്‍ ഒരു നസ്രാണിയും ഒരു നായരും ചേര്‍ന്ന് എടുത്ത ചില കടുത്ത തീരുമാനങ്ങളുടെ പരിസമാപ്തി ആയിക്കൂടി വേണം കേരളത്തിലെ പുതിയ രാഷ്ട്രീയത്തെ കാണുവാന്‍.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍