UPDATES

ഇടതുസര്‍ക്കാരും ആര്‍എസ്എസ്സും നേരിട്ടിട്ടും കേരളത്തില്‍ മനുസ്മൃതി കത്തിച്ചിട്ട് 30 വര്‍ഷം, ജനാധിപത്യവല്‍ക്കരണമാണ് പുതിയ ലക്ഷ്യമെന്ന് സമരത്തിന് നേതൃത്വം നല്‍കിയ സലീം കുമാര്‍

പിണറായി വിജയന്‍ എന്ന ഒരു ഭരണാധികാരി ഉള്ളതിനാല്‍ ശബരിമല കാര്യത്തില്‍ മതധാര്‍മ്മികതയെ ചോദ്യം ചെയ്ത് കോടതി വിധി നടപ്പാക്കുമെന്ന് പറഞ്ഞു

ഹിന്ദുമതത്തിലെ ജാതീയതയ്ക്കും ബ്രാഹ്മണിസത്തിനുമെതിരെ ഡോ. ബി.ആര്‍ അംബേദ്കര്‍ മനുസ്മൃതി എരിച്ചത് 1927ല്‍. അറുപത് വര്‍ഷങ്ങള്‍ക്കിപ്പുറം കേരളത്തിലും ഉണ്ടായി മനുസ്മൃതി കത്തിച്ചുകൊണ്ടുള്ള പ്രത്യയശാസ്ത്ര സമരം. ജാതീയതയ്‌ക്കെതിരെ വിവേചനങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് ഒരു കൂട്ടര്‍ മനുസ്മൃതി കത്തിച്ചു. 1989 സെപ്തംബര്‍ ഒന്നിന് വൈക്കത്ത് നടന്ന പരിപാടിക്ക് നേതൃത്വം നല്‍കിയത് ഒരു മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനവും. അത് നടപ്പിലാക്കിയത് കെ.എം സലിംകുമാറിന്റെ നേതൃത്വത്തിലുള്ള അധ:സ്ഥിത നവോത്ഥാന മുന്നണി. കെ. വേണുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സിആര്‍സി സിപിഐ (എംഎല്‍)ന്റെ പോഷക സംഘടനയായിരുന്നു അധ:സ്ഥിത നവോത്ഥാന മുന്നണി. മനുസ്മൃതി കത്തിക്കരുതെന്ന് അന്നത്തെ ഇടത് സര്‍ക്കാരും ആര്‍എസ്എസ് നേതാക്കളും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിലെ നേതാക്കളും പ്രവര്‍ത്തകരും വൈക്കത്ത് തടിച്ചുകൂടി മനുസ്മൃതി കത്തിച്ചു.

മനുസ്മൃതി പൊതുവിടത്തില്‍ കത്തിച്ച് മുപ്പതാണ്ടുകള്‍ പിന്നിടുമ്പോള്‍ അതിന്റെ ഓര്‍മ്മ പുതുക്കലിന് പ്രസക്തിയേറെയെന്ന് ദളിത് ചിന്തകനായ കെ.എം സലിംകുമാര്‍ പറയുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈക്കത്ത് മനുസ്മൃതി കത്തിച്ചതിന്റെ ഓര്‍മ്മകളും അതിന്റെ കാലിക പ്രസക്തിയും പങ്കുവക്കുകയാണ് കെ.എം സലിംകുമാര്‍. പാര്‍ട്ടിയുടെ തീരുമാനമായിരുന്നു അതെന്നും കേരളത്തില്‍ ആദ്യമായി മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനം മനുസ്മൃതി കത്തിച്ചു എന്നുമുള്ള വിശകലനങ്ങളും അവകാശവാദങ്ങളും തെറ്റാണെന്ന് അദ്ദേഹം പറയുന്നു. പാര്‍ട്ടി ആ പരിപാടിയെ പലവിധത്തില്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല. പാര്‍ട്ടിയുടെ വര്‍ഗചിന്തകളില്‍ നിന്ന് പുറത്തകടക്കുന്ന ഒരു പ്രവൃത്തി കൂടിയായിരുന്നു അത്. എന്നാല്‍ ഇന്ന് മുപ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അത്തരം ജാതീയതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമല്ല തങ്ങള്‍ മുന്നോട്ട് വക്കുന്നത്. പകരം ജനാധിപത്യത്തിന്റെ പുറംചട്ടമാറ്റി, ഭരണഘടനാ ധാര്‍മ്മികത എങ്ങനെ സമൂഹത്തില്‍ കൊണ്ടുവരാം എന്നതിലേക്കുള്ള ശ്രമമാണ് മുപ്പതാം വാര്‍ഷികാഘോഷമെന്നും അദ്ദേഹം പറയുന്നു.

പാര്‍ട്ടിയും നിലപാടും

“അധ:സ്ഥിത നവോത്ഥാന മുന്നണിയുടെ നേതൃത്വത്തിലായിരുന്നു അന്ന് മനുസ്മൃതി കത്തിച്ചത്. ആലോചിച്ചെടുത്ത ഒരു തീരുമാനമായിരുന്നു എന്നതിനപ്പുറം അത് പാര്‍ട്ടിയുടെ തീരുമാനമായിരുന്നു എന്ന പറയുന്നത് തെറ്റാണ്. അന്ന് പാര്‍ട്ടി നേതാവായിരുന്ന കെ. വേണുവിനെ പോലും പരിപാടിക്ക് ക്ഷണിച്ചിരുന്നില്ല. പാര്‍ട്ടിയിലെ ചിലരും അവിടെ വന്നിരുന്നു എന്ന് മാത്രം. പാര്‍ട്ടിക്ക് പുറത്തേക്ക് പോവുന്ന ഒരു പരിപാടിയായാണ് ഞാനതിനെ കണക്കാക്കുന്നത്. പക്ഷെ അന്ന് മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനമായിട്ടും ജാതീയതയെക്കുറിച്ചും സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും അംബേദ്കറെക്കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്യുന്ന ഒരു ഗ്രൂപ്പിലാണ് [സിആര്‍സി സിപിഐ(എംഎല്‍)] ഞാനടക്കമുള്ളവര്‍ ഉണ്ടായിരുന്നത് എന്നത് നല്ല കാര്യമാണ്. പക്ഷെ ജാതി-വര്‍ഗ നിലപാടുകള്‍ തമ്മിലുള്ള സ്ട്രഗിള്‍ ആയാണ് അത്തരം ചര്‍ച്ചകള്‍ രൂപപ്പെട്ടത്. എന്നാല്‍ തന്നെയും പ്രസ്ഥാനം മുന്നോട്ട് വച്ചിരുന്ന പ്രത്യയശാസ്ത്രത്തിന്റെ സവിശേഷമായ കുറവുകള്‍ ചൂണ്ടിക്കാട്ടി അത് ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചു എന്നത് പോസിറ്റീവ് ആയ കാര്യമായിരുന്നു. വര്‍ഗ നിലപാട് ആവര്‍ത്തിക്കുമ്പോഴും ആത്മബോധത്തെക്കുറിച്ച് പാര്‍ട്ടി പറഞ്ഞു. ആത്മബോധമാണ് സ്വത്വമായി പിന്നീട് ഡവലപ് ചെയ്യുന്നത്. ആത്മബോധം വര്‍ഗബോധമായി മാറ്റണമെന്ന് പാര്‍ട്ടി നേതാക്കള്‍ ശഠിച്ചു. എന്നാല്‍ അതിനെയെല്ലാം ബ്രേക്ക് ചെയ്യുന്നതായിരുന്നു മനുസ്മൃതി കത്തിക്കല്‍.

വൈക്കം സത്യഗ്രഹ സമരത്തിന്റെയും അംബേദ്കര്‍ മനുസ്മൃതി കത്തിച്ചതിന്റെയും അറുപതാം വാര്‍ഷികത്തിലാണ് വൈക്കത്ത് അധ:സ്ഥിത നവോത്ഥാന മുന്നണി മനുസ്മൃതി കത്തിക്കുന്നത്. 1989, സപ്തംബര്‍ ഒന്നിന്. അന്ന് പാര്‍ട്ടി അത് ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു. മനുസ്മൃതി കത്തിക്കുന്നതിന് പകരം ശങ്കരാചാര്യരെ സിംബോളിക്കലായി കത്തിക്കാം എന്നായിരുന്നു പാര്‍ട്ടിയുടെ അഭിപ്രായം. എന്നാല്‍ ആളുകളെയല്ല, പകരം അവര്‍ ഉയര്‍ത്തിയ പ്രത്യയശാസ്ത്രങ്ങളോടാണ് വിയോജിപ്പ് എന്നതിനാല്‍ അത് ഞാന്‍ സമ്മതിച്ചില്ല. തൃശൂരില്‍ പത്രസമ്മേളനം വിളിക്കാനും പാര്‍ട്ടി തീരുമാനിച്ചു. കെ വേണുവും ഞാനും ഒക്കെ പങ്കെടുക്കണമെന്നായിരുന്നു പാര്‍ട്ടിയുടെ ആലോചന. ഞങ്ങള്‍ പങ്കെടുക്കില്ല എന്ന് പറഞ്ഞു. കാരണം പാര്‍ട്ടിയുടെ പരിപാടിയായി നടത്താന്‍ ഞങ്ങള്‍ ഒരുക്കമല്ലായിരുന്നു.

സര്‍ക്കാര്‍ നിലപാട്

അന്ന് ഇ.കെ നായനാര്‍ സര്‍ക്കാര്‍ മനുസ്മൃതി കത്തിക്കരുതെന്ന് അന്ത്യശാസനം നല്‍കി. ഞങ്ങള്‍ നേരത്തെ പെര്‍മിഷന്‍ എടുത്തതിനാല്‍ പരിപാടി നടത്തരുതെന്ന് പറയാന്‍ അവര്‍ക്കായില്ല. ഔദ്യോഗിക സമ്മതത്തോടെ തന്നെ വൈക്കത്ത് ഒത്തുകൂടിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു ജനസഞ്ചയത്തെയാണ് അന്ന് കേരള പോലീസ് കടന്നാക്രമിച്ചത്. ആശയത്തെ ആശയം കൊണ്ടല്ല, അക്രമം കൊണ്ടാണ് നേരിട്ടത്. എന്നാല്‍ മനുസ്മൃതി കത്തിക്കുക എന്നത് അത്തരമൊരു പ്രഖ്യാപനം നടത്തിയവരുടെ പ്രത്യയശാസ്ത്ര സത്യസന്ധതയുടേയും സാമൂഹ്യ പ്രതിബദ്ധതയുടേയും പ്രശ്‌നമായിരുന്നു. പോലീസ് ഭീകരതയില്‍ സ്ത്രീകളടക്കം ചിതറിയോടി. അവരെയും പോലീസ് വെറുതെ വിട്ടില്ല. മര്‍ദ്ദനമേറ്റ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60 പേരെ അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. നാടുവാഴിത്ത കാലത്തെപ്പോലും ലജ്ജിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയായിരുന്നു. ജാതിയുണ്ടെന്ന് പറയുകയും അതിന്റെ ആഴങ്ങളിലേക്കിറങ്ങി മനുസ്മൃതിയെ സ്പര്‍ശിക്കുകയും ചെയ്യുമ്പോള്‍ പൊള്ളുന്നൊരു കേരളം എണ്‍പതുകളിലെ യാഥാര്‍ത്ഥ്യമായിരുന്നു. അതില്‍ ഇടതുപക്ഷവും വലതുപക്ഷവുമുണ്ടായിരുന്നു. അവരുടെ ഒരു കയ്യില്‍ ഭരണഘടനയും മറുകയ്യില്‍ മനുസ്മൃതിയുമായിരുന്നു. അവരുടെ ഹൃദയത്തെ നിയന്ത്രിച്ചിരുന്നത് ഭരണഘടനയല്ല, മനുസ്മൃതിയായിരുന്നു.

വൈക്കം താലൂക്ക് കേന്ദ്രീകരിച്ച് കോട്ടയം ജില്ലയില്‍ നടന്നൊരു പ്രചരണജാഥയെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇഎംഎസിനേയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയും വിമര്‍ശിച്ചുവെന്നതായിരുന്നു കുറ്റം. ഇഎംഎസ് വിമര്‍ശിക്കപ്പെട്ടത് വര്‍ണജാതിവ്യവസ്ഥയുടെ പ്രമുഖ താത്വികനും സൈദ്ധാന്തികനുമായി ആദിശങ്കരന്റെ 1200-ാം വാര്‍ഷികത്തിന് അദ്ദേഹത്തെ ലോകം കണ്ട ഏറ്റവും വലിയ പ്രതിഭാശാലികളിലൊരാളായി ഉയര്‍ത്തിക്കാട്ടിയപ്പോഴാണ്. അക്കാലത്ത് തിരുവനന്തപുരത്ത് നടന്ന സിപിഎം 13-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അലങ്കാരത്തില്‍ ബ്രാഹ്മണ്യ ചിഹ്നങ്ങളും ഇടം നേടിയിരുന്നു. ഇഎംഎസിനെ ശ്രീകൃഷ്ണനായും മൂലധനത്തെ ഭഗവദ്ഗീതയായും പ്രതീകവത്ക്കരിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാനത്തുടനീളം പര്‍ണശാലകള്‍ തീര്‍ത്ത് ഹിന്ദുയിസത്തോടുള്ള മമത വെളിവാക്കി. ഈ പര്‍ണശാലകള്‍ തെരുവില്‍ നിന്ന് പൊളിച്ചുകളയാനാണ് അധ:സ്ഥിത നവോത്ഥാന മുന്നണി മനുസ്മൃതി ജാഥയിലുടനീളം ആവശ്യപ്പെട്ടത്. ഇത് പറഞ്ഞത് ദളിത് യുവാക്കളാണ് എന്നതാണ് ഇടതുപക്ഷത്തെ അക്രമാസക്തരാക്കിയത്. അതിന്റെ തീവ്രതയാണ് വൈക്കത്തു കണ്ടത്. അന്ന് ആര്‍എസ്എസുകാര്‍ ഉള്‍പ്പെടെ ഞങ്ങളെ എതിരിടാനായി അവിടെ സംഘം ചേര്‍ന്നിരുന്നു. ഒടുവില്‍ നിയമാനുസൃതമായി നടന്ന സാമൂഹ്യ ഇടപെടലിനെ സംഘം ചേര്‍ന്ന് ആക്രമിക്കുകയെന്ന ചുമതലയാണ് തങ്ങള്‍ നിര്‍വ്വഹിച്ചതെന്ന് പോലീസിന് കോടതിയില്‍ സമ്മതിക്കേണ്ടി വന്നു. 1998ല്‍ മനുസ്മൃതി കേസ് വെറുതെ വിട്ടു. എന്നാല്‍ അന്ന് ആരുടെ താത്പര്യമാണ് നായനാര്‍ സര്‍ക്കാര്‍ സംരക്ഷിക്കുവാന്‍ ശ്രമിച്ചതെന്നതാണ് പ്രശ്‌നം. മനുനീതിയുടെ ഭാഗത്തോ ഭരണഘടനാ നീതിയുടെ ഭാഗത്തോ എന്നതായിരുന്നു ചോദ്യം. അതിന് നായനാര്‍ സര്‍ക്കാര്‍ നല്‍കിയ ഉത്തരമാണ് വൈക്കത്ത് കണ്ടത്.

മുപ്പതാം വാര്‍ഷികം

ഇന്ന് ജാതിയെക്കുറിച്ച് കേരളത്തോട് പറയേണ്ടതില്ല. ജാതിയില്ല എന്ന് പറഞ്ഞിരുന്നവര്‍ പോലും കേരളത്തില്‍ ജാതിയുണ്ടെന്ന് സമ്മതിച്ചു. കേരളത്തെക്കൊണ്ട് അത് പറയിപ്പിക്കാനായി. ഇനി അതിനപ്പുറത്തേക്ക് എങ്ങനെ പോവാം എന്നതാണ്. ജാതിയില്ലാത്ത കേരളം നിര്‍മ്മിക്കുക എന്നത് ദളിതരുടെ മാത്രം ചുമതലയല്ല. അവര്‍ക്ക് മാത്രം സാധ്യമാവുന്ന കാര്യവുമല്ല. കേരളം ഒന്നാകെ ഏറ്റെടുക്കേണ്ട ചുമതലയാണ്. അന്ന് അധ:സ്ഥിതരേയും സ്ത്രീകളേയും അടിച്ചമര്‍ത്തുന്ന സവര്‍ണ മേധാവിത്വത്തിന്റെ നീതിശാസ്ത്രമായ മനുസ്മൃതി ചുട്ടെരിച്ചെങ്കില്‍ ഇന്ന് അതിന്റെ മുപ്പതാം വാര്‍ഷികത്തില്‍ കേരളത്തെ ആഭ്യന്തരമായി ജനാധിപത്യവത് ക്കരിക്കുക എന്നതാണ് ഞങ്ങള്‍ ഉയര്‍ത്തുന്ന ആശയം.

ശബരിമല വിഷയം, കന്യാസ്ത്രീകളുടെ വിഷയം എല്ലാം ഇന്ന് നമ്മുടെ മുന്നിലുണ്ട്. സ്ത്രീകള്‍ തുല്യരല്ല എന്ന് ഓര്‍മ്മിക്കുന്നതും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ലഭ്യമായിട്ടില്ലെന്നും അവര്‍ അപമാനിക്കപ്പെടുന്നവരെന്നും വെളിവാക്കുന്നതുമാണ് സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍. സംഘപരിവാര്‍, ഇന്ന് രാജ്യം ഭരിക്കുന്ന ആ ശക്തി ഇന്ത്യയെ മനുവിന്റെ കോളനിയാക്കുകയാണ്. അതിനെ നേരിടാന്‍ കേവലമായ വര്‍ഗീയതയും മതവും പറഞ്ഞതുകൊണ്ടാവില്ല. ദളിതര്‍ക്കും സ്ത്രീകള്‍ക്കുമുള്‍പ്പെടെ അന്തസ്സും അഭിമാനവും ഭരണഘടനാ നീതിയും ലഭ്യമാക്കാന്‍ വേണ്ടത് ഭരണഘടനാ ധാര്‍മ്മികതയിലേക്ക് സമൂഹത്തെ എത്തിക്കുക എന്നതാണ്.

ശബരിമല തന്നെ എടുക്കാം. സ്ത്രീകള്‍ക്കായി ഭരണഘടനയും സുപ്രീംകോടതിയും ഭരണകൂടവും നിന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് അവിടെ കയറാന്‍ പറ്റുന്നുണ്ടോ? നിയമങ്ങള്‍ ഉണ്ട്. എന്നാല്‍ ആ നിയമങ്ങളുടെ ഗുണഭോക്താക്കളായി സ്ത്രീകളും ദളിതരുമെല്ലാം മാറണമെങ്കില്‍ നമ്മള്‍ സ്വതന്ത്രരാവണം. സംഘപരിവാര്‍ അവരുടെ ആഭ്യന്തര രാഷ്ട്രം ഉണ്ടാക്കുകയാണ്. അതിനെ എതിര്‍ത്ത് നില്‍ക്കണമെങ്കില്‍ മത ധാര്‍മ്മികത ആളുകളില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയണം. ജയ് ശ്രീറാം വിളികളും ജയ് ഹനുമാന്‍ വിളികളും മതധാര്‍മ്മികതയില്‍ നിന്നുണ്ടാവുന്നതാണ്. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങള്‍ പോലും മതധാര്‍മ്മികതയില്‍ നിന്നുണ്ടായതാണ്. പിണറായി വിജയന്‍ എന്ന ഒരു ഭരണാധികാരി ഉള്ളതിനാല്‍ മതധാര്‍മ്മികതയെ ചോദ്യം ചെയ്ത് കോടതി വിധി നടപ്പാക്കുമെന്ന് പറഞ്ഞു. അല്ലെങ്കില്‍ സ്ത്രീവിരുദ്ധമായ മതധാര്‍മ്മികത അതിന്റെ ശക്തി മുഴുവനായും പ്രകടിപ്പിച്ചേനെ. അതിന്റെ പ്രശ്‌നം ജനങ്ങള്‍ക്ക് ഭരണഘടനാ ധാര്‍മ്മികതയെക്കുറിച്ച് അറിവില്ല എന്നതാണ്. ഭരണഘടനാ ധാര്‍മ്മികത ഒരു വികാരമോ അറിവോ ഓര്‍മ്മയോ പോലും അല്ല എന്നതാണ്. അതിനാല്‍ അത് ചര്‍ച്ച ചെയ്യണം. മതധാര്‍മ്മികത എങ്ങനെ വികാരമായിരിക്കുന്നോ അതുപോലെ ഭരണഘടനാ ധാര്‍മ്മികതയും ഒരു വികാരമാക്കി മാറ്റിയാല്‍ അത് ജനാധിപത്യത്തിലേക്കുള്ള വഴിതുറക്കലാവും.”

കേരളത്തെ ആഭ്യന്തരമായി ജനാധിപത്യവത്ക്കരിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട്, മനുസ്മൃതി കത്തിക്കലിന്റെ മുപ്പതാം വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ ഒന്നിന് ദളിത് റസിസ്റ്റന്‍സ് കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് ചര്‍ച്ചയും പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ടീസ്ത സെറ്റല്‍വാദാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. കെ.കെ കൊച്ച്, സണ്ണി എം. കപിക്കാട്, ഡോ. സുനില്‍ പി. ഇളയിടം, കെ. വേണു, അഡ്വ. എ.എക്സ് വര്‍ഗീസ്‌ തുടങ്ങിയവര്‍ പങ്കെടുക്കും.

Read: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പുറത്തേക്ക്? സീറോ മലബാര്‍ സഭ സിനഡില്‍ നിര്‍ണ്ണായക തീരുമാനം ഇന്ന്

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍