UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുംഭക്കുടി സുധാകരന്‍ അഥവ വിവാദം ഭക്ഷിച്ചു ജീവിക്കുന്ന കോണ്‍ഗ്രസുകാരന്‍

Avatar

കെ എ ആന്റണി

കുംഭക്കുടി സുധാകരന്‍ അഥവ കെ സുധാകരന്‍ കോണ്‍ഗ്രസിലെ ഗര്‍ജിക്കുന്ന സിംഹം മാത്രമല്ല, വിവാദങ്ങളുടെ ഉറ്റതോഴന്‍ കൂടിയാണ്. സംഘടനകോണ്‍ഗ്രസിലൂടെ ആദ്യം പഴയ ‘ഗോപാലന്‍ ജനത’യിലെത്തിയ സുധാകരന്‍ പിന്നീട് കോണ്‍ഗ്രസില്‍ എത്തിയപ്പോള്‍ ഏനക്കേട് ഉണ്ടായത് ലീഡറുടെ വിശ്വസ്തനായിരുന്ന എന്‍ രാമകൃഷ്ണന്‍ എന്ന എന്‍ ആറിനായിരുന്നു. ലീഡറുടെ അനുഗ്രഹാശ്ശിസുകളോടുകൂടി തന്നെയാണ് പുതുക്കക്കാരനായ സുധാകരന്‍ എന്‍ ആറിനെയും എ വിഭാഗം നേതാവ് കെ പി നുറൂദ്ദീനെയും ഒരുമിച്ച് മലര്‍ത്തിയടിച്ചത്. സുധാകരന്‍ കണ്ണൂര്‍ ഡിസിസി പിടിച്ചു. അതിന്റെ അമരക്കാരനുമായി. അവിടെ നിന്നു തുടങ്ങും സുധാകരനുമായി ബന്ധപ്പെട്ട രാഷ്ട്രീയവിവാദങ്ങള്‍.

ഒരുകാലത്ത് ഇടതുമുന്നണിക്കൊപ്പം നിന്ന സുധാകരന്‍ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധിയെ ഭാരതയക്ഷി എന്നുവിളിച്ചാക്ഷേപിച്ചു എന്നതായിരുന്നു ഡിസിസി പ്രസിഡന്റ് ആയ വേളയില്‍ സുധാകരനെതിരെ കോണ്‍ഗ്രസിലെ എ ക്കാരും ഐ വിഭാഗത്തിലെ എന്‍ ആര്‍ പക്ഷക്കാരും ഉന്നയിച്ച ആദ്യ ആക്ഷേപം. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന മട്ടില്‍ സുധാകരന്‍ ഉറച്ചു നിന്നു. അങ്ങനെ കണ്ണൂരിലെ കോണ്‍ഗ്രസുകാരുടെ എല്ലാമെല്ലാമായി മാറി.

ഇടതുപാളയത്തില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തിയ സുധാകരന്‍ സിപിഎമ്മിന്റെ മുഖ്യശത്രുവായതും കണ്ണൂര്‍ ഡിസിസിയുടെ അമരക്കാരന്‍ ആയതോടുകൂടിയാണ്. തുടര്‍ന്നങ്ങോട്ട് വിവാദങ്ങളുടെയും കേസുകളുടെയും പ്രളയം തന്നെയായിരുന്നു. ഇ പി ജയരാജന്‍ വധശ്രമക്കേസ്, സേവറി ഹോട്ടല്‍ ബോംബാക്രമണം, നാല്‍പ്പാടി വാസു വധക്കേസ് തുടങ്ങി കേസുകളുടെ ഒരു ഒഴുക്ക് തന്നെയുണ്ടായി. ഇതിനിടയില്‍ കണ്ണൂരിലെ പേരാവൂരിനടുത്ത് വച്ച് സുധാകരന്‍ ഒരു വധശ്രമത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്തു. ഇടമലയാര്‍ കേസില്‍ ജയിലില്‍ പോയി മടങ്ങിയെത്തിയ ബാലകൃഷ്ണ പിള്ളയ്ക്ക് യുഡിഎഫ് ഒരുക്കിയ സ്വീകരണയോഗത്തില്‍ ഒരു ജഡ്ജിക്ക് ഒരാള്‍ കോഴവാഗ്ദാനം ചെയ്യുന്നതിന് താന്‍ സാക്ഷിയാണെന്നു വരെ സുധാകരന്‍ വീമ്പുപറഞ്ഞു. സുധാകരന്‍ വലിയ പുലിവാലു പിടിച്ചു എന്നു ശത്രുക്കള്‍ കരുതിയെങ്കിലും ഒന്നും സംഭവിച്ചില്ല. വളപട്ടണം പൊലീസ് സ്റ്റേഷനില്‍ നിന്നും മണല്‍ കടത്ത് കേസില പ്രതിയെ ബലമായി മോചിപ്പിച്ച സംഭവം വിവാദം മാത്രമല്ല, വൈറലുമായി.

ഏറ്റവും പുതുതായി വിവാദങ്ങളുടെ ഈ തോഴന്‍ മറ്റൊരു കേസില്‍ പെട്ടിരിക്കുന്നു. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ സുധാകരന്‍ മത്സരിച്ച ഉദുമ മണ്ഡലത്തിലെ ഒരു കുടുംബയോഗത്തില്‍ കള്ളവോട്ട് ചെയ്യാന്‍ പരസ്യമായി ആഹ്വാനം ചെയ്തു എന്നതാണ് കേസ്. തൊണ്ണൂറു ശതമാനത്തില്‍ കൂടുതല്‍ പോളിംഗ് നടന്നില്ലെങ്കില്‍ അപകടം സംഭവിക്കുമെന്നും അവിടെ മരിച്ചവര്‍ വന്നു വോട്ടു ചെയ്താല്‍ ഇവിടെ പടച്ചവന്‍ അയച്ചവര്‍ വന്നു വോട്ട് ചെയ്യണമെന്നുമായിരുന്നു സുധാകരന്റെ ആഹ്വാനം. സുധാകരനെതിരെ പരാതി നല്‍കിയത് ഉദുമയില്‍ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സിപിഎമ്മിലെ കെ കുഞ്ഞിരാമനാണ്. കുഞ്ഞിരാമന്റെ പരാതി ആദ്യം തള്ളിക്കളഞ്ഞ പൊലീസിനോട് കേസ് എടുക്കാന്‍ നിര്‍ദേശിച്ചത് ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും.

കേസും പുക്കാറും കെ സുധാകരന് പുത്തരിയല്ല. തനിക്കെതിരെ ഉന്നയിക്കപ്പെട്ട പുതിയ കേസും രാഷ്ട്രീയപരമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നുമാണ് സുധാകരന്‍ പറയുന്നത്. ഇക്കൂട്ടത്തില്‍ സുധാകരന്‍ ഒരു വെടി കൂടി പൊട്ടിച്ചിട്ടുണ്ട്. ധര്‍മടം മണ്ഡലത്തില്‍ നിന്നും പിണറായി വിജയന്‍ വിജയിച്ചത് കള്ളവോട്ടിന്റെ ബലത്തിലാണെന്നാണ് സുധാകരവാദം. ഇതൊരു പൊയ്‌വെടിയാണെ്ന്ന് ആര്‍ക്കും മനസിലാകും. എന്നു കരുതി ഉദുമയില്‍ സുധാകരന്‍ നടത്തിയെന്നു പറയപ്പെടുന്ന കള്ളവോട്ട് ആഹ്വാനം നീതിന്യായ വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ഒരു കേസ് അല്ലെന്നാണ് നിയമവിദഗ്ധരും അത്യാവശ്യം നിയമം അറിയുന്ന സിപിഎം നേതാക്കളും പറയുന്നത്. എന്നുവച്ചാല്‍ പുതിയ വിവാദങ്ങളെ തേടി സുധാകരന്‍ തുടര്‍ന്നും കളത്തില്‍ തന്നെ ഉണ്ടാകുമെന്ന് സാരം.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍