UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂരിലെ കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം, സുധാകരന്‍ ഒറ്റപ്പെട്ടു

Avatar

അഴിമുഖം പ്രതിനിധി

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കിയത് മുന്‍ മന്ത്രി കെ സുധാകരന്റെ പിടിവാശിയാണെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസിലെ എ വിഭാഗം. വിമത നേതാവ് പി കെ രാഗേഷ്, വിശാല കോണ്‍ഗ്രസ് ഐ നേതാക്കളുടെ ഉള്ളില്‍ നിന്നു തന്നെയുള്ളവരും കെ പി സി സി ജനറല്‍ സെക്രട്ടറിമാരും ആയ പി എ നാരായണന്‍, സജീവ് ജോസഫ് എന്നിവരും സുധാകരനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കണ്ണൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ പോര്‍മുഖം തുറന്നതുപോലെയായി.

തങ്ങളടക്കമുള്ള ചില നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന സുധാകരന്റെ പ്രസ്താവനയാണ് ഇവരെ ചൊടിപ്പിച്ചത്. ഇരു നേതാക്കളും തങ്ങളുടെ പ്രതിഷേധം കഴിഞ്ഞ ദിവസം കെ പിസിസി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.

നാളിതുവരെ സുധാകരനൊപ്പം നിന്നവരാണ് നാരായണനും സജീവും. ഇവര്‍കൂടി കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയതു സുധാകരനെ പ്രതിരോധത്തിലാക്കി.

അതിനിടെ സുധാകരനും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രനുമെതിരെ വലിയൊരു കുറ്റപത്രവുമായി എ വിഭാഗം നേതാക്കളും രംഗത്തിറങ്ങിയിട്ടുണ്ട്. കണ്ണൂരില്‍ പാര്‍ട്ടിക്കും യുഡിഎഫിനും ഉണ്ടായ തിരിച്ചടിയുടെ മുഴുവന്‍ ഉത്തരവാദിത്വവും സുധാകരന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് എ ഗ്രൂപ്പ് നേതാക്കളായ പി രാമകൃഷ്ണന്‍, കെ പി നൂറുദ്ദീന്‍, സതീശന്‍ പാച്ചേനി എന്നിവരുടെ നീക്കം.

ഭാരവാഹികളുടെ അഭിപ്രായവും പ്രാദേശിക വികാരവും കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയതെന്ന സുധാകരന്റെ വാദം പൊളിക്കുകയെന്നതാണ് ഈ നേതാക്കളുടെ ലക്ഷ്യം. ഈ തെളിവുകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നും ഉടന്‍ തന്നെ കെപിസിസി പ്രസിഡന്റിന് കൈമാറുമെന്നും നേതാക്കള്‍ പറഞ്ഞു.

കണ്ണൂരില്‍ ഉണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണക്കാരനായ സുധാകരനോട് കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ മൃദുസമീപനമാണ് സ്വീകരിച്ചതെന്ന ആക്ഷേപവും എ വിഭാഗം നേതാക്കള്‍ക്കുണ്ട്.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ സുധാകരന്‍ പൂര്‍ണമായും തള്ളിക്കളയുന്നു. ഒപ്പം നിന്നു വിമതര്‍ക്ക് രഹസ്യമായി പ്രോത്സാഹനം നല്‍കിയവര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ടെന്ന പ്രത്യാരോപണത്തില്‍ സുധാകരന്‍ ഉറച്ചു നില്‍ക്കുന്നു. സുധാകരന്‍ ഉന്നം വയ്ക്കുന്നത് എ വിഭാഗം നേതാക്കളെ മാത്രമല്ല, അടുത്തകാലം വരെ തനിക്കൊപ്പം നിന്നു നിര്‍ണായക ഘട്ടത്തില്‍ കാലുവാരിയവരെക്കൂടിയാണ്. സുധാകരന്‍ പറയുന്നതിലും അല്‍പ്പം വാസ്തവമില്ലാതില്ല എന്നു പറയുന്നവരും കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ഉണ്ട്.

ഇതിനിടയില്‍ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ നില ഭദ്രമക്കാന്‍ ആകുമോയെന്നറിയാതെ കുഴങ്ങുകയാണ് സുധാകരന്‍. നിലവില്‍ സുധാകരന്‍ കെപിസിസിയുടെ നൂറംഗങ്ങളില്‍ ഒരാള്‍ മാത്രമാണ്. ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റ് സുധാകരന്റെ നോമിനി ആണെങ്കിലും അണികളെ പഴയരീയില്‍ കൂടെ നിര്‍ത്താന്‍ പോന്ന പദവികളൊന്നും തന്നെ കൈയില്‍ ഇല്ല.

അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും കണ്ണൂര്‍ എന്ന സുരക്ഷിത മണ്ഡലവും ഇപ്പോള്‍ കൈവശം ഇല്ല. എം പി ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒഴിഞ്ഞു കൊടുത്ത കണ്ണൂര്‍ മണ്ഡലം എ പി അബ്ദുള്ള കുട്ടിയുടെ കൈയിലാണ്. സരിത അബ്ദുള്ളക്കുട്ടിക്കെതിരെ ബലാത്സംഗ കുറ്റം ആരോപിച്ച ഘട്ടത്തില്‍ അബ്ദുള്ളകുട്ടിയെ രാജിവയ്പ്പിച്ച് വീണ്ടും കണ്ണൂരില്‍ നിന്ന് എം എല്‍ എ ആകാമെന്നുകരുതിയെങ്കിലും അതു നടന്നില്ല.

കണ്ണൂരില്‍ യുഡിഎഫ് വിജയിച്ച മറ്റ് അസംബ്ലി മണ്ഡലങ്ങളായ അഴീക്കോട്, ഇരിക്കൂര്‍, പേരാവൂര്‍, കൂത്തുപറമ്പ് എന്നിവയാണ്. കണ്ണൂര്‍കാരന്‍ അല്ലെങ്കിലും മന്ത്രി കെ സി ജോസഫ് വര്‍ഷങ്ങളായി കുത്തകയാക്കി വച്ചിരിക്കുന്ന ഇരിക്കൂര്‍ മണ്ഡലമാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചെടുത്തോളം ജില്ലയില്‍ കണ്ണൂര്‍ കഴിഞ്ഞാല്‍ ഒരു ഉറച്ച സീറ്റ്. അടുത്തകാലത്ത് മുസ്ലീം ലീഗ് ജയിച്ച അഴീക്കോട് അവര്‍ വിട്ടുകൊടുക്കണമെന്നില്ല. സുധാകരനുമായി അത്ര നല്ല ബന്ധത്തിലല്ല കുറച്ചു കാലമായി കണ്ണൂരിലെ മുസ്ലിം ലീഗ്. പുതിയതായി രൂപീകരിച്ച കൂത്തുപറമ്പ് ആകട്ടെ വീരേന്ദ്ര കുമാര്‍ വിഭാഗം ജനതാദളിന്റെ കൈയിലാണ്. അവശേഷിക്കുന്ന പേരാവൂരില്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. അവിടെ സുധാകരന്റെ തന്നെ നോമിനിയായി വന്ന സണ്ണി ജോസഫ് ആണ് എം എല്‍ എ എങ്കിലും ഇരുവരും തമ്മില്‍ ഇപ്പോള്‍ അത്ര നല്ല സൗഹൃദത്തിലല്ല. അതുകൊണ്ടു തന്നെ സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കാന്‍ സണ്ണി ജോസഫ് തയ്യാറാകുമെന്നു കരുതാനും വയ്യ.

എങ്കിലും സിപിഎമ്മിനോട് ഏറെക്കാലം പോരടിച്ചു നിന്ന് കണ്ണൂരില്‍ പാര്‍ട്ടിക്കു ജീവന്‍ നല്‍കിയ തന്നെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ ഒറ്റയടിക്കങ്ങു കൈയൊഴിയില്ലെന്ന പ്രതീക്ഷയില്‍ തന്നെയാണ് സുധാകരന്‍. ഇക്കഴിഞ്ഞ രാത്രിയിലും സുധാകരന്‍ പങ്കുവച്ച പ്രത്യാശയും ഇതു തന്നെ.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍