UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡിറ്റക്ടീവ് സുര അന്വേഷണം തുടരട്ടെ; കൂട്ടത്തിൽ ഉള്ളിയേരി ചിട്ടിക്കമ്പനിയുടെ കാര്യം കൂടി പറയണം

കെ എ ആന്‍റണി 

കറൻസി പ്രശ്നത്തിൽ ഇടതു -വലതു പാർട്ടികൾ കൈകോർക്കുന്നതിലാണ് കേരളത്തിലെ സംഘികൾക്ക് ഇപ്പോൾ ഏറെ ഉത്കണ്ഠ. കുമ്മനം മുതൽ കെ. സുരേന്ദ്രൻ വരെ ഈ ഉത്കണ്ഠ വളരെ ശക്തമായി തന്നെയാണ് ഉന്നയിക്കുന്നത്. സഹകരണ സ്ഥാപനങ്ങളുടെ പ്രശ്നം വന്നപ്പോൾ എന്തിനാണ് കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും ഇങ്ങനെ ഹാലിളകുന്നതെന്ന ചോദ്യവും ഇക്കൂട്ടർ ഉന്നയിക്കുന്നുണ്ട്. ഇതിനുള്ള ഉത്തരവും അവർ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകളിലാണ് കള്ളപ്പണ നിക്ഷേപങ്ങൾ കുമിഞ്ഞു കൂടിയിട്ടുള്ളതെന്നാണ് സംഘികളുടെ കണ്ടെത്തൽ. ഇക്കാര്യം അവർ സംഘംചേർന്നും അല്ലാതെയും ഉന്നയിക്കുന്നുവെന്നേയുള്ളു. കേരളത്തിലെ ചില സഹകരണ ബാങ്കുകളിൽ നോട്ട് നിരോധനം വന്ന ദിവസം മാത്രം മുപ്പതു കോടിയിലേറെ രൂപയുടെ കള്ളപ്പണ നിക്ഷേപം നടന്നുവെന്നാണ് ആക്ഷേപം. ഈ ആക്ഷേപത്തെ കണ്ണുംപൂട്ടി എതിർക്കാൻ നോക്കരുതേ. കാരണം കെ. സുരേന്ദ്രൻ എന്ന കുറ്റാന്വേഷകന്‍ ഗവേഷണം നടത്തി കണ്ടെത്തിയ കാര്യമാണ്. സത്യം പറയണമല്ലോ സംഘികളുടെ  കൂട്ടത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഡിറ്റക്ടീവ് ആണ് നമ്മുടെ സുരേന്ദ്രൻ. ഗവേഷകൻ എന്നുകൂടി പറയാമെങ്കിലും ഏറ്റവും വലിയ ഗവേഷകൻ എന്ന് പറയാൻ നിർവാഹമില്ല. അങ്ങനെ പറഞ്ഞാൽ അത് കൊടിയ അപരാധം ആയിപ്പോകും. ശശികല ടീച്ചർ പിണങ്ങും. ടീച്ചർ പിണങ്ങിയാൽ ഈ ഭൂമി മലയാളത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകും. 

കതിരൂർ സഹകരണ ബാങ്കാണ് കള്ളപ്പണ നിക്ഷേപ കേന്ദ്രങ്ങളിൽ ഒന്നായി സുരേന്ദ്രനും സംഘവും ഉയർത്തിക്കാട്ടുന്നത്. മറ്റൊരു ബാങ്ക് മാടായിയിലേതാണ്. ഈ ബാങ്കുകൾക്കെതിരെ സുരേന്ദ്രാദികൾ ഉന്നയിക്കുന്ന പ്രധാന ആരോപണം എടിഎം സാംവിധാനം ഏർപ്പെടുത്തി എന്നതാണ്. കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകളും നബാർഡിന്റെ നിയന്ത്രണത്തിലാണെന്ന വസ്തുത മറച്ചു വെച്ചുകൊണ്ടാണ് സുരേന്ദ്രാദികൾ ഇത്തരം ആരോപണങ്ങൾ കൊണ്ടുവരുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം സഹകരണ സ്ഥാപനങ്ങളും ഇടതു -വലതു പാർട്ടികളുടെ നിയന്ത്രണത്തിലാണ്. വിരലിലെണ്ണാവുന്ന സ്ഥാപനങ്ങള്‍ പോലും സംഘികളുടെ കൈപ്പിടിയിൽ ഇല്ല എന്ന സങ്കടം ഏറെ കാലമായി അവർ കൊണ്ടുനടന്നു. ഈ കലിപ്പ് തീർക്കാൻ വീണു കിട്ടിയ ഒരു അവസരമാക്കുന്നു. അത്ര തന്നെ.  

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കതിരൂരിലെ ബി ജെ പിക്കാർ വായ്പയെടുക്കാൻ ഇന്നും ആശ്രയിക്കുന്നത് സിപിഎംകാർ ഭരിക്കുന്ന കതിരൂർ സഹകരണ ബാങ്കിനെ തന്നെയാണെന്ന് സുരേന്ദ്രാദികൾ മനസിലാക്കുന്നത് നന്ന്. എംവി രാഘവൻ സഹകരണ മന്ത്രിയായിരുന്ന കാലത്ത്  ജപ്തി നടപടിയിൽ നിന്നും ചില ബിജെപി ക്കാരെ ഒഴിവാക്കിയതും പിന്നീട് അവരുടെ കടം എഴുതിത്തള്ളിയതുമൊക്കെ ഇത് എഴുതുന്ന ആൾക്ക് നേരിട്ട് ബോധ്യമുള്ള കാര്യമാണ്. കടം എഴുതിത്തള്ളലിനെ അന്നും ബാങ്ക് ഭരിച്ചിരുന്ന സിപിഎംകാർ എതിർത്ത് കണ്ടില്ല. കടം തിരിച്ചടക്കാൻ കഴിയാത്ത പാവങ്ങളെ പാർട്ടിയുടെ പേര് പറഞ്ഞു കഷ്ടത്തിലാക്കാൻ അവർക്കും മനസ്സ് വന്നില്ല എന്നതാണ് സത്യം. സമയം കിട്ടുമ്പോൾ ഇക്കാര്യങ്ങളൊക്കെ സുരേന്ദ്രാദികൾ കതിരൂരിലെ സഹപ്രവര്‍ത്തകരോട് ഒന്ന് ചോദിച്ചു മനസ്സിലാക്കുന്നത് നന്നായിരിക്കും. 

നോട്ടു നിരോധനം വന്ന ഉടനെ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിലേക്കും കോടിക്കണക്കിനു കള്ളപ്പണം ഒഴുകി എന്നും ഇതിന്റെ വിശദാംശങ്ങൾ താൻ ശേഖരിച്ചു വരികയാണെന്നും സുരേന്ദ്രൻ ഇക്കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ വീമ്പിളക്കുന്നത് കേട്ടു. മുൻ മന്ത്രി കെ ബാബുവിന്റെ ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ചു തിരക്കിയ വിജിലൻസ് ഡിപ്പാർട്ടുമെന്റിനോട് ബാങ്ക് അധികാരികൾ എന്തായിരുന്നു പറഞ്ഞതെന്ന് നമുക്കെല്ലാം അറിയാം.

അതൊക്കെ എന്ത് തന്നെ ആയാലും സുരേന്ദ്രൻ കാര്യങ്ങൾ നല്ലവണ്ണം ഒന്ന് അന്വേഷിച്ചു ഉറപ്പു വരുത്തട്ടെ. കൂട്ടത്തിൽ ഒരു കാര്യം കൂടി അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. താങ്കളുടെ ജന്മനാടായ ഉള്ളിയേരിലെ ഒരു പഴയ ചിട്ടി കമ്പനിയെക്കുറിച്ചാണത്. അതെ, പൊട്ടിയ അഥവാ  പൊട്ടിച്ച ആ പഴയ ചിട്ടിക്കമ്പനിയെക്കുറിച്ചു തന്നെ.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍