UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രശസ്തിക്കുവേണ്ടിയുള്ള ‘ഓപ്പറേഷന്‍സ്’ അറിയാത്ത എഴുത്തുകാരന്‍ എനിക്കെന്നും ആ ചിരിക്കുന്ന മുഖം മതി- കെ വി അനൂപ് ഓര്‍മ്മ

Avatar

ജി.വി.രാകേശ്

‘കഥ കേട്ടുവളര്‍ന്ന ഒരു കുട്ടിക്കാലമായിരുന്നില്ല എന്റേത്. അമ്മയുടെ വീട്ടില്‍ പോയാല്‍ അമ്മയുടെ അച്ഛന്‍ കഥ പറഞ്ഞുതരാന്‍ വിളിക്കും.ആദ്യമൊക്കെ ഉത്സാഹത്തോടെ ഓടിച്ചെല്ലുമായിരുന്നു. പുരാണകഥകള്‍ അതിനകം ചിത്രകഥകളില്‍ നിന്നും ഹൃദിസ്ഥമാക്കിക്കഴിഞ്ഞിരുന്നു. അയല്‍പക്കത്തെ മാമന്‍മാര്‍ക്കും, ഏട്ടന്‍മാര്‍ക്കും വേണ്ടിയായിരുന്നു വായന.  അവര്‍ ബീഡി തെരുത്തു കൊണ്ടിരിക്കും ഞാന്‍ നോവല്‍ ഉറക്കെ വായിക്കും.

ആദ്യമൊക്കെ വായിച്ചു കൊടുക്കുന്നതൊന്നും എനിക്ക് മനസ്സിലായിരുന്നില്ല. പിന്നെപ്പിന്നെ എനിക്കുവേണ്ടിത്തന്നെ ഞാനവ വായിക്കാന്‍ തുടങ്ങി. കൗമാര പ്രായത്തില്‍ വായിച്ചു കൂട്ടിയ പുസ്തകങ്ങളാണ് എന്നെ എഴുത്തുകാരനാക്കിയത്.

വായനക്കാരെ സന്തോഷിപ്പിക്കുന്ന കഥകള്‍ ധാരാളമുണ്ടാവുമ്പോള്‍ , കഥകളിലൂടെ അവരെ പ്രകോപിപ്പിക്കാനും, പ്രതികരിപ്പിക്കാനും കഴിയണം അതാണ് എന്റെ വിശ്വാസവും ആഗ്രഹവും’- തിങ്കളാഴ്ച രാവിലെ അന്തരിച്ച കഥാകൃത്തും, മാതൃഭുമി ചീഫ് സബ് എഡിറ്ററുമായ കെ.വി.അനൂപ് ഞാന്‍ എങ്ങനെ എഴുത്തുകാരനായി എന്നതിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്.

‘പുതിയ കഥാകാരന്‍മാരുടെ കൂട്ടത്തില്‍ ഔന്നത്യം കാത്തുസൂക്ഷിച്ച എഴുത്തുകാരനാണ് എന്റെ പ്രിയ സുഹൃത്ത് അനൂപ്. വ്യക്തമായ രാഷ്ട്രീയ ബോധമുള്ളവയാണ് അനൂപിന്റെ മിക്ക കഥകളും. വായനക്കാരന്‍ മറന്നു പോകുമോ എന്നാശങ്കപ്പെട്ട് എന്തെങ്കിലും എഴുതിക്കൂട്ടണം എന്ന ദുശ്ശീലം അനൂപിനുണ്ടായിരുന്നില്ല. സ്വന്തം കഴിവിനെക്കുറിച്ച് ആരോഗ്യകരമായ ആത്മവിശ്വാസമുള്ളതുകൊണ്ടാവാമിത്.  പൊതുവെ നമ്മുടെ കഥാകൃത്തുക്കള്‍ പ്രശസ്തിയും, അംഗീകാരവും നേടാനായി രഹസ്യമായോ, പരസ്യമായോ ‘ഓപ്പറേഷനുകള്‍’ നടത്തുന്ന കാലമാണിത്. പക്ഷെ  അത്തരം ‘ഓപ്പറേഷനുകള്‍’ ഒരിക്കലും അനൂപ് നടത്തിയിട്ടില്ല. പരിമിതങ്ങളായ അംഗീകാരങ്ങളല്ലാം അനൂപിന് അര്‍ഹതപ്പെട്ടു തന്നെ വന്നു ചേര്‍ന്നതാണ്.’ മാതൃഭൂമിയിലെ സീനിയര്‍ സബ് എഡിറ്ററും സഹപ്രവര്‍ത്തകനും കഥാകാരനുമായ ദിനേശന്‍ കരിപ്പള്ളി പറഞ്ഞു.

കഥാകൃത്ത് ടി.കെ.അനില്‍കുമാര്‍ ആനൂപിനെ ഓര്‍ത്തത് ഇങ്ങനെയാണ്: ‘ചോരപ്പുഴകള്‍ എന്ന എന്റെ നോവല്‍ ആദ്യം വായിച്ച സുഹൃത്താണ് കെ.വി.അനൂപ്. അനൂപിന്റെ അഭിപ്രായം സുഖിപ്പിക്കലിന്റെയോ, സന്തോഷിപ്പിക്കുന്നതിന്റെയോ ആയിരിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. അത് എഴുത്തുകാരന്‍ എന്ന നിലയില്‍ ആത്മപരിശോധനയ്ക്ക് ഉതകുന്നതാണ്. ഗുണങ്ങളും പരിമിതികളും പറഞ്ഞുതരും. അവന്റെ മാത്രം ക്വാളിറ്റിയാണ്. അനൂപിന്റെ കാലഘട്ടത്തില്‍ എഴുതുന്ന ഞങ്ങളെപ്പോലെയുള്ളവരെ എഴുതിപ്പിക്കാന്‍ എപ്പോഴും അനൂപ് ശ്രമിക്കാറുണ്ട്.’  

‘അനൂപിന്റെ കൈയ്യക്ഷരം ഒരിക്കലും മറക്കാനാവില്ല. പ്രിന്റ് ചെയ്തത് പോലെയാണത്. അക്കാലത്ത് ഇറങ്ങിയ എസ്.എന്‍ കോളജ് മാഗസിനുകള്‍ക്ക് അനൂപ് ടച്ചുണ്ടായിരുന്നു. തമാശകള്‍ പറയുമ്പോള്‍ പോലും വാക്കുകളുടെ സൗന്ദര്യം മനോഹരമായിരുന്നു. കണ്ണൂര്‍ എസ്.എന്‍ കോളജില്‍ പഠിക്കുമ്പോള്‍ കോളജിലെ ഒരു താരം തന്നെയായിരുന്നു അനൂപ്. ഇടതുപക്ഷ രാഷട്രീയ നിലപാടുകളുള്ള അനൂപ് കോളജില്‍ സക്രിയ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. പിന്നീട് അനൂപ് എഴുത്തിലൂടെയാണ് തന്റെ രാഷ്ട്രീയം അറിയിച്ചത്. സൗമ്യശീലനായ സുഹൃത്ത് എന്നതിലുപരി വ്യക്തി ബന്ധം എന്നും ഉടയാതെ കാത്തുസൂക്ഷിച്ച വ്യക്തികൂടിയാണ് എന്റെ അനൂപ്’. – കോളജ് സഹപാഠിയായും, അധ്യാപകനുമായ തലശേരി  ചുണ്ടങ്ങാപ്പൊയിലിലെ തോട്ടത്തില്‍ രഞ്ജിത്ത് പറയുന്നു.

2014 ജൂണ്‍ 14 നാണ് അനൂപിന് അവസാനമായി കിട്ടിയ അംഗീകാരം. കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ വി.വി.കെ.പുരസ്‌കാരമാണ്. 25000 രൂപയും, ശില്പവും, വര്‍ഗ്ഗീസ് കളത്തിന്റെ പെയന്റിങ്ങുമാണ് പുരസ്‌കാരം.’കാഴ്ചക്കുള്ള വിഭവങ്ങള്‍’ എന്ന കഥാ സമാഹാരത്തിനാണ് അവാര്‍ഡ് ലഭിച്ചത്. അവാര്‍ഡ് അനൂപിന് സമ്മാനിച്ചത് ചലച്ചിത്ര നടനും, കഥാകാരനുമായ മധുപാലാണ്. അനൂപിന്റെ കഥകള്‍ രാഷ്ട്രീയ ബോധം വളര്‍ത്തുന്നതാണെന്നാണ് അന്ന് മധുപാല്‍ പറഞ്ഞത്.കഥാകൃത്തും, അവാര്‍ഡ് നിര്‍ണ്ണയകമ്മിറ്റിയംഗവും അനൂപിന്റെ സുഹൃത്തുമായ യു.കെ.കുമാരനാണ്  ‘കാഴ്ചക്കുള്ള വിഭവങ്ങള്‍’ എന്ന പുരസ്‌കാരം നേടിയ കൃതി പരിചയപ്പെടുത്തിയത്.

1972 ഏപ്രില്‍ 25ന് കൂത്തുപറമ്പിനടുത്ത മൂര്യാട് ജനിച്ച കെ.വി അനൂപ് 1997 ല്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി ജോലിയില്‍ പ്രവേശിച്ചു. ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങള്‍, കാഴ്ചയ്ക്കുള്ള വിഭവങ്ങള്‍ (കഥാസമാഹാരം). അമ്മദൈവങ്ങളുടെ ഭൂമി (നോവല്‍); മാറഡോണ: ദൈവം, ചെകുത്താന്‍, രക്തസാക്ഷി, ലയണല്‍ മെസ്സി; താരോദയത്തിന്റെ കഥ എന്നിവയാണ് അനൂപ് രചിച്ച പുസ്തകങ്ങള്‍.

‘അമ്മദൈവങ്ങളുടെ ഭൂമി’ എന്ന നോവലിന് 1992ലെ ഉറൂബ് അവാര്‍ഡ് ലഭിച്ചു. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ കഥാപുരസ്‌കാരം (1994), അങ്കണംഇ.പി.സുഷമ സ്മാരക എന്‍ഡോവ്‌മെന്റ് (2006), മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി കഥാപുരസ്‌കാരം (2011) തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.

പി.വി.ജീജോ

മരണവേളയില്‍ ഓര്‍മ്മകള്‍ എഴുതുക ക്രൂരമാണ് പക്ഷെ ജീവിക്കാനുള്ള പണി ഇതായപ്പോള്‍ അതില്‍ മറ്റു ചിന്തകളില്ലാത്ത എഴുത്തായിരുന്നു.  എന്നാല്‍ അനൂപിനെക്കുറിച്ച് എഴുതാനിരിക്കുമ്പോളാണ് മരണത്തിന്റെ വേദനയും സങ്കടവും അനുഭവിക്കുന്നത്.

ചെറിയ താടിയുമായി  മുണ്ടും മടക്കിപിടിച്ചുള്ള നില്‍പ്പ്, പതുക്കെയുള്ള സംസാരം,  കാഴ്ചയിലും രൂപത്തിലും സൗമ്യന്‍… …അനൂപുമായുള്ള പരിചയത്തെ, സൗഹൃദത്തെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആദ്യം കണ്ട രൂപമാണിന്നും മനസില്‍.   ഇന്നലെ രാവിലെ മിംസ് ആശുപത്രിയിലെ ഐസിയുവില്‍ അവന്റെ ശരീരം തണുത്തുറഞ്ഞു നില്‍ക്കുമ്പോഴൊന്നും ഓര്‍മ്മകള്‍ പലതും ഓര്‍ക്കാനാവുമായിരുന്നില്ല. കണ്ണൂര്‍ ശ്രീനാരായണ കോളേജില്‍ മലയാള ബിരുദവിദ്യാര്‍ഥിയായാണ് അനൂപെത്തിയത്. കാമ്പസില്‍ ഞാനന്ന് ഉശിരനായി പാഞ്ഞു നടക്കുന്ന കാലമായിരുന്നു. ക്ലാസിന് പുറത്ത് സദാസമയവും സംഘടനാപ്രവര്‍ത്തനവുമായി നടക്കുന്ന വേളയിലാണ് അനൂപിനെ പരിചയപ്പെടുന്നത്. സൗമ്യനായി മെലിഞ്ഞ, മുണ്ടുടുത്ത പാവമായാണ് ആദ്യമേ കണ്ടപ്പോള്‍ തോന്നിയത്. കണ്ണൂര്‍ എസ്എന്‍ കോളേജിലൂടെയുള്ള അനൂപിന്റെ നടപ്പ് ഇന്നും ഓര്‍മ്മയിലുണ്ട്.

എസ്എഫ്‌ഐയുടെ പ്രകടനത്തിന് അനൂപ്‌വരും. എങ്കിലും പ്രൊഫ. ധ്രുവകുമാറിന്റെയും ഗ്രാമപ്രകാശിന്റെയും ക്ലാസുകള്‍ ഒഴിവാക്കി പ്രകടനത്തിന് വിളിച്ചാല്‍ അവനൊരുമടിയാ. പക്ഷെ വരാത്ത പ്രകടനങ്ങള്‍ക്കെല്ലാം അവന്‍ കൃത്യമായി ഞങ്ങളുടെ യൂണിറ്റ്‌ സെക്രട്ടറി ഇ സജീവനെയോ ക്ലാസ്‌മേറ്റുകൂടിയായ യൂണിറ്റ് പ്രസിഡന്റ് എം കെ മുരളിയെയോ കണ്ട് പറയും. കഥാകൃത്തെന്ന മേല്‍വിലാസം പ്രകടിപ്പിക്കാതെയായിരുന്നു അനൂപ് എസ്എന്‍ കോളേജില്‍ വന്നത്. എന്നാല്‍ അവനില്‍ കഥയുണ്ടെന്ന് ഞങ്ങള്‍ അതിവേഗം തിരിച്ചറിഞ്ഞു. ആദ്യവര്‍ഷം തന്നെ അവനെ എസ്എഫ്‌ഐയുടെ സാംസ്‌കാരികവിഭാഗമായ രചനയുടെ എഡിറ്ററാക്കി. കാമ്പസിന്റെ മഞ്ഞച്ചുവരുകളില്‍ രചനയുടെ രചനകള്‍ സജീവമാക്കിയതില്‍ അനൂപ് നല്ല വൈഭവംകാട്ടി. പ്രണയവും കവിതയും കഥയുമായി ചെയും നെരൂദയുമായി, ജോണും അയ്യപ്പനുമായി രചനയിലൂടെ അനൂപ് കുട്ടികളെ ആകര്‍ഷിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം എസ്എന്റെ മണ്ണില്‍ ആവര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ അനൂപ്  മലയാളം അസോസിയേഷന്‍ സെക്രട്ടറിയായി വിജയിച്ചു. വി സി ശ്രീജന്‍മാഷെക്കൊണ്ടുവന്ന് അസോസിയേഷന്‍ ഉദ്ഘാടനം നടത്തി. എസ്എഫ്‌ഐക്കന്ന് ജനറല്‍ സീറ്റേ കിട്ടാതിരുന്നുള്ളു. അസോസിയേഷനും ക്ലാസ് പ്രതിനിധികളില്‍ ഭൂരിഭാഗവും ഞങ്ങള്‍ക്കായിരുന്നു. അനൂപിനെ മുന്‍നിര്‍ത്തി മലയാളം അസോസിയേഷന്‍വഴി ഞങ്ങള്‍ സമാന്തര യൂണിയന്‍ പ്രവര്‍ത്തനം സംഘടിപ്പിച്ചു. കവിയരങ്ങ്, കഥാചര്‍ച്ച, മാഗസിന്‍ പ്രദര്‍ശനം..എല്ലാമായി അവനും മലയാളം അസോസിയേഷനും ശ്രദ്ധപിടിച്ചുപറ്റി. അടുത്തവര്‍ഷം അനൂപിനെ എഡിറ്ററാക്കി മത്സരിപ്പിച്ചു.

കാമ്പസ്‌ വിട്ടശേഷം മാതൃഭൂമിയിലെത്തിയാണ് വീണ്ടും അനൂപുമായുള്ള ബന്ധം. ആനന്ദപ്പാത്തുവും അമ്മദൈവവുമെല്ലാം വായിച്ചുള്ള അഭിപ്രായങ്ങളില്‍  അവന്‍ ഏറെതാല്‍പര്യം കാട്ടുമായിരുന്നു. സ്‌പോര്‍ട്‌സ് മാസികയിലും സിനിമാ മാസികയിലുമായി ജോലിയിലെ മാറ്റങ്ങളും ചര്‍ച്ചചെയ്യും. രോഗം, വിവാഹം, പുറക്കാട്ടീരിയിലേക്കുള്ള വീടുമാറ്റം..എല്ലാമായി വര്‍ഷങ്ങള്‍ പോയി. ഏറ്റവുമൊടുവില്‍ ദീര്‍ഘമായി സംസാരിക്കുന്നത് കതിരൂര്‍ ബാങ്കിന്റെ സാഹിത്യപുസ്‌കാരം അവന് കിട്ടിയതറിഞ്ഞ ജൂണിലായിരുന്നു. അന്ന് രാത്രിയില്‍ അവന്‍ സന്തോഷവാനായിരുന്നു. കാരണം സ്വന്തം നാട്ടില്‍ അവന്റെ മനസിലുള്ള പ്രസ്ഥാനത്തിന്റെതായ പുരസകാരം വലിയബഹുമതിയായാണ് അനൂപ് കണ്ടിരുന്നത്. അയല്‍വാസികളായ ദേശാഭിമാനിയും മാതൃഭൂമിയും തമ്മിലുണ്ടായ അകല്‍ച്ചകളിലും ചിരസുഹൃത്തുക്കളായി തുടര്‍ന്നു ഞങ്ങള്‍. എന്നുകണ്ടാലും 25 വര്‍ഷം മുമ്പ്  കണ്ട ആ ചിരി അവന്‍ എനിക്കായി സൂക്ഷിച്ചിരുന്നു. മാതൃഭൂമിയില്‍ ചേതനയറ്റ ശരീരത്തിലും ആ മുഖത്ത് ചിരിയുണ്ടായിരുന്നോ എന്നെനിക്കറിയില്ല. കാരണം വെളുത്തതുണിയാല്‍ മുടിപ്പുതഞ്ഞ അവന്റെ മുഖത്തേക്ക് ഞാന്‍ നോക്കിയിരുന്നേയില്ല. എനിക്കെന്നും ആ ചിരിക്കുന്ന മുഖം മതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍