UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിതരും പിന്നോക്കക്കാരും എന്തുകൊണ്ട് ബി.ജെ.പിയിലേക്ക് പോകുന്നു? അഭിമുഖം/കെ. വേണു

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരിടുന്ന വിഷയം, അത് ശരിക്കും ഒരു തിരഞ്ഞെടുപ്പ് രാഷ്ട്രീയ പാര്‍ട്ടിയായി മാറിയെന്നുള്ളതാണ്. അവരിപ്പോള്‍ അധികാര പാര്‍ട്ടിയാണ്. അധികാരം കൈയാളാന്‍ വേണ്ടി വോട്ടുബാങ്ക് രാഷ്ട്രീയം എന്ന നിലയ്ക്ക് തന്നെ അതിനെ കണ്ടാല്‍ മതി.

 ധനശ്രീ

1970-കള്‍ മുതല്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായും വിചാരണതടവുകാരനായും വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ എഴുത്തുകാരനായുമെല്ലാം തിളങ്ങിയ വ്യക്തിത്വം. വസന്തത്തിന്റെ ഇടിമുഴക്കങ്ങളില്‍ നിന്ന് മാറി ജനാധിപത്യത്തില്‍ അഭയം കണ്ടെത്തിയ, ഇന്നിന്റെ ജനാധിപത്യബദലുകളില്‍ വിശ്വാസമര്‍പ്പിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകന്‍. എഴുത്തുകാരന്‍, രാഷ്ട്രീയനിരീക്ഷകന്‍, ആക്ടിവിസ്റ്റ് എന്നീ നിലകളിലെല്ലാം അറിയുന്ന കെ.വേണു ഇന്നത്തെ വര്‍ത്തമാനകാല ജനാധിപത്യത്തെ, ദളിത്-സംവരണ വിഷയങ്ങളെ, രാഷ്ട്രീയ സാഹചര്യങ്ങളെ വിശകലനം ചെയ്യുന്നു. അദ്ദേഹവുമായുള്ള അഭിമുഖത്തില്‍ നിന്ന്.

ചോദ്യം: ജെ.എന്‍.യു രാജ്യദ്രോഹികളുടെ കൂടാരമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം? ജെ.എന്‍.യുവിലെ സംഭവവികാസങ്ങളെ എങ്ങനെ കാണുന്നു ?

വേണു: മോദി സര്‍ക്കാറിന്റെ പൊതുവായ ഫാസിസ്റ്റ് സമീപനത്തിന്റെ ഭാഗം തന്നെയാണത്. പക്ഷേ ജെ.എന്‍.യു വിഷയത്തെ മറ്റൊരു വിധത്തില്‍ പരിഗണിക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനം, ലോകനിലവാരത്തിലുള്ള ശ്രദ്ധിക്കപ്പെടുന്ന സ്ഥാപനം. ഇവിടെ വളരെക്കാലമായിട്ട് ഇടതുപക്ഷ, തീവ്രഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആധിപത്യമാണ് നിലനില്‍ക്കുന്നത്.

അതുകൊണ്ടുതന്നെ ജെ.എന്‍.യുവിന്റെ ആ അവസ്ഥയെ ഒന്ന് മാറ്റിയെടുക്കാനുള്ളൊരു ആസൂത്രണം കൂടി ഇതിലുണ്ടെന്ന് കാണാന്‍ കഴിയും. എ.ബി.വി.പിയെ ഉപയോഗിച്ച് ഇപ്പോള്‍ അവിടെ നിലനില്‍ക്കുന്ന അന്തരീക്ഷത്തെ മാറ്റിയെടുക്കാനുള്ള തന്ത്രം. അതിനുപയോഗിക്കാവുന്ന ഒരു ഉപാധി എന്ന നിലയിലാണ് ദേശദ്രോഹം കൊണ്ടുവന്നത്.

അഫ്‌സല്‍ ഗുരുവിന്റെ സംഭവം അതിനൊരു നിമിത്തമായിയെന്നു മാത്രം. പക്ഷേ അതിപ്പോ അവര്‍ക്ക് മണ്ടത്തരം പറ്റിയിരിക്കുകയാണ്. വേണ്ടത്ര തെളിവുകളൊന്നും ഹാജരാക്കാനും പറ്റുന്നില്ല.
അവര്‍ക്ക് അഫ്‌സല്‍ ഗുരു സംഭവം അത്ര ശക്തമായി ഉപയോഗിക്കാന്‍ പറ്റില്ല. കാശ്മീരില്‍ എന്താണ് സംഭവിക്കുന്നത്. അവിടെ പി.ഡി.പിയുമായി ചേര്‍ന്ന് ബി.ജെ.പി ഭരിക്കുന്നു. ആദ്യം മുതലേ അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ അവരുടെ നിലപാടെന്താണ്. ആ വിഷയത്തില്‍ അത്രയും അനുകൂലമായി നിലപാടെടുക്കുന്ന ആളുകളുടെ കൂടെ ചേര്‍ന്ന് അവരെ കെട്ടിപ്പിടിച്ചാണ് ഭരണം നടത്തുന്നത്. അങ്ങനെയുള്ള ആളുകള്‍ ആ വിഷയം ഉപയോഗിക്കുന്നുവെന്നു പറഞ്ഞാല്‍… അതൊന്നുമല്ല വിഷയം. രാജ്യദ്രോഹവും ദേശാഭിമാനവും ഉയര്‍ത്തിപ്പിടിക്കുകയല്ല വിഷയം. ജെ.എന്‍.യുവിനെ പൊളിക്കുകയാണ് വിഷയം. ഇപ്പോള്‍ അത് തിരിച്ചടിക്കുന്നുവെന്നു മാത്രം.

ചോദ്യം: ഹൈദരാബാദിലെ സംഭവത്തെയും അതുമായി കൂട്ടിവായിക്കാവുന്നതല്ലേ ?

വേണു: ഹൈദരാബാദില്‍ മറ്റൊരു തരത്തിലാണ് ആ വിഷയം വരുന്നത്. രോഹിത് വെമുലയുടെ മരണമെന്ന് പറയുന്നതാണ് വലിയസംഭവമായി മാറിയത്. അതോടെയാണ് എല്ലാം മാറിമറിഞ്ഞത്. എ.ബി.വി.പിയുടെ ഇടപെടലും അവിടെയുണ്ട്. പക്ഷേ പൊതുവായി ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ പോഷകസംഘടനകള്‍ തന്നെയല്ലേ അവിടെയും രംഗത്തുവരുന്നത്. പട്യാല കോടതിയിലും അങ്ങനെ തന്നെ.

ചോദ്യം: ആകെകൂടിയെടുത്താല്‍ ഒരു അതിദേശീയതാ നാസി മോഡല്‍ ഭരണവാഴ്ചയിലേക്കല്ലേ ഈ പോക്ക് ?


വേണു: അത് പക്ഷേ അവര്‍ക്ക് അത്ര എളുപ്പമൊന്നുമല്ല. ആ രീതിയിലുള്ള അന്തരീക്ഷം ഇവിടെയില്ല. ഹിറ്റ് ലര്‍ മോഡലിലേക്ക് പോകാന്‍ ഇവിടത്തെ ഹിന്ദു ഫാസിസ്റ്റുകള്‍ക്ക് കഴിയുകയുമില്ല. പ്രത്യേകിച്ച് വര്‍ണ്ണജാതി വ്യവസ്ഥയും മറ്റ് മതസമൂഹങ്ങളും ഉള്ളതുകൊണ്ടുതന്നെ അതത്ര എളുപ്പമല്ല. അവര്‍ എത്ര ശ്രമിക്കുന്നുണ്ടെങ്കില്‍ കൂടിയും, അന്ധമായ ഒരു മതദേശീയതാവാദം വളര്‍ത്തിക്കൊണ്ടുവരാനുള്ള അന്തരീക്ഷം ഇല്ല തന്നെ.

ചോദ്യം: പക്ഷേ ജാട്ട് സംവരണ വിഷയത്തിലും പട്ടേല്‍ വിഷയത്തിലും അവരെ പ്രീണിപ്പിച്ച് കൂടെക്കൂട്ടുക എന്ന നയവും അവര്‍ക്കുണ്ട്. സമ്മര്‍ദ്ദ ഗ്രൂപ്പുകളെ സൃഷ്ടിക്കുക എന്ന നയം. കേരളത്തിലാണെങ്കില്‍ എസ്.എന്‍.ഡി.പി യോഗത്തെ കൂട്ടുചേര്‍ക്കാനുള്ള ശ്രമവുമുണ്ട്. അതെത്രത്തോളം ഫലവത്താകും?

വേണു: അതത്ര എളുപ്പമല്ല ഇവിടെ. കേരളത്തില്‍ നടക്കുന്നതുപോലെ ബീഹാറിലും യു.പിയിലും സാധിക്കുന്നില്ലല്ലോ. പിന്നോക്ക ദളിത് വിഭാഗങ്ങള്‍ സ്വതന്ത്രമായ രാഷ്ട്രീയ സമീപനം സ്വീകരിക്കുന്നതുതന്നെ കാരണം. സ്വത്വരാഷ്ട്രീയവുമൊക്കെയാണ് അവിടെയുള്ളത്. ഹൈന്ദവ ഏകീകരണത്തെ തടുത്തു നിറുത്തുന്നത് പിന്നോക്ക ദളിത് വിഭാഗങ്ങളാണ്. അതാണ് ഇന്ത്യയുടെ സവിശേഷത. ഹൈന്ദവ ഏകീകരണം എന്നുള്ളത് ബി.ജെ.പി എത്ര ആഗ്രഹിച്ചാലും നടക്കാന്‍ കഴിയാത്ത വിധം വര്‍ണ്ണജാതി ഘടനയുടെ വിഭജനപ്രക്രിയ അത്ര സങ്കീര്‍ണ്ണമാണ്. അവരുടെ ലക്ഷ്യങ്ങള്‍ നേടുന്നതിന് തടസ്സമായി നില്‍ക്കുന്നതും അതാണ്. യു.പിയില്‍ അതൊരളവ് വരെ അസാധ്യമാണ്. മുലായംസിംഗ് യാദവും മായാവതിയും ഒന്നിക്കുന്നില്ല എന്നതുകൊണ്ടാണ്, അല്ലെങ്കില്‍ വളരെ ഈസിയാണ് അവിടെ. അപ്പോള്‍ ബി.ജെ.പി ഒന്നുമല്ല അവിടെ. ബാബറി മസ്ജിദ് തകര്‍ത്തതിനുശേഷമുള്ള തിരഞ്ഞെടുപ്പില്‍ മുലായംസിംഗും മായാവതിയും ഒരുമിച്ചു നിന്നിരുന്നു.

ഇപ്പോള്‍ അത്ര പ്രകടമായ ഒരു രാഷ്ട്രീയാന്തരീക്ഷമല്ല. മുസ്‌ളിം വിഭാഗം രണ്ടുകൂട്ടരുടെയും കൂടെ നില്‍ക്കുകയാണ് ചെയ്യുന്നത്. മുലായത്തിന്റേത് യാദവപാര്‍ട്ടിയാണ്. ഇവിടത്തെ എസ്.എന്‍.ഡി.പി പോലെ. മായാവതിയുടേത് ദളിത് പാര്‍ട്ടി. മുസ്ലീങ്ങള്‍ രണ്ടുകൂട്ടരുടെയും കൂടെ നില്‍ക്കും. അതുവഴി ഹൈന്ദവ ഏകീകരണം സാധ്യമാകുന്നില്ല എന്നുളളതാണ്. കേരളത്തില്‍ പക്ഷേ എസ്.എന്‍.ഡി.പിയെ കൂട്ടാന്‍ കഴിയുന്നതിനു പിന്നില്‍ മറ്റ് ചില ഘടകങ്ങളുണ്ട്. അത് ഇവിടത്തെ മാത്രം വിഷയങ്ങളാണ്.

ചോദ്യം: ബി.ജെ.പിക്ക് അത് ഗുണം ചെയ്യില്ലേ ?

വേണു: കുറച്ചൊക്കെ കിട്ടും. പക്ഷേ വലിയഗുണം കിട്ടില്ല. കാരണം ഇപ്പോഴും കേരളത്തിലെ പിന്നോക്ക ദളിത് വിഭാഗങ്ങളില്‍ അധികം കമ്മ്യൂണിസ്റ്റുകാരുടെ ഒപ്പമാണ് നില്‍ക്കുന്നത്. അവരുടെ സമീപനത്തിലുണ്ടായിരുന്ന ചില വിഷയങ്ങളാണ് കെ.പി.എം.എസില്‍ നിന്നൊക്കെ ഒരു വിഭാഗം പോകാനിടയാക്കിയത്. കാരണം കമ്മ്യൂണിസ്റ്റുകാര്‍ ഇവിടെ ചെയ്തതെന്തെന്നുവച്ചാല്‍ ദളിത് വിഭാഗങ്ങളുടെ ഇടയിലേക്ക് അംബേദ്ക്കര്‍ രാഷ്ട്രീയം കടന്നുചെല്ലാനനുവദിച്ചില്ല.

അംബേദ്കര്‍ ബ്രീട്ടീഷ് ഏജന്റാണെന്ന് മുദ്രകുത്തുന്ന ഒരു രാഷ്ട്രീയമാണിവിടെ കൊണ്ടുവന്നത്. അംബേദ്ക്കറുടെ രാഷ്ട്രീയം എന്താണെന്നുള്ളത് അവതരിപ്പിക്കാന്‍ തുടങ്ങിയത് ഞങ്ങളാണ്. നക്‌സലൈറ്റ് മൂവ്‌മെന്റിന്റെ ഭാഗമായൊക്കെ. അതേത്തുടര്‍ന്ന് ഇപ്പോള്‍ ദളിത് വിഭാഗങ്ങളുടെ ഇടയില്‍ ഉയര്‍ന്നുവന്നിട്ടുള്ള ചെറുപ്പക്കാരായ ബുദ്ധിജീവികളൊക്കെ അതിന്റെ സാധ്യത തിരിച്ചറിയുന്നുണ്ട്.

അതിലൂടെ കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന തിരിച്ചറിവ് ദളിതരുടെ ഇടയിലുണ്ടായി. സി.പി.ഐയുടെ കൂടെ നിന്നിരുന്ന കെ.പി.എം.എസില്‍ പിളര്‍പ്പുണ്ടായത് അങ്ങനെയാണ്. വലിയൊരു വിഭാഗം അവര്‍ക്കെതിരായി. ടി.വി. ബാബു സി.പി.ഐക്കാരനായിരുന്നു. പുന്നല ശ്രീകുമാര്‍ കോണ്‍ഗ്രസിലേക്ക് പോയി. മാറാതെ നിന്ന വിഭാഗമാണ് ബി.ജെ.പിയുടെ കൂടെ പോയത്. അതിപ്പോ ഞാനറിയുന്നത് അതവര്‍ക്ക് ഗുണം ചെയ്തിട്ടില്ല എന്നാണ്. ബാബുവിന്റെ കൂടെയുള്ള വിഭാഗം തിരിച്ച് ശ്രീകുമാറിന്റെ ഭാഗത്തേക്ക് പോയിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് രാഷ്ടീയം പറഞ്ഞിട്ട് ബി.ജെ.പിയിലേക്ക് പോകുക എന്നു പറഞ്ഞാല്‍… അതിപ്പോ ഞാന്‍ പറയുന്നത് കമ്മ്യൂണിസ്റ്റുകാര്‍ തന്നെ ചെയ്ത ഒരു തെറ്റായ സമീപനത്തിന്റെ ഫലമായിട്ടാണ് ദളിതരുടെ ഇടയില്‍ നിന്ന് ബി.ജെ.പിയിലേക്ക് ഒരു വിഭാഗം പോകാനിടയായതെന്നാണ്.

അതുപോലെ തന്നെ എസ്.എന്‍.ഡി.പിയുടെ കാര്യത്തിലും സംഭവിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്ന സമയത്ത് 39-ല്‍, അന്ന് തീരുമാനിക്കുന്നത് എസ്.എന്‍.ഡി.പിയുടെ ഉള്ളില്‍ കയറിച്ചെല്ലാനാണ്. ജാതി രാഷ്ട്രീയം എന്നത് വിട്ടിട്ട് വര്‍ഗ്ഗരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുക എന്നാണ്. ഈ തൊഴിലാളികളെയൊക്കെ തന്നെ വര്‍ഗ്ഗപരമായി തന്നെ അവര്‍ സംഘടിപ്പിച്ചു. നല്ല കാര്യം തന്നെ.

കാരണം അടിമത്ത അവസ്ഥയിലുളള ആളുകളെ അവകാശബോധമുള്ളവരാക്കി മാറ്റുന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ നല്ല പങ്കുവഹിച്ചു. ദളിതരുടെ ഇടയിലും അങ്ങനെ തന്നെ. പക്ഷേ പിന്നെ അവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുപോകുന്നതൊക്കെ തന്നെ ശ്രീനാരായണ പ്രസ്ഥാനത്തെകുറിച്ച് അവമതിപ്പുണ്ടാക്കിക്കൊണ്ടാണ്. കുമാരനാശാന്‍ ബ്രീട്ടിഷ് ചക്രവര്‍ത്തിയുടെ കൈയില്‍ നിന്ന് പട്ടും വളയും വാങ്ങി, നാരായണഗുരുവിന്റെ രാഷ്ട്രീയം ബൂര്‍ഷ്വാ രാഷ്ട്രീയമാണ് എന്നൊക്കെ പറഞ്ഞാണ് പഠിപ്പിച്ചത്. അതുവഴി എസ്.എന്‍.ഡി.പിയുടെ സ്വാഭാവികമായ വികാസം, രാഷ്ട്രീയ അധികാരത്തിന്റെ വികാസം സാധ്യമാകാതെയായി. ഒരു സാംസ്‌കാരിക സംഘടന പോലെയായി അത്. അതിപ്പോള്‍ അവര്‍ തിരിച്ചറിയുന്നു.

യു.പിയില്‍ 90-കളില്‍ ബാബറി മസ്ജിദ് സംഭവത്തിനുശേഷം മുലായം സിംഗ് യാദവ് അധികാരത്തിലെത്തുന്നതോടെ ആ യു.പി മോഡല്‍ കേരളത്തില്‍ ആവര്‍ത്തിക്കണമെന്ന് പറഞ്ഞ് എസ്.എന്‍.ഡി.പിയും രംഗത്തെത്തി. അപ്പോള്‍ അവരും തിരിച്ചറിയുന്നു കമ്മ്യൂണിസ്റ്റുകാര്‍ വഹിച്ച പങ്ക്. അങ്ങനെയുള്ള നെഗറ്റീവ് ഇംപാക്ട് പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായി. പുരോഗമനപരമെന്ന് തോന്നിക്കാവുന്ന റോളാണ് വഹിച്ചതെങ്കിലും ജാതിരാഷ്ട്രീയവുമായി ബന്ധപ്പെട്ടു നോക്കുമ്പോള്‍ റോള്‍ നെഗറ്റീവായി മാറി. അതിന്റെ പ്രത്യാഘാതങ്ങളാണ് ഈ കാണുന്നത്. അതുകൊണ്ടാണ് വെള്ളാപ്പള്ളി അധികാര രാഷ്ട്രീയത്തില്‍ വരണം എന്ന പറഞ്ഞ് പലതരം കളികള്‍ നടത്തുന്ന കൂട്ടത്തില്‍ ബി.ജെ.പിയുമായും ഒന്നു ശ്രമിച്ച് നോക്കുന്നത്. അതേസമയം യു.പിയിലും ബീഹാറിലും അവിടെ പിന്നോക്കക്കാര്‍ക്കിടയില്‍ ലോഹ്യ രാഷ്ട്രീയമാണ്. മുലായം, ലാലു തുടങ്ങിയവര്‍ സോഷ്യലിസ്റ്റുകളാണ്. കൃത്യമായ രാഷ്ട്രീയ നിലപാട് അവര്‍ക്കുണ്ട്.

ചോദ്യം: ഇന്ത്യന്‍ ജാതിവ്യവസ്ഥയെ നിര്‍വചിക്കാനാവാത്തതാണ് ഇടതുപക്ഷ പരാജയത്തിന് കാരണമെന്ന് ഒരു വാദമുണ്ട്. ഇപ്പോള്‍ ശോഭാ യാത്ര നടത്തുക, സ്വത്വ രാഷ്ട്രീയ ബോധത്തെ പ്രീണിപ്പിക്കുക ഒക്കെ ചെയ്യുകയാണ് സി.പി.എം. ഇടതുപക്ഷത്തിന്റെ ഈ മാറ്റത്തെ എങ്ങനെ കാണുന്നു ?

വേണു: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരിടുന്ന വിഷയം, അത് ശരിക്കും ഒരു തിരഞ്ഞെടുപ്പ് രാഷ്ട്രീയ പാര്‍ട്ടിയായി മാറിയെന്നുള്ളതാണ്. അവരിപ്പോള്‍ അധികാര പാര്‍ട്ടിയാണ്. അധികാരം കൈയാളാന്‍ വേണ്ടി വോട്ടുബാങ്ക് രാഷ്ട്രീയം എന്ന നിലയ്ക്ക് തന്നെ അതിനെ കണ്ടാല്‍ മതി. കോണ്‍ഗ്രസോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോ പോലെ തന്നെയുള്ള അവസ്ഥയിലേക്ക് അത് മാറിയിരിക്കുന്നു. വോട്ടുനേടാനുള്ള ഏതു മാര്‍ഗ്ഗവും തേടാം എന്ന നിലയിലായി. പിന്നെ അവിടെ സിദ്ധാന്തങ്ങള്‍ക്കോ മറ്റ് കാര്യങ്ങള്‍ക്കോ പ്രസക്തിയില്ല.

അപ്പോള്‍ സൈദ്ധാന്തികമായി ചിലതൊക്കെ പുറമേ പറയുമെങ്കിലും ഏറ്റവും അടിസ്ഥാനപരമായി ഒരു സാമൂഹികവിഭാഗത്തെ അടുപ്പിക്കുക എന്നുള്ളതാണ്. ഹിന്ദുസമൂഹത്തില്‍ നിന്ന് പിന്നോക്ക ജനവിഭാഗങ്ങളിലെ നല്ലൊരു വിഭാഗം ബി.ജെ.പിയിലേക്ക് പോകുന്നു. ഇത് കാണുമ്പോഴാണ് അവരെ കൂടെ നിറുത്താന്‍ ശോഭായാത്ര, ശബരിമലയാത്ര, അമ്പല കമ്മിറ്റികള്‍ എന്നിവയെയൊക്കെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് വരുന്നത്. അതുപോലെതന്നെ ഇത്തരം കാര്യങ്ങളില്‍ പരസ്യമായി ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ആളുകളെപ്പോലും തള്ളിപ്പറയുന്ന അവസ്ഥയുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ അങ്ങനെയൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ കാണാം. ഒരു പ്രശ്‌നമുന്നയിക്കുന്നതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്ന ആളുകളുമുണ്ട്.

ചോദ്യം: പണ്ട് രണ്ട് വിഭാഗങ്ങള്‍ പാര്‍ട്ടിയിലുണ്ടായിരുന്നു. ജനകീയനേതാക്കളും ബുദ്ധികേന്ദ്രങ്ങളും. സമകാലിക കാലഘട്ടത്തില്‍ ഇത്തരം ബുദ്ധിജീവികള്‍ കുറ്റിയറ്റ നിലയിലാണ്. അതിനാല്‍ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളെ നിര്‍വചിക്കാനാവുന്നില്ലെന്ന ആക്ഷേപവും പാര്‍ട്ടിയിലുണ്ട്. ?

വേണു: അതുണ്ട്. ഇ.എം.എസൊക്കെ ഉള്ളപ്പോള്‍ എല്ലാകാര്യങ്ങളിലും വ്യാഖ്യാനം നല്‍കും. മഅദനിയെ ഗാന്ധിയായിട്ടൊക്കെ ഉപമിക്കുന്നതു വരെയൊക്കെ ഇ.എം.എസ് പോയിട്ടുണ്ട്. രാഷ്ട്രീയം ഇതൊക്കെ തന്നെ. ഇ.എം.എസിന്റെ കാലത്തു നിന്നു തുടങ്ങി വച്ചതാണിതൊക്കെ. ഏതുസമുദായത്തെ വേണമെങ്കിലും, വിഭാഗത്തെ വേണമെങ്കിലും കൂടെക്കൂട്ടാം. പക്ഷേ സൈദ്ധാന്തികമായി വ്യാഖ്യാനം നല്‍കാന്‍ ഇ.എം.എസിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ അതിനാളില്ല. ഈ രാഷ്ട്രീയം മാറാന്‍ തുടങ്ങിയിട്ട് 30-40 വര്‍ഷമായി. വെറും അധികാര രാഷ്ട്രീയത്തിലേക്ക്, അധികാരപാര്‍ട്ടിയായി മാറാന്‍ തുടങ്ങിയത് 70-കള്‍ മുതല്‍ക്കാണ്. കൂടുതല്‍ കൂടുതല്‍ അധ:പതിച്ചുകൊണ്ടിരിക്കുന്നു എന്നേ പറയാന്‍ പറ്റൂ. യാതൊരു തത്വദീക്ഷയും ഇന്ന് അവര്‍ക്ക് ആവശ്യമില്ല.

ചോദ്യം: ദളിതുകളോടുള്ള സമീപനത്തില്‍ അത് കേന്ദ്രത്തിലായാലും കേരളത്തിലായാലും സമീപനത്തില്‍ ഇന്നും മാറ്റമൊന്നുമില്ല. ഇക്കാലഘട്ടത്തില്‍ അവര്‍ക്കെങ്ങനെ ഈ പ്രശ്‌നങ്ങളെ അതിജീവിക്കാനാവും ?

വേണു: ദളിതുകള്‍ക്ക് ദളിത് രാഷ്ട്രീയത്തിലൂടെയേ പ്രശ്‌നങ്ങളെ അതിജീവിക്കാനാവൂ. അംബേദ്കര്‍ രാഷ്ട്രീയം തിരിച്ചറിയുക, ആ പ്രവണത വളര്‍ന്നു വന്നിട്ടുണ്ട്. കേരളത്തിലും ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ അത് തിരിച്ചറിയുന്ന ആളുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പക്ഷേ സംഘടിക്കാനാവുന്നില്ല എന്നേയുള്ളൂ. അഖിലേന്ത്യാതലത്തിലുമതേ. കമ്മ്യൂണിസ്റ്റുകാരെ ആശ്രയിച്ചു മാത്രമല്ല തങ്ങള്‍ക്കെന്തെങ്കിലും ചെയ്യാനാവുക എന്ന ചിന്തയൊക്കെ അവര്‍ക്കിടയിലുണ്ടായിട്ടുണ്ട്.

അംബേദ്കര്‍ ചൂണ്ടിക്കാണിച്ചിരുന്ന ഒരു രാഷ്ട്രീയമുണ്ട്. അതായത് തങ്ങളുടെ രാഷ്ട്രീയ അധികാരത്തിന്റെ പങ്കാളിത്തം പിടിച്ചുപറ്റുകയെന്നത്. ആ രീതിയില്‍ സംഘടിച്ചു വരാനവര്‍ക്ക് കഴിയാതെ വരുന്നുണ്ട്. യു.പിയില്‍ മായാവതിയുടെ പാര്‍ട്ടിക്കു മാത്രമാണതിന് കഴിഞ്ഞത്. ദളിതര്‍ അധികാരം പിടിച്ചുപറ്റുകയെന്നത് വലിയ കാര്യമാണ്. പലരും മായാവതിയെ വ്യക്തിപരമായി കുറ്റപ്പടുത്തുമ്പോള്‍ വ്യക്തിപരമായി ഞാനതിനെതിരാണ്. പണ്ട് കാന്‍ഷിറാം പറഞ്ഞ ഒരു കാര്യമുണ്ട്. അയാള്‍ക്ക് മായാവതിയെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. കാന്‍ഷിറാമാണ് ആ പാര്‍ട്ടിയുണ്ടാക്കിയത്. കാന്‍ഷിറാം പറഞ്ഞ പോയിന്റ് എന്താണെന്ന് വച്ചാല്‍ യു.പി 30 ശതമാനം ബ്രാഹ്മണരുള്ള സംസ്ഥാനമാണ്. ആ ബ്രാഹ്മണര്‍ സമ്പന്നരൊന്നുമല്ല. അവിടെ റെയില്‍വേ സ്റ്റേഷനില്‍ റിക്ഷാ വലിക്കുന്നതുവരെ കുടുമവച്ച ബ്രാഹ്മണരാണ്. പക്ഷേ അങ്ങനെയുള്ള ബ്രാഹ്മണസമൂഹത്തില്‍ മനുസ്മൃതി പറയുന്ന ചണ്ഡാല സ്ത്രീ മുഖ്യമന്ത്രിയാകുക എന്നത് കാന്‍ഷിറാമിന്റെ വാശിയായിരുന്നു. ചരിത്രത്തിന്റെ പകപോക്കല്‍ കൂടിയായിരുന്നു അത്.

മായാവതിയൊക്കെ മുഖ്യമന്ത്രിയായ സമയത്ത് ഇവിടെ പലരും, കമ്മ്യൂണിസ്റ്റുകാരൊക്കെ പറയുന്നത് മായാവതിയുടെ വിവരം, അഴിമതി എന്നിവയെക്കുറിച്ചായിരുന്നു. കേരളത്തില്‍ ദളിതുകളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയന്‍ ഉണ്ടാക്കിയ കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തതിനേക്കാള്‍ വലിയ സാമൂഹിക മാറ്റമാണവിടെ ഉണ്ടായത്. മായാവതി അധികാരമേല്‍ക്കുന്നതിന് മുമ്പ് ഗ്രാമങ്ങളിലൊക്കെ ചെന്നാല്‍ ദളിതരൊക്കെ ഒരു അധികാരവുമില്ലാതെ പുറമ്പോക്കിലായിരുന്നു കഴിഞ്ഞിരുന്നത്. ഒരു വില്ലേജ് ഓഫീസില്‍ കയറി ചെല്ലുക, പൊലീസ് സ്റ്റേഷനില്‍ കയറിച്ചെല്ലുക എന്നതുപോലും അനുവദിക്കാത്ത മേധാവിത്വമായിരുന്നു അവിടെ. മായാവതി അധികാരത്തില്‍ വന്നതോടെ സ്ഥിതിയാകെ മാറി.

ബി.എസ്.പിയുടെ ബ്രാഞ്ച് സെക്രട്ടറിക്ക് ചുമ്മാ കസേര വലിച്ചിട്ട് എസ്.ഐയ്ക്ക് മുന്നിലൊക്കെ ഇരിക്കാമെന്നായി. അതാണ് അംബേദ്കര്‍ പറഞ്ഞ വളരെ കറക്ടായ കാര്യം. ജാതി വ്യവസ്ഥ ഇല്ലാതാവണമെങ്കില്‍ അധികാരത്തില്‍ വരണം. അധികാരത്തില്‍ നിന്നാണ് അവര്‍ അകറ്റപ്പെട്ടത്. ഇവിടെ ആ ആശയം കമ്മ്യൂണിസ്റ്റുകാര്‍ ദളിതര്‍ക്ക് നല്‍കിയില്ല. കെ.പി.എം.എസിന്റെ പിന്നില്‍ 10 ലക്ഷത്തെയും 15 ലക്ഷത്തെയും അണിനിരത്താന്‍ പറ്റും. പക്ഷേ അവര്‍ക്ക് യാതൊന്നുമില്ല. അതല്ല വിഷയം, അധികാര പങ്കാളിത്തം, അധികാരത്തില്‍ മറ്റുള്ളവര്‍ക്ക് ഒപ്പമെത്തുക അതാണ് കാര്യം.

ഇന്ത്യയിലൊക്കെ ഉണ്ടായിക്കഴിഞ്ഞു ആ മാറ്റം. ആ മാറ്റം ബീഹാറിലൊക്കെ പ്രകടമാണ്. ഇന്ന് ദളിതര്‍ ഉറച്ചുനിന്ന് പോരാടാന്‍ തയ്യാറാണ്. അവര്‍ക്ക് കൃത്യമായ രാഷ്ട്രീയം അറിയാം. അതിന് കൃത്യമായ പ്രയോഗമുണ്ടവര്‍ക്ക്. മനുവാദി രാഷ്ട്രീയമെന്നാണ് അവര്‍ അതിന് പറയുക. മനുസ്മൃതിയുടെ രാഷ്ട്രീയം. തങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാവരും മനുവാദി രാഷ്ട്രീയക്കാരാണെന്നാണ് അവര്‍ പറയുക. ബി.ജെ.പി മുതല്‍ കമ്മ്യൂണിസ്റ്റ്, നക്‌സലൈറ്റ് വരെയുള്ളവരെല്ലാം മനുവാദി രാഷ്ട്രീയക്കാരാണെന്നാണ് കാന്‍ഷിറാമൊക്കെ പഠിപ്പിച്ചത്.

ചോദ്യം: പക്ഷേ ആദിവാസികള്‍ക്ക് ഇടയില്‍ പ്രകടമായി നക്‌സലിസത്തോട് മമതയുണ്ടല്ലോ ? സമത്വത്തിന്റെ ബോധം സൃഷ്ടിക്കുന്നതുകൊണ്ടാണോ അത് ?

വേണു: അത് ശരിയൊന്നുമല്ല. ബീഹാര്‍ നിയമസഭയില്‍ സി.പി.ഐക്ക് വലിയ പങ്കാളിത്തമുണ്ടായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പോലും പങ്കാളിത്തമുണ്ടായിരുന്നു. അതിനിടയിലേക്ക് കടന്നുവന്നത് നക്‌സലൈറ്റുകളായിരുന്നു. ഭോജ്പുരിലൊക്കെ 8-9 സീറ്റുകളൊക്കെ അവര്‍ നേടിയിരുന്നു. പാര്‍ലമെന്റ് മെമ്പറെയൊക്കെ കിട്ടിയിരുന്നു. പക്ഷേ ഇപ്പോഴത് മൂന്നു സീറ്റൊക്കെയായി. അത് കുറഞ്ഞു പോകുന്നതിന്റെ കാരണം ജാതി രാഷ്ട്രീയത്തെ നേരിടാന്‍ അവര്‍ക്ക് ആവുന്നില്ല എന്നതാണ്. ഇപ്പോഴും അവര്‍ പറയുന്നത് വര്‍ഗ്ഗ രാഷ്ട്രീയമാണ്.

ബസ്തറിലും ജാര്‍ഖണ്ഡിലുമൊക്കെ ആദിവാസികളുടെ കൂടെയാണ് മാവോയിസ്റ്റുകള്‍ എന്നു പറയും. പക്ഷേ അവരെ സംബന്ധിച്ചിടത്തോളം ഒരു വിമോചന മേഖലയുണ്ടാക്കാനുള്ള അധികാരത്തിനുള്ള ഉപാധി മാത്രമാണ് ആദിവാസികള്‍. ആദിവാസികളുടെ സ്വത്വബോധത്തെ അംഗീകരിക്കാന്‍ പോലും അവര്‍ തയ്യാറല്ല. അപ്പോള്‍ പിന്നെ ആദിവാസികള്‍ക്ക് വേണ്ടി നില്‍ക്കുന്നുവെന്ന് പറയുന്നതില്‍ കാര്യമില്ല. ഇപ്പോഴും കമ്മ്യൂണിസ്റ്റിനും മാവോയിസ്റ്റിനും ദളിത് പ്രശ്‌നത്തിന്റെ സ്വത്വരാഷ്ട്രീയം അംഗീകരിക്കാനാവില്ല. അവരുടെ സിദ്ധാന്തം അത് അംഗീകരിക്കുന്നില്ല. അവര്‍ക്കത് വര്‍ഗ്ഗം മാത്രമാണ്. അതുകൊണ്ടാണ് പലരും ഇപ്പോള്‍ ബി.ജെ.പിയിലേക്ക് പോകുന്നത്.

ചോദ്യം: മനസുകൊണ്ട് ബ്രാഹ്മണ്യത്തെ ബഹുമാനിക്കുന്ന പരമ്പരാഗത കീഴാളജീവിത ബോധത്തെയല്ലേ ബി.ജെ.പി അതിന് ഉപയോഗിക്കുന്നത് ?

വേണു: അതെ, അത് നന്നായിട്ട് അവര്‍ ഉപയോഗിക്കുന്നുണ്ട്. ദളിതരുടെ ഇടയിലൊക്കെ തന്നെ അത് പ്രകടമാണ്. പിന്നോക്കക്കാരിലാണത് കൂടുതല്‍. വെള്ളാപ്പള്ളി വീണത് അതിലാണ്. എസ്.എന്‍.ഡി.പി വളരുന്ന കാലഘട്ടത്തിലൊക്കെ ഞങ്ങളാണ് ഹിന്ദുക്കളെന്ന അഭിമാനബോധം അത് ഉണ്ടാക്കി തീര്‍ത്തു. അക്കാര്യത്തിലൊക്കെ ശ്രീനാരായണ ഗുരു അതിന്റെ നേതൃസ്ഥാനത്തൊന്നുമില്ല. പക്ഷേ ഉള്ളില്‍ നിന്ന് ഉയര്‍ന്നുവന്ന ചെറുത്തുനില്‍പ്പിന്റെ രീതിയായിരുന്നു അത്. ഞങ്ങള്‍ യഥാര്‍ത്ഥ ഹിന്ദുക്കള്‍. ഒരു വിവാഹ ചടങ്ങോ മരണചടങ്ങോ നടക്കുമ്പോള്‍ തനി ബ്രാഹ്മണിക് പൂജകള്‍. ഇപ്പോള്‍ നായന്മാരൊന്നും കാര്യമായി പൂജ നടത്താറില്ല. തനി സംസ്‌കൃത ശ്‌ളോകങ്ങളൊക്കെ ചൊല്ലിയാകും അത് നടത്തുക. അവര്‍ ബി.ജെ.പിക്ക് അനുകൂലമാകും. പണ്ട് കമ്മ്യൂണിസ്റ്റുകാര്‍, ഇ.എം.എസും അതുപോലെയുള്ള നേതാക്കള്‍ ഒളിവുകാലത്ത് ചെറ്റക്കുടിലിലൊക്കെ ജീവിച്ചുവെന്നതാണ് ദളിതര്‍ക്ക് അഭിമാനമായിരുന്നത്. ഇപ്പോള്‍ അതൊക്കെ തിരിച്ചാണ്. ബി.ജെ.പിയുടെ നേതാക്കന്മാരൊക്കെയാണ് അവരുടെ ആ ബോധത്തില്‍ കൂടെ ചേരുന്നത്.

ചോദ്യം: ഇപ്പോള്‍ മുമ്പില്ലാത്ത വിധം സംവരണം ലഭിക്കുന്നവരുടെ പഠനത്തെ ചൊല്ലിയൊക്കെ ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. സംവരണം തന്നെ വേണ്ട എന്ന വാദം ഒരു വശത്തുനിന്നുയരുന്നു. മുന്നാക്കക്കാര്‍ക്ക് സംവരണം, ജാട്ട് സംവരണം, പട്ടേല്‍ സംവരണം അങ്ങനെ സംവരണം തന്നെ അപ്രസക്തമാക്കുന്നു. എന്താണ് സംവരണത്തിന്റെ പ്രസക്തി ?

വേണു: ഇന്ത്യയില്‍ 80-കളില്‍ ഗുജറാത്തില്‍ നിന്നും തുടങ്ങിയ സംവരണവിരുദ്ധ പ്രക്ഷോഭമുണ്ടായിരുന്നു. അന്ന് സര്‍ക്കാരുദ്യോഗസ്ഥരെല്ലാം സവര്‍ണ്ണരായിരുന്നു. അന്ന് കോളേജ് വിദ്യാഭ്യാസം ചെയ്തവരും അതുവഴി സര്‍ക്കാരുദ്യോഗസ്ഥരായവരുമെല്ലാം സവര്‍ണ്ണരായിരുന്നു. അദ്ധ്യാപകരും. സവര്‍ണ്ണ വിഭാഗങ്ങളെല്ലാം ചേര്‍ന്ന് വിദ്യാഭ്യാസ സംവരണത്തിനും ഉദ്യോഗസംവരണത്തിനുമെതിരെ സമരം തുടങ്ങി. മറ്റ് സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിച്ചു. ഇതിനെ ചെറുക്കാന്‍ വേണ്ടിയാണ് ലോഹ്യ രാഷ്ട്രീയക്കാര്‍ ഉയര്‍ന്നുവരുന്നത്. ഏറെ ദുര്‍ബലമായിക്കിടന്ന ആ രാഷ്ട്രീയം പ്രബലമാകുന്നത് അങ്ങനെയാണ്. മുലായവും ലാലുവും ശരത് യാദവുമെല്ലാം യു.പിയിലും ബീഹാറിലും ഉയര്‍ന്നുവരുന്നത് അങ്ങനെയാണ്. അങ്ങനെയാണ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടൊക്കെ വരുന്നത്. പൊടിപിടിച്ചു കിടന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടൊക്കെ അതിന്റെ ഫലമായിട്ടൊക്കെ വരികയായിരുന്നു. അതിലൂടെയാണ് ബി.ജെ.പിയെ നേരിടാനുള്ള വലിയ ശക്തി സമാഹരിക്കുന്നത്.

ഇന്ത്യയിലെ സ്ഥിരം വിഷയമാണിത്. സവര്‍ണ്ണ വിഭാഗങ്ങള്‍ സംവരണത്തിനെതിരായി നില്‍ക്കുന്നു. ദളിത് പിന്നോക്ക വിഭാഗങ്ങള്‍ സംവരണത്തിന് അനുകൂലമായി നില്‍ക്കുന്നു. അതിലൂടെയാണ് ഇത് വളര്‍ന്നുവന്നത്. കേരളത്തില്‍ ഫലപ്രദമാകാത്തതിന് കാരണം എന്താണെന്ന് വച്ചാല്‍ കമ്മ്യൂണിസ്റ്റുകാര്‍ സംവരണത്തിന് ശരിക്ക് അനുകൂലമല്ല എന്നതുതന്നെയാണ്.

ക്രീമിലെയര്‍ എന്ന വിഷയം അന്നൊക്കെ ചര്‍ച്ചയായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗങ്ങളില്‍ പിന്നോക്കവിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം കൊടുക്കണമെന്നായിരുന്നു. പിന്നാക്കക്കാര്‍ അന്ന് ജനസംഖ്യയുടെ 52 ശതമാനമുണ്ട്. സര്‍വേ നടത്തിയപ്പോള്‍ കണ്ടത് ഈ വിഭാഗങ്ങള്‍ക്ക് നാല് ശതമാനം പേര്‍ക്കേ ഐ എ എസ്, ഐ പി എസ് വിഭാഗങ്ങളില്‍ ഉദ്യോഗമുള്ളൂ എന്നാണ്. എന്നാല്‍ 12 ശതമാനം വരുന്ന സവര്‍ണ്ണരില്‍ 80 ശതമാനം പേര്‍ ആ തസ്തികകളിലുണ്ട്. 22 ശതമാനം സംവരണമുള്ള പട്ടികജാതിക്കാര്‍ക്ക് 11 ശതമാനം ഉദ്യോഗസ്ഥരെ നേടാനായി.

സംവരണം മൊത്തത്തില്‍ 50 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന സുപ്രീംകോടതി റൂളിംഗ് ഉള്ളതിനാലാണ് 27 ശതമാനം എന്ന ആശയം വരുന്നത്. 22 ശതമാനം സംവരണം പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുണ്ട്. അവരില്‍ 11 ശതമാനം പേരെങ്കിലും ജോലി നേടിയിട്ടുണ്ട്. ഐ.എ.എസ്. ഐ.പി.എസ് വിഭാഗങ്ങളില്‍ 22 ശതമാനം നേടാന്‍ അവരില്‍ ആളില്ല. 22 ശതമാനം പട്ടികജാതിക്കാരില്‍ 11 ശതമാനമുള്ളപ്പോള്‍ 52 ശതമാനമുള്ള പിന്നാക്കക്കാരില്‍ നിന്ന് നാല് ശതമാനമേ ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥരുള്ളൂ.

ഈ 27 ശതമാനം കൊടുക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതിയില്‍ കേസു വന്നു. അന്ന് നരസിംഹറാവു ഗവണ്‍മെന്റ് ഒരു നിര്‍ദ്ദേശം വച്ചു. പിന്നോക്കക്കാരിലെ ക്രിമിലെയറിനെ ഒഴിവാക്കി സംവരണം കൊടുക്കാം. ഒന്നോ രണ്ടോ ലക്ഷം വാര്‍ഷിക വരുമാന പരിധിയും വച്ചു. അന്ന് ഞാനൊക്കെ ജെ.എസ്.എസിലൊക്കെ നില്‍ക്കുന്ന സമയമാണ്. ഞാനൊക്കെ അതിനെ എതിര്‍ത്തു.

ഈ ക്രീമിലെയര്‍ തന്നെ മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമം തുടങ്ങി. ഇ.എം.എസ് ഒക്കെ ക്രീമിലെയറിനെ അനുകൂലിച്ചു. കാരണം അവര്‍ സാമ്പത്തിക സംവരണത്തിന് അനുകൂലമായിരുന്നു. വര്‍ഗ്ഗസിദ്ധാന്തം കൊണ്ടുവരാനായിരുന്നു അവരുടെ നീക്കം. ജാതിയല്ല പണമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരമായിരുന്നു അവര്‍ക്ക് വിഷയം. അപകടം എന്താണെന്നു വച്ചാല്‍ അന്ന് പരിധി നിശ്ചയിച്ചിരുന്ന രണ്ട് ലക്ഷം രൂപയൊക്കെ വാര്‍ഷികവരുമാനമുള്ളത് ഹൈസ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയ ജോലി ചെയ്യുന്നവര്‍ക്കാണ്. അവരുടെ മക്കള്‍ക്കേ ഐ.പി.എസിന് പോകാനുള്ള അര്‍ഹതയുണ്ടാകൂ. കര്‍ഷക തൊഴിലാളികളുടെ മക്കളില്‍ നിന്ന് കാര്യമായി ഈ വിഭാഗത്തിലേക്ക് വരിക കുറവാണ്. ഹൈസ്‌കൂള്‍ അധ്യാപരെ ക്രീമിലെയറിലൂടെ ഒഴിവാക്കിയാല്‍ പിന്നെ പിന്നോക്കക്കാരില്‍ നിന്ന് ആരാണ് ഈ വിഭാഗത്തിലുണ്ടാകുക. ഈ ചോദ്യമാണ് ഞങ്ങള്‍ ചോദിച്ചത്.

സാമൂഹിക സംവരണം എന്നു പറയുമ്പോള്‍ പണം നോക്കിയല്ല അത് ചെയ്യേണ്ടത്. ആ സമുദായത്തെ പിന്നോക്ക അവസ്ഥയാണ് പരിഹരിക്കേണ്ടത്. ഇതാണ് സംവരണത്തെ അനുകൂലിക്കുന്നവരുടെ നിലപാട്. ഞങ്ങളൊക്കെ ആ നിലപാടായിരുന്നു. ഇ.എം.എസ് ഫലത്തില്‍ പിന്നോക്കക്കാരുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പമല്ല നിന്നത്. അംബേദ്ക്കര്‍ മുന്നോട്ട് വച്ച സാമുദായിക സംവരണമെന്ന ആശയത്തെ തത്വത്തില്‍ അംഗീകരിക്കുന്നുവെന്ന് പറയുകയും പ്രയോഗത്തില്‍ തുരങ്കം വയ്ക്കുകയും ചെയ്യുകയായിരുന്നു അവര്‍. അതാണ് കേരളത്തില്‍ ഇടത് രാഷ്ട്രീയം നേരിടുന്ന പ്രശ്‌നങ്ങള്‍. പിന്നോക്ക, ദളിത് വിഭാഗങ്ങളുടെ കൂടെയല്ല അവരെന്ന തോന്നല്‍ ആ വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്.


ചോദ്യം: സംവരണം കേരളത്തില്‍ വേണ്ട എന്ന രീതിയില്‍ പ്രചരണം കൊടുമ്പിരികൊള്ളുന്നു. ആ വാദത്തില്‍ എത്രത്തോളം കാമ്പുണ്ട് ?

വേണു: അത് വസ്തുതാപരമല്ല. മുസ്ലിങ്ങളുടെ കാര്യത്തിലാണ് കുറെ പറഞ്ഞുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ മാത്രം അതില്‍ കുറച്ചു ശരിയുണ്ട്. അവര്‍ക്കിവിടെ അധികാരമുണ്ട്. സമ്പത്തും ഒരുവിധം അവര്‍ നേടിക്കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ അഖിലേന്ത്യാ തലത്തില്‍ അവരുടെ അവസ്ഥ ദളിതരേക്കാള്‍ മോശമാണ്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അത് ഭംഗിയായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ദളിതരേക്കാള്‍ മോശം അവസ്ഥ, സമ്പത്തും അധികാരവുമില്ല; ഒന്നുമില്ല. പക്ഷേ ഇവിടെ ജോലിക്കാര്യത്തില്‍ അവര്‍ മെച്ചപ്പെട്ടിട്ടില്ല. എസ്.എന്‍.ഡി.പിക്കാര്‍ക്ക് കിട്ടിയ അത്രയും പോലും അവര്‍ക്ക് കിട്ടിയിട്ടില്ല. ഇപ്പോള്‍ കിട്ടുന്നുണ്ടെങ്കില്‍ പോലും അത്രയും നല്ല നിലയിലെത്തിയിട്ടില്ല.

ചോദ്യം: സര്‍ക്കാര്‍ ജോലിക്കാര്യത്തില്‍ അവരിലെ ചില സാമുദായിക സംഘടനകളുടെ നയങ്ങളും തിരിച്ചടിയായിട്ടില്ലേ ?

വേണു: പക്ഷേ അതൊക്കെ വളരെ ചെറിയ ഘടകമാണ്. ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കാലത്ത് എന്‍ട്രന്‍സില്‍ മലപ്പുറത്തുകാരുടെ നേട്ടങ്ങളുമായി ബന്ധപ്പെട്ട് വി.എസിന്റെ ഒരു വിവാദ പ്രസ്താവനയുണ്ടായിരുന്നു. അന്ന് ഏഷ്യാനെറ്റിന്റെ കേരളസ്‌കാന്‍ എന്ന പരിപാടി ചെയ്യാറുണ്ടായിരുന്നു. അന്നീ വിഷയത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. അന്ന് തൃശൂരില്‍ പി.സി തോമസുമായി ഞാന്‍ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം കുറെ വര്‍ഷത്തെ അവിടത്തെ വിദ്യാര്‍ത്ഥികളുടെ ലിസ്‌റ്റെടുത്ത് കാട്ടി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയത് മുസ്ലിം വിദ്യാര്‍ത്ഥികളായിരുന്നു. ഗള്‍ഫ് പണവും അതിന് സഹായകമായിട്ടുണ്ട്. അവരിപ്പോള്‍ വളരെ മാറിയിരിക്കുന്നു. പക്ഷേ സംവരണകാര്യത്തില്‍ ദളിതരുടെ കാര്യമോ? ദളിത് വിഭാഗങ്ങളില്‍ സമ്പത്തിന്റെ ഒരു ശതമാനം പോലും അവര്‍ക്കില്ല. സമ്പത്തില്ലാതെ പിന്നെങ്ങനെയാണ്. പഠിക്കാനുള്ള അലവന്‍സ് കൊടുക്കുന്നു എന്നു പറയുന്നതില്‍ കാര്യമില്ല.

അതിനേക്കാള്‍ കവിഞ്ഞ വിഷയം രോഹിത് വെമുലയുടെ കാര്യത്തില്‍ പോലും ഉയര്‍ന്നു വരുന്ന സാമൂഹിക വിഷയങ്ങളാണ്. പി.എച്ച്.ഡി നിലവാരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോലും അഭിമുഖീകരിക്കേണ്ടി വന്ന സാമൂഹികപീഢനം; അത് വളരെ ഗൗരവമാണ്. ബി.എസ്.പി എന്ന പാര്‍ട്ടി ഉണ്ടാകുന്നത് തന്നെ അങ്ങനെയാണ്. 80-കളിലൊക്കെ ഡല്‍ഹിയില്‍ പോകുമ്പോള്‍ ബി.എസ്.പി നേതാക്കന്മാരെ കാണാറുണ്ട്. അന്ന് സംവരണത്തിലൂടെ ഐ.എ.എസ് -ഐ.പി.എസ് ജോലി ലഭിച്ചവരാണ് ഏറെയും. 11 ശതമാനം പേര്‍ക്ക് ജോലി ലഭിച്ചുവെന്നുള്ളത് അത്ര ചെറിയകാര്യമല്ല. എന്നാല്‍ ഈ ഉദ്യോഗസ്ഥര്‍ മുഴുവന്‍ ഭയങ്കരമായ പീഢനം അനുഭവിക്കുന്നുണ്ടായിരുന്നു.

തമിഴ്-മലയാളി സാഹിത്യകാരന്‍ ജയമോഹന്റെ ഒരു കഥയുണ്ട്. നൂറ് സിംഹാസനം. നായാടി സമൂഹത്തെ കുറിച്ചാണത്. അത്ര ഭീകരമായ അവസ്ഥയില്‍ ജീവിക്കുന്നവരാണ് അവര്‍. മൃഗാവസ്ഥയില്‍ ജീവിക്കുന്ന വിഭാഗം, പകല്‍ പോലും അവര്‍ പുറത്തിറങ്ങില്ലെന്ന് ആ പുസ്തകം വായിച്ചപ്പോഴാണ് ഞാനറിയുന്നത്. അവരില്‍ നിന്നൊരാള്‍ ഐ.എ.എസുകാരനായി. എന്നാല്‍ അയാള്‍ക്ക് അനുഭവിക്കേണ്ടി വന്ന പീഢനം ചെറുതല്ല. ഏത് മേഖലയില്‍ ചെന്നാലും അയാളേക്കാള്‍ താഴെയുള്ള സവര്‍ണ്ണനായിരിക്കും അധികാരം കൈയാളുക. അയാളെ ഒതുക്കും. ബി.എസ്.പി നേതാക്കന്മാരായവരെല്ലാം പീഡനം അനുഭവിച്ച ഇത്തരം ഉദ്യോഗസ്ഥരായിരുന്നു. ബി.എസ്.പി കെട്ടിപ്പെടുത്തത് തന്നെ ഇത്തരം ഉദ്യോഗസ്ഥരായിരുന്നു. ഇന്നും സാമൂഹിക അന്തരീക്ഷം മാറി എന്നു പറയുന്നത് പോലും വ്യര്‍ത്ഥമാണ്. മാറിയില്ല എന്നതാണ് രോഹിത് വെമുല സംഭവം തന്നെ കാണിച്ചത്. പി.എച്ച്.ഡി നിലവാരത്തിലെത്തിയ ഒരു വിദ്യാര്‍ത്ഥി അനുഭവിച്ച പീഢനമല്ലേ അത്.

ചോദ്യം: ഇതേ അവസ്ഥയല്ലേ തിരുവിതാംകൂറില്‍ എസ്.എന്‍.ഡി.പിയുടെ പിറവിയ്ക്ക് വഴിവച്ചതും ?


വേണു: അതേ. സി.വി. കുഞ്ഞുരാമന്‍ ആത്മകഥയില്‍ പറയുന്ന ഒരു കാര്യമുണ്ട്. സ്‌കൂളില്‍ പോകുമ്പോള്‍ അയല്‍വക്കക്കാരന്‍ ജോസഫ് എന്ന ഒരു കൂട്ടുകാരനുണ്ട്. ഒരേ ക്ലാസിലാണ് അവര്‍ പഠിക്കുന്നത്. ജോസഫിനേക്കാള്‍ അരമണിക്കൂര്‍ മുമ്പേ പുറപ്പെടണം കുഞ്ഞുരാമന്. എന്നാലേ സമയത്ത് ക്ലാസിലെത്താനാവൂ. ഇയാള്‍ ഈഴവനാണല്ലോ. അതുകൊണ്ട് വഴിയില്‍ കൂടി പോകുമ്പോള്‍ വിളിച്ചുപറഞ്ഞുകൊണ്ട് നടക്കണം. നായരോ നമ്പൂതിരിയോ വന്നാല്‍ അയിത്തമായി. അവര്‍ക്ക് അയിത്തമായാല്‍ ഇവനാണ് കുറ്റം. അവര്‍ അകന്നുപോകാന്‍ വേണ്ടി വിളിച്ചുപറയണം. ഇടയ്‌ക്കൊക്കെ വഴിമാറി നില്‍ക്കണം. ജോസഫിനാകുമ്പോള്‍ ഇതൊന്നും വേണ്ട. ജോസഫ് അരമണിക്കൂര്‍ വൈകി ഇറങ്ങിയാല്‍ മതി. അപ്പോള്‍ ജോസഫായാല്‍ മതിയെന്ന് എനിക്ക് തോന്നിയിട്ടുണ്ടെന്ന് സി.വി. പറഞ്ഞിട്ടുണ്ട്. അത് ഭീകരം തന്നെയാണ്. പോരാടി തന്നെ മാറ്റേണ്ട അവസ്ഥയാണ്.

ചോദ്യം: എല്ലാറ്റിലും നല്ലത് ജനാധിപത്യമാണെന്ന അഭിപ്രായം പോലും അപ്രസക്തമായി കൊണ്ടിരിക്കുകയാണ് ഇന്ന്. അഴിമതിയും സ്വജനപക്ഷപാതവും വളരുകയാണ്. സിവില്‍ സമൂഹത്തിന്റെ പ്രതികരണം പലപ്പോഴും അതിതീവ്ര നിലപാടിലേക്ക് നീങ്ങിയാല്‍ കുറ്റം പറയാനാകുമോ ?

വേണു: പക്ഷേ മാവോയിസ്റ്റ് ജനാധിപത്യത്തെ ഞാന്‍ അംഗീകരിക്കുന്നു പോലുമില്ല. ജനാധിപത്യത്തിന്റെ രാഷ്ട്രീയപ്രകിയയെ മുന്നോട്ടുകൊണ്ടു പോകുകയേ വഴിയുള്ളൂ. എങ്ങനെ എന്ന ഒരു പ്രശ്‌നമുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും ജനാധിപത്യത്തിന് വെല്ലുവിളിയാണ്. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അഞ്ചുകൊല്ലം എന്തും ചെയ്യാം എന്ന അവസ്ഥയുണ്ട്. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണത്. ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള കൂട്ടുകെട്ടുകളാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. സിവില്‍ സമൂഹത്തെ എല്ലാറ്റില്‍ നിന്നും മാറ്റി നിറുത്തുന്ന ഒന്നായി അധികാരം മാറുന്നു. സമൂഹം അധികാരത്തില്‍ നിന്ന് പുറത്തുള്ള ഒന്നാണല്ലോ.

അധികാരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനോ നിയന്ത്രിക്കാനോ സിവില്‍സമൂഹത്തില്‍പ്പെടുന്ന സാധാരണക്കാര്‍ക്ക് കഴിയാത്ത അവസ്ഥ. അത് ശരിക്കും ജനാധിപത്യത്തിന്റെ ഒരു ഘടനാപരമായ പ്രതിസന്ധിയാണ്. അതിനുള്ള പരിഹാരം ഭരണസംവിധാനം സുതാര്യമാക്കുകയെന്നുള്ളതാണ്. അതിനുള്ള സാങ്കേതികവിദ്യ ഉയര്‍ന്നുവന്നിട്ടുണ്ട്. ഏറെക്കുറെ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലും അങ്ങനെ ചെയ്യാം.

ആം ആദ്മി പാര്‍ട്ടി അങ്ങനെയൊരു നീക്കത്തിലാണ്. അത് ഓരോ ഡിപ്പാര്‍ട്ടുമെന്റിലും സാദ്ധ്യമാണെന്ന് അവര്‍ പറയുന്നുണ്ട്. ഭരണത്തിന്റെ മുഴുവന്‍ ചിത്രവും നമുക്ക് ലഭ്യമാകും. വിവരാവകാശനിയമപ്രകാരം മാറ്റി വച്ചിരിക്കുന്ന ചില വിഷയങ്ങളുണ്ട്. അത് പരമാവധി ചുരുക്കണം. രാജ്യരക്ഷാ വിഷയങ്ങള്‍ മാത്രം ഒഴിവാക്കണം. മാറ്റാന്‍ പറ്റും എന്നതാണ് യാഥാര്‍ത്ഥ്യം. തടസമായി നില്‍ക്കുന്നത് ഉദ്യോഗസ്ഥരാണ്. കേരളത്തില്‍ ഇ ഗവേണന്‍സ് എന്നൊക്കെ പറഞ്ഞ് ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. എതിര് നില്‍ക്കുന്നത് ഉദ്യോഗസ്ഥരാണ്.

അവരാണ് അത് നടപ്പിലാക്കുന്നത്. ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വം ഉയര്‍ന്നുവരണം. പക്ഷേ ഇപ്പോഴുള്ളവര്‍ക്ക് അതില്‍ താല്‍പ്പര്യമില്ല. പക്ഷേ ആം ആദ്മി പാര്‍ട്ടിയൊക്കെ ഉയര്‍ന്നുവന്നത് അങ്ങനെയല്ലേ. ഒരു ബദല്‍ ഉയര്‍ന്നുവരണം. ജനാധിപത്യത്തില്‍ അധികാരം എന്നത് സുതാര്യമാകണം. പൂര്‍ണ്ണമായും സുതാര്യം. അതിനുള്ളിലും കളികള്‍ക്ക് സാധ്യതയുണ്ടെങ്കിലും അതിന് അതിരുണ്ട്. പക്ഷേ ഇന്ന് നാം ഒന്നും അറിയുന്നില്ല.

ചോദ്യം: സുതാര്യത അവകാശപ്പെട്ട് രംഗത്തുവന്ന സര്‍ക്കാരാണ് ഇപ്പോഴത്തേത്. മുഖ്യന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചേംബര്‍ കാമറയ്ക്കു കീഴിലായിരുന്നു. പക്ഷേ സര്‍ക്കാരിന്റെ അന്തിമഘട്ടമെത്തുമ്പോള്‍ ആ സുതാര്യതയെന്ന കാഴ്ചപ്പാടു തന്നെ അശ്ലീലമായിരിക്കുന്നു. എങ്ങനെ കാണുന്നു ആ സ്ഥിതിവിശേഷത്തെ ?

വേണു: സുതാര്യത മുദ്രാവാക്യമായി മാത്രം ഉയര്‍ത്തുക എന്നത് മാത്രമല്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ പരിഷ്‌ക്കാരവുമായി ബന്ധപ്പെട്ട് ഞാന്‍ ഒരു ലേഖനം എഴുതിയിരുന്നു. സുതാര്യതയാക്കണമെങ്കില്‍ ഈ സംവിധാനം പോരാ. ഇ.എം.എസ് ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ഉണ്ടാക്കിയിരുന്നു. പക്ഷേ ഒന്നും നടക്കില്ല. ഭരണപരിഷ്‌ക്കാര കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിമാരും അണ്ടര്‍ സെക്രട്ടറിമാരുമായാല്‍ എന്താ കാര്യം. സമാന്തര സംവിധാനം ഉണ്ടാക്കണം. വിവരസാങ്കേതിക വിദ്യ കൃത്യമായി കൈകാര്യം ചെയ്യാനറിയുന്നവരും സുതാര്യമാക്കണമെന്ന് പ്രതിബന്ധതയുള്ളവരും ചേര്‍ന്ന് സമാന്തരമായ സംവിധാനം ഉണ്ടാക്കി ഇതിനെയെല്ലാം പൊളിക്കണം. ഭരണസംവിധാനത്തില്‍ നിന്നുകൊണ്ട് അതിന് കഴിയില്ല. അതിന് ഈ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് കഴിയില്ല. കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് പ്രത്യേകിച്ചും കഴിയില്ല. അവര്‍ ഉദ്യോഗസ്ഥരെ വിശ്വസിക്കുകയും അവര്‍ക്ക് പിന്നാലെ പോകുകയും ചെയ്യുന്നവരാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് അതിന് അപ്പുറത്ത് പോകാനുള്ള കഴിവില്ല. പക്ഷേ ഇങ്ങനെയുള്ള രാഷ്ട്രീയം ലോകവ്യാപകമായി ചര്‍ച്ച ചെയ്യുന്നുണ്ട്. സാദ്ധ്യമായ ഒന്നുമാണ് അത്.

സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളൊക്കെ ഇങ്ങനെ മുന്നേറ്റമുണ്ടാക്കിയ രാജ്യങ്ങളാണ്. അഴിമതിയുടെ കാര്യത്തില്‍ അവര്‍ 95 ശതമാനത്തിനു മുകളിലെത്തിയവരാണ്. നാമിപ്പോഴും 30-35 ശതമാനമേ ആയിട്ടുള്ളൂ. മുതലാളിത്ത രാജ്യങ്ങളെന്ന് അധിക്ഷേപിക്കുമ്പോഴും ആ രാജ്യങ്ങളാണ് അഴിമതി ഇല്ലാതാക്കുന്നതില്‍ മുന്നില്‍. കാരണം സാങ്കേതിവിദ്യ ഉപയോഗിച്ച് ഭരണസംവിധാനം സുതാര്യമാക്കിയെന്നതാണ് കാര്യം. സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. വളര്‍ന്നും വരുന്നുണ്ട്. അതിലേക്കാണ് ചിന്തിക്കേണ്ടത്. അതിനുവേണ്ടിയുള്ള പുതിയതലമുറയാണ് ഉയര്‍ന്നുവരേണ്ടത്. അത് വളര്‍ന്നുവരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇത്തിരി വൈകിയാലും.

ചോദ്യം: ജെ.എന്‍.യു സംഭവത്തിലെ യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചചെയ്യാന്‍ സാമ്പ്രദായിക മാധ്യമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പുതിയ സാങ്കേതികവിദ്യയുടെ ഭാഗമായി ഉയര്‍ന്നുവന്ന നവമാധ്യമങ്ങള്‍ അതില്‍ ഏറെ മുന്നോട്ടുപോയി. എങ്ങനെ കാണുന്നു ആ മാറ്റത്തെ ?

വേണു: സാമൂഹിക മാധ്യമങ്ങള്‍ രണ്ട് രീതിയിലും ഉപയോഗിക്കുന്നുണ്ട്. വര്‍ഗ്ഗീയകലാപങ്ങള്‍ ഉണ്ടാക്കാനും അവ ഉപയോഗിക്കപ്പെടുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൊക്കെ അങ്ങനെ ഉണ്ടായിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന വിഭാഗം മിഡില്‍ ക്ലാസ്‌, അപ്പര്‍ മിഡില്‍ക്ലാസ് മാത്രമാണ്. അതുകൊണ്ടുതന്നെ അവര്‍ക്കിടയിലുള്ള വിഷയങ്ങള്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുകയും പല കാര്യങ്ങളും ഇവിടെ വേഗം കറക്ട് ചെയ്യപ്പെടുന്നുമുണ്ട്. അതൊരു നല്ല കാര്യമാണ്.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍