UPDATES

വായന/സംസ്കാരം

കോട്ടയത്തല്ല, കേരളത്തില്‍ എത്ര പുഷ്പനാഥുമാരുണ്ട്?

മലയാളിയെ വായന ശീലിപ്പിച്ച ഒരു വലിയ പറ്റം എഴുത്തുകാർ ഇന്നും പൈങ്കിളി ലേബലിനു കീഴിലാണ്. മുട്ടത്തു വർക്കിയെ ശുദ്ധ പൈങ്കിളിക്കാരനാക്കിയ പൈങ്കിളി വിരുദ്ധർ ഇപ്പോഴും അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം ഒരു വൈമനസ്യവുമില്ലാതെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുണ്ടെന്ന കാര്യവും ഈ സന്ദർഭത്തിൽ ഓർത്തുപോകുന്നു.

കെ എ ആന്റണി

കെ എ ആന്റണി

പൈങ്കിളി സാഹിത്യം മലയാളത്തിൽ പൂത്തുലഞ്ഞ കാലത്തു തന്നെയാണ് കോട്ടയം പുഷ്പനാഥ് എന്ന പേരും മലയാളി വായനക്കാർക്കു സുപരിചിതമായത്. എന്റെ കുട്ടിക്കാല വായനയെ സമ്പുഷ്ടമാക്കിയവരുടെ കൂട്ടത്തിൽ ഇന്ന് അന്തരിച്ച കോട്ടയം പുഷ്പനാഥ് എന്ന പുഷ്പനാഥൻ പിള്ളയും ഉണ്ടായിരുന്നു.

കണ്ണൂരിലെ ആദ്യകാല കുടിയേറ്റ ഗ്രാമങ്ങളിൽ ഒന്നായിരുന്നു ഞാൻ ജനിച്ച ഓടപ്പുഴയും, ബാല്യകൗമാര ദശകൾ പിന്നിട്ട കാടൻമലയും കൊളക്കാടുമൊക്കെ. കാടും കാട്ടുമൃഗങ്ങളും മാടനും മറുതയും യക്ഷിയും കൂളിയുമൊക്കെ ഒറ്റക്കായിരിക്കുമ്പോൾ നട്ടുച്ചയ്ക്കുപോലും പേടിപ്പെടുത്തുന്ന നിറസാന്നിധ്യമായിരുന്ന ഒരു കാട്ടുമൂലയിൽ ജനിച്ചു വളർന്നതുകൊണ്ടു കൂടിയാവും പുഷ്പനാഥിന്റെ ഡ്രാക്കുളയും മറ്റും ഇഷ്ട വായനാഭോജ്യമായത്. എന്റെ കുട്ടിക്കാലത്തു നാട്ടിൽ നടന്ന ചില തുമ്പില്ലാ കൊലപാതകങ്ങളും ഡിക്റ്റക്റ്റീവ് കഥകളിലേക്ക് വല്ലാതെ അടുപ്പിച്ചതുമാകാം.

പുഷ്പനാഥിന്റെ ഒന്നുരണ്ടു കൃതികൾ മാത്രമേ വായിക്കാൻ കഴിഞ്ഞിട്ടുള്ളൂവെങ്കിലും വിദേശത്തെ കേസ്സുകൾ അന്വേഷിക്കുന്ന ഡിക്റ്റക്റ്റീവ് മാക്സിനും അദ്ദേഹം സ്ഥിരമായി വലിച്ചിരുന്ന ഹാഫ് എ കൊറോണ എന്ന ചുരുട്ടും ഇന്ത്യയിൽ കേസ്സുകൾ അന്വേഷിക്കുന്ന ഡിക്റ്ററ്റീവ് പുഷ്പരാജുമൊക്കെ മനസ്സിലെവിടെയൊക്കെയോ ഒളിഞ്ഞും മറഞ്ഞും നിൽക്കുന്നുണ്ട്. പുഷ്പനാഥിനെ തീർത്തും കൈവിട്ടത് ദുർഗാ പ്രസാദ് ഖത്രിയുടെ വെളുത്ത ചെകുത്താനും ചുവന്ന കൈപ്പത്തിയും ഒക്കെ വായിച്ചു തുടങ്ങിയപ്പോഴാണ്. ആറാം ക്‌ളാസിൽ പഠിക്കുന്ന വേളയിലാണ് ഇത്തരം കൃതികളുടെ മലയാള പരിഭാഷ കാണാനിടയായത്. പരിഭാഷകന്റെ പേര് മോഹൻ ഡി കങ്ങഴ. അദ്ദേഹം ആലക്കോട് എൻഎസ്എസ് സ്കൂളിൽ ഹിന്ദി അധ്യാപകനായിരുന്നു .

ദുർഗാ പ്രസാദ് ഖത്രിയുടെ അമര സിംഹനും ഡിക്ടറ്റീവ് ഗോപാൽ ശങ്കറുമൊക്കെ മനസ്സിൽ കൂടുകൂട്ടിയപ്പോൾ ഡിക്റ്ററ്റീവ് മാക്സിനും അദ്ദേഹത്തിന്റെ ഹാഫ് എ കൊറോണ ചുരുട്ടുമൊക്കെ പെട്ടെന്ന് മാഞ്ഞുപോയി. ഇതിനിടയിൽ മറ്റൊരു കഥാപാത്രം കൂടി അതിഥിയായി എത്തിയിരുന്നു; ഇരുമ്പുകൈ മായാവി! പാലക്കാട്ടുകാരൻ കാണ്ണാടി വിശ്വാനാഥന്റെ വകയായിരുന്നു മായാവി കഥകൾ. കാലം പോകെപ്പോകെ വായന മറ്റൊരു തലത്തിലേക്ക് പടർന്നു. എംടിയും സേതുവും ഓവി വിജയനും എം മുകുന്ദനും ടി പത്മനാഭനുമൊക്കെ കടന്നുവന്നു. തൊട്ടു പിന്നാലെ യുപി ജയരാജ്, എം സുകുമാരൻ എന്നിവരും, വൈകാതെ തന്നെ വികെഎൻ, മാടമ്പ് കുഞ്ഞുകുട്ടൻ, എം പി നാരായണ പിള്ള, ആനന്ദ്, സക്കറിയ, മാധവികുട്ടി തുടങ്ങിയവരും കളം നിറഞ്ഞു. ആ കളത്തിൽ എണ്ണിയാൽ ഒടുങ്ങാത്തത്ര എഴുത്തുകാരുണ്ട്. സിവി ബാലകൃഷ്ണനും, എൻ ശശിധരനും, എൻ പ്രഭാകരനും, സി രാധാകൃഷ്ണനും മാത്രമല്ല, ബാലചന്ദ്രൻ ചുള്ളിക്കാടും സച്ചിദാനന്ദനും കെജി ശങ്കരപിള്ളയും മാത്രമല്ല, സന്തോഷ് ഏച്ചിക്കാനം, അശോകൻ, ഉണ്ണി ആർ, കെആർ മീര, സുഭാഷ് ചന്ദ്രൻ തുടങ്ങിയ ഒട്ടേറെ പുതിയ തലമുറക്കാരുമുണ്ട്.

എല്ലാവരും അവർക്കാവും വിധം എഴുതിത്തകർക്കുന്നുണ്ട്. പക്ഷെ മലയാളിയെ വായന ശീലിപ്പിച്ച ഒരു വലിയ പറ്റം എഴുത്തുകാർ ഇന്നും പൈങ്കിളി ലേബലിനു കീഴിലാണ്. മുട്ടത്തു വർക്കിയെ ശുദ്ധ പൈങ്കിളിക്കാരനാക്കിയ പൈങ്കിളി വിരുദ്ധർ ഇപ്പോഴും അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം ഒരു വൈമനസ്യവുമില്ലാതെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുണ്ടെന്ന കാര്യവും ഈ സന്ദർഭത്തിൽ ഓർത്തുപോകുന്നു.

ഒരു ‘പൈങ്കിളി’ നോവലിസ്റ്റിന്‍റെ മാനസാന്തരം; മാത്യു മറ്റം/അഭിമുഖം-ഭാഗം 1

മലയാളിയെ സാക്ഷരരാക്കിയ ഞങ്ങള്‍ക്ക് തിരിച്ചുതന്നത് നന്ദികേട്; മാത്യു മറ്റം/അഭിമുഖം-2

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍