UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

മാവോയിസ്റ്റ് വേട്ടയുടെയും യുഎപിഎയുടെയും കാലത്ത് കാണേണ്ട സിനിമ തന്നെയാണ് കാടു പൂക്കുന്ന നേരം

അപര്‍ണ്ണ

തുടരുന്ന സിനിമ സമരങ്ങള്‍ക്കും അന്തര്‍നാടകങ്ങള്‍ക്കും ഇടയിലാണ് ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം റിലീസ് ആയത്. വലിയ ചിറകുള്ള പക്ഷികള്‍ക്ക് ശേഷം വരുന്ന, സവിശേഷ രാഷ്ട്രീയ മാനങ്ങള്‍ ഉണ്ടെന്ന് ട്രെയറിലൂടെയും മറ്റും തോന്നിപ്പിച്ച ഒരു സിനിമയാണിത്. കാടും പോലീസും മാവോയിസ്‌റ് ഏറ്റുമുട്ടലുകളും നിറഞ്ഞു നിന്ന പരസ്യങ്ങള്‍ക്ക് ഞെട്ടിക്കുന്ന സമകാലീനതയും ഉണ്ടായിരുന്നു.

ആദിവാസികള്‍ താമസിക്കുന്ന ഒരു വനാന്തര്‍ഭാഗത്തേക്ക് മാവോയിസ്റ്റ് ഭീഷണി ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഒരു പോലീസ് ബറ്റാലിയന്‍ എത്തുന്നു. അവിടത്തെ നാല് മുറി സ്‌കൂളില്‍ ഒരു ഭാഗം ഒഴിപ്പിച്ച് അവിടെയാണ് ഈ പോലീസുകാര്‍ ക്യാമ്പ് ചെയ്യുന്നത്. ഒരു രാത്രി അവിടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ വന്ന സംഘത്തിലെ ഒരു സ്ത്രീയെ (റിമ കല്ലിങ്ങല്‍) പോലീസ് സംഘത്തില്‍ പെട്ട ഒരാള്‍ (ഇന്ദ്രജിത്ത്) കാടിനുള്ളില്‍ വച്ച് പിടിക്കുന്നു. വനമധ്യത്തില്‍ ഒറ്റപെട്ടു പോകുന്ന അവരുടെ രണ്ടു പേരുടെയും കുറച്ചു ദിവസങ്ങളിലൂടെയാണ് കാട് പൂക്കുന്ന നേരം വികസിക്കുന്നത്.

മാവോ വേട്ട എന്ന പ്രധാന വിഷയം കൊണ്ട് തന്നെ ശ്രദ്ധേയമായ ഈ സിനിമ പറയുന്നത് ഫാബ്രിക്കേറ്റഡ് എന്‍കൗണ്ടറുകളുടെ കഥ തന്നെയാണ്. കൃത്യമായ വിവര ശേഖരണത്തിലൂടെയല്ലാതെ സ്ഥിതിവിവര കണക്കുകളോ സാമൂഹ്യ സാഹചര്യങ്ങളോ അറിയാതെ ഭരണകൂടത്തിന്റെ ആജ്ഞാനുവര്‍ത്തികളായ ഒരുപാട് പേരുടെ സംഘമാണ് സിനിമയില്‍ പോലീസ്. സംശയമുള്ളവരെ സാഹചര്യത്തെളിവുകള്‍ പോലും ഇല്ലാതെ വര്‍ധിതവീര്യത്തോടെ ആക്രമിക്കുന്ന അവസ്ഥയെ സിനിമയില്‍ തീവ്രമായി പ്രശ്‌നവത്കരിച്ചിട്ടുണ്ട്. അത്തരം ഒരു സമകാലിക അവസ്ഥയുടെ സിനിമാവിഷ്‌കാരം എന്നതിനേക്കാള്‍ കുറച്ചു സാങ്കല്‍പ്പിക കഥാപാത്രങ്ങളെ ഉപയോഗിച്ചുള്ള ഡോക്യുമെന്റേഷന്‍ എന്ന് പറയുന്നതാവും ശരി. എന്താണ് മാവോയിസം, എന്താണ് സാമൂഹ്യ പ്രവര്‍ത്തനം എന്നൊന്നും വേര്‍തിരിച്ചറിയാത്ത ഒരു സമൂഹത്തെപ്പറ്റി പറയുന്നു കാട് പൂക്കുന്ന നേരം.

പോലീസുകാര്‍ ആദിവാസി സ്‌കൂളിനുള്ളിലെ പഠനോപകരണങ്ങള്‍ ദൂരെയെറിഞ്ഞ് റൂമില്‍ ചീട്ടു കളിച്ചും മറ്റു വിനോദങ്ങളിലേര്‍പ്പെട്ടും ചിരിച്ചുല്ലസിക്കുമ്പോള്‍ ക്ലാസ് മുറി നഷ്ടപ്പെട്ട് മുറ്റത്തിരുന്ന് ഭരണഘടനയേയും മൗലികാകാവകാശങ്ങളെയും കുറിച്ചു പഠിക്കുന്ന കുട്ടികള്‍, ‘അമ്മ മരിച്ചാല്‍ എന്ത് ചെയ്യും’ എന്ന പാട്ടിന്റെ ഇടയിലൂടെ ശബ്ദിക്കുന്ന വയര്‍ലെസ്സ് ഫോണ്‍, പൂച്ച സന്യാസിയുടെ കഥ ഇങ്ങനെ പ്രതീകങ്ങളിലൂടെയും പാട്ടുകളിലൂടെയും ഒക്കെയാണ് സിനിമ തുടങ്ങി വികസിക്കുന്നത്. കാഴ്ചകളിലൂടെയാണ് അപ്പോള്‍ സിനിമ സംസാരിക്കുന്നതും. കുട്ടികളുടെ കൗതുകങ്ങള്‍ വരെ അടിച്ചൊതുക്കാന്‍ അധികാരമുള്ള ഭീകരതയെപ്പറ്റി കാട് പൂക്കുന്ന നേരം നിരവധി രംഗങ്ങളിലൂടെ ഓര്‍മിപ്പിക്കുന്നുണ്ട്.

ഒരു കാട് ശാന്തമാകുമ്പോള്‍ മറ്റൊരിടത്തേക്ക് ഇവര്‍ യാത്രയാവുന്നു. തികച്ചും വിനോദയാത്രയുടെ മൂഡിലാണ് സിനിമയിലെ ഓരോ പോലീസുകാരന്റെയും ശരീരഭാഷ ഉപയോഗിച്ചിട്ടുള്ളത്. ആദിവാസി വിഭാഗത്തില്‍ നിന്നുമുള്ള എല്ലാ കഥാപാത്രങ്ങളും സ്വന്തം വ്യക്തിത്വത്തെപ്പറ്റി ബോധമുള്ളവരായിത്തന്നെ സിനിമയില്‍ കാണിക്കുന്നു. ദുര്‍ബലമായ, അടിമത്ത മനോഭാവം നിറഞ്ഞ നോട്ടവും നില്‍പ്പും നടപ്പുമുള്ള ഏതോ പ്രാകൃത മനുഷ്യ വിഭാഗമാണ് ഓഫ് ബീറ്റ് മലയാള സിനിമകളിലെ ആദിവാസികള്‍. ആ പതിവ് തെറ്റിക്കുന്നുണ്ട് കാട് പൂക്കുന്ന നേരത്തില്‍.

കാടിനുള്ളില്‍ ഒറ്റപെട്ടു പോകുന്ന മാവോവാദി എന്നാരോപിക്കുന്ന സ്ത്രീയും പൊലീസുകാരനായ പുരുഷനും രണ്ടു കഥാപാത്രങ്ങള്‍ എന്നതിലുപരി രണ്ടു പ്രതീകങ്ങളാണ്. പേരില്ലാത്തവരാണ് ഇവര്‍ രണ്ടു പേരും. ഒരാള്‍ ഭരണകൂടത്തിന്റെ കൂടെ നിന്ന് ചോദ്യം ചെയ്യാനോ ചിന്തിക്കാനോ ഒന്നും മുതിരാതെ അതിന്റെ ആനുകൂല്യങ്ങള്‍ പറ്റുന്ന പുരുഷന്‍. മറ്റെയാള്‍ ഭരണകൂടത്തിന്റെ വ്യവസ്ഥകളുടെ സാമൂഹ്യാവസ്ഥകളുടെ ഒക്കെ ഇരയായ അതിനെയൊക്കെ ചോദ്യം ചെയ്യുന്ന സ്ത്രീ. ഈ പവര്‍ പൊളിറ്റിക്‌സിന്റെ പ്രതിനിധാനം സിനിമയില്‍ കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്. തിരിച്ചറിവുകളുടെ ഭാരം നിസ്സഹായമായി പേറിയാണ് അയാള്‍ തിരിച്ചു പോകുന്നത്. പക്ഷെ കെട്ടിയിട്ടു തല്ലുന്നത് ആണും പെണ്ണും കെട്ട അവസ്ഥയാണെന്നുള്ള റിമ കല്ലിങ്കലിന്റെ ഡയലോഗ് മാത്രം കല്ല് കടിയാവുന്നു. പുതിയ ജന്‍ഡര്‍ പൊളിറ്റിക്‌സിന്റെ മാനങ്ങള്‍ അറിയുന്ന ഡോ. ബിജുവിനെ പോലൊരു സംവിധായകന്‍ ആ ലാഘവത്വത്തെ കൂടി ശ്രദ്ധിക്കണമായിരുന്നു. എം ജി രാധാകൃഷ്ണന്റെ കാമറ സിനിമയുടെ ഏറ്റവും വലിയ സ്വാഭാവികതയും സൗന്ദര്യവുമാണ്. കാടിന്റെ ശബ്ദങ്ങളുടെ മിക്‌സിങ് സിനിമയുടെ അന്തരീക്ഷത്തെ കൂടുതല്‍ സ്വാഭാവികമാക്കുന്നുണ്ട്.

സിനിമ എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണെന്ന് വിശ്വസിക്കുന്നവര്‍ക്ക്, കേരളത്തിലെ യുഎപിഎ സംഭവ വികാസങ്ങള്‍ അനുഭവിച്ചവര്‍ക്ക്, സ്പര്‍ശിച്ചവര്‍ക്ക് ഒക്കെ കാട് പൂക്കുന്ന നേരം ശ്രദ്ധേയമായ കാഴ്ചാനുഭാവം ആവും

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍