UPDATES

സിനിമ

കാഷ്‌മോറ; ഒരു ബ്രഹ്മാണ്ഡ ട്രാജഡി

ബാഹുബലിക്ക് പിന്നാലെയൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം എന്നതായിരുന്നു കാഷ്‌മോര എന്ന തമിഴ് സിനിമയെ വാര്‍ത്തകളിലേക്ക ആദ്യം കൊണ്ടുവന്നത്. സിനിമയ്ക്കായി ഒരുക്കിയ കൂറ്റന്‍ സെറ്റുകളും ജന്മാന്തര ജീവിതവുമൊക്കെയായിരുന്നു ട്രെയിലറിലും പോസ്റ്ററുകളിലും നിറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ തമാശയുടെ മേമ്പൊടിയുള്ള ഹൊറര്‍ സിനിമയാണ് തങ്ങളുടേതെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. എന്തായാലും സിനിമയുടെ പേരിലെ വൈചിത്ര്യവും കഥയെക്കുറിച്ചുള്ള ദുരൂഹതകളുമൊക്കെയായി വന്‍കിട ദീപാവലി റിലീസായാണു കാഷ്‌മോര തീയേറ്ററിലെത്തിയത്.

കാര്‍ത്തിയാണ് ടൈറ്റില്‍ കഥാപാത്രം കാഷ്‌മോരയാകുന്നത്. ബാധയൊഴിപ്പിക്കലിന്റെയും ദുര്‍മന്ത്രവാദത്തിന്റെയും പേരില്‍ തട്ടിപ്പു നടത്തുന്ന വന്‍കിട സംഘമാണ് കാഷ്‌മോരയും കുടുംബവും. ഈ തട്ടിപ്പു വെളിച്ചത്തു കൊണ്ടുവരാന്‍ പ്രേതഭൂതാദികളില്‍ ഗവേഷണം നടത്തുന്ന യാമിനി(ശ്രീദിവ്യ)യും തന്ത്രപൂര്‍വ്വം ഇവര്‍ക്കൊപ്പം ചേരുന്നു. യാദൃശ്ചികമായി ഭക്തനായ ഒരു രാഷ്ട്രീയ നേതാവിന്റെ അനധികൃത സമ്പാദ്യമായ 500 കോടി രൂപ ഇവര്‍ക്ക് ലഭിക്കുന്നു. ഇതുമായി രാജ്യം വിടാന്‍ കാഷ്‌മോരയും കുടുംബവും തീരുമാനിക്കുന്നുതും തുടര്‍ന്നുണ്ടാകുന്ന സംഭവികാസങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. രണ്ടുകാലങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രമേയമാണ് സിനിമയ്‌ക്കെങ്കിലും പൂര്‍ണമായും അമേച്വര്‍ ആയുള്ള മേക്കിംഗ് കാഷമോര അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ ദുരന്തമാക്കുന്നു.

വന്‍കിട ബ്രഹ്മാണ്ഡ സിനിമകള്‍ക്ക് ഇന്ത്യയില്‍ എല്ലാ കാലത്തും വലിയ മാര്‍ക്കറ്റുണ്ട്. എല്ലാത്തരം പ്രേക്ഷകരെയും തീയെറ്ററില്‍ എത്തിക്കുന്ന കൗതുകമാണ് അത്തരം സിനിമയുടെ യുഎസ്പി. ദക്ഷിണേന്ത്യയില്‍ നിന്നുമുള്ള വന്‍ബഡ്ജറ്റ് സിനിമകള്‍ ബോളിവുഡിനുള്ള വെല്ലുവിളിയായും ബോളിവുഡിനൊപ്പമുള്ള തെന്നിന്ത്യയുടെ വളര്‍ച്ചയായുമെല്ലാം കാണുന്നവരുണ്ട്. മഗധീരയും ബാഹുബലിയും നേടിയ ഇപ്രകാരമുള്ള കൂടിയുള്ള വിജയത്തിന്റെ തുടര്‍ച്ചയിലേക്കാണ് കാഷ്‌മോര വന്നത്.

ആദ്യ പകുതിയിലെ തട്ടിപ്പുകളും തമാശകളും വലിച്ചു നീട്ടി പ്രേക്ഷകനെ മടുപ്പിക്കുന്നുണ്ട്. ആത്മീയ തട്ടിപ്പുകളിലേക്ക് വെളിച്ചം വീശുന്ന റിയലിസ്റ്റിക് സംഭവങ്ങളെ അതിനാടകീയത കൊണ്ട് സംവിധായകനും നടീനടന്മാരും കൊന്നു കളഞ്ഞു. യാതൊരു തുടര്‍ച്ചയുമില്ലാതെ.

ഒന്നൊര മണിക്കൂര്‍ സിനിമ നീങ്ങി. കോമഡി എന്ന മട്ടില്‍ കാര്‍ത്തി കാണിക്കുന്ന ചില ശരീര ചലനങ്ങള്‍ പരുത്തിവീരനിലെ നടനില്‍ നിന്നും തന്നെയാണോ വരുന്നത് എന്ന് സംശയം തോന്നും. ഇത്രയും അവ്യക്തമായി ഡയലോഗ് പറയുന്ന ഒരു നടനെ ഈയടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.

ഭൂത പ്രേത മന്ത്രവാദങ്ങള്‍ നിറഞ്ഞ രണ്ടാം പകുതി ആദ്യ ഭാഗത്തെ ഏച്ചുകൂട്ടി ഉണ്ടാക്കിയ തമാശകളെക്കാള്‍ ചിരിപ്പിച്ചു. രാജ്‌നായിക് കൊല്ലുന്നു, പെണ്ണ് പിടിക്കുന്നു വീണ്ടും കൊല്ലുന്നു, അങ്ങനങ്ങനെ നീണ്ടു വലിഞ്ഞ കുറെ രംഗങ്ങള്‍ കടുത്ത മെയ്‌വഴക്കവും കുടിലതയും ഉള്ള സേനാനായകനായും കാര്‍ത്തി ഒരു വലിയ പരാജയമായിരുന്നു. കിടന്നും നിന്നും ഇരുന്നും ഇടുപ്പുകുലുക്കുക എന്ന തന്നിലര്‍പ്പിതമായ കര്‍ത്തവ്യം നയന്‍താര ഭംഗിയായി നിര്‍വഹിച്ചു. രാജാപാര്‍ട്ടും മന്ത്രവാദവും കോമഡിയും മാറി മാറി പ്രേക്ഷകരെ വധിച്ചു.

സിനിമ തീര്‍ച്ചയായും സംവിധായകന്റെ സ്വാതന്ത്ര്യമാണ്. പക്ഷെ അത് കാണികള്‍ക്കുകൂടി വേണ്ടിയുള്ളതാവണമല്ലോ. ചിന്തിപ്പിക്കാനോ ചിരിപ്പിക്കാനോ രസിപ്പിക്കാനോ ഒക്കെ അതിനു കഴിയണമെന്ന് സൈദ്ധാന്തികര്‍ പറയുന്നു. പക്ഷെ പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കാതിരിക്കുക എന്ന മിനിമം മര്യാദയെങ്കിലും പ്രേക്ഷകരുടെ സമയത്തോടും പണത്തോടും അത് കാണിക്കണമെന്ന് തോന്നുന്നു. പല സമയത്തും കാഷ്‌മോര ആ മര്യാദ മറന്നുപോയത് പോലെ തോന്നുന്നു. പഴയ നാഗദേവി സിനിമകള്‍ക്ക് ഇതിനേക്കാള്‍ കൂടുതല്‍ ഭദ്രമായ തിരക്കഥയും സാങ്കേതിക അടിത്തറയുള്ളവയാണ്. ഒരു സ്പൂഫ് സിനിമയാണോ യാഥാര്‍ഥ്യങ്ങളെ തുറന്നു കാണിക്കുന്ന സിനിമയാണോ പ്രേതങ്ങളെ ബഹുമാനിക്കുന്ന മുന്‍പിന്‍ ജന്മ കഥയാണോ എന്ന് ഒറ്റ രംഗത്തും മനസ്സിലാകുന്നില്ല., കുറെ ശബ്ദങ്ങളും കമ്പ്യൂട്ടര്‍ നിര്‍മിത ചിത്രങ്ങളും മാത്രമാണ് സ്‌ക്രീനില്‍.

കാഷ്‌മോര തീര്‍ച്ചയായും ഒരു സമാന്തര സിനിമയല്ല എന്ന് എല്ലാവര്‍ക്കുമറിയാം. ബാഹുബലി പ്രതീക്ഷിച്ചു പോകണ്ട എന്ന് സിനിമയിലുള്ളവര്‍ തന്നെ നല്‍കിയിട്ടുമുണ്ട്. മാജിക് ഹൊറര്‍ കോമഡി മൂവി എന്നു വളരെ ആത്മവിശ്വാസത്തോടെ ഇവര്‍ അവകാശപ്പെടുന്നു. ആ അവകാശ വാദത്തില്‍ വിശ്വസിച്ചാണ് കേരളത്തിലും ഉത്തരേന്ത്യയില്‍ പോലും വൈഡ് റിലീസിംഗ് ഏര്‍പ്പെടുത്തിയത്. ആ അവകാശ വാദത്തില്‍ വിശ്വസിച്ചാണ് കേരളത്തില്‍ പണിയെടുക്കുന്ന തമിഴ് നാട്ടുകാരായ തൊഴിലാളികള്‍ തീയേറ്ററിലെത്തിയത്. പക്ഷെ സിനിമയില്‍ കോമഡിയുമില്ല, മാജിക്കുമില്ല. മൊത്തത്തില്‍ പ്രേക്ഷകരുടെ അവസ്ഥ ഈ ബ്രഹ്മാണ്ഡ ബഹളത്തില്‍ കുടുങ്ങിപ്പോയ ട്രാജഡി ആണെന്ന് മാത്രം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍