UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

കബാലിയുടെ ജരാ നരകള്‍

അപര്‍ണ്ണ

ഉത്സവ കാഴ്ചയാണ് ഓരോ രജനികാന്ത് സിനിമയും. രണ്ടു ദശാബ്ദത്തോളമായി രജനികാന്ത് എന്ന നടൻ അതെ പേരിലുള്ള സൂപ്പർ സ്റ്റാറിന് അടിയറവു പറഞ്ഞിട്ട്. അവസാനമിറങ്ങിയ ലിംഗയും കൊച്ചടിയാനും രജനി ആരാധകരെയും രാഷ്ട്രീയ ശരികൾ ചൂഴ്ന്നു നോക്കുന്നവരെയും ഒട്ടും തൃപ്തിപ്പെടുത്തിയില്ല. അതുകൊണ്ടു തന്നെ പ രഞ്ജിത്തിന്റെ കബാലി വന്നിറങ്ങിയത് കൊടിയ ആശങ്കളുടേയും അതിനേക്കാൾ വലിയ പ്രതീക്ഷകളുടേയും ഇടയിലേക്കാണ്. 

ഡോൺ നായകൻ, ഡോൺ യുദ്ധങ്ങൾ, പ്രണയം, പ്രണയനഷ്ടം, ഇടക്ക് സ്ഥിരമായി വന്നു പോകുന്ന വലിയ രാഷ്ട്രീയ പരാമർശങ്ങൾ (ബാഷ മുതൽ ഉള്ള സിനിമകളും വിവാദങ്ങളും ഓർക്കുക) കറുപ്പഭിമാനങ്ങൾ (നമ്മ ഒരു സൂപ്പർസ്റ്റാറു രജനികാന്തും കറുപ്പു താൻ, അഴക് കറുപ്പു താൻ എന്നൊരു കാമുകി പ്രണയ പരവശ ആയ നാടാണത്) ഇതൊക്കെയാണ് കബാലിയേയും മുന്നോട്ടു നയിക്കുന്നത് എന്ന് ഉപരിപ്ലവ കാഴ്ചയിൽ പറയാം. 

ത്രസിപ്പിക്കുന്ന രജനി സിനിമ പ്രതീക്ഷിച്ചു പോയവരിൽ നിരാശ ഉണ്ടാക്കും കബാലി. വാർധ്യകത്തിൽ എത്തിയ താര ശരീരം, ഏച്ചു കൂട്ടി ഉണ്ടാക്കിയ സംഘട്ടനങ്ങളും, പഞ്ച് ഡയലോഗുകളും; ആഘോഷ പ്രതീതി നിലനിർത്തുന്ന രംഗങ്ങൾ വളരെ കുറവ്. ആരാധകരെ വല്ലാതെ ത്രസിപ്പിച്ച ഞെരിപ്പ് ഡാ പശ്ചാത്തല സംഗീതം ഉപയോഗിച്ചതാകട്ടെ നാലോ ഞ്ചോ ഇടങ്ങളിൽ മാത്രം. രജനികാന്ത് സിനിമ പൊതുവെ ഉണ്ടാക്കുന്ന ഊർജത്തെ, ഉത്സവാന്തരീക്ഷത്തെ ഒക്കെ കെടുത്തി കളയാൻ ഇതൊക്കെ മതിയായിരുന്നു.

ഇനി സിനിമയുടെ രാഷ്ട്രീയ അന്തരീക്ഷത്തെ പരിശോധിച്ചാൽ ഇടക്കെപ്പോളോ ചർച്ചയായ മലേഷ്യയിലെ തമിഴ് കുടിയേറ്റത്തെ സംവിധായകൻ പരാമർശിക്കുന്നുണ്ട്. ‘വി ആര്‍ നോട്ട് സ്ലേവ്സ്, വി ആര്‍ എംപ്ലോയീസ്’ (അങ്ങാടിയിലെ ജയന്റെ ഡയലോഗുമായി സാമ്യം മലയാളി പ്രേക്ഷകർക്ക് തോന്നാൻ ഇടയുണ്ട്) സിനിമയുടെ രാഷ്ട്രീയം ആണെന്ന് പറയാം. അംബേദ്‌കർ കോട്ട് ഇട്ടതിനെ പറ്റിയും ഗാന്ധി അത് ഊരിയതിനെ പറ്റിയും പറയുന്ന ഡയലോഗും സമകാലീന രാഷ്ട്രീയത്തെ ഉൾക്കൊണ്ട് എഴുതിയതാണെന്ന് പറയാം. ഇത്തരം ഒറ്റയായ പരാമർശങ്ങളെ ഒരു ഗാങ്സ്റ്റര്‍ സിനിമ ആയി ആണോ വളർത്തേണ്ടത് എന്നത് സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ ഇവിടെ സജീവമായി കഴിഞ്ഞു. ഒരു മുഴുനീള രജനി സിനിമ ആവാൻ കബാലിക്ക് കഴിയാത്ത ദുഃഖം ഒരു കൂട്ടം ആരാധകർ പങ്കു വെക്കുമ്പോൾ മറ്റൊരു വിഭാഗം രജനികാന്ത് എന്ന താരത്തിന് വേണ്ടി ഇത്തരം രാഷ്ട്രീയ അന്തരീക്ഷത്തെ ബലികൊടുത്തതിൽ അരിശം രേഖപ്പെടുത്തുന്നു.

ചിത്രത്തിലെ മറ്റൊരു ചർച്ചാ വിഷയം നായകന്റെ പ്രണയ നഷ്ടം തേടിയുള്ള യാത്രയാണ്. പക്ഷെ വിശദമായ നോട്ടത്തിൽ അതൊരു പുതുമ അല്ലെന്നു മനസിലാകും. പ്രണയവും പ്രണയ നിരാസത്തിന്റെ പകയും തന്നെ മിക്ക സിനിമകളുടെയും പ്രധാന വിഷയം (ബാഷ, പടയപ്പ, ശിവാജി, യെന്തിരൻ) അതെ പതിവാണ് ഇവിടെയും തുടർന്നത്. തന്‍സികയുടെ യോഗി ഒരിക്കലും പടയപ്പയിലെ ശിവകാമിയോളം എത്തിയും ഇല്ല.

കബാലി ഒരു തുടർച്ച ആയതുകൊണ്ട് തന്നെ ഒരിക്കലും ഒറ്റയ്ക്കുള്ള ഒരു വായന സാധ്യവും അല്ല. രജനികാന്ത് സിനിമകൾ എന്ന പ്രത്യേക വിഭാഗം തന്നെ ഇന്ത്യൻ ജനകീയ സിനിമയിൽ ഉണ്ട്. കബാലി അത്രയൊന്നും വിജയിക്കാത്ത അതിന്റെ തുടർച്ചയാണ്. രജനികാന്തിന്റെ കൂടുതൽ സജീവമായ രാഷ്ട്രീയ ഇടപെടൽ ചർച്ചയാകുന്ന സാഹചര്യത്തിൽ അതിന്റെ കുറച്ചു കൂടി സുതാര്യ സൂചനകൾ ഉള്ള ഒരു സിനിമാ തുടർച്ചയും കൂടി ആണ് കബാലി. രജനി എന്ന താര ബിംബത്തെ എങ്ങനെ ഉൾക്കൊള്ളുന്നു എന്ന അന്വേഷണത്തിന്റെ തുടർച്ചയുമാകുന്നുണ്ട്. അങ്ങനെ പലതരം പ്രേക്ഷകരുടെ പലതരം പ്രതീക്ഷകളുടെ ഭാരത്തുടർച്ചയിൽ ഇരുന്നേ കബാലി കാണാൻ പറ്റൂ. 

ഇന്ത്യൻ സിനിമയും മറ്റു സൂപ്പർ താരങ്ങളും കണ്ണും പൂട്ടി അനുകരിക്കുന്ന ഫോർമുലയാണ് രജനികാന്ത് സിനിമകളുടെ. ജപ്പാൻ പോലെ തമിഴ് ഭാഷയുമായോ സംസ്കാരവുമായോ ബന്ധമില്ലാത്ത ഇടങ്ങളിൽ പോലും ഈ സിനിമകൾക്ക് മാർക്കറ്റും ഉണ്ട്. രജനികാന്ത് എന്ന വ്യക്തിയുടെ പൂർവജീവിതവും ചമയങ്ങൾ ഇല്ലാതെ പുറത്തിറങ്ങുന്ന ഇപ്പോളും പലരെയും അത്ഭുതപ്പെടുത്തുന്ന ജീവിതവും മറ്റെല്ലായ്‌പ്പോഴും എന്ന പോലെ കബാലിക്കു ശേഷവും ചർച്ച ആവുന്നു. കറുപ്പ്, ദളിത് ഐഡന്റിറ്റികളെ രജനി അറിഞ്ഞോ അറിയാതെയോ സന്നിവേശിപ്പിച്ചതും സംസാര വിഷയം ആവുന്നു . കൂടിയ അളവിൽ വിമർശിക്കപ്പെടുന്നു അതിമാനുഷികത്വവും നായികാ പ്രതിനിധ്യത്തിലെ അപാകതകളും അദ്ദേഹത്തിൻറെ രാഷ്ട്രീയത്തോടുള്ള എതിർപ്പും ഓർമിക്കപ്പെടുന്നു.

കബാലി ഒരു മാസ് സിനിമ എന്ന രീതിയിലും കൃത്യമായ രാഷ്ട്രീയ നിലപാട് ഉള്ള സിനിമ എന്ന രീതിയിലും ഒരു ഫാമിലി ഡ്രാമ എന്ന രീതിയിലും പുതുമ ഉള്ള ഒന്നോ തൃപ്തികരമായ ഒന്നോ അല്ല എന്ന് നിസംശയം പറയാം. പക്ഷേ ആ നിരാശയില്‍ ചലനമറ്റ് നില്‍ക്കുക സാധ്യമല്ല. കബാലിക്ക് ശേഷമുള്ള രജനികാന്തിനെ കാത്തിരിക്കുക എന്നത് മാത്രമേ ചെയ്യാനുള്ളൂ. ശരീരത്തിലെ ജരാനരകൾ മറികടന്നു അയാൾ മടങ്ങി വരുക എന്നത് അയാളേക്കാൾ ഇവിടത്തെ ലക്ഷക്കണക്കിന് കാഴ്ചക്കാരുടെ ആവശ്യമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍