UPDATES

സിനിമ

വേട്ടയാടപ്പെടുന്ന ശരീരം; ‘കബോഡിസ്കേപി’ന്റെ രാഷ്ട്രീയം

Avatar

മണമ്പൂര്‍ സുരേഷ് 

ആദ്യ ഫീച്ചര്‍ ചിത്രമായ ‘പാപ്പിലിയോ ബുദ്ധ’യ്ക്ക് ശേഷം ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ‘കബോഡിസ്കേപ്’ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിട്യൂട്ടിന്റെ LGBT ഫിലിം ഫെസ്റ്റിവലില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ലണ്ടന്‍ വാട്ടര്‍ലൂവിലുള്ള നാഷണല്‍ തിയേറ്ററിലെ പ്രധാന ദിവസത്തെ പ്രദര്‍ശനത്തിന്റെ ടിക്കറ്റ് നേരത്തെ തന്നെ വിറ്റ് തീര്‍ന്നിരുന്നു. മൂന്നു ദിവസത്തെയും പ്രദര്‍ശനം സജീവമായ ചര്‍ച്ചകൊണ്ടും സംവിധായകനുമായുള്ള ഗൌരവതരമായ സംവാദം കൊണ്ടും സമ്പന്നമായിരുന്നു.

മൂന്നു കഥാപാത്രങ്ങളിലൂടെ ഇതള്‍ വിരിയുന്ന ‘കബോഡിസ്കേപ്’  ഒരു ഫീച്ചര്‍ ചിത്രം എന്നതിനേക്കാള്‍ ഡോക്യുമെന്‍ററിയുടെ ദൃശ്യ വിശ്വാസ്യതയാണ് കാണികളിലേക്ക് പകരുന്നത്. കേരളത്തില്‍ നടന്ന-നടന്നുകൊണ്ടിരിക്കുന്ന-യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നതാണ് സിനിമയുടെ പ്രമേയം. സ്വവര്‍ഗ്ഗാനുരാഗി ആയ ചിത്രകാരന്‍ ഹാരിസ്, അയാളുടെ പങ്കാളിയായ വിഷ്ണു, അവരുടെ സുഹൃത്തും വിശ്വസ്ഥയും ആയ സിയ എന്ന ഉശിരന്‍ പൗരബോധമുള്ള സ്ത്രീ എന്നിവരിലൂടെയാണ് ‘കബോഡിസ്കേപ്’ കാണികളുമായി സംവദിക്കുന്നത്.  

ലൈംഗികത, സ്വകാര്യത എന്നിവ വ്യക്തിയില്‍ നിന്നും ചുറ്റും നില്‍ക്കുന്നവര്‍ എടുത്തുമാറ്റാന്‍ ശ്രമിക്കുമ്പോള്‍ അരുത് എന്ന് ശക്തമായി തന്നെ പറയുന്ന സിനിമയാണ് ‘കബോഡിസ്കേപ്’. ഇവിടെ വ്യക്തിയുടെ ഏറ്റവും സ്വകാര്യമായ തെരഞ്ഞെടുപ്പുകളില്‍ പോലും മതത്തിന്റെയും ജാതിയുടെയും യാഥാസ്ഥിതികതകള്‍ കടന്നു കയറ്റം നടത്തുന്നു. വിഷ്ണു എന്ന കബഡികളിക്കാരന്റെ ഹാരിസുമായുള്ള ബന്ധത്തെ എതിര്‍ക്കുന്നത് അയാളുടെ യാഥാസ്ഥിതിക ഹിന്ദു കുടുംബമാണെങ്കില്‍, അവരുടെ സുഹൃത്ത് സിയ എന്ന വനിതയെ വേട്ടയാടുന്നത് അവളുടെ മുസ്ലിം കുടുംബവും. സമുദായം വരച്ചിടുന്ന കളങ്ങള്‍ക്കുള്ളില്‍ നിന്നും മാറാന്‍ പാടില്ല എന്നതാണ് ശാഠ്യം. വ്യക്തികളുടെ സ്വാതന്ത്ര്യത്തിനു കൂച്ചു വിലങ്ങ് ഒരുക്കുകയാണിവിടെ.

ഏകദേശം ഒന്നര ശതാബ്ദം മുന്‍പ് ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ജീര്‍ണ്ണിച്ച നിയമമാണ് 377 എന്ന പേരില്‍ സ്വവര്‍ഗ്ഗ രതിക്കാര്‍ക്കെതിരെ ഇപ്പോഴും ഇന്ത്യയില്‍ നിലവില്‍ ഉള്ളത്. പക്ഷെ ബ്രിട്ടനില്‍ സ്വവര്‍ഗ്ഗ രതിക്കാര്‍ക്ക് വിവാഹം കഴിക്കാം എന്ന നിലയില്‍ വരെ കാര്യങ്ങള്‍ എത്തുകയും ഒന്നര വര്‍ഷത്തിനകം പതിനഞ്ചായിരത്തോളം സ്വവര്‍ഗ്ഗ പ്രേമികള്‍ വിവാഹിതരാവുകയും ചെയ്തു. ആ പശ്ചാത്തലത്തില്‍ ‘കബോഡിസ്കേപി’ന്റെ ആദ്യ പ്രദര്‍ശനം ലണ്ടനില്‍ വച്ചായത് അര്‍ത്ഥവത്തായി.

നില്പ് സമരം മുതല്‍ ബ്ലഡി നാപ്കിന്‍ സമരം വരെ പല പ്രതിരോധങ്ങളും ചിത്രം സജീവമാക്കുന്നു. സ്ത്രീകള്‍ മാസം തോറും ഉപയോഗിക്കുന്ന നാപ്കിന്‍ പാഡ് സുരക്ഷിതമായി കളയാന്‍ സംവിധാനവും ടോയിലറ്റും പൊതു ഇടങ്ങളില്‍ ഉണ്ടാകണം എന്ന വിഷയം തെരഞ്ഞെടുപ്പിന്റെ തന്നെ വിഷയമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നടന്ന ബ്ലഡി നാപ്കിന്‍ സമരവും പൊതു അജണ്ടയിലേക്ക് കൊണ്ടു വരികയാണ് ‘കബോഡിസ്കേപി’ല്‍.

നസീറ, ജെയ്സന്‍ ചാക്കോ, രാജേഷ്‌ കണ്ണന്‍, ശ്യാം ശീതള്‍, സരിത കുക്കു, നളിനി ജമീല, നിലമ്പൂര്‍ അയിഷ, അരുന്ധതി എന്നിവരാണ് അനായാസമായി ഈ ചിത്രത്തിലെ പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. എം ജെ രാധാകൃഷ്ണന്റെതാണ് ക്യാമറ. എം എം മംഞ്ജേഷ് ചിത്രത്തിനായി തയാറാക്കിയ ചിത്രങ്ങള്‍ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.

കാലം കടന്നു പോകുന്നത് നിങ്ങള്‍ കാണുന്നില്ലേ, ഇനിയും ഉറക്കം നടിച്ചു പുറം തിരിഞ്ഞു നില്‍ക്കാനാവുമോ എന്നു ചോദിക്കുകയാണ് ‘കബോഡിസ്കേപി’ല്‍  ജയന്‍ ചെറിയാന്‍. 

(കേരള കൌമുദിയുടെ ലണ്ടന്‍ കറസ്പോണ്ടന്‍റ് ആണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

    

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍