UPDATES

ട്രെന്‍ഡിങ്ങ്

പ്രധാനമന്ത്രിയുടെ ചടങ്ങില്‍ സുരക്ഷാവീഴ്ച, പഞ്ചായത്തംഗം പോലുമല്ലാത്തൊരാള്‍ കടന്നുകയറി; കടകംപള്ളി

കഴിഞ്ഞ ദിവസം താന്‍ പങ്കെടുത്ത ഒരു ചടങ്ങിലും ഇതേ വ്യക്തി യാതൊരു കാര്യവുമില്ലാതെ ഇരിക്കുന്നുണ്ടായിരുന്നെന്നും കടകംപള്ളി

ഒരു പഞ്ചായത്തംഗം പോലുമല്ലാത്ത ഒരാളെ പ്രധാനമന്ത്രിയുടെ പൂര്‍ണമായും ഔദ്യോഗികമായ പരിപാടിയില്‍ ഇടിച്ചുകയറാന്‍ അനുവദിച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും ഗവര്‍ണര്‍ക്കുമൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഉള്‍പ്പെട്ടതിനെക്കുറിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി മെട്രോയുടെ നാടമുറിക്കലിലും ഉദ്ഘാടന യാത്രയിലും നേരത്തെ തയ്യാറാക്കിയ പട്ടികയില്‍ ഇല്ലാത്ത ഒരാള്‍ കടന്നുകൂടിയത് അതീവ സുരക്ഷ വീഴ്ചയാണ്. എസ്പിജി അത് പരിശോധിക്കേണ്ടതാണ്. സുരക്ഷ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും മെട്രോമാന്‍ ഇ ശ്രീധരനെയുമടക്കം വേദിയില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്ത് അംഗം പോലുമല്ലാത്ത ഒരാള്‍ പ്രധാനമന്ത്രിയുടെ പൂര്‍ണമായും ഔദ്യോഗികമായ പരിപാടിയില്‍ ഇടിച്ചു കയറിയത്. പ്രതിപക്ഷ നേതാവിനെ പോലും അനുവദിക്കാത്ത യാത്രയായിരുന്നു ഇതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കൂടാതെ ഇ ശ്രീധരന്‍, ഗവര്‍ണര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് സംസാരിക്കന്‍ അവസരം നല്‍കണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അനുവദിക്കാത്തതും ഈ കടന്നുകയറലും ചേര്‍ത്ത് കാണണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥലം എംഎല്‍എ പിടി തോമസിനെ ഉള്‍പ്പെടുത്താനും തയ്യാറായില്ല. ഇത് ഔചിത്യമര്യാദയില്ലായ്മ മാത്രമല്ല സുരക്ഷ വീഴ്ചയായി തന്നെ കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ കഴിഞ്ഞ ദിവസം താന്‍ പങ്കെടുത്ത ഒരു ചടങ്ങിലും ഇതേ വ്യക്തി യാതൊരു കാര്യവുമില്ലാതെ ഇരിക്കുന്നുണ്ടായിരുന്നെന്നും കടകംപള്ളി പറഞ്ഞു.

തന്റേത് രാഷ്ട്രീയ അഭിപ്രായ വ്യത്യാസമല്ലെന്നും ബ്ലൂബുക്ക് പ്രകാരമുള്ള സുരക്ഷ, മാനദണ്ഡങ്ങളും കര്‍ശനമായ പ്രോട്ടോക്കോള്‍ വ്യവസ്ഥകളും പാലിക്കപ്പെടേണ്ടതാണെന്നും അത് ലംഘിക്കുന്നവര്‍ രാജ്യത്തെ ഭരണസംവിധാനത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍