UPDATES

സിനിമ

കഥയില്ലായ്മയുടെ കഹാനി

ജഹാംഗീര്‍ റസാഖ് പാലേരി

ആണ്‍ കാഴ്ചകളുടെ മസാലദൃശ്യ പരിസരങ്ങളും , നൂറുകോടി ക്ലബ്ബിന്റെ ബോക്‌സോഫീസ് മസില്‍ പ്പെരുക്കങ്ങളും നിരന്തരം പിറവിയറിയിക്കുന്ന ബോളിവുഡില്‍ നിന്ന് സുന്ദര  സിനിമകളും  പിറവിയെടുക്കാറുണ്ട് എന്നത്  വസ്തുതയാണ്. അക്കൂട്ടത്തില്‍  എണ്ണാവുന്ന ഒരു കലാസൃഷ്ടിയായിരുന്നു വിദ്യാ ബാലന്‍  തകര്‍ത്തഭിനയിച്ച കഹാനി എന്ന സിനിമ . ആ ചിത്രത്തിന്റെ രണ്ടാം  ഭാഗം  എന്ന നിലയിലെ പ്രതീക്ഷകളുടെ ഭാരക്കൂടുതലുമായി എത്തിയിരിക്കുന്ന ചിത്രമാണ് കഹാനി -2.

ആദ്യചിത്രത്തിന്റെ രണ്ടാം  ഭാഗമല്ല ഈ സിനിമ . കഥ നടക്കുന്ന  ഭൂമിശാസ്ത്ര പരിസരവും  നായികയാകുന്ന വിദ്യാ ബാലനും  മാത്രമാണ്  രണ്ടാമത്തെ ചിത്രത്തില്‍  ആവര്‍ത്തിക്കുന്നത്  എന്നതാണ് കൌതുകതരം . ആദ്യ  സിനിമയുടെ പ്രമേയത്തിന്റെ തുടര്‍ച്ചയല്ല രണ്ടാം  സിനിമ എന്നതിനാല്‍  തന്നെ  രണ്ടാം  ഭാഗം  എന്നതുകൊണ്ട് എന്താണ്  അണിയറക്കാര്‍  ഉദ്ദേശിച്ചത്  എന്ന്  പിടികിട്ടിയില്ല .

ആദ്യ കഹാനിയിലെ ദുര്‍ഗ്ഗാ  റാണി സിംഗിനെ പുതിയ പ്രമേയത്തില്‍ പ്രതിഷ്ഠനടത്തി  പുതിയ  കഥ  പറയാന്‍ ശ്രമിക്കുകയാണ് ഇവിടെ സംവിധായകന്‍ സുജോയ് ഘോഷ് . പ്രമേയപരമായി  ശക്തമല്ല രണ്ടാമത്തെ  കഹാനി  എന്നതിനാല്‍ അഭിനേതാക്കളുടെ വ്യക്തിപരമായ പ്രകടനത്തികവ് മാറ്റി  നിര്‍ത്തിയാല്‍  സുജോയ്  ഘോഷ് ആ ഉദ്യമത്തില്‍  പരാജയപ്പെട്ടിരിക്കുന്നു  എന്നതാണ്  സത്യസന്ധമായി  വിലയിരുത്തുവാന്‍  കഴിയുക .

മാത്രമല്ല സസ്‌പെന്‍സ് ത്രില്ലര്‍  എന്ന തോന്നലുകള്‍ ട്രെയിലറുകളില്‍ സൃഷ്ടിച്ചുകൊണ്ട് പ്രേക്ഷകനെ വഞ്ചിക്കുകയും ചെയ്യുന്നുണ്ട് അണിയറക്കാര്‍  എന്ന്  പറയേണ്ടി  വരുന്നതില്‍  ജാള്യതയുണ്ട്. ആ നിലയില്‍  സിനിമ  റിലീസ്  ചെയ്യുന്നതിന്  മുന്പ് സൃഷ്ട്ടിച്ചുവച്ച പ്രതീക്ഷകളും  ഇമേജുകളും  എല്ലാം  തിയറ്ററില്‍  തകര്‍ന്നടിയുന്നു  എന്ന്  കാണാം . പശ്ചിമ  ബംഗാളിലെ കൊല്‍ക്കത്ത  മാത്രമായിരുന്നു  കഹാനി  -1 ന്റെ കഥാപരിസരമെങ്കില്‍, കഹാനി -2 ബംഗാളിലും , ദല്‍ഹിയിലും , മുംബൈയിലും  എല്ലാമായി സംഭവിക്കുകയാണ് . പ്രമേയപരമായി  അത്തരം  ഭൂമിശാസ്ത്രപരമായ  വ്യാപനത്തിന്  യാതൊരുവിധ പ്രസക്തിയും ഇല്ല  എന്നതും  ഇത്തരം  ശ്രമങ്ങള്‍ പരാജയമാക്കുന്നുണ്ട്.

ബാലലൈംഗിക പീഡനമാണ് സിനിമയുടെ പ്രമേയം . ഒരു  സമ്പന്ന ഗൃഹത്തിലെ  അച്ഛനും , അമ്മയും  നഷ്ട്ടപ്പെട്ട  ഒരു  ആറു വയസ്സുകാരി  കുട്ടിക്ക്  അച്ഛന്റെ സഹോദരനില്‍  നിന്ന് നേരിടുന്ന പീഡനങ്ങളും , സ്‌കൂളിലെ ഓഫീസ്  സ്റ്റാഫായ ദുര്‍ഗ്ഗാ  റാണി  സിംഗ് ഇതറിയാന്‍  സാഹചര്യമുണ്ടാവുകയും , ആ കുട്ടിയുമായി  മാതൃതുല്ല്യമായ  ഒരു  ഊഷ്മള  ബന്ധം  സൃഷ്ട്ടിക്കപ്പെടുകയും , അത്  ഒരുമിച്ചു  ജീവിക്കുന്ന  ഒരു  ഘട്ടത്തിലേക്ക് പോലും  എത്തിച്ചേരുകയും ചെയ്യുന്നു . നമ്മുടെ  വീടുകളില്‍  വച്ചുതന്നെ  സ്വന്തം  പിതാക്കന്മാരാല്‍ പോലും  പെണ്‍കുട്ടികള്‍ പീഡനം  അനുഭവിക്കുന്ന  കാലത്ത്  വളരെ പ്രസക്തമാണ്  ഈ  പ്രമേയം . എന്നാല്‍  കെട്ടുറപ്പുള്ള  ഒരു  തിരക്കഥയിലൂടെ വിശ്വാസ യോഗ്യമായ  വിധത്തില്‍  ഈ  കഥ പറയാന്‍ രചന നിര്‍വ്വഹിച്ചവര്‍ക്കും, സംവിധായകനും  സാധിച്ചില്ല  എന്നതാണ്  വസ്തുത .

അര്‍ജുന്‍  രാംപാല്‍ , വിദ്യാ  ബാലന്‍  ..തുടങ്ങിയ ബോളിവുഡിലെ പ്രതിഭകള്‍  എല്ലാമുണ്ടായിട്ടും സുജോയ്  ഘോഷിന് ശരാശരിയില്‍  മുകളില്‍  നില്‍ക്കുന്ന  ഒരു  സിനിമ  സൃഷ്ട്ടിക്കാന്‍  സാധിച്ചില്ല  എന്ന്  കണ്ടെത്തുമ്പോള്‍  കാരണമായി  തോന്നുന്നത് , ആവശ്യത്തിനു  ഗൃഹപാഠം ചെയ്തില്ല  എന്നത്  തന്നെയാണ് . പ്രത്യേകിച്ച് രചനാ വിഭാഗം , കെട്ടുറപ്പുള്ള , യുക്തിഭദ്രമായ ഒരു  തിരക്കഥ  ഈ സിനിമയ്ക്ക്  ഉണ്ടായിരുന്നെങ്കില്‍  തീര്‍ച്ചയായും  ഇതിന്റെ  വിധി മറ്റൊന്നായേനെ . എന്നിട്ടും  രണ്ടു  മണിക്കൂര്‍ തിയറ്ററില്‍  ചിലവിടുന്നത് അഭിനേതാക്കളുടെ  വ്യക്തിപരമായ  പ്രകടനമികവു  തന്നെയാണ്  എന്ന്  പറയാം . പ്രത്യേകിച്ച് വിദ്യാ  ബാലന്‍  അവതരിപ്പിച്ച വിദ്യാ സിന്‍ഹ, ദുര്‍ഗാ  റാണി സിംഗ് എന്നീ  വേഷപ്പകര്ച്ചകള്‍ ആ അഭിനേത്രിയുടെ പ്രതിഭ  വിളിച്ചോതുന്നുണ്ട്. അര്‍ജുന്‍ രാംപാല്‍ അവതരിപ്പിച്ച പോലീസ്  സബ് ഇന്‍സ്‌പെക്ട്ടര്‍ ഇന്ദര്‍ജീത്ത് സിംഗ് പക്വവും , പാകതയുമുള്ള അഭിനയം കൊണ്ട് ആകര്‍ഷകമാണ് .

നൈഷാ ഖന്ന, ജുഗല്‍ ഹാന്‍സ്രാജിന്റെ വില്ലന്‍ കഥാപാത്രം, ടോട്ടാ റോയ് ചൗധരിയുടെ അരുണ്‍ എന്ന കഥാപാത്രം, ഖരാജ് മുഖര്‍ജിയുടെ പോലീസ് കഥാപാത്രം, സിനിമയിലെ പ്രധാന  കഥാപാത്രങ്ങളില്‍  ഒന്നായ  മിനി  എന്ന കുട്ടിയുടെ  രണ്ടു  ജീവിത  കാലങ്ങള്‍  അവതരിപ്പിച്ച രണ്ടു കുട്ടികള്‍ എന്നിവരെല്ലാം  അവനവന്റെ റോളുകള്‍  ഭംഗിയാക്കി  എന്ന്  പറയാതെ  വയ്യ . ആദ്യഭാഗം  ആകാംക്ഷ  കൊണ്ട്  കണ്ടിരിക്കാമെങ്കിലും , രണ്ടാം  ഭാഗം  അത്യധികം  വിരസവും  ഇഴഞ്ഞു  നീങ്ങുന്നതുമാണ് . എങ്ങനെ  സിനിമ  തീര്‍ക്കണമെന്ന  ഐഡിയ പോലുമില്ലാതെ  സംവിധായകന്‍ ആശയക്കുഴപ്പത്തിലാകുന്നത്  രണ്ടാം  പകുതിയിലെ  ദൃശ്യപരിചരണങ്ങളില്‍  വായിച്ചെടുക്കാം.

സംവിധായകന്‍ സുജോയ് ഘോഷ് , സുരേഷ്  നായര്‍  എന്നിവരുടേതാണ് കഥ , റിതേഷ് ഷാ സംഭാഷണങ്ങള്‍  രചിച്ചിരിക്കുന്നു . ഈ മൂന്ന്‌പെരുടെതുമാണ് സിനിമയുടെ വീഴ്ചകളുടെ ഉത്തരവാദിത്തം എന്നും  പറയുന്നതില്‍  തെറ്റില്ലെന്ന്  തോന്നുന്നു . തപന്‍  ബസുവിന്റെ ക്യാമറ  ശരാശരി  നിലവാരം  പുലര്‍ത്തുന്നു . ക്ലിന്റന്‍ സെരീജോ സംഗീതം  നിര്‍വ്വഹിച്ചിരിക്കുന്നതും എവിടെയും  സ്പര്‍ശിക്കുന്നില്ല . ഒരു സസ്‌പെന്‍സ് ത്രില്ലര്‍  അല്ല യഥാര്‍ഥത്തില്‍ എന്നതിനാല്‍,  പശ്ചാത്തല സംഗീതം  കൊണ്ട്  മാത്രം  അങ്ങിനെ തോന്നിപ്പിക്കാന്‍  സാധിക്കുകയുമില്ല .

പ്രേക്ഷകര്‍  നെഞ്ചേറ്റിയ  ഏതെങ്കിലും  ഒരു  കഥാപാത്രത്തെ  അടര്‍ത്തിയെടുത്ത് പുതിയ കഥാപരിസരങ്ങളില്‍  ഏച്ചുകെട്ടി സിനിമ നിര്‍മ്മിക്കുന്ന  ഏര്‍പ്പാട് അനുകരിക്കുവാന്‍  ആഗ്രഹിക്കുന്ന  ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുള്ള മുന്നറിയിപ്പ്  മാത്രമാണ്  കഹാനി -2. അതിലുപരി  ബാല  ലൈംഗിക  പീഡനം  എന്ന ഈ രാജ്യത്തിന്റെ ഇന്നത്തെ  നീറുന്ന  സാമൂഹ്യ  വിഷയ പ്രമേയ പരിസരത്തെ ഉപരിപ്ലവകരമായി സ്പര്‍ശിച്ചു  പോകുന്ന  സിനിമ  എന്ന്  മാത്രം  കഹാനി -2 രേഖപ്പെടുത്തപ്പെട്ടെക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍