UPDATES

യാത്ര

കക്കാടംപൊയില്‍; ഒരു യാത്രയും അവസാനിക്കുന്നില്ല; അതും കാട്ടിലേക്കാകുമ്പോള്‍

Avatar

സുജിത് പുല്‍പ്പാറ

കാടിന്റെ ഉള്ളിലേക്ക് അനുഭവങ്ങളും അറിവുകളും തേടിയുള്ള മനുഷ്യന്റെ യാത്ര എന്നോ തുടങ്ങിയതാണ്. അവിടേക്കുള്ള ഓരോ ചുവടുവയ്പ്പും ഓരോ അനുഭവങ്ങള്‍. ഞങ്ങളുടെ ലക്ഷ്യവും അതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. പ്രകൃതിയെ അറിയുകയും അവയെ സംരക്ഷിക്കുകയും ചെയ്യുക എന്നത് മാത്രമാണ്. ഓരോ അണുവിലും ആ മാസ്മരികത അനുഭവിച്ചറിയുക എന്നതാണ് ഓരോ വനയാത്രയിലും ഏറ്റവും പ്രസക്തമായത്. 

നിലമ്പൂരില്‍ നിന്നും വഴിക്കടവ് വഴി വന്ന് ചന്തക്കുന്ന് കഴിയുമ്പോള്‍ ഇടത്തോട്ട് തിരിയുന്ന വഴിയിലൂടെ അകംപാടം ചെന്ന് ഇടത്തോട്ട് ചെല്ലുമ്പോള്‍ കക്കാടംപൊയില്‍ എത്താം; അവിടെ നിന്നുമാണ് കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചേരേണ്ടത്. നിലമ്പൂരിന്റെ മടിത്തട്ടിലൂടെ കുണുങ്ങിയും ചിരിച്ചും ഒഴുകി വരുന്ന ആ കാഴ്ച കാണാനും വേണം ഒരു ഭാഗ്യം. പ്രഭാതത്തില്‍ മഞ്ഞിന്റെ പുതപ്പു മാറ്റി ഉണരുമ്പോള്‍ ആ കാഴ്ച ഒരു നോക്ക് കാണുവാന്‍ മാത്രം ഞങ്ങള്‍ ഏറെ കൊതിച്ചിരുന്നു ആ ആഗ്രഹം ഹൃദയത്തിലേറ്റിയ പന്ത്രണ്ട് ചെറുപ്പക്കാരുടെ യാത്ര ഇവിടെ തുടങ്ങുന്നു.

 

ഉച്ചവെയില്‍ കനത്ത് നില്‍ക്കുന്ന മലമുകളില്‍ കോടമഞ്ഞിന് ശൃംഗാരം നിറഞ്ഞ ഭാവം. വെള്ളച്ചാട്ടത്തിന്റെ പരിസരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കുക എന്നതായിരുന്നു ഞങ്ങളുടെ ആദ്യ പരിപാടി. സ്ഥലം പഞ്ചായത്ത് മെമ്പറും ബിജു സാറും വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥനും ഞങ്ങളെ സ്വാഗതം ചെയ്യുകയും ചാലിയാറിനെയും വനസംരക്ഷണത്തെക്കുറിച്ചും നിര്‍ദേശങ്ങള്‍ തരികയുംചെയ്തു. ഏകദേശം പത്തോളം ചാക്ക് നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കാന്‍ കഴിഞ്ഞു. പ്ലാസ്റ്റിക്, പ്രത്യേകിച്ച് വനത്തിന്റെ ഉള്ളില്‍ ഉപേക്ഷിക്കപെടുന്നവ ആന, മാന്‍, മ്ലാവ് മുതലായ വന്യമൃഗങ്ങള്‍ ഭക്ഷിക്കുകയും അത് കുടലില്‍ അടിഞ്ഞു മരണം വരെ സംഭവിക്കുന്നതിനും ഇടയാക്കാറുണ്ട്.

മാലിന്യ ശേഖരണം കഴിഞ്ഞ് വെള്ളച്ചാട്ടത്തില്‍ ഒരു കുളി. അസ്തമയ സൂര്യന്റെ സ്വര്‍ണ്ണ വെളിച്ചം അരിച്ചിറങ്ങുന്ന മൊട്ടക്കുന്നുകളെ നോക്കി തണുത്ത് വിറങ്ങലിക്കുന്ന ആ വെള്ളത്തില്‍ കിടന്നു. നേരം ഇരുട്ടി തുടങ്ങിയപ്പോള്‍ നീരാട്ട് അവസാനിപ്പിച്ചു. ഇനി അഞ്ച് കിലോമീറ്റര്‍ നടന്ന് വേണം ക്യാമ്പ് ഷെഡില്‍ എത്തുവാന്‍.

ഇരുട്ടില്‍ മിന്നാമിന്നികളെ പോലെ തെളിയുന്ന മൊബൈല്‍ വെളിച്ചത്തില്‍ തപ്പിത്തടഞ്ഞ് മലകയറ്റം തുടങ്ങി. ആദ്യ രണ്ടു കിലോമീറ്റര്‍ കഴിഞ്ഞപോഴേക്കും പലരും തളര്‍ന്നു. കുറച്ച് നേരം വിശ്രമിച്ച് വീണ്ടും യാത്ര. പോവുന്ന വഴിയിലെ നീര്‍ച്ചോലകളില്‍ നിന്നും വെള്ളം ശേഖരിച്ചു. സഹയാത്രികനായ അസറിന് വഴി നീളെ പാമ്പ് ഉണ്ടാവുമോ എന്ന സംശയമായിരുന്നു. കയറ്റം കയറുന്ന ഞങ്ങളുടെ പിന്നില്‍ ദൂരെയായി ബിജു സാറിന്റെ ജീപ്പിന്റെ വെളിച്ചം പിന്തുടര്‍ന്നു.

കുറെ ദൂരം പിന്നിട്ടപോള്‍ ഒരു പലചരക്ക് കട കണ്ടു. എല്ലാവരും അവിടെക്ക് ഓടി. അവിടെ ഉണ്ടായിരുന്ന കടല മിട്ടായി ആയിരുന്നു ഉന്നം. ഈ കടയാണ് ക്യാമ്പിനു മുന്‍പുള്ള അവസാനത്തെ കട. എന്തെങ്കിലും വേണമെങ്കില്‍ ഇപ്പോള്‍ വാങ്ങണം എന്ന് ബിജു സര്‍ ഓര്‍മ്മപ്പെടുത്തി. സാധനങ്ങള്‍ എല്ലാം വാങ്ങി വീണ്ടും കയറ്റം തുടര്‍ന്നു. നടപ്പൊന്ന് നിര്‍ത്തിയാല്‍ ദേഹം തണുക്കാന്‍ തുടങ്ങും. തണുപ്പില്‍ ഇലകള്‍ കൊഴിഞ്ഞുനില്‍ക്കുന്ന വൃക്ഷങ്ങള്‍ നിലാവിന്റെ നേര്‍ത്ത വെളിച്ചത്തില്‍ തെളിഞ്ഞു. ക്യാമ്പിലേക്ക് എത്താന്‍ ഇനി ഒരു കിലോമീറ്റര്‍ കൂടെ നടക്കണം. കഴിഞ്ഞ വനയാത്രയിലെ ആനക്കഥയും കാട്ടുപോത്തിന്റെയും രാജവെമ്പാലയുടെയും ദര്‍ശനഭാഗ്യവും എല്ലാം എരിവും പുളിയും ചേര്‍ത്ത് കഥകളായി വിരിഞ്ഞപ്പോള്‍ ഒരു കിലോമീറ്റര്‍ പോയത് അറിഞ്ഞതേയില്ല.

ദൂരെ പൊട്ടുപോലെ ഒരു വെളിച്ചം. നടന്നടുക്കുമ്പോള്‍, തെളിയുന്ന മുളകൊണ്ടും കളിമണ്ണ് കൊണ്ടും നിര്‍മിച്ച ചുവരുകളും പച്ച നിറത്തിലുള്ള മേല്‍ക്കൂരയും അതിനടുത്തായി ചോലവെള്ളം ഒഴുകി നിറയുന്ന ചെറിയ കുളവും. ഞങ്ങള്‍ എല്ലാവരും ആദ്യം ഓടിച്ചെന്നത് അടുക്കളയിലേക്കായിരുന്നു. തണുപ്പും വിശപ്പും ചേര്‍ന്നു സൃഷ്ടിക്കുന്ന ഒരു പ്രത്യേക അവസ്ഥ. ബാഗെല്ലാം ഒതുക്കി വച്ച് ആദ്യം ഒരു കട്ടന്‍ ചായയില്‍ തുടങ്ങി. കുറച്ചു പേര്‍ കപ്പ വെട്ടി ശരിയാക്കി. മുളകും ഉള്ളിയും ഇടിച്ചു ചമ്മന്തി, പയര്‍ തോരന്‍, കഞ്ഞി. അടുക്കളയില്‍ ഒരു കല്യാണത്തിന്റെ തിരക്കായിരുന്നു. ഏകദേശം രണ്ടു മണിക്കൂര്‍ കൊണ്ട് എല്ലാം റെഡി. കഞ്ഞിയും പയറും അച്ചാറും കഴിച്ച് ഒന്ന് വിശ്രമിച്ചു.

സമയം രാത്രി പന്ത്രണ്ടായി, ഞങ്ങള്‍ കപ്പയും മുളകിടിച്ച ചമ്മന്തിയും കട്ടന്‍ കാപ്പിയും കൊണ്ട് കുളക്കരയിലേക്ക് നടന്നു; അവിടെ ബിജു സാര്‍ ചെറിയ ക്യാമ്പ് ഫയര്‍ ഒരുക്കിയിരുന്നു. എല്ലാവരും പരസ്പരം പരിചയപ്പെട്ടു, ചിലര്‍ പാട്ടുപാടി. അങ്ങനെ നിമിഷങ്ങള്‍ പോയ്‌ക്കൊണ്ടിരിക്കുന്ന സമയത്ത് പച്ചമുളകിന്റെ എരിവും കട്ടന്‍ കാപ്പിയുടെ ചൂടും കിട്ടിയപോള്‍ കുറച്ചു പേര്‍ക്ക് സ്വിമ്മിംഗ് പൂളില്‍ ഒന്ന് ചാടാന്‍ മോഹം. ഫയര്‍ പ്ലേസിന്റെ അടുത്ത് നിന്ന് മാറുമ്പോള്‍ തന്നെ തണുത്തു വിറക്കുന്നു. അപ്പോള്‍ ചോലവെള്ളം വന്നു നിറയുന്ന കുളത്തില്‍ ചാടിയാലോ?

ചാടി… തണുത്തു പൊള്ളി. ഹസീബ് ആരെയൊക്കെയോ വെള്ളത്തിലേക്ക് തള്ളിയിട്ടു. ഈ കുളി ജീവിതത്തില്‍ ഒരിക്കലും മറക്കില്ല . ചാടും… കേറും… ചൂട് കൊള്ളും… ചാടും… ഇതിങ്ങനെ കുറേ നേരം തുടര്‍ന്നു. എപ്പോഴോ കിടന്നുറങ്ങി.

അലാറം അടിക്കുന്ന ശബ്ദത്തില്‍ ചാടി ഉണര്‍ന്നു. വീട്ടില്‍ ആയിരുന്നെങ്കില്‍ വീണ്ടും ഒന്ന് കൂടി കിടന്നേനെ. കാട്ടിനുള്ളിലെ പ്രഭാതവും സായാഹ്നവും ഒരിക്കലും പാഴാക്കരുത് എന്ന അറിവ് കിടക്ക വിട്ടെഴുന്നേല്‍ക്കാന്‍ എല്ലാവരെയും പ്രേരിപ്പിച്ചു. മുളവാതില്‍ തുറന്നു പുറത്തേക്കു വന്നപ്പോള്‍ കണ്ട ആദ്യ കാഴ്ച കണ്ണില്‍ കുങ്കുമം തൂവി ഉദിച്ചു വരുന്ന സൂര്യകിരണങ്ങള്‍. മഞ്ഞിന്‍ പുതപ്പു മാറ്റി കാട് ഒരു ആലസ്യ ഭാവത്തില്‍ തെളിഞ്ഞു വരുന്നു. 

 

അണഞ്ഞു പോയ കനല്‍ കഷ്ണങ്ങളില്‍ അല്‍പ്പം മണ്ണെണ്ണ ഒഴിച്ച് തണുത്തു വിറങ്ങലിച്ച മരക്കൊള്ളികള്‍ കത്തിക്കാനുള്ള ശ്രമം ആയിരുന്നു അടുത്തത്. പുകയൂതി യന്ത്രം അവസാനം വിജയം കണ്ടു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ പോലെ കട്ടന്‍ചായ ഗ്ലാസ്സുകളില്‍ നിരന്നു.

 
പ്രഭാത ഭക്ഷണത്തിന് ശേഷം ട്രെക്കിംഗിനു വേണ്ടി എല്ലാവരും ഒരുങ്ങിയിരുന്നു. വെള്ളക്കുപ്പികളും ലഘു ഭക്ഷണങ്ങളും ബാഗില്‍ എടുത്തു. ഞങ്ങള്‍ക്ക് വഴികാട്ടിയായി പാപ്പനും കുട്ടി പാപ്പനും ഉണ്ടായിരുന്നു. പാപ്പന്‍ അട്ടയെ ഓടിക്കാനുള്ള പൊകലയും എണ്ണയും കൊണ്ട് ഉണ്ടാക്കിയ ഒരു മരുന്ന് കയ്യില്‍ കരുതി. എന്റെ കയ്യില്‍ ഉപ്പ് ഉണ്ടായിരുന്നു. സമയം ഒന്‍പതു മണി ആയി. പൊട്ടന്‍ പാറയാണ് ഞങ്ങളുടെ ലക്ഷ്യം. ഏകദേശം പതിനാലു കിലോമീറ്റര്‍ ആണ് നടക്കേണ്ടത്. പപ്പന്‍ ചേട്ടന്‍ എല്ലാവര്ക്കും ഒരു വാക്കിംഗ് സ്റ്റിക് വെട്ടി ഉണ്ടാക്കി തന്നു. വിഷ്ണുവിന്റെ കന്നി ട്രെക്കിംഗ് ആയിരുന്നു. പൊട്ടന്‍ പാറ ലക്ഷ്യം വച്ച് കൊണ്ട് കുട്ടി പാപ്പന്‍ ഏറ്റവും മുന്‍പില്‍ നടന്നു, പിറകെ ഞങ്ങളും; ഏറ്റവും പുറകിലായി പാപ്പന്‍ ചേട്ടനും. ട്രെക്കിംഗ് എന്ന് പറഞ്ഞാണ് ഇറങ്ങിയതെങ്കിലും കുറച്ചു ദൂരം പിന്നിട്ടപോള്‍ മനസില്ലായി ഇത് ഒരു ഹൈക്കിംഗ് ആണെന്ന്. ഞങ്ങള്‍ക്ക് മുന്‍പ് നടന്ന വനയാത്ര കഴിഞ്ഞിട്ട് ഏകദേശം ആറു മാസം കഴിഞ്ഞു എന്ന് പാപ്പന്‍ ചേട്ടന്‍ പറഞ്ഞപ്പോള്‍ ഇനി അങ്ങോട്ടുള്ള വഴിയെ കുറിച്ച് ഏകദേശ ധാരണ കിട്ടി.

തുടക്കം കുറ്റിക്കാട്ടിലൂടെ ആയിരുന്നു. നടന്നു തുടങ്ങിയതിന്റെ ഉന്മേഷം കൊണ്ട് വളരെ വേഗം മുന്നോട്ടു പോയി. ചെറിയ കയറ്റങ്ങളും അരുവികളും കടന്ന് എത്തിയത് വഴിയുടെ ഒരു അടയാളവും കാണാന്‍ കഴിയാത്ത ഇല്ലിക്കാട്ടില്‍. നടത്തം പതുക്കെയായി. അവിടിവിടെ അട്ടയുടെ തലയാട്ടിയുള്ള നൃത്തം കാണാന്‍ തുടങ്ങി. നടന്നു ചെല്ലുന്തോറും ഒറ്റക്കും കൂട്ടമായും നൃത്തം ചെയ്തു തുടങ്ങി. ഞങ്ങളില്‍ പലരും നടക്കുന്നതിനിടയില്‍ ചവിട്ടു നാടകം നടത്തുന്നുണ്ടായിരുന്നു. ക്ലേശകരമായ ഹൈകിംഗിനു ശേഷം ഒരു മൊട്ടക്കുന്നില്‍ എത്തി. ചിലര്‍ ഷൂസ് അഴിച്ചു അട്ടകളെ എല്ലാം പുറത്താക്കി, ചിലര്‍ ചിത്രങ്ങള്‍ പകര്‍ത്തി. കുറച്ചു നേരം അവിടെ വിശ്രമിച്ചു. ഇനിയങ്ങോട്ട് കുറേ മൊട്ടക്കുന്നാണ്. കണ്ടപ്പോള്‍ എളുപ്പം എന്ന് തോന്നി, അട്ടയില്ല എന്ന് ഉറപ്പായി. പക്ഷെ കരിമ്പാറയില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലുകളുടെ സഹായത്തോടെ മാത്രമേ കയറുവാന്‍ പറ്റുള്ളൂ. ഒന്ന് കാല്‍ തെന്നിയാല്‍ നേരെ അടിവാരത്ത് കാണാം.

ഒന്ന് കേറി ഇറങ്ങി വീണ്ടും അടുത്തത്… അങ്ങനെ ഒരു നാല് കുന്നോളം കയറി ഇറങ്ങി; വെയിലിന്റെ ചൂട് എല്ലാവരെയും തളര്‍ത്തിത്തുടങ്ങിയിരുന്നു. കുറച്ചു പേര്‍ കുട്ടി പാപ്പനെയും കൊണ്ട് മുന്‍പേ നടന്നു, ബാക്കിയുള്ളവര്‍ നടത്തം പതുക്കെയാക്കി. ഇടക്ക് വച്ച് പാപ്പന്‍ ചേട്ടനും മുന്നില്‍ കയറിപ്പോയി. ഒരു കുന്ന് കയറി ചെന്നപ്പോള്‍ നിറയെ അരയ്‌ക്കൊപ്പം ഉയര്‍ന്നു നില്‍ക്കുന്ന പുല്ല്. ആരും നടന്നുപോയതിന്റെ ലക്ഷണമൊന്നും കാണുന്നില്ല; പുല്ല് എല്ലാം നിവര്‍ന്നു നില്‍ക്കുന്നു. മുന്നോട്ടു നടന്നാല്‍ കുന്നിന്റെ മൂന്നു വശത്തേക്ക് ഇറങ്ങാം, ആകെ ഒരു ആശയ കുഴപ്പം. ചൂളമടിച്ചു നോക്കി. തിരിച്ചു ശബ്ദമൊന്നും ഇല്ല. മുന്‍പ് നടന്ന വനയാത്രയുടെ അനുഭവത്തില്‍ എടുത്ത അതേ തീരുമാനം ഇവിടെയും എടുത്തു മുന്നോട്ട് പോയി. ഇനി ഒരു ഇറക്കം, അത് കഴിഞ്ഞാല്‍ ഒരു കുന്ന് കയറണം. അതിന്റെ അപ്പുറമായിരുന്നു മുന്‍പേ പോയവര്‍ കാത്തിരുന്നത്. വെയില് കൊണ്ടുള്ള നടത്തം തത്കാലം അവസാനിച്ചു.

വെളിച്ചം പൂര്‍ണ്ണമായും വീഴാത്ത വഴിയിലൂടെയായിരുന്നു പിന്നീടുള്ള നടപ്പ്. ഇല്ലിയും മുളയും വലിയ വൃക്ഷങ്ങളും നിറഞ്ഞ വനഹൃദയം എന്നൊക്കെ വിളിക്കാവുന്ന അത്രയും വന്യത. ആനപ്പിണ്ടം കിടക്കുന്നു, ചെന്നായയുടെയോ പുലിയുടെയോ കാല്പാടുകള്‍, പാമ്പ്, മലയണ്ണാന്‍, മ്ലാവ്, തിരിച്ചറിയാത്ത കുറെ സൂക്ഷ്മ ജീവികള്‍, പലതരം കാട്ടുവള്ളികള്‍, വലുതും ചെറുതുമായ നീര്‍ച്ചാലുകള്‍, കട പുഴകിയ വന്‍ മരങ്ങള്‍. പിന്നീടുള്ള ഒരു മൂന്നു കിലോമീറ്റര്‍ നിര്‍ത്താതെയുള്ള നടത്തമായിരുന്നു. കാരണം മൊട്ടക്കുന്നുകള്‍ കയറുന്നതിനു മുന്‍പുള്ളത് അട്ടയുടെ നൃത്തം മാത്രമാണെങ്കില്‍ ഇവിടെ ഒരു യുവജനോത്സവം തന്നെയായിരുന്നു. ഉച്ചയൂണിന്റെ സമയമായി. ഇരുട്ട് നിറഞ്ഞ കാട്ടില്‍ നിന്നും നേരെ വന്നു ചെന്നത് രണ്ടാള്‍ പൊക്കം വരുന്ന പുല്ലുകള്‍ നിറഞ്ഞ മലയിലേക്കായിരുന്നു. അതിനിടയിലൂടെ വഴിയറിയാതെ ഏകദേശ ധാരണ മാത്രം വച്ചുള്ള നടത്തം വിസ്മയകരമായിരുന്നു. നമ്മുടെ മുന്നിലും പിന്നിലുമുള്ള ആരെയും വ്യക്തമായി കാണാന്‍ കഴിയില്ല.

ഉയര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ക്കിടയില്‍ ഒരു ആന നിന്നാലും കാണാന്‍ കഴിയില്ല; അത്രയ്ക്കും ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്നു. മറ്റൊരു ലോകത്ത് എത്തിപ്പെട്ടപ്പോലെയായിരുന്നു കുറച്ചു സമയം. വഴിതെറ്റി പോവാനുള്ള സാധ്യത ഉള്ളതുകൊണ്ട് എല്ലാവരും പരമാവധി ചേര്‍ന്ന് തന്നെ നടന്നു. പുല്ലുകളിലെ ചെറിയ മുള്ളുകള്‍ ശരീരത്തില്‍ പോറലുകളും ചെറിയ മുറിവുകളും സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇവിടെ അട്ട ഇല്ലായിരുന്നു. പുല്‍മതിലിനു ശേഷം വീണ്ടും ഒരു മൊട്ടക്കുന്ന്; അതിനറ്റത്ത് കുറച്ചു മരങ്ങള്‍; അതിനപ്പുറം അഗാധഗര്‍ത്തം. മരച്ചില്ലകളുടെ തണലില്‍ ഞങ്ങള്‍ വിശ്രമിച്ചു. ജിനോയുടെ ഷൂ രക്തത്തില്‍ കുളിച്ചിരുന്നു. കയ്യിലുള്ള വെള്ളക്കുപ്പികള്‍ കാലി… ചുണ്ടുകള്‍ വരണ്ടു.

സമയം ഉച്ചക്ക് രണ്ടു മണിയായി. മൊട്ടക്കുന്നിലെ വെയില്‍ അസഹ്യം. പൊട്ടന്‍ പാറയിലേക്ക് ഇനിയും രണ്ട് കിലോമീറ്റര്‍ നടക്കണം. പാപ്പന്‍ ചേട്ടന്‍ കുടിവെള്ളം കിട്ടാന്‍ സാധ്യതയുള്ള വഴിലൂടെ ഞങ്ങളെ നയിച്ചു. കുറെ നടന്ന് ഒരു കയറ്റം കയറിയിറങ്ങിയതും ഉയര്‍ന്ന ചില്ലകളുള്ള മരങ്ങളുടെ തണലില്‍ എത്തിപ്പെട്ടു. ചൂട് മാറി തണുപ്പായി. വെള്ളം കുടിക്കാന്‍ അടുത്തായി ഒരു വെള്ളച്ചാട്ടം തന്നെ ഉണ്ട്. എല്ലാവരും ശരിക്കും തളര്‍ന്നിരുന്നു. ബ്രഡും ജാമും നേന്ത്രപ്പഴവും ഒക്കെ കഴിച്ചു വിശപ്പും ക്ഷീണവും മാറ്റി. കാട്ടു ചോലയില്‍ കാലുകള്‍ ഇറക്കി വച്ചു. അധിക സമയം കഴിയും മുന്‍പേ അട്ടകള്‍ തലപൊക്കിത്തുടങ്ങി. വിശ്രമിച്ചു കൊതിതീരും മുന്‍പേ ഞങ്ങള്‍ നടത്തം തുടങ്ങി.

പൊട്ടന്‍ പാറയിലേക്കെത്താന്‍ ഇനി കുറച്ചു കാലടികള്‍ മാത്രം. ഇത്രയും ദൂരം നടന്നതിന്റെയും അട്ട കടിച്ചതിന്റെയും എല്ലാ വേദനകളും മറക്കാന്‍ മാത്രം സന്തോഷം ആ ദൃശ്യത്തിന് നല്‍കാന്‍ കഴിഞ്ഞു. കോടമഞ്ഞിന്റെ അലങ്കാരം ഇല്ലെങ്കിലും ചുറ്റും പച്ച പുതച്ച മലനിരകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഈ പേരില്‍ തന്നെ ഒരു കാര്യമുണ്ട്. പലയിടത്തും സ്‌കയില്‍ വച്ച് വരഞ്ഞപോലെ വിള്ളലുകള്‍ ഉള്ള പാറ ആയതു കൊണ്ടാണ് പൊട്ടന്‍ പാറ എന്ന പേര് വന്നത്. ചുറ്റും നോക്കിയാലും വിസ്മയങ്ങള്‍ തന്നെ. ‘ഒറ്റക്കല്ല്’ എന്ന ഉയര്‍ന്ന മല. കുരങ്ങന്റെ മുഖമുള്ള ചിമ്പാന്‍സി റോക്ക്, താഴെ കോഴിപ്പാറ വെള്ളച്ചാട്ടം, പതിനായിരം ഏക്കര്‍ കാട്, ഒരു മൌനിയെ പോലെ ഒഴുകുന്ന കുറുവാന്‍ പുഴ, ടൈഗര്‍ റോക്ക് അങ്ങനെ കാഴ്ചകള്‍ തുടരുന്നു.

അവിടെ റിസോര്‍ട്ട് പണിയുന്നതിനു വേണ്ടി നിര്‍മിച്ച ഒരു തൂക്കുപാലം ഉണ്ട്. അവയുടെ ചവിട്ടുപടികള്‍ ദ്രവിച്ചിരുന്നു. കാഴ്ചകളെ മെമ്മറി കാര്‍ഡില്‍ ഡിജിറ്റല്‍ രൂപത്തിലും ഹൃദയത്തില്‍ സ്‌നേഹത്തിന്റെ ഭാഷയിലും രേഖപെടുത്തി മലയിറങ്ങാന്‍ തുടങ്ങി. വെയിലിന്റെ ചൂട് കുറഞ്ഞു തുടങ്ങി. ദൂരം കുറവാണെങ്കിലും കഠിനമായിരുന്നു. കറുത്ത പാറകളില്‍ അടി തെറ്റാതെ മെല്ലെ മെല്ലെ ഇറക്കം തുടങ്ങി. കുറ്റികള്‍ പോലെ നില്‍ക്കുന്ന പുല്ലുകളില്‍ പിടിച്ചായിരുന്നു നടത്തം. ചിലയിടങ്ങളില്‍ തോളിനോപ്പം ഉയരത്തില്‍ പുല്ല്; കാലെടുത്തു വക്കുന്നത് എങ്ങോട്ടാണെന്ന് അറിയാന്‍ കഴിയില്ല. പൊട്ടന്‍ പാറയില്‍ പലയിടത്തും നീണ്ട വരകള്‍ കാണാം, വിള്ളലുകളും. ചിലസ്ഥലങ്ങളില്‍ ചവിട്ടുമ്പോള്‍ ശബ്ദം മാറുന്നു. ക്ഷീണവും ദാഹവും കാലിന്റെ പേശികള്‍ നല്‍കുന്ന വേദനയും പലരെയും തളര്‍ത്തി. ഒരു സഹയാത്രികനെ ഫോറസ്റ്റ് ഗാര്‍ഡ് ചുമന്നാണ് താഴെ എത്തിച്ചത്.

ഇരുട്ട് വീഴും മുന്‍പേ ഞങ്ങള്‍ റോഡില്‍ എത്തി. ബിജു സര്‍ അവിടെ ജീപ്പുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എല്ലാവരും വണ്ടിയില്‍ കയറി ഭക്ഷണം തയ്യാറാക്കി വച്ചിരിക്കുന്ന വീട്ടില്‍ എത്തി. ചോറും സാമ്പാറും കടുമാങ്ങയും മോരും. ജീവിതത്തില്‍ ഒരിക്കലും ഇത്രയും വിശപ്പോടെയും ആര്‍ത്തിയോടെയും ഭക്ഷണം കഴിച്ചിട്ടില്ല. പാപ്പനോടും (അച്ചായന്‍ ) കുട്ടിപാപ്പനോടും (ടോം) യാത്ര പറഞ്ഞ്, ഭക്ഷണം ഉണ്ടാക്കി തന്ന ചേച്ചിക്ക് സ്‌നേഹത്തോടെ നന്ദിയും പറഞ്ഞ് ഞങ്ങള്‍ മടക്കയാത്രക്ക് ഒരുങ്ങി.

യാത്ര തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന വെളിച്ചം എല്ലാവരുടെയും മുഖത്തുനിന്നും അപ്രത്യക്ഷമായി. തിരിച്ചു വീട്ടിലേക്കും ക്ലാസ്സിലേക്കും ജോലിയിലേക്കും. നാളെയുടെ പ്രതീക്ഷയിലേക്ക് ഊളിയിടുമ്പോള്‍ നഷ്ടപ്പെടുന്ന യാത്രയുടെ സുഗന്ധം കണ്ണില്‍ ഒരു മഞ്ഞു തുള്ളിപോലെ നിറയുന്നു; കക്കടംപോയിലിനോട് വിടപറയുന്ന നിമിഷങ്ങളില്‍. ചുവന്നില്ലതാവുന്ന സൂര്യനും മഞ്ഞില്‍ കുളിച്ചു ഉദിക്കുന്ന ചന്ദ്രനും വഴികാട്ടിയെ പോലെ മുന്നില്‍ നക്ഷത്രങ്ങളും.

യാത്രകള്‍ അവസാനിക്കുന്നില്ല…

(കൊച്ചിയില്‍   കോര്‍പ്പറേറ്റ് 24×7 എന്ന കമ്പനി മാനേജര്‍ ആണ് ലേഖകന്‍ )

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍