UPDATES

വാര്‍ഡന്മാരുടെ പീഡനം; കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെ 18 പെണ്‍കുട്ടികള്‍ ആത്മഹത്യ ഭീഷണി മുഴക്കി

അഴിമുഖം പ്രതിനിധി

കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ ആത്മഹത്യ ഭീഷണി മുഴക്കി. ചില്‍ഡ്രന്‍സ് ഹോമിലെ ഇരുനില കെട്ടിടത്തിനു മുകളില്‍ നിന്നു കൊണ്ട് പതിനെട്ടോളം പെണ്‍കുട്ടികളാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. സ്ഥാപനത്തില്‍ പല തരത്തിലുള്ള ശാരീരിക മാനസിക പീഡനങ്ങള്‍ വാര്‍ഡന്‍മാരില്‍ നിന്ന് ഏറ്റുവാങ്ങുന്നുണ്ടെന്നും മാനുഷിക പരിഗണന പോലും അവര്‍ നല്‍കാറില്ലെന്നുമാണ് കുട്ടികള്‍ പറയുന്നത്. തങ്ങള്‍ താമസിക്കുന്ന ഇടത്തെ വേശ്യാലയം എന്ന് പോലും വിശേഷിപ്പിച്ച അവര്‍ക്കെതിരെ അന്വേഷണം വേണമെന്നും കുട്ടികളെ വീടുകളിലേക്കയ്‌ക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു ഇവരുടെ ആത്മഹത്യ ഭീഷണി. 

അടിസ്ഥാന സൗകര്യങ്ങളും പഠന സൗകര്യങ്ങളും ചില്‍ഡ്രന്‍സ് ഹോമില്‍ കുറവാണെന്നും കുട്ടികള്‍ അറിയിച്ചു. പിടി തോമസ് എംഎല്‍എ, എറണാംകുളം കളക്ടര്‍, അഡീഷണല്‍ ജഡ്ജി എന്നിവര്‍ സ്ഥലത്തെത്തി കുട്ടികളോട് സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് കുട്ടികള്‍ താഴെ ഇറങ്ങിയത്. ഫയര്‍ ഫോഴ്സും പോലീസും സുരക്ഷയൊരുക്കാന്‍ എത്തിയിരുന്നു.സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി കെകെ ശൈലജ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകളിലേക്ക് പോകണം എന്ന കുട്ടികളുടെ ആവശ്യത്തെ അംഗീകരിച്ച് അഞ്ചു പേരെ വീട്ടിലേക്ക് അയച്ചു.

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ചില്‍ഡ്രന്‍സ് ഹോമിലുണ്ടായ പ്രശ്‌നങ്ങള്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍ പേഴ്‌സണ്‍ പി മോഹനദാസ് അഴിമുഖത്തോട് പറഞ്ഞു. ഒരു മാസത്തിനകം ജില്ലാ കളക്ടറോടും സാമൂഹികനീതി വകുപ്പിനോടും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപെട്ടിട്ടുണ്ട്. കൂടാതെ ചില്‍ഡ്രന്‍സ് ഹോമിന്റെ ചുമതലകള്‍ വഹിക്കുന്ന ദേവിയോട് സിറ്റിങ്ങിനു എത്തിച്ചേരാനും കമ്മീഷന്‍ ആവശ്യപെട്ടിട്ടുണ്ട്.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍