UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാഷണല്‍ ജ്യോഗ്രഫിക്കില്‍ ഇടംപിടിച്ച കാക്കത്തുരുത്തിന്റെ ‘ജ്യോഗ്രഫി’ പക്ഷേ ദുരിതത്തിലാണ്

Avatar

സമീര്‍

കാക്കത്തുരുത്തിലെ അസ്തമയ സൂര്യന്‍ ലോക പ്രസിദ്ധമാണ്. എന്നാല്‍, പടിഞ്ഞാറാന്‍ ചക്രവാളത്തില്‍ ചെങ്കതിര്‍ പൊഴിച്ച് സൂര്യന്‍ ഒരു പകലിനെ മായ്ക്കുമ്പോഴും തീരാത്ത ദുരിതങ്ങളുണ്ട് കാക്കത്തുരുത്ത് വാസികള്‍ക്ക്. നാഷണല്‍ ജ്യോഗ്രഫിക്ക് മാസിക ലോകത്ത് കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നായി വിലയിരുത്തിയ ആലപ്പുഴ എഴുപുന്ന ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന കാക്കത്തുരുത്ത് ദ്വീപിന് അഴകിന്റെ മാത്രമല്ല, ഇല്ലായ്മകളുടെ നിറം കൂടിയുണ്ട്. ലോക സഞ്ചാര ഭൂപടത്തില്‍ കാക്കത്തുരുത്ത് ദ്വീപ് ഇടം പിടിച്ചതിന്റെ സന്തോഷം നാട്ടുകാര്‍ക്കുണ്ട്. തങ്ങളുടെ നാടിന്റെ ഭംഗി തേടിയെത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ നാട്ടുകാര്‍ ചിരിയോടെ നില്‍ക്കുന്നുണ്ട്. അതേസമയം ഈ നാട്ടിലെ തങ്ങളുടെ ജീവിതദുരിതങ്ങള്‍ ആരെങ്കിലും അറിയുന്നുണ്ടോ എന്ന ചോദ്യവും അവര്‍ ഉയര്‍ത്തുന്നുണ്ട്.

ലോക സഞ്ചാരികള്‍ കാക്കത്തുരുത്തും കാണണമെന്നാണ് നാഷണല്‍ ജ്യോഗ്രഫിക്ക് മാസിക പറഞ്ഞത്. ലോകത്തിലെ സവിശേഷമായ 24 പ്രദേശങ്ങളുടെ പട്ടികയിലാണ് ഈ കൊച്ചുദ്വീപും ഇടംപിടിച്ചത്. എറൗണ്ട് ദ വേള്‍ഡ് ഇന്‍ 24 അവേര്‍സ് എ ട്രാവല്‍ ഫോട്ടോ ഫീച്ചറിലായിരുന്നു ഇത്. വൈകിട്ട് ആറ് മണിക്ക് ശേഷമുള്ള മായക്കാഴ്ചയാണ് കാക്കത്തുരുത്തിലെ അസ്തമയം.

എന്നാല്‍ അവിടേയ്ക്ക് എത്തിപ്പെടണമെങ്കില്‍ തന്നെ പൊട്ടിപ്പോളിഞ്ഞ റോഡിലൂടെവേണം സഞ്ചരിക്കാന്‍. നല്ലവഴിയില്ലാത്തതാണ് നാട്ടുകാരുടെ പ്രധാന പ്രശ്‌നം. വേണ്ടത്ര യാത്രസൗകര്യം പതിറ്റാണ്ടുകളായി ഇവര്‍ക്ക് അന്യം. കുടിവെള്ളം എന്നും കിട്ടാക്കനി. നാനൂറിനടുത്ത് കുടുംബങ്ങളാണ് കാക്കത്തുരുത്തില്‍ താമസിക്കുന്നത്. മത്സ്യത്തൊഴിലാളികളാണ് കൂടുതലും. മൂന്നു കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയുമുള്ള കാക്കത്തുരുത്ത് ദ്വീപിലെത്തണമെങ്കില്‍ വള്ളമല്ലാതെ മറ്റ് മാര്‍ഗമില്ല. ഏത് ആവശ്യത്തിനും ദ്വീപിലുള്ളവര്‍ ആശ്രയിക്കുന്നത് ചെറുവള്ളങ്ങളെ. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത ദ്വീപ് നിവാസികള്‍ ആശ്രയിക്കുന്നത് കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള എരമല്ലൂരിനെയാണ്. കടത്ത് കടന്നുവേണം അപ്പുറത്തെത്തുവാന്‍. ദ്വീപുകാരുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് പാലം. കാലങ്ങളായുള്ള സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍ പാലത്തിന് അനുമതിയായി. പാലം നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. പാലത്തിന്റെ തൂണുകള്‍ പണിതുയര്‍ത്തി. പിന്നീടാണ് പാലം പണി നിന്നുപോയത്. ദ്വീപിലേക്കുള്ള പാലം പണി നിലച്ചിട്ടിപ്പോള്‍ വര്‍ഷങ്ങളായി. പാലത്തിനായി സ്ഥാപിച്ച തുരുമ്പ് പിടിച്ച തൂണുകള്‍ക്ക് അരികിലൂടെ ചെറുവള്ളങ്ങളില്‍ ദ്വീപ് വാസികളുടെ സഞ്ചാരം തുടരുന്നു.

ഈ പാലം യഥാര്‍ഥ്യമായിരുന്നെങ്കില്‍ ദ്വീപ് നിവാസികളുടെ ദുരിതങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുവായിരുന്നു. മുടങ്ങിക്കിടക്കുന്ന പാലം യാഥാര്‍ഥ്യമാക്കണം. എന്നാല്‍ ഇവിടുത്തെ വിനോദസഞ്ചാരസാധ്യതകള്‍ പ്രയോജനപ്പെടുത്താനാകും. ഞങ്ങളുടെ ഈ കൊച്ചു പ്രദേശം ലോക ഭൂപടത്തില്‍ ഉള്‍പ്പെട്ടത് സന്തോഷം തരുന്ന കാര്യമാണ്. പക്ഷെ ഇത് ദ്വീപുനിവാസികള്‍ക്കും കൂടി പ്രയോജനപ്പെടുന്നതായിരിക്കണം.’ കാക്കത്തുരുത്തുകാരന്‍ ശശി പറയുന്നു.

‘ഇവിടെ ജീവിതം ബുദ്ധിമുട്ടായതോടെ പലരും ദ്വീപില്‍ നിന്ന് രക്ഷപെടുകയാണ്. മറ്റ് സ്ഥലങ്ങളില്‍ നിന്നും ദ്വീപ് കാണാനെത്തുന്നവര്‍ക്ക് കായല്‍ കാഴ്ചകളും ജീവിതചിത്രങ്ങളും കൗതുകളാണെങ്കിലും ജീവിതം ദയനീയമാണ്.‘ നാട്ടുകാരനായ അജയന്‍ പറയുന്നു. 

കായലില്‍ പായല്‍ തിങ്ങിനിറഞ്ഞാലും വര്‍ഷകാലത്തും ദ്വീപ് വാസികളുടെ യാത്ര ദുരിതത്തിലാകും. മഴക്കാലത്ത് പേടിയോടെയാണ് മക്കളെ ഇവിടുത്തെ മാതാപിതാക്കള്‍ സ്‌കൂളിലേക്ക് പറഞ്ഞുവിടുന്നത്. തിരികെയെത്തുന്നത് വരെ വഴിക്കണ്ണുമായി കാത്തിരിക്കും. ഇപ്പോള്‍ നിയമക്കുരുക്കില്‍ കിടക്കുകയാണ് പാലം പണി. എന്ന് ഇത് അവസാനിച്ച് പാലംപണി പുനരാരംഭിക്കാനാകുമെന്നാണ് ദ്വീപ് നിവാസികള്‍ ചോദിക്കുന്നത്.

‘ചെറിയൊരു മഴപെയ്താല്‍ കായലിലെ വെള്ളം വീട്ടുമുറ്റത്തെത്തും, കായലിലെ പോളശല്യമാണെങ്കില്‍ അതിരൂക്ഷം. ഇത് കാരണം മത്സ്യബന്ധനത്തിനും കായല്‍ യാത്രക്കും ഓരോ പോലെ തടസ്സമാണ്’ – ദ്വീപ് നിവാസി അശോകന്‍ പറയുന്നു.

രാത്രിയില്‍ ആര്‍ക്കെങ്കിലും അസുഖം വന്നാലാണ് ഇവര്‍ ഏറെ ബുദ്ധിമുട്ടുന്നത്. ചെറുവള്ളത്തില്‍ കടത്ത് കടന്ന് കിലോമീറ്ററുകള്‍ക്ക് അപ്പുറമുള്ള എരമല്ലൂരില്‍ ചെന്നാല്‍ മാത്രമേ യാത്രാ സൗകര്യവം ഇവര്‍ക്ക് ലഭിക്കുകയുള്ളു. ഓരോ തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങുമ്പോഴും പാലവും ഇവിടുത്തെ തിരഞ്ഞെടുപ്പ് വിഷയമാകും. ഓരോ മുന്നണിയും വാഗ്ദാനങ്ങള്‍ വാരിച്ചൊരിയുമെങ്കിലും ഫലത്തില്‍ നടപ്പാക്കാറില്ല. കക്കാവാരല്‍ ദ്വീപ് വാസികളുടെ പ്രധാന വരുമാന മാര്‍ഗമാണ്. പായല്‍ തിങ്ങി നിറഞ്ഞാല്‍ അതിനും ഇവര്‍ക്ക് സാധിക്കില്ല. പായല്‍ ശല്യം രൂക്ഷമാകുന്ന സമയത്ത് ചെറുവഞ്ചികളിലെ യാത്രയും അപകടം പിടിച്ചതാണ്. ദ്വീപിന് അകത്തെ റോഡുകളുടെ കാര്യവും പരിതാപകരമാണ്.

അധികം താമസിയാതെ പാലംപണി പുനരാരംഭിക്കാന്‍ സാധിക്കുമൊണ് അധികൃതരുടെ വിശദീകരണം. നാഷണല്‍ ജോഗ്രഫിക്ക് മാസികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തങ്ങളുടെ കഷ്ടതകള്‍ക്ക് വിരാമമാകുമെന്ന പ്രതീക്ഷ നാട്ടുകാര്‍ക്കുണ്ട്. വിനോദസഞ്ചാരമേഖല വളരുന്നതിനോടൊപ്പം തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും വരുംകാലം ഉയരുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. 

‘ഈ ദ്വീപിലേക്ക് എത്തുന്നതിന് ദേശീയപാതയില്‍ നിന്നും രണ്ട് റോഡുകളാണുള്ളത്. ഇവ രണ്ടും ഒരേപോലെതന്നെ ശോചനീയവസ്ഥയിലാണ്. ഒട്ടറേ വാഹനങ്ങളാണ് ഇൗ റോഡിലൂടെ കടന്നുപോകുന്നത്. ലൈറ്റുകളൊന്നും ആവശ്യത്തിന് ഇല്ല. വാര്‍ത്തകളിലൂടെ അറിഞ്ഞ് ദ്വീപ് കാണാനെത്തുന്നവര്‍ക്ക് എത്തിപ്പെടേണ്ടത് അത്ര സുന്ദരമായ അവസ്ഥയിലൂടെ അല്ല. പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ഗൗരവം കാട്ടുന്നില്ല’ -കാക്കത്തുരുത്ത് നിവാസി രാജേഷ് പറയുന്നു. ദ്വീപിലെ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിക്കണമെങ്കില്‍ റോഡും മറ്റ് അടിസ്ഥാന സൗകര്യവും ഒരുക്കണമെന്നുമാണ് രാജേഷിന് പറയാനുള്ളത്.

ഈ കൊച്ചുദ്വീപിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച അസ്തമയസൂര്യന്‍ ഇവര്‍ക്കിപ്പോള്‍ പ്രതീക്ഷയുടെ പൊന്‍പ്രഭകൂടിയാണ്.

(ആലപ്പുഴ സ്വദേശിയായ മാധ്യമപ്രവര്‍ത്തകനാണു ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍