UPDATES

ട്രെന്‍ഡിങ്ങ്

ജെല്ലിക്കെട്ട് ഇഫക്ട്: കാക്കൂര്‍ കാളവയല്‍ നടത്താന്‍ പ്രക്ഷോഭം തുടങ്ങുന്നു

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാര്‍ഷിക മാമാങ്കങ്ങളില്‍ ഒന്നാണ് എറണാകുളം ജില്ലയിലെ പിറവത്തെ കാക്കൂര്‍ കാളവയല്‍

ചരിത്രപ്രസിദ്ധമായ കാക്കൂര്‍ കാളവയല്‍ നടത്തിപ്പിന് അനുമതി നല്‍കണമെന്ന ആവശ്യവുമായി കേരള ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രംഗത്തെത്തി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാര്‍ഷിക മാമാങ്കങ്ങളില്‍ ഒന്നായ എറണാകുളം ജില്ലയിലെ പിറവത്തു നടക്കുന്ന കാക്കൂര്‍ കാളവയലും കാളവണ്ടിയോട്ടവും മരമടി മത്സരങ്ങളും കാര്‍ഷിക മേളയും പുനരാരംഭിക്കണമെന്ന ആവശ്യത്തിന് ശക്തി പകര്‍ന്നത് തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് ഓര്‍ഡിനന്‍സിലൂടെ നിയമവിധേയമാക്കിയതാണ്. നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട് കാക്കൂര്‍ കാളവയലിന്.

ഏകദേശം ഒന്നര പതിറ്റാണ്ടത്തെ ചരിത്രമുള്ള ഈ കാര്‍ഷിക ഉത്സവത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള തെളിവ് കാക്കൂര്‍ മാര്‍ക്കറ്റിന് സമീപമുള്ള ശിലാലിഖിതമാണ്. 127 വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ പേരിലുള്ള കാക്കൂരില്‍ സ്ഥാപിച്ച ശിലാലിഖിതം കാക്കൂര്‍ കാളവയലിന്റെയും കാളവണ്ടിയോട്ടത്തിന്റെയും ചരിത്രരേഖയാണ്. ദക്ഷിണേന്ത്യയിലെ പ്രധാന കാര്‍ഷിക വാണിഭങ്ങളിലൊന്നായ കാക്കൂര്‍ കാളവയല്‍ ആരംഭിച്ചത് ഒന്നരപ്പതിറ്റാണ്ട് മുമ്പ് കാക്കൂര്‍ കാഞ്ഞിരപ്പിള്ളി മനയുടെ നേതൃത്വത്തിലാണെന്നാണ് പറയപ്പെടുന്നത്.

കാക്കൂര്‍ കാളവയല്‍/വീഡിയോ


എടപ്ര-ആമ്പശ്ശേരി ദേവിക്ഷത്രങ്ങളുടെ ഉത്സവമായ കുംഭമാസത്തിലെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി നാളുകളില്‍ കര്‍ഷകര്‍ കാക്കൂര്‍ ആമ്പശ്ശേരിക്കാവിന് മുന്നിലുള്ള പാടത്ത് ഒത്തുചേരുക പതിവായിരുന്നു. കാള ചന്തകളും കാര്‍ഷിക വാണിഭങ്ങളും ഈ കര്‍ഷക കൂട്ടായ്മയില്‍ നല്ല രീതിയില്‍ നടന്നിരുന്നു. ഭരണിനാളില്‍ കാക്കൂര്‍ ആമ്പശ്ശേരിക്കാവിലെ ഉച്ചപ്പൂജ കഴിഞ്ഞ് നട തുറക്കുന്നവേളയിലെ ശംഖനാദത്തോടെയാണ് കര്‍ഷകര്‍ ആര്‍പ്പുവിളികളോടെ കാളകളുമായി പാടത്തേക്ക് ഇറങ്ങുന്നത്‌. അതോടെ വര്‍ഷത്തെ കാളവയലിന് തുടക്കമാകും. അമ്പലത്തിന് മുന്നിലഉള്ള നെല്‍പാടത്ത് ഇളംകാവിന് സമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ദേവീസങ്കല്പത്തോടെയാണ് ഇതിനുള്ള പാടം ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്ന് കര്‍ഷകര്‍ തങ്ങള്‍ക്ക് ആവശ്യമുള്ള കാളകളെ കണ്ടുപിടിച്ച്‌ വിലപറഞ്ഞ് ഉറപ്പിച്ച് കൃഷിക്കളത്തിലേക്ക് കൊണ്ടുപോകും. ഇതിനോടനുബന്ധിച്ച് കാളവണ്ടിയോട്ടവും മരമടി മത്സരവും ഉണ്ടാകും.

2014-ലാണ് കാളവണ്ടിയോട്ടവും മരമടി മത്സരവു നിരോധിച്ചത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത ചെറുക്കാനുള്ള കേന്ദ്ര നിയമപ്രകാരമായിരുന്നു നിരോധനം. കാക്കൂര്‍ ഗ്രാമം ഇതിനെതിരെ സുപ്രീം കോടതി വരെ നിയമപോരാട്ടവുമായി പോയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ജെല്ലിക്കെട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ കാളവയലില്‍ മനുഷ്യര്‍ക്ക് അപകടങ്ങളോ, മൃഗങ്ങള്‍ക്ക് പീഡനമോ ഉണ്ടാകുന്നില്ല. എന്നിട്ടും ഇത് നിരോധിച്ചതിനെതിരെ വീണ്ടും രംഗത്തിറങ്ങാന്‍ ഒരുങ്ങുകയാണ് കാക്കൂര്‍ ഗ്രാമം. ഇതിന് കരുത്ത് പകര്‍ന്നത് തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പ്രക്ഷോഭങ്ങളാണ്.

കാക്കൂരില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞത്- ‘കാളവണ്ടിയോട്ടവും മരമടിയും കന്നുകാലി പ്രദര്‍ശനവും കര്‍ഷകന്റെ ഉത്സവമാണ്. മൃഗങ്ങളെ സ്‌നേഹിച്ചുകൊണ്ട് തന്നെയാണ് ഈ പരിപാടികള്‍ നടത്തുന്നത്. കാര്‍ഷിക സംസ്‌കാരത്തിന്റെ വിനിമയത്തിനും കന്നുകാലികളിലെ പുതിയ ഇനങ്ങളെ കുറിച്ചുള്ള അറിവ് നേടുന്നതിനും കാക്കൂര്‍ കാളവയല്‍ പോലുള്ള പരിപാടികള്‍ സഹായിക്കുന്നു‘ വെന്നുമാണ്. കാളയോട്ടമത്സരങ്ങള്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഈ മത്സരങ്ങള്‍ക്ക് അനുമതി നല്‍കണമെന്നുമാവിശ്യപ്പെട്ട അനൂപ് ജേക്കബ് എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ഇത് സംബന്ധിച്ച നിവേദനവും നല്‍കിയിരുന്നു.

ചിത്രം- ബിജു മഠത്തില്‍

മറ്റ് രാജ്യങ്ങളിലെല്ലാം ഇത്തരം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ കാളവയല്‍ പോലുള്ള കാര്‍ഷിക ഉത്സവങ്ങള്‍ക്ക് തടസ്സം നില്‍കുന്നത് ഒരു വിഭാഗം ഉദ്യോഗസ്ഥരാണെന്ന് ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നത്. കാക്കൂര്‍ ഗ്രാമം കാര്‍ഷിക ഉത്സവം തിരിച്ചുകൊണ്ടുവരുവനായി ഒറ്റക്കെട്ടായി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന് അനുകൂലിച്ച് കഴിഞ്ഞ ദിവസം കാക്കൂര്‍ സാംസ്‌കാരിക വേദിയുടെയും കാളവയല്‍ ആഘേഷ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കാളകളും കാളവണ്ടികളുമായി പ്രകടനം നടന്നിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍