UPDATES

വീഡിയോ

കക്കൂസ്; ഭരണകൂടം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാത്ത ചിത്രം യുട്യൂബില്‍ കാണാം

ദിവ്യ ഭാരതിയാണ് തോട്ടിപ്പണിക്കാരുടെ ജീവിതം പറയുന്ന കക്കൂസിന്റെ സംവിധായിക

‘ കക്കൂസ്’ ; ഒരു തവണയെങ്കിലും എല്ലാ ഇന്ത്യക്കാരും കാണേണ്ട ചിത്രം. ഡോക്യുമെന്ററി ഫിലിം മേക്കര്‍ ദിവ്യ ഭാരതി സംവിധാനം ചെയ്ത തോട്ടിപ്പണി ചെയ്യുന്നവരുടെ ജീവിതാവസ്ഥകള്‍ തുറന്നു കാണിക്കുന്ന ഹ്രസ്വസിനിമയായ ‘കക്കൂസ്’ പക്ഷേ ഭരണാധികാരികളുടെ കടുംപിടുത്തം മൂലം പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ജനങ്ങള്‍ ഈ സിനിമ കാണേണ്ടതാണെന്ന ഉറച്ച വിശ്വാസമുള്ള ദിവ്യ തന്റെ സിനിമ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.

വിരുതനഗര്‍ ജില്ലയിലെ അറുപ്പുകോട്ടൈ സ്വദേശിയായ ദിവ്യ ഇങ്ങനെയൊരു ചിത്രമൊരുക്കാന്‍ ഉള്ള കാരണം അവരുടെ അനുഭവമാണ്. 2015 ല്‍ തമിഴ്‌നാട്ടില്‍ രണ്ടു തോട്ടിപ്പണിക്കാര്‍ സെപ്റ്റിക് ടാങ്കില്‍വച്ച് വിഷവാതകം ശ്വസിച്ച് മരണമടഞ്ഞ സംഭവമാണ് ദിവ്യയെ ഇങ്ങനെയൊരു സംരഭത്തിലേക്ക് എത്തിച്ചത്. ആ മരണങ്ങളെ തുടര്‍ന്ന് ഉണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു 26കാരിയായ ദിവ്യയും. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നും തമിഴ്‌നാടിന്റെ പലഭാഗങ്ങളിലും ഇങ്ങനെ സംഭവിക്കുന്നുണ്ടെന്നും ദിവ്യ മനസിലാക്കി. പക്ഷേ ആത്മാര്‍ത്ഥമായ ഒരു നടപടിയും ഇക്കാര്യങ്ങളില്‍ ഭരണാധികാരികളില്‍ നിന്നും ഉണ്ടാകുന്നില്ല.

തന്റെ ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും ദിവ്യ പോയി. ഒരിടത്തും പക്ഷേ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചില്ല. ക്രമസമാധാന പ്രശ്‌നങ്ങള്‍ അടക്കം പലകാരണങ്ങള്‍ പറഞ്ഞു പൊലീസും മറ്റ് അധികാരികളും കക്കൂസിന് പ്രദര്‍ശനാനുമതി നിഷേധിച്ചു. മധുരയിലും കോയമ്പത്തൂരിലും നാഗര്‍കോവിലുമെല്ലാം തന്റെ ചിത്രത്തിനു പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടു. ഡല്‍ഹിയില്‍ പോലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചില്ല. കേരള ഹൗസില്‍ സ്‌ക്രീനിംഗ് നിശ്ചയിച്ചതാണെങ്കിലും സര്‍ക്കാരിന്റെ അന്വേഷണവിഭാഗം തടസം പറഞ്ഞു. ഞാന്‍ മാവോയിസ്റ്റാണോ എന്നാണ് അവരുടെ ചോദ്യം; ദിവ്യ ദി ന്യൂസ് മിനിട്ടിനോട് പറയുന്നു.

ചിത്രത്തിന്റെ ഡിവിഡി ഇറക്കാന്‍ ആഗ്രഹിച്ചെങ്കിലും സാമ്പത്തികപ്രയാസം അടക്കമുള്ള കാരണങ്ങളാല്‍ ആ ഉദ്യമവും ഉപേക്ഷിക്കേണ്ടി വന്നെന്നും ദിവ്യ പറയുന്നു. ഒടുവിലാണ് ചിത്രം യൂട്യൂബില്‍ അപ് ലോഡ് ചെയ്യാമെന്ന തീരുമാനത്തില്‍ എത്തിയത്. ചിത്രം കണ്ടവരെല്ലാം അതിന്റെ സാമൂഹ്യപ്രസക്തിയേയും ദിവ്യയുടെ ശ്രമത്തെയും അഭിനന്ദിക്കുകയാണ്. ഭരണകൂടത്തെ ഇളക്കുന്ന ഒരു ചിത്രമാണ് കക്കൂസ് എന്നാണ് പ്രേക്ഷകര്‍ കക്കൂസിനെ കുറിച്ച് അഭിപ്രായപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍