UPDATES

സിനിമ

മണി ഒരൊച്ചയായിരുന്നു; വിളിച്ചുണര്‍ത്തലിന്‍റെയും ഓര്‍മ്മപ്പെടുത്തലിന്‍റെയും

Avatar

അജിത് കുമാര്‍ വി കെ 

കലാഭവന്‍ മണിയുടെ അപ്രതീക്ഷിത മരണവാര്‍ത്ത പുറത്തു വന്ന ഇന്നലെ കൈരളി ചാനലിലെ ജെ ബി ജങ്ക്ഷന്‍ എന്ന പരിപാടിയുടെ റീ ടെലികാസ്റ്റ് കണ്ടു. ജോണ്‍ ബ്രിട്ടാസിനോട് മണി സംസാരിക്കുന്നു. ആദ്യമായി കലാഭവനില്‍ ചെന്ന അനുഭവം. 

ആരെയും അത്ര പെട്ടെന്ന് വകവയ്ക്കാത്ത ആബേല്‍ അച്ചന്‍. സ്വതസിദ്ധമായ കറുപ്പിന്‍റെയും വിദ്യാഭ്യാസമെന്ന കനത്ത ഭാണ്‍ഡത്തിന്‍റെ ഭാരമില്ലാതെയും ചെന്നതിനാല്‍ പരിഗണിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെന്ന് മണി. ഒടുവില്‍ ഒരു കോളിംഗ് ബെല്ലിന്റെ ശബ്ദം അവിടെയുണ്ടാക്കുകയും അതാരെന്നു അച്ചന്‍ തിരയുകയും ‘മണി’യെ കണ്ടെത്തുകയുമായിരുന്നെന്ന് മണിയുടെ കഥ.

ഇത് തന്നെയാണ് മണി. തന്‍റെ വഴികള്‍ തിരിച്ചറിയുകയും കടന്നു വന്ന വഴികള്‍ മറക്കാതെയിരിക്കുകയും ചെയ്ത കലാകാരന്‍.

മിമിക്രിയെന്ന കല ശരിക്കും അധഃസ്ഥിതന്റേതാണ്. മനസിന്‍റെയും ശരീരത്തിന്റെയും ഭാരമിറക്കി വയ്ക്കാന്‍ പണ്ട് മുതലേ അവരീ അനുകരണവിദ്യ നടത്തുകയും സ്വകാര്യ സദസില്‍ ആസ്വദിക്കുകയും ചെയ്തിരുന്നു. ആ തായ് വഴി തന്നെയാണ് മണി ഫലപ്രദമായി ഉപയോഗിച്ചത്. അതുകൊണ്ടുതന്നെ സ്റ്റേജില്‍ മൈക്കിനെ ചുറ്റിപിടിച്ചു നിന്ന് ചെയ്യുന്ന മിമിക്രിയെന്ന പരേഡിനെ മണി വളരെ സിമ്പിളായി പൊളിച്ചടുക്കി. ട്രെയിനും തൃശൂര്‍ വെടിക്കെട്ടും കോഴികൂവലും കടന്നു  ശരീരം വിട്ട് ശരീരം കൊണ്ട് ജിവനുള്ള മിമിക്രി കാണിക്കാമെന്ന് മണി തെളിയിച്ചു.

ഇതുതന്നെയാണ് തമിഴിലെ വിക്രം സിനിമയായ ജെമിനിയില്‍ പിന്നിട് വളരെ ശക്തമായ ഒരു വില്ലന്‍ വേഷം ചെയ്തപ്പോഴും മണി ഉപയോഗിച്ചത്.

പൊളിച്ചെഴുത്തുകള്‍ മണി നിരവധി നടത്തി.വിക്കനായ വില്ലനായി രാക്ഷസ രാജാവില്‍ എത്തുമ്പോഴും മനസിനുള്ളിലെ അനുകരണകലയെ വലിയ പ്രതലത്തില്‍ ഉപയോഗിക്കുകയായിരുന്നു. ഈ അനുകരണ കല തന്നെ കലാഭവന്‍ ടാഗ് ചെയ്ത മണിയ്ക്ക് പലപ്പോഴും വിമര്‍ശനങ്ങളും ഏറ്റുവാങ്ങാന്‍ ഇടയാക്കിയിട്ടുണ്ട്.

ഒരു സ്കൂളിന്‍റെയും ഈന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും പിന്‍ബലമില്ലാതെ ചാലക്കുടിയിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ദിവസക്കൂലിക്ക് ഓടിയിരുന്ന ഇയാള്‍ മലയാള സിനിമയില്‍ പിടിമുറുക്കുമ്പോള്‍ തകര്‍ത്തെറിയപ്പെട്ടത്‌ പല അഭിനയ സമ്പ്രദായങ്ങളുമായിരുന്നു.

അമിതാഭിനയം എന്ന് പറഞ്ഞ് പലരും വിലയിരുത്തിയ ‘വാസന്തി’യിലെ രാമു മണിയുടെ നിരീക്ഷണങ്ങളുടെ പ്രൊഡക്റ്റാണ്. ഇതേ വേഷം തന്നെ അതിന്‍റെ തമിഴ് റീമേക്കില്‍ വിക്രത്തിലൂടെ പുറത്തുവന്നത് കാണുമ്പോഴാണ്  മണിയെന്ന നടന്‍ ഒരു പാഠപുസ്തകമാകുന്നത്. ഒരു പക്ഷേയുമില്ല, അയാളോളം നിരിക്ഷണങ്ങള്‍ ഉണ്ടായിരുന്ന ഒരു നടന്‍ മലയാളത്തില്‍ ഇല്ലായിരുന്നു.

ചേരാത്ത വേഷങ്ങള്‍ എടുത്തണിയുന്നു എന്ന ആരോപണം മണിയുടെ പേരില്‍ ഉന്നയിക്കുന്നത് അയാളിലെ വിദ്യാഭ്യാസമെന്ന അളവുകോലിനെ ആസ്പദമാക്കിയാണ്. ഐ എ എസ് കാരനായും ഐ പി എസ് ആയും കലക്ടറായും ഇയാള്‍ എന്തിന് അഭിനയിച്ചു, അത് മണിക്ക് ചേരില്ല എന്നൊക്കെ പലരും പറയുമ്പോള്‍ ഇവിടെ ഈ വേഷമൊക്കെ അഭിനയിക്കുന്ന നായികാ നായകന്മാരെല്ലാം അത്രമാത്രം വിദ്യാസമ്പന്നരാണോയെന്ന മറുവാദം നമ്മള്‍ സൗകര്യപൂര്‍വം മറക്കുന്നു. മണിയെ ഇങ്ങനെ തിരിച്ചറിയാന്‍ കാരണം തന്നെ അയാളിലെ സത്യസന്ധത തന്നെയാണ്. ഏതു അഭിമുഖത്തിലും പൂര്‍വകാല കഷ്ടതകളെ അദ്ദേഹം യാതൊരും മറയും കുടാതെ വെളിപ്പെടുത്തി. മറ്റ് പലരും മറകളിലൂടെ സംസാരിക്കുമ്പോള്‍ മണി ഉച്ചത്തില്‍ സംസാരിച്ചു.

കലയും പാട്ടും പിന്നെ തന്‍റെ രാഷ്ട്രിയവും ഇതിലെല്ലാം മണിയ്ക്ക് അദ്ദേഹത്തിന്റേതായ വെളിപാടുകള്‍ ഉണ്ടായിരുന്നു. അതെപ്പോഴും സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവന്‍റെ പക്ഷത്തുമായിരുന്നു. അതുകൊണ്ടുതന്നെയാണ് സുഹൃത്തായ ഇന്നസന്‍റ് എം പി ആയപ്പോള്‍ സന്തത സഹചാരിയായി ഇലക്ഷന്‍ കാലത്ത് ഒപ്പമുണ്ടായിരുന്ന മണിക്ക് എന്തുവേണമെന്നു ചോദിച്ചപ്പോള്‍ ചാലക്കുടിയില്‍  വയോജനങ്ങള്‍ക്ക് വിശ്രമിക്കാന്‍ ഒരിടം വേണമെന്ന ഒറ്റ ആവശ്യം മാത്രം മുന്‍പില്‍ വച്ചത്.

പാടാന്‍ അറിയാത്തവര്‍ പാട്ട് വേദികളെ കൈയ്യടക്കുമ്പോള്‍ പാട്ടിന്‍റെ ഈ ആശാന്‍ ചെയ്തത് ജന്മസിദ്ധമായ നാടന്‍ പാട്ടിനെ പുതിയ കാലത്ത് ജനകീയമാക്കുകയായിരുന്നു. മണിയുടെ സ്റ്റേജ് ഷോകള്‍ ഓരോന്നും ഈ ഗാനശാഖയെ കൂടുതല്‍ കൂടുതല്‍  ജനങ്ങളിലേക്ക് അടുപ്പിച്ചു. പല പാട്ടുകളും മണിതന്നെ നിര്‍മ്മിച്ച് വിട്ടതാണെന്ന ആരോപണം അപ്പോഴും ഉയരുന്നു. അറുമുഖന്‍ വെങ്കിടങ്ങിനെ പോലെയുള്ള വിദ്വാന്മാരും   മണിയും ചേര്‍ന്ന് സൃഷ്ടിച്ച പല പാട്ടുകളും  പുതിയതായാലും പഴയതായാലും ഉള്‍ക്കൊള്ളുന്ന ജനുസ് നാടന്‍ പാട്ടിന്‍റെ തന്നെയാണ്. 

ഒരപേക്ഷയുണ്ട്, ദയവായി ഇനിയെങ്കിലും ആ ‘കറുത്ത മുത്തെന്ന’ പ്രയോഗം ഉപേക്ഷിക്കണം. സിനിമയിലെ വെളുപ്പും കറുപ്പും കാലം അവസാനിച്ച് കളറിനും ഡിജിറ്റലൈസേഷനും വഴിമാറുമ്പോള്‍ മണിയെ മുത്തെന്ന് മാത്രം രേഖപ്പെടുത്താന്‍ ശിലിക്കാം; അതാണ് ജനാധിപത്യം ശീലമാക്കേണ്ടത്.     

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍