UPDATES

സിനിമ

കലാഭവന്‍ മണിയെ ‘കൊന്നതാര്’?

കലാഭവന്‍മണിയുടെ മരണത്തിനുത്തരവാദി കലാഭവന്‍ മണി തന്നെ. പോലീസ് അന്വേഷിയ്ക്കുന്നത് മരണത്തിന് പിന്നിലെ ക്രൈം ആണ്. ക്രൈമിലേക്ക് നയിച്ച കാരണങ്ങളല്ല. കാരണം (കാരണങ്ങള്‍) മണി തന്നെ. ആദ്യം മണി അയാളിലെ കലാകാരനെ കൊന്നു. പിന്നീട് അയാള്‍ അയാളെ തന്നെ കൊന്നു. രണ്ടും ഒറ്റയടിയ്ക്കായിരുന്നില്ല. പയ്യപ്പയ്യെ.

മണി ഒരു വലിയ അഭിനേതാവാണെന്ന അഭിപ്രായം എനിയ്ക്കില്ല. തമാശ പറയുമ്പോഴും വില്ലനായി വരുമ്പോഴും ദുരന്തകഥാപാത്രമായി വരുമ്പോഴും മണിയുടെ അഭിനയത്തിന്റെ മുഖമുദ്ര അമിതാഭിനയമാണ്. (വെറുതെ ഒരു കൗതുകത്തിനു വേണ്ടിയെങ്കിലും ശങ്കരാടിയുടെയോ തിലകന്റെയോ അഭിനയവുമായി താരതമ്യപ്പെടുത്തി നോക്കൂ). പക്ഷേ, അപ്പോഴും മണിയ്ക്ക് ഏറെ നാള്‍ സ്വന്തം സ്ഥാനം ഉറപ്പിച്ചുനിര്‍ത്തുവാനുള്ള കഴിവുണ്ടായിരുന്നു.

സഹനടനില്‍ നിന്ന് നായകവേഷത്തിലേയ്ക്കുള്ള മണിയുടെ വളര്‍ച്ച സ്വാഭാവികമായിരുന്നു. പക്ഷെ, മറ്റു പലര്‍ക്കും സംഭവിച്ചതുപോലെ നായകന്‍ എന്നാല്‍ ഹീറോ ആണെന്നു തെറ്റിദ്ധരിച്ചു പോയതാണ് മണിക്കു പറ്റിയ പാളിച്ച. മണിയേക്കാള്‍ എത്രയോ മികച്ച നടനായിരുന്ന മുരളി. നായകവേഷത്തില്‍ നിന്ന് സ്വയം ഹീറോ ആകാന്‍ ശ്രമിച്ചു പരാജയപ്പെട്ട്, മദ്യപാനത്തില്‍ മുഴുകി, സ്വയം ഇല്ലാതായ നടനായിരുന്നു. എന്നാല്‍, ഹീറോ ആകാന്‍ തനിക്കാവില്ല എന്ന തിരിച്ചറിവാണ്, അത്രയൊന്നും മികച്ച നടനല്ലാത്ത ജഗദീഷിനെ ഇപ്പോഴും നിലനിര്‍ത്തുന്നത്.

മണി ഹീറോ ആയപ്പോള്‍ അവയെല്ലാം മണിയെന്ന വ്യക്തിയെ താരപരിവേഷത്തില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളായിരുന്നു. മണിയ്ക്കു വേണ്ടി ചിട്ടപ്പെടുത്തിയ കുറേ ‘cut-out’ കഥാപാത്രങ്ങള്‍. അവയിലെല്ലാം ഹീറോയ്ക്കു പറ്റിയ, ഹീറോയുടെ ശരീരത്തെ വര്‍ണ്ണിക്കുന്ന, ഗാനങ്ങള്‍. പല സിനിമകളും മണി തന്നെ മണിയ്ക്കുവേണ്ടി ഒരുക്കിയവയായിരുന്നു. അവയിലൊക്കെ സുന്ദരികളായ നായികമാര്‍ മണിയെ പ്രേമിക്കുന്നു, കാമിക്കുന്നു. അവരോടൊക്കെ ”പൈനാപ്പിള്‍ സുന്ദരനല്ല ഞാന്‍… കരിവീട്ടി കടഞ്ഞെടുത്തവനാണു ഞാന്‍..” എന്നൊക്കെ തകര്‍ത്താടിപ്പാടുന്നു. അത് ദളിതനായ, കറുത്തവനായ, മണിയോട് മണി കാണിക്കുന്ന ആദരവാണ് എന്ന് കരുതിയാല്‍ തെറ്റി. മണിയുടെ ഒറ്റ നായികയും മണി സ്വയം പാടിപ്പുകഴ്ത്തുന്നതുപോലെ കരിവീട്ടിയില്‍ വാര്‍ത്തെടുത്തതല്ലായിരുന്നു. അവരൊക്കെ ”പൈനാപ്പിള്‍ പോലൊരു പെണ്ണ്… പാല്‍പ്പായം പോലൊരു പെണ്ണ്…” ആയിരുന്നു. ഇതൊക്കെ രജനീകാന്തിന്റെ മേല്‍വിലാസത്തില്‍ വിറ്റുപോകും. മണിയുടെ കാര്യത്തില്‍ വിറ്റുപോയില്ല. അങ്ങനെയാണ് മണിയുടെ സിനിമകള്‍ ഒന്നിനു പിറകെ ഒന്നായി പൊട്ടിയത്. മണിക്ക് ചെയ്യാന്‍ കഴിയുമായിരുന്ന ധാരാളം കഥാപാത്രങ്ങള്‍ മലയാളസിനിമയില്‍ ഉണ്ടായിരുന്നപ്പോഴാണ് മണി ‘ഹീറോ’ കളിച്ച് സ്വന്തം കലാകാരന്റെ ശവക്കുഴി തോണ്ടിയത്.

സിനിമ ഗ്ലാമര്‍ ഇന്‍ഡസ്ട്രിയാണ്. അവിടെ ഗ്ലാമറിനാണ് പ്രാധാന്യം. ഒറ്റപ്പെട്ട രജനീകാന്തുകള്‍ ഉണ്ടായേക്കാം. പക്ഷേ, രജനീകാന്തിനു പോലും മറ്റാര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത ഒരു കരിസ്മ ഉണ്ട്. കരിസ്മയ്ക്ക് നിറവും ജാതിയുമില്ല. അത് നമുക്കു പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത എന്തോ ഒന്നാണ്. ഗ്ലാമര്‍ ഇന്‍ഡസ്ട്രിയില്‍ കരിസ്മയ്ക്ക് ഗ്ലാമറിനെന്ന പോലെ ഒരു സ്ഥാനമുണ്ട്. അതുകൊണ്ടാണ് 70 കഴിഞ്ഞ അമിതാഭ് ബച്ചനെ തബു എന്ന സുന്ദരി പ്രേമിയ്ക്കുന്ന ‘ചീനി കം’ ബോക്‌സ് ഓഫീസ് വിജയമായത്; മലശോധനയെ ആസ്പദമാക്കി എടുത്ത ‘പിക്കു’ വിജയിച്ചത്. താനൊരു ഗ്ലാമര്‍ താരമല്ല എന്നും തനിയ്ക്ക് ഒരു സിനിമയെ വിജയിപ്പിക്കാനുള്ള കരിസ്മ ഇല്ലെന്നും തിരിച്ചറിയാതെ, സിനിമയില്‍ ഗ്ലാമര്‍ താരമാകാനും കരിസ്മാറ്റിക് നായകനാകാനുമുള്ള മണിയുടെ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത മോഹത്തില്‍ തട്ടിയാണ് മണിയെന്ന സിനിമാക്കാരന്‍ പയ്യെപ്പയ്യെ അപ്രത്യക്ഷനായത്.

എന്നാലും, താരപരിവേഷത്തില്‍ തന്നെയാണ് മണി ജീവിച്ചത്. സെറ്റില്‍പോകാന്‍ കാരവന്‍. സ്വന്തമായി ഓട്ടിയ്ക്കാന്‍ ഒന്നിലേറെ കാറുകള്‍. അവയിലൊന്നിന്റെ വില ഒന്നേകാല്‍ കോടി രൂപയോളം വരും. വീടിനടുത്തായി 30 ഏക്കറോളം വരുന്ന ജാതി എസ്റ്റേറ്റ്. അത് ഔട്ട് ഹൗസ് ആക്കി. അവിടെ നിലയ്ക്കാത്ത മദ്യസേവയും പാട്ടും. ശരാശരി 30 പേര്‍ എല്ലാ ദിവസവും അവിടെ എത്തുമായിരുന്നത്രെ! ആര്‍ക്കുവേണമെങ്കിലും വരാം. മദ്യവും ശാപ്പാടും ഫ്രീ. അര്‍മാദിച്ച് രസിക്കണം. ജീവിതം രസിക്കാനുള്ളതാണ്! സേവകരായി മൂന്നുവിശ്വസ്തര്‍. കൂടാതെ, ഡ്രൈവര്‍, മാനേജര്‍. മണി ഔട്ട്ഹൗസില്‍ എത്തിയാല്‍ ആഘോഷം കൊഴുക്കും. നാടന്‍ പാട്ടുകള്‍ ചാലക്കുടിയെ രോമാഞ്ചമണിയിക്കും. ചുരുക്കത്തില്‍ ഒരു കൊച്ചു വിജയ് മല്യ!

കറുത്തവന്‍ ഗ്ലാമര്‍ ഇന്‍ഡസ്ട്രി കീഴടക്കിയതു പോലെ ദളിതന്‍ ജന്മിയായ വര്‍ഷങ്ങളായിരുന്നു അവ. നമ്മള്‍ എന്തിനെ വെറുക്കുന്നു എന്ന് ആവര്‍ത്തിച്ചു പറയുന്നുവോ അതിനെ നമ്മള്‍ ഉള്ളില്‍ ജ്വലിപ്പിച്ചു നിര്‍ത്തുന്നു എന്ന ലളിതമായ മനഃശാസ്ത്രമാണിത്.

ഒരു താരരാജാവിന്റെ സ്വകാര്യ ജീവിതം നയിക്കുമ്പോഴും മണി സ്റ്റേജ് പ്രോഗ്രാമുകളില്‍ നിര്‍ബന്ധമായും പാടാറുള്ള ഒരു നാടന്‍ പാട്ടുണ്ടായിരുന്നു. അത് കുട്ടിക്കാലത്തെ തന്റെ ദാരിദ്ര്യത്തെ കുറിച്ചുള്ളതാണ്. ആഹാരത്തിന് വേണ്ടി കരയുന്ന കുഞ്ഞിനെ സഹികെട്ട് അമ്മ തല്ലുന്നതും മറ്റും വര്‍ണ്ണിക്കുന്ന പാട്ട്. കരഞ്ഞുകൊണ്ട് മണി അതു പാടും. ശ്രോതാക്കള്‍ കണ്ണീര്‍ വാര്‍ക്കും. പാടിയതിനുള്ള വന്‍പ്രതിഫലവും വാങ്ങി മണി ഒന്നേകാല്‍ കോടി രൂപ വിലയുള്ള കാറിലോ കാരവാനിലോ വീട്ടിലേയ്ക്കു തിരിച്ചുപോകും. (ഇങ്ങനെ സമ്പന്നനായിട്ടും ദരിദ്രരെക്കുറിച്ച് ഉറക്കെപ്പാടി പണം സമ്പാദിച്ച മഹാനായ ഒരു ഗായകനുണ്ടായിരുന്നു – മൈക്കല്‍ ജാക്‌സണ്‍).

കുടിച്ചു കുടിച്ചാണ് മണിയ്ക്ക് കരള്‍ രോഗം വന്നത്. മൂന്നു കൊല്ലത്തിനു മുമ്പ് മണിയ്ക്ക് ലിവര്‍ സിറോസിസ് കലശലായി. ചികിത്സയ്ക്കു ശേഷം കുടിനിര്‍ത്തി. പിന്നെ ബിയറായി. ദിവസം പത്തുകുപ്പിയോളം ബിയര്‍ കുടിയ്ക്കുമായിരുന്നത്രെ! ആറു മാസം മുമ്പ് കര്‍ശനമായും കുടി നിര്‍ത്തി.  പക്ഷെ, കടുത്ത രീതിയിലുള്ള  withdrawal symptoms കാണിച്ചതിനെ തുടര്‍ന്ന് മണിയെ അമൃത ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു; മണി അതിനു സമ്മതിക്കാതിരുന്നിട്ടു പോലും. മരിക്കുന്നതിന് മൂന്നാഴ്ചയ്ക്ക് മുമ്പ് മണിയുടെ Liver Functioning Test എടുത്തിരുന്നു. വളരെ abnormal ആയിരുന്നു മണിയുടെ കരളിന്റെ അവസ്ഥ.

എന്നാല്‍, ഇതൊന്നും തനിയ്ക്കറിയില്ല എന്നാണ് മണിയുടെ ഭാര്യ പറയുന്നത്. എത്ര വിചിത്രം!

ഫെബ്രുവരി 20-ാം തീയതി മണി വീട്ടില്‍ നിന്നിറങ്ങി. ഔട്ട് ഹൗസില്‍ തന്നെ താമസമാക്കി. കുടിയും തീറ്റയും പാട്ടുപാടലും. 30-40 പേര്‍ കൂട്ടിനുണ്ടാകും. ഇടയ്ക്ക് സ്റ്റേജ് പ്രോഗ്രാമിന് പോകുമായിരുന്നു. (സിനിമ തീരെ ഇല്ലാതായി.) ഈ കാലയളവില്‍ മണി വീട്ടിലേയ്ക്ക് ഫോണ്‍ വിളിച്ചിട്ടുപോലുമില്ലായിരുന്നു എന്നാണ് കേള്‍ക്കുന്നത്. മണിയുടെ വീട്ടില്‍ ഭാര്യാപിതാവും കുടുംബവും ഉണ്ട്. അതാകട്ടെ, ഔട്ട് ഹൗസില്‍ നിന്നും 300 മീറ്റര്‍ മാത്രം അകലെയാണ്. എന്നിട്ടും ഫെബ്രുവരി 20-ാം തീയതി വീട്ടില്‍ നിന്നിറങ്ങിപ്പോയ മണിയെകുറിച്ച് ഭാര്യയോ, ഭാര്യാപിതാവോ, സ്വന്തം സഹോദരനോ സഹോദരീപുത്രന്‍മാരോ ആരും അന്വേഷിച്ചിട്ടില്ല. പക്ഷെ, മണിയ്ക്ക് യാതൊരുവി കുടുംബപ്രശ്‌നവും ഇല്ലായിരുന്നുവെന്നും മണി മദ്യപിയ്ക്കില്ല എന്നും ഭാര്യയും സഹോദരനും പറയുമ്പോള്‍ നമ്മള്‍ എന്താണ് മനസ്സിലാക്കേണ്ടത്?

മാത്രമല്ല, മണി ആത്മഹത്യ ചെയ്യില്ല എന്ന് ഭാര്യയും സഹോദരനും പറയുന്നു. മണി എന്തുകൊണ്ട് ഇങ്ങനെയായി എന്ന് പക്ഷെ, ഇവരാരും പറയുന്നില്ല. ആത്മഹത്യ ഒരു നിമിഷം കൊണ്ട്  ഉണ്ടാകുന്നതല്ല. ആത്മഹത്യ ഒരു പ്രക്രിയയാണ്. അതിലെ അവസാനത്തെ കണ്ണിയാണ് വിഷമോ കയറോ ട്രെയിനോ ഒക്കെ. അല്ലെങ്കില്‍ത്തന്നെ, ദീര്‍ഘനാളത്തെ മദ്യപാനത്തെ തുടര്‍ന്നു മണിയ്ക്കുണ്ടായ ലിവര്‍ സിറോസിസിനെ കുറിച്ചോ സ്‌നേഹനിധിയായ ഭര്‍ത്താവും കുട്ടിയുടെ അച്ഛനുമായ മണി എന്തുകൊണ്ട് ഫെബ്രുവരി 20-ാം തീയതിയ്ക്കുശേഷം വീട്ടില്‍ വരാതിരുന്നതെന്നോ  ഉള്ളതിന്റെ കാരണങ്ങളോ അറിയാന്‍ കഴിയാത്ത ഭാര്യയ്ക്ക് മണി ആത്മഹത്യ ചെയ്യില്ല എന്ന കാര്യത്തില്‍ മാത്രമാണെന്താണിത്ര ഉറപ്പ്?

അതിനു കാരണമുണ്ട്. ആത്മഹത്യയാണെങ്കില്‍, അതിന്റെ കാരണം സ്വന്തം വീട്ടില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ ആകാം. അന്വേഷണമോ ടെലിവിഷന്‍ ചര്‍ച്ചകളോ ആ വഴിയ്ക്കു തിരിയണ്ട. അതുകൊണ്ട്, തലേദിവസം ഔട്ട്ഹൗസില്‍ വന്നിരുന്ന സകലര്‍ക്കുമെതിരെ കൊലക്കേസ് ചാര്‍ജ്ജ് ചെയ്ത്, അറസ്റ്റ് ചെയ്ത്, അവരെ ശിക്ഷിയ്ക്കണമെന്നാണ് മണിയുടെ സഹോദരന്‍ ആവശ്യപ്പെടുന്നത്. മണിയ്ക്ക് കരള്‍ രോഗമുണ്ടെന്നറിഞ്ഞിട്ടും മണിയ്ക്ക് മദ്യം വാങ്ങി നല്‍കിയവര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമത്രെ! മണിയെന്താ നാലുവയസ്സായ കുട്ടിയാണോ, ഇവരൊക്കെ കൂടി ചേര്‍ന്ന് മണിയുടെ വായില്‍ മദ്യം ഒഴിച്ചുകൊടുക്കാന്‍? മദ്യവില്‍പ്പന ശിക്ഷാര്‍ഹമല്ലാതിരിക്കെ, മദ്യരാജാക്കന്‍മാര്‍ നാടുഭരിയ്ക്കവെ, മണിയ്ക്കു മദ്യം വാങ്ങിക്കൊടുത്തവര്‍ എങ്ങനെ കുറ്റക്കാരാകും? ഭാര്യയ്‌ക്കോ വീട്ടുകാര്‍ക്കോ നിയന്ത്രിക്കാന്‍ കഴിയാത്ത ആ മണിയെ കൂട്ടുകാര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുമോ? അല്ലെങ്കില്‍ തന്നെ എന്തിന് നിയന്ത്രിക്കണം?  മണിയെ കുറിച്ച് ഉത്കണ്ഠ വേണ്ടത് ആദ്യം മണിയ്ക്കാണ്. മണിയെ കുറിച്ച് മണിയ്ക്കില്ലാത്ത ഉത്കണ്ഠ സൗജന്യമായി മദ്യവും ആഹാരവും കഴിക്കാന്‍ എത്തുന്നവര്‍ക്ക് ഉണ്ടാകേണ്ട കാര്യമുണ്ടോ? ഈ മണിയല്ലെങ്കില്‍ വേറൊരു മണി. സ്വയം വേണ്ടാതായ മനുഷ്യര്‍ മണിയെപ്പോലെ വേറെയും ധാരാളമുണ്ട്.

ബാര്‍ കോഴ വിവാദവും അതിനെ തുടര്‍ന്ന് മദ്യവ്യാപനം കുറയ്ക്കാനായി ഉമ്മന്‍ചാണ്ടി കൊണ്ടുവന്ന മദ്യപരിഷ്‌ക്കരണങ്ങളും നടക്കുമ്പോഴാണ്, മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണ് ഞങ്ങളുടെ നയമെന്ന് കമ്മ്യൂണിസ്റ്റുകാര്‍ പറഞ്ഞു നടക്കുന്ന കാലത്താണ്, മദ്യപാനം കൊണ്ട് ലിവര്‍ സിറോസിസ് വന്ന ഒരു കലാകാരന്‍ – ഏറ്റവും താഴെക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്ന കലാകാരന് – മദ്യത്തില്‍ മുഴുകി ജീവിച്ചത് എന്നോര്‍ക്കുക. അപ്പോഴും ഇന്നസെന്റ് എം.പി. എന്ന നമ്മുടെ പ്രിയപ്പെട്ട  എം.പി. പറയുന്നത് മണിയുടെ മരണം മദ്യപാന സംബന്ധമായ വിഷയമാക്കി മാറ്റരുത് എന്നാണ്. ഇന്നസെന്റ് ശരിക്കും ഹാസ്യസാമ്രാട്ടാണ്! 

ഇതിനിടയിലാണ് മണിയ്ക്ക് വാറ്റുചാരായം എത്തിച്ചിരുന്നുവെന്ന് പറഞ്ഞ് ഒരാളെ പോലീസ്  അന്വേഷിയ്ക്കുന്നത്. ഇഷ്ടന്‍ ഗള്‍ഫിലാണത്രേ. ഫെബ്രുവരി പകുതിയോടെയാണ് താന്‍ മണിയുടെ ഔട്ട്ഹൗസില്‍ ചാരായമെത്തിച്ചത് എന്ന് ഇയാള്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനര്‍ത്ഥം ഇത്രയും നാളായിട്ടും ആ ചാരായത്തിന്റെ മിച്ചം ഔട്ട്ഹൗസില്‍ ഉണ്ടായിരുന്നു എന്നല്ലേ? കന്നാസുകണക്കിനാണോ ചാരായം എത്തിയിരുന്നത്?

വാറ്റുചാരായം എത്തിച്ചയാളെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഡി.ജി.പി. സെന്‍കുമാര്‍ പ്രത്യേക താല്‍പ്പര്യത്തോടെ അന്വേഷിയ്ക്കുന്ന കേസാണ് ഇത്. പണ്ട് മണി മദ്യപിച്ച് വണ്ടിയോടിച്ചപ്പോള്‍ പരിശോധനയ്‌ക്കെത്തിയ ഫോറസ്റ്റ് ഗാര്‍ഡ്മാരെ തല്ലിയ സംഭവത്തില്‍ കേസെടുത്തപ്പോള്‍ ഒരു ദളിതനായതുകൊണ്ടല്ലേ മണിയോടെ ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്ന് പരസ്യമായി ചോദിച്ച അതേ സെന്‍കുമാര്‍. അതുകൊണ്ടുതന്നെ, ചാരായം എത്തിച്ചു കൊടുത്ത ആള്‍ക്ക് ശിക്ഷ ഉറപ്പ്. പക്ഷെ, ചാരായനിരോധനമുള്ള നാട്ടില്‍ ചാരായമെങ്ങനെ എത്തി?  അത് ഡി.ജി.പി.യോ എക്‌സൈസോ അന്വേഷിക്കില്ല. ചെത്താന്‍ തെങ്ങില്ലാത്ത കേരളത്തില്‍ ഇത്രയും കള്ളുഷാപ്പുകള്‍ എങ്ങനെ കള്ളുകച്ചവടം നടത്തുന്നു? അതും ഡി.ജി.പി.യോ എക്‌സൈസോ അന്വേഷിയ്ക്കില്ല. അതാണു കേരളം. സുതാര്യ കേരളം. സുന്ദര കേരളം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍