UPDATES

Avatar

കാഴ്ചപ്പാട്

എ എസ് അജിത്കുമാര്‍

ന്യൂസ് അപ്ഡേറ്റ്സ്

കലാഭവന്‍ മണി പാടിയാടുമ്പോള്‍

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മെഗാഷോയില്‍ കലാഭവന്‍ മണി ‘ഓടേണ്ട ഓടേണ്ടാ’ എന്ന പാട്ട് പാടിക്കൊണ്ട് സ്റ്റേജില്‍ നിന്നും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരികയായിരുന്നു. സ്റ്റേജിനു മുന്നില്‍ മുഴുവന്‍ ചെളിവെള്ളം കെട്ടി കിടക്കുന്നുണ്ട്. അതില്‍ ചവിട്ടി നിന്ന് കൊണ്ട് തന്നെ പാട്ടു തുടര്‍ന്ന മണി മൈക്കിലൂടെ പറഞ്ഞു; “ഈ വെള്ളം നമുക്ക് പ്രശ്നമല്ല. ഇതിലും ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കിടന്നവനാ ഞാന്‍. അതുകൊണ്ട് ഈ വെള്ളം ഒരു പ്രശ്നമേയല്ല”. കലാഭവന്‍ മണിക്ക് “നാടന്‍ പാട്ട്” എന്ന് പറയുന്നത് ഇങ്ങനെ ഒരുപാട് രീതിയില്‍ ഒരു വൈകാരിക സംവേദനമാണ്. പാടുന്ന പാട്ടുകളിലൂടെയും പറയുന്ന കാര്യങ്ങളിലൂടെയും സിനിമാ ലോകത്തെകുറിച്ചും ജീവിതത്തെ കുറിച്ചും കുറേ കാര്യങ്ങള്‍ പറയാതെ പറയും കലാഭവന്‍ മണി. മെഗാ ഷോയില്‍ സ്റ്റേജില്‍ നില്‍ക്കുന്നയത്രയും നേരം ത്രസിപ്പിക്കുന്ന സാന്നിധ്യം കൊണ്ട് ആസ്വാദകരെ “കൈയ്യിലെടുക്കു”ന്നതിലൂടെ മണി കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ ഒരു വേറിട്ട സാന്നിധ്യം തന്നെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതുപോലെ സിനിമാ ലോകവും മണിയുടെ പാട്ട് ലോകവും കൂടിക്കുഴയുന്ന ഒന്നാണ്. അദ്ദേഹം പാട്ട് പാടുന്നതിലൂടെ സിനിമാ ലോകവുമായി കൂടി സംവദിക്കുന്നുണ്ട്. മലയാള സിനിമാ ലോകത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ കൂടി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകളെ-സിനിമയിലേയും പുറത്തേയും- കുറിച്ചുള്ള ഒരു കുറിപ്പാണ് ഇത്.

സിനിമയില്‍ മണി പാടി അഭിനയിച്ച പാട്ടുകള്‍ പോലെ തന്നെ മറ്റു പിന്നണി ഗായകര്‍ പാടിയ പാട്ടുകളില്‍ മണി അഭിനയിച്ചവയുമുണ്ട്. ഇവ രണ്ടിനെയും കുറിച്ച് പറയേണ്ടതുണ്ട്. സിനിമയ്ക്ക് പുറത്തുള്ള പാട്ടുകള്‍ “കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍” എന്ന് അറിയപ്പെടുന്നവയാണ്. ആദ്യം പറഞ്ഞവയും ഇവ തമ്മിലുമുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണ് എന്നും ആലോചിക്കാന്‍ ശ്രമിക്കാം. മണിയുടെ നാടന്‍ പാട്ടുകളെ അവ സ്റ്റേജില്‍ അവതരിപ്പിക്കപ്പെടുന്ന രീതിയുമായി ബന്ധപ്പെട്ടു കൂടിയാണ് മനസിലാക്കേണ്ടത്.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ തുടങ്ങിയ സിനിമകളുടെ പ്രമേയത്തിനും മണിയുടെ കഥാപാത്രങ്ങള്‍ക്കൊപ്പം അവയുടെ പാട്ടുകളെ കൂടി വിലയിരുത്തേണ്ടതാണ്. ആ ചിത്രങ്ങളിലെ മണിയുടെ കഥാപാത്രത്തെ നിര്‍മ്മിക്കുന്നതില്‍ പാട്ടുകള്‍ക്ക് വലിയ പങ്കുണ്ട്. മണിയുടെ “അപരത്വ”ത്തെ നിര്‍മ്മിക്കുന്നത് ഈ പാട്ടുകള്‍ ചേര്‍ന്നാണ്. ഈ പാട്ടുകളുടെ ഘടനാപരമായ പ്രത്യേകതയോടൊപ്പം ശ്രദ്ധിക്കേണ്ട ഒന്ന്‍ ഇവ സംഗീതം ചെയ്തിരിക്കുന്നത് ഒരു ദളിത് സംഗീത സംവിധായകനായ മോഹന്‍ സിതാര ആണെന്നതാണ്. കരുമാടിക്കുട്ടന്‍ കുട്ടനാട് ചിത്രീകരിച്ചത് യാദൃശ്ചികമാവില്ല. ലൊക്കേഷനും കരുമാടിക്കുട്ടന്‍ എന്ന അമ്പലപ്പുഴയിലെ ബുദ്ധപ്രതിമയെ ഓര്‍മ്മിപ്പിക്കുന്ന പേരും എല്ലാംകൊണ്ട് ഒരു “കീഴാളത്തം” ആ സിനിമയില്‍ കാണാന്‍ കഴിയും. അതിനെ കൂടുതല്‍ ഉറപ്പിക്കുന്നതാണ് മോഹന്‍ സിതാരയുടെ സംഗീതം. പാശ്ചാത്യ സംഗീതവും ടെക്നോളജിയുടെ സ്പര്‍ശവും ഒക്കെ ചേര്‍ന്ന് “പുത്തന്‍” ട്രെന്‍ഡ് ചെയ്യാറുള്ള മോഹന്‍ സിതാര വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനിലും കരുമാടിക്കുട്ടനിലും വളരെ “സിമ്പിള്‍” ആയ ഒരു മെലഡിക്ക് പാറ്റേണ്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. മണിയുടെ കഥാപാത്രങ്ങളുടെ “നിഷ്കളങ്കത “ഭിന്നശേഷി”, “പാവം” എന്ന അവസ്ഥകളെ കൂടുതല്‍ അതിവൈകാരികമാക്കാനാണ് ഈ ഒരു മെലഡിക്ക് രീതി ഉപയോഗിച്ചിരിക്കുന്നത്. ആലിലക്കണ്ണാ, ചന്തു പൊട്ടും, നെഞ്ചുടുക്കിന്റെ, വാ വാ താമര പെണ്ണെ തുടങ്ങിയ പാട്ടുകളൊക്കെ തന്നെ ഈ ഒരു “നിഷ്കളങ്കത” പ്രകടിപ്പിക്കുന്നുണ്ട്. സിനിമയുടെ ആഖ്യാനതന്ത്രങ്ങളുമായി ഒത്തുപോകുന്ന ഒരു സംഗീത സങ്കേതം.

മണി പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന സിനിമകളില്‍ മണിയുടെ “കീഴാള”, “ദളിത്” ഐഡന്റിറ്റി ഉറപ്പിക്കുന്ന രീതിയില്‍ “നാടന്‍ പാട്ട്” രീതിയിലുള്ള ഒരു പാട്ട് മണിയെക്കൊണ്ട് പാടിക്കുക എന്ന രീതിയുണ്ട്. കൈകൊട്ടു പെണ്ണെ, തൊട്ടും കരക്കാരി, കാട്ടിലെ മാനിന്റെ തോല് കൊണ്ടുണ്ടാക്കി തുടങ്ങിയ ഒരു പാട് പാട്ടുകളുണ്ട്. മറ്റുള്ളവര്‍ മണിക്കുവേണ്ടി പാടുന്ന പാട്ടുകളും മണി തന്നെ പാടുന്ന പാട്ടുകളും തമ്മില്‍ നോക്കിയാലറിയാം മണി പാടുന്നതിലേക്ക് എത്തുമ്പോ അവ “യഥാര്‍ത്ഥ” നാടന്‍ പാട്ടിന്റെ വാര്‍പ്പ് മാതൃകയിലേക്കെത്തുന്നത്. ഒരു ഭാഗത്ത് “ലളിത”മായ പാട്ടുകളും നാടന്‍ പാട്ടിലേക്കെത്തുമ്പോള്‍ സാമുദായികത അടയാളപ്പെടുത്തുകയും ചെയ്യുന്നത് കാണാം. ഒരു പക്ഷെ ബെന്‍ ജോണ്‍സണ്‍ എന്ന സിനിമയില്‍ ദീപക് ദേവ് സംഗീതം ചെയ്ത ‘സോനാ സോനാ നീ ഒന്നാം നമ്പര്‍’ എന്ന ഗാനമായിരിക്കും ഇതില്‍ വ്യത്യസ്തമായുള്ളത്.


മണിയുടെ നാടന്‍ പാട്ടുകളിലേക്ക് വന്നാല്‍ ഒരു ഷിഫ്റ്റ്‌ കാണാം. മണി തന്റെ വ്യക്തിത്വത്തെ കൂടുതല്‍ ആഘോഷമാക്കുന്നത് കാണാം. ഈ പാട്ടുകള്‍ മണിയുടെ ഭൂതകാലം, സാമുദായികത, ദാരിദ്ര്യത്തിലൂടെ കടന്നു വന്ന നാളുകള്‍ , ചാലക്കുടി എന്ന ദേശവും നാട്ടുകാരുമായുള്ള ബന്ധം എന്നിവ അടയാളപ്പെടുത്തുന്ന ഒരു “വ്യക്തിപരത” ഉണ്ട്. സിനിമാലോകത്തെ സ്ഥാനത്തോട് പ്രതികരിക്കുന്ന മറ്റൊരു രീതിയാണ് ഈ പാട്ടുകള്‍. സ്റ്റേജ് ഷോകളില്‍ മണി ആസ്വാദകരെ കൈയിലെടുക്കുന്ന രീതി ആദ്യം തന്നെ ഞാന്‍ സൂചിപ്പിച്ചിരുന്നു.

സ്വന്തം ജീവിതാനുഭവങ്ങളെ ധ്വനിപ്പിക്കുന്ന പാട്ടുകള്‍ പാടുമ്പോഴും “പൊതു” ആസ്വാദകരെ പ്രത്യക്ഷത്തിലെങ്കിലും അടുപ്പിക്കാന്‍ മണിക്ക് കഴിയുന്നു. മണിയുടെ നാടന്‍ പാട്ടുകള്‍ എന്ന് അറിയപ്പെടുന്ന, സാധാരണ നിലയില്‍ പറയപ്പെടുന്ന “നാടന്‍ പാട്ടുകള്‍” അല്ല. ജാതിയെ പ്രത്യക്ഷത്തില്‍ അടയാളപ്പെടുത്താത്ത പൊതുസമൂഹത്തിന് “അംഗീകരിക്കാന്‍” കഴിയുന്ന പാട്ടുകളാണ് പൊതു വേദിയില്‍ മണി പാടുന്നത്. “വരാന്നു പറഞ്ഞിട്ട്”, “കണ്ണിമാങ്ങ പ്രായത്തില്‍” തുടങ്ങിയ ഗാനങ്ങള്‍ ഉദാഹരണം. ഇത് തന്ത്രപരമായിരുന്നിരിക്കണം. ജോണ്‍ ബ്രിട്ടാസുമായുള്ള ടി വി അഭിമുഖത്തില്‍ “ഞാനിത്ര താണവനാണെന്നാര് പറഞ്ഞു” എന്ന് പാടി സാമുദായികതയെ പ്രകടിപ്പിക്കുന്ന മണി പൊതുവേദിയില്‍ കുറച്ചു കൂടി “അംഗീകൃത”മായ പാട്ടുകളാണ് പാടിയിരുന്നത്.

ജാസി ഗിഫ്റ്റിനോട് മലയാളികള്‍ കാട്ടിയ മനോഭാവം ഇതുമായി ബന്ധപ്പെട്ടു മനസിലാക്കാന്‍ ശ്രമിക്കാവുന്നതാണ്. ജാസി ഗിഫ്റ്റിന്റെ സംഗീതം പാശ്ചാത്യ പോപ്പുലര്‍ സംഗീതവും ഒക്കെ ചേര്‍ന്നതു കൊണ്ട് തന്നെ എളുപ്പത്തില്‍ ഒരു ‘ദളിത്‌’ എന്ന് അടയാളപ്പെടുത്താന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ജാസി പെട്ടന്ന് അംഗീകരിക്കപ്പെടുന്ന ഒരു ‘ദളിത്’ ആയിരുന്നില്ല. ദളിത്‌ എന്ന്‍ അടയാളപ്പെടുത്തിയിട്ടുള്ള ഒരു സാംസ്കാരിക ഇടത്ത് ജാസി ഒതുങ്ങാത്തതായിരുന്നു പ്രശ്നം. കലാഭവന്‍ മണി പ്രത്യക്ഷമായ ഒരു കലഹത്തിന്റെ രീതി സ്വീകരിക്കാതെ തന്റെ മുകളില്‍ സ്ഥാപിക്കാന്‍ ശ്രമിച്ച “കീഴാള”ത്വത്തെ ഫലപ്രദമായി ഉപയോഗിക്കുകയാണ് ചെയ്തത്. ഇവയിലേതാണ് ശരിയെന്നതല്ല പ്രശ്നം. ദളിതര്‍ സാംസ്കാരികയിടത്തെ ജാതിയെ സമീപിക്കുന്നത് പല രീതിയിലാണ് എന്നതാണ് ഇത് തെളിയിക്കുന്നത്. ഇവര്‍ രണ്ടു പേരും വ്യത്യസ്ത രീതിയില്‍ ഈ സാംസ്കാരികതയോട് പൊരുതുക തന്നെയായിരുന്നു. പോപ്പുലര്‍ സംസ്കാരത്തിന് ഇത്തരം ഉള്‍ച്ചേരലിന്റെ തലവുമുണ്ട്. ഇത് ഒരു പുരോഗമന ലിബറലിസ്ത്തിന്റെ ഒരു തൃപ്തിയും സവര്‍ണ്ണ ആസ്വാദകര്‍ക്ക് കൊടുക്കുന്നുമുണ്ടാവാം. കൊട്ടും നൃത്തവും ഒക്കെയായി മലയാളികളുടെ ഒരു ജാതിയഭിമാന “ശരീരമനങ്ങാ” സംസ്കാരത്തെ ഉലയ്ക്കുന്നുണ്ട് മണി.

മണിയുടെ പാട്ടുകളെ കുറിച്ചുള്ള പ്രാഥമികമായ ചില ചിന്തകള്‍ മാത്രമാണ് ഇവിടെ പങ്കു വച്ചത്. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍