UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലാഭവന്‍ മണിയുടെ മരണം; മൂന്നു പേര്‍ കസ്റ്റഡിയില്‍

അഴിമുഖം പ്രതിനിധി

കലാഭവന്‍ മണിയുടെ മരണത്തില്‍ സംശയമുണ്ടെന്ന് സഹോദരന്‍ രാമകൃഷ്ണന്‍. മണിയുടെ ജീവനക്കാരായ മൂന്നുപേര്‍ക്ക് മരണത്തില്‍ പങ്കുള്ളതായും രാമകൃഷ്ണന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ വിപിന്‍, അരുണ്‍, മരുകന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. മണി മരണത്തിനു മുമ്പ് മദ്യപിച്ച ഔട്ട്ഹൗസ് വൃത്തിയാക്കിയത് ഇവരാണ്. ഇവര്‍ ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചതായാണ് രാമകൃഷ്ണന്‍ ആരോപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് തന്റെ സഹോദരന്റെ മരണത്തില്‍ സംശയമുണ്ടെന്നു രാമകൃഷ്ണന്‍ പറഞ്ഞത്. മണിയുടെ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ശീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ എങ്ങനെ വന്നുവെന്ന് അറിയണം. മരണത്തിനു മുമ്പായി മണിയുടെ ഔട്ട് ഹൗസായ പാഡിയിലെത്തിയ എല്ലാവരെയും സംശയമുണ്ട്. ഒരുമിച്ച് മദ്യപിച്ചവരെയും മദ്യം ഒഴിച്ചുകൊടുത്തവരെയും ജോലിക്കാരെയും സംശയമുണ്ട്. മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചാനല്‍ അവതാരകനായ തരികിട സാബുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ താന്‍ മണിക്കൊപ്പം മദ്യപിച്ചിട്ടില്ലെന്നും തനിക്കെതിരെ വരുന്നത് നുണപ്രചരണമാണെന്നും സാബു പറയുന്നു.

എന്നാല്‍ മണിയുടെ പോസ്റ്റമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് കരള്‍രോഗവും വൃക്കയിലെ പഴുപ്പുമാണ് മരണകാരണമെന്നാണ്. ആന്തരികാവയവങ്ങളില്‍ അണുബാധയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം എങ്ങനെ വന്നെന്നറിയാന്‍ രാസപരിശോധന റിപ്പോര്‍ട്ട് പുറത്തുവരണം. ഇതുകൂടി കിട്ടിയശേഷമേ കൂടുതല്‍ വ്യക്തമായ വിശദീകരണം കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നല്‍കാന്‍ കഴിയൂവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്.

മണിയുടെ മരണവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. അവസാനമായി മണി മദ്യപിച്ചത് സിനിമാതാരം ജാഫര്‍ ഇടുക്കിയുമൊത്താണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജാഫറിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഔട്ട്ഹൗസില്‍വച്ച് അബോധാവസ്ഥയിലായ മണിയെ സുഹൃത്തുക്കള്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചതും. അമൃതയില്‍ ചികിത്സയില്‍ ഇരിക്കവെയാണ് മണി മരണത്തിനു കീഴടങ്ങിയത്. ഇതിനു പിന്നാലെ മണി ആത്മഹത്യ ചെയ്തതാണെന്നും അസ്വാഭാവിക മരണമാണെന്നുമൊക്കെയുള്ള കിംവദന്തികളും ഉയര്‍ന്നു. ഇതേ തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. എല്ലാത്തിനും പിന്നാലെയാണ് സഹോദരന്‍ തന്നെ കലാഭവന്‍ മണിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തുവന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍