UPDATES

സിനിമ

മണിയുടെ അവസാന മണിക്കൂറുകള്‍; ഉത്തരം കിട്ടാത്ത നിരവധി കാര്യങ്ങള്‍

Avatar

അഴിമുഖം പ്രതിനിധി

ഫെബ്രുവരി 20-നുശേഷം സ്വന്തം വീട്ടിലേക്ക് പോയിട്ടില്ലാത്ത കലാഭവന്‍ മണിയുടെ ജീവിതത്തിലെ അവസാനത്തെ മൂന്നു ദിവസങ്ങളിലെ അവസാന മണിക്കൂറുകളില്‍ സംഭവിച്ചത് എന്താണ്?

മാര്‍ച്ച് നാലിന് വൈകിട്ട് അഞ്ചുമണിക്കുശേഷമാണ് മണിയുടെ ഔട്ട് ഹൗസായ പാടിയില്‍ സുഹൃത്തുക്കളുമൊത്തുള്ള മദ്യപാന സദസ്സ് ആരംഭിക്കുന്നത്. രാത്രി ഏഴുമണിയോടെയാണ് നടന്‍ ജാഫര്‍ ഇടുക്കിയും സാബുവും എത്തുന്നതെങ്കിലും അതിനു മുമ്പ് തന്നെ നാട്ടുകാരടക്കമുള്ള സംഘം മണിയോടൊപ്പമുണ്ടായിരുന്നു. അതില്‍ മണിയുടെ സഹായികളായ മുരുകനും വിപിനും അരുണും ഒക്കെയുണ്ടായിരുന്നു. ഒമ്പത് മണിയോടെ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നവരുടെ എണ്ണം മുപ്പതിലേറെയായി.

രാത്രി പതിനൊന്നു മണിയോടെ സല്‍ക്കാരത്തില്‍ നിന്നും സാബു വിട പറയുന്നു. പിറ്റേന്ന് ഷൂട്ടിങ് ഉള്ളതിനാല്‍ തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്നതിനാലാണ് സാബു ഇറങ്ങിയത്. മദ്യപിച്ചിരുന്നതിനാല്‍ സാബു ഒരു ഡ്രൈവറെ കിട്ടുമോയെന്ന് അന്വേഷിക്കുന്നു. തുടര്‍ന്ന് സാബുവിനെ കൊച്ചി പനമ്പിള്ളി നഗറില്‍ എത്തിക്കാന്‍ മണി സ്വന്തം ഡ്രൈവറായ പീറ്ററിനെ നിയോഗിക്കുന്നു. ജാഫര്‍ ഇടുക്കിയും കുറച്ചു കഴിഞ്ഞ് പാടിയില്‍ നിന്നും ഇറങ്ങി.

അര്‍ദ്ധരാത്രി 12 മണിയോടെ സല്‍ക്കാരം അവസാനിക്കുകയും മണിയടക്കം അവശേഷിച്ചിരുന്നവര്‍ ഉറങ്ങാന്‍ കിടക്കുകയും ചെയ്തു. മരുകനും അരുണും വിപിനും മറ്റ് അഞ്ചുപേരുമാണ് അവിടെയുണ്ടായിരുന്നത്. മണി പാടിയിലെ സ്വന്തം മുറിയിലാണ് കിടക്കുന്നത്.

മദ്യപാന സമയത്ത് ശരീരത്തില്‍ കീടനാശിനി കടന്നിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോഴെത്തിയിരിക്കുന്നത്. കീടനാശിനി ശരീരത്തില്‍ എത്തിയാലുടന്‍ ഛര്‍ദ്ദിയും മറ്റും സംഭവിക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

പിറ്റേന്ന് മാര്‍ച്ച് അഞ്ചാം തിയതി രാവിലെ ഒമ്പത് മണിയോടെയാണ് ഈ ലക്ഷണങ്ങള്‍ മണി കാണിച്ചു തുടങ്ങുന്നത്. മണി വിയര്‍ക്കുകയും നെഞ്ചിടിപ്പും വിറയലും ഒക്കെ ഉണ്ടാകുകയും ചെയ്യുന്നത്. ഇതിനിടെ മണി ബാത്ത് റൂമില്‍ രക്തം ഛര്‍ദ്ദിക്കുന്നുമുണ്ട്. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മണി വിസ്സമ്മതിച്ചുവെന്ന് സഹായികള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മണിയുടെ മാനേജറായ ജോബി രോഗവിവരം ഡോക്ടര്‍ ടി പി സുമേഷിനെ അറിയിക്കുന്നുണ്ട്. തുടര്‍ന്ന് പാടിയിലെത്തിയ ഡോക്ടര്‍ പരിശോധിക്കാന്‍ ശ്രമിച്ചുവെങ്കിലും മണി സമ്മതിച്ചില്ല.

ഈ വിവരങ്ങളൊന്നും ആരും മണിയുടെ കുടുംബത്തെ അറിയിച്ചിരുന്നില്ല. മണിയുടെ കൂടെയുണ്ടായിരുന്നവര്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും നഴ്‌സുമാരെ പാടിയിലെത്തിച്ചശേഷം മണിക്ക് ചികിത്സിക്കാന്‍ ശ്രമിച്ചുവെങ്കിലും അതിനും അദ്ദേഹം സമ്മതിക്കാത്തതിനെ തുടര്‍ന്ന് മയക്കുമരുന്ന് കുത്തിവച്ച് മയക്കി ആശുപത്രിയിലേക്ക് മാറ്റാനും ശ്രമിച്ചു.

എന്തുകൊണ്ട് ചികിത്സയ്ക്ക വിധേയനാകാന്‍ വിസമ്മതിച്ചുവെന്നതിന് ഇപ്പോഴും ഉത്തരമില്ല. 

ഉച്ചയ്ക്ക് രണ്ടു മണിയോടെ മണിയെ കൊച്ചിയിലെ അമൃത ആശുപത്രയിലെത്തിച്ച് ചികിത്സ നല്‍കുന്നു. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് ഡയാലിസിസ് പൂര്‍ത്തിയാക്കാനും കഴിഞ്ഞില്ല.

മാര്‍ച്ച് ആറിന് അമൃതയില്‍ വച്ചാണ് മണി മരിക്കുന്നത്. നില ഗുരുതരമായി തുടര്‍ന്ന മണിക്ക് അന്നേ ദിവസം വൈകിട്ട് അഞ്ചു മണിക്ക് ഹൃദയാഘാതം ഉണ്ടാകുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു. കരള്‍ രോഗം മൂലമാണ് മണി മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

എന്നാല്‍ മണിയുടെ മരണത്തില്‍ ആദ്യം പൊലീസ് അസ്വാഭാവികത സംശയിക്കാതിരുന്ന കേസില്‍ നിര്‍ണായകമായത് കീടനാശിനി മണിയുടെ ശരീരത്തില്‍ കടന്നിരുന്നുവെന്ന റിപ്പോര്‍ട്ടാണ്. കീടനാശിനി കടന്നുവെന്ന വിവരം ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിയാതെ പോയതെന്തു കൊണ്ട് എന്നുള്ളതടക്കമുള്ള ദുരൂഹതകള്‍ തുടരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍