ഒരു വര്‍ഷമായി സര്‍വ്വകലാശാല നടപ്പിലാക്കാത്ത ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കാലടി സംസ്കൃത സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍ സമരത്തില്‍. മരണം വരെയും സമരം എന്ന മുദ്രാവാക്യത്തോടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടുന്നത് വരെ സമരം ചെയ്യാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. മൂന്നാം വര്‍ഷ സംസ്കൃത ബിരുദ വിദ്യാര്‍ഥിയായ മനോജ് മാധവന് ആണ് വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയായി നിരാഹാര സമരം ചെയ്യുന്നത്. ഓള് ഇന്ത്യാ സ്റ്റുഡന്‍സ് അസോസിയേഷഷന്റെ ആഭിമുഖ്യത്തിലാണ് സമരം ആരംഭിചിരിക്കുനത്. ഈ മാസം പതിമൂന്നാം തീയതി ആരംഭിച്ച സമരം എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ സിആര്‍ നീലകണ്ഠന് ആണ് സമരം ഉത്ഘാടനം ചെയ്തത്. കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് ഇതേ സര്‍വ്വകലാശാലയിലെ വിദ്യാര്ഥിനിക്കാന് ഹോസ്റ്റല്‍ സൗകര്യം നിഷേധിച്ചു കൊണ്ടുള്ള നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തത്.
ന്യായമായ ആവശ്യത്തിനു സമരം ചെയ്യാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശം തന്നെ നിരോധിച്ചു കൊണ്ട് സര്‍വ്വകലാശാലാ വളപ്പില്‍ സമരം ചെയ്താല്‍ കടുത്ത ശിക്ഷാനടപടികള്‍ ഉണ്ടാവും എന്ന ഭീഷണിയാണ് വൈസ് ചാന്സലരും രജിസ്ട്രാറും മുഴക്കിയിരിക്കുന്നത്. കൂടാതെ വൈസ് ചാന്‍സലര്‍ ആയ ഡോക്ടര്‍ എം സി ദിലീപ് കുമാറും രജിസ്ട്രാറായ ടിപി.രവീന്ദ്രനും വിദ്യാര്‍ഥികളുമായി ചര്‍ച്ചക്ക് പോലും തയ്യാറാവാതെ ഒരാഴ്ചത്തെക്ക് അവധി എടുത്തിരിക്കുകയാണ്. ഗേറ്റിനു വെളിയിലെ പന്തലിലാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്.
പലതരത്തിലുള്ള വിവേചനപരമായ നടപടികളാണ് സര്‍വ്വകലാശാല ഈയ്യിടെയായി നടപ്പിലാക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇന്റെര്ണല് പരീക്ഷ സംബന്ധിച്ച് അധ്യാപകന് വിദ്യാര്‍ഥിയെ മോശമായി കൈകാര്യം ചെയ്ത വാര്‍ത്തയും ഈ സര്‍വ്വകലാശാലയില്‍ നിന്ന് തന്നെയായിരുന്നു. കൂടാതെ ഡിഗ്രി, പിജി കോഴ്സുകളില്‍ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി , പ്രീ വാലുവേഷന് എന്നിവ പിന്‍വലിച്ചതോടെ പരീക്ഷയില്‍ പരാജയപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പോട്ടു പോകാനുള്ള അവസരം തന്നെയാണ് ഇല്ലാതാവുന്നത്.കൂടാതെ ഉള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കാതെ സിസിടിവി പോലെയുള്ള അനാവശ്യ സംവിധാനങ്ങള്‍ കൊണ്ടുവരാനാണു സര്‍വ്വകലാശാല ശ്രമിക്കുന്നത്.
ഡിഗ്രി, പിജി കോഴ്സുകളുടെ ഇന്റെര്ണല് ഘടന പുന:പരിശോധിക്കുക, ലൈബ്രറി സമയം പുനക്രമീകരിക്കുക, ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് അത്യാവശ്യമായ യൂട്യുബ് പോലെയുള്ള നവ മാധ്യമങ്ങളുടെ നിരോധനം നീക്കുക എന്നിങ്ങനെ പതിനാല് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്.