UPDATES

വിലക്കുകള്‍ വലിച്ചെറിയാനുള്ളതാണ്, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ തുടരുക തന്നെ ചെയ്യും

Avatar

വിഷ്ണുരാജ് തൂവയൂര്‍

റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷന്റെ (ആര്‍.എസ്.എ.) നേതൃത്വത്തില്‍ ആരംഭിക്കുകയും ജനാധിപത്യ കേരളം ഏറ്റെടുക്കുകയും ചെയ്ത ‘ഇന്ത്യന്‍ ഫാസിസം: നവരൂപങ്ങള്‍ – പ്രതിരോധങ്ങള്‍ – ഫാസിസത്തിനെതിരെ വിദ്യാര്‍ത്ഥി ഗവേഷക സംഗമം’ സര്‍വ്വകലാശാലയുടെയും പോലീസിന്റേയും വിലക്കുകളെ മറികടന്ന് നിശ്ചയിച്ച സമയത്ത് നിശ്ചയിച്ച സ്ഥലത്ത് വിജയകരമായി നടന്നു. എതിരഭിപ്രായങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്ന ഫാസിസ്റ്റ് പ്രവണതകള്‍ സമകാലിക ഇന്ത്യയില്‍ പോകുന്നുണ്ട്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് ഇത് കൂടുതല്‍ കരുത്താര്‍ജ്ജിച്ചത്. മനുഷ്യന്റെ സ്വതന്ത്ര ചിന്തയേയും ശാസ്ത്രധാരണകളേയും ചരിത്രബോധത്തെയും നിഷേധിച്ച് പകരം മിത്തുകളെ സ്ഥാപിക്കുന്നതിനും കപട ദേശീയത ഉറപ്പിച്ചെടുക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന സ്വതന്ത്ര ജനാധിപത്യ – മതേതര രാഷ്ട്ര സങ്കല്‍പ്പത്തെ റദ്ദുചെയ്യലാണിത്. ഇതേ സമയം കലാസാംസ്‌കാരിക സാഹിത്യ-അക്കാദമിക് മേഖലകളില്‍ സ്വര്‍ഗ്ഗാത്മകവും സ്വതന്ത്രവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും വിദ്യാഭ്യാസ മേഖലയെ വര്‍ഗ്ഗീയവല്‍ക്കരിക്കുകയും ചെയ്യുന്നു. നവോത്ഥാന നായകരെ ജാതിവക്താക്കളായി ചിത്രീകരിക്കുകയും സ്വാതന്ത്ര്യത്തിനും ജനാധിപത്യ ഇന്ത്യയ്ക്കുമായി പ്രവര്‍ത്തിച്ച ദേശീയ നേതാക്കളുടെ പേരില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച അവരെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു. ഘര്‍വാപ്പസി, പെരുമാള്‍ മുരുകന് എഴുത്തുനിര്‍ത്തേണ്ടി വന്നത്, പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ സമരം, വര്‍ഗ്ഗീയ കലാപങ്ങള്‍, ബീഫ് നിരോധനം തുടങ്ങിയവ ഭ്രാന്തമായ മതബോധത്തില്‍ സംഭവിക്കുന്നതാണ്. 

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും വിഗ്രഹാരാധനയ്ക്കുമെതിരെ വിമര്‍ശനാത്മക സമീപനം സ്വീകരിച്ച നരേന്ദ്ര ധബേല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, പ്രൊഫ. എം.എം. കല്‍ബുര്‍ഗി എന്നിവരെ കൊലപ്പെടുത്തിയത് വരാനിരിക്കുന്ന ഭരണകൂട ഭീകരതയുടെ സൂചനയാണ്. ഈ ഫാസിസ്റ്റ് ഭരണത്തിനെതിരെ നിശബ്ദത പാലിക്കുന്നത് നമ്മള്‍ ദീര്‍ഘകാലം കൊണ്ടു രൂപപ്പെടുത്തിയെടുത്ത ജനാധിപത്യ മതേതരത്വ സംസ്‌കാരത്തെ ഇല്ലാതാക്കലാണ്. 

പ്രൊഫ. എം.എം.കല്‍ബുര്‍ഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് ആര്‍.എസ്.എ. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഈ വിഷയത്തില്‍ ധീരമായ നിലപാടുകള്‍ സൂക്ഷിക്കുന്ന വ്യക്തി എന്നതുകൊണ്ടാണ് കവി കുരീപ്പുഴ ശ്രീകുമാറിനെ ഉദ്ഘാടകനായി തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ സൗകര്യാര്‍ത്ഥമാണ് ഒക്‌ടോബര്‍ 8 ന് പരിപാടി നടത്താന്‍ തീരുമാനിച്ചത്. പരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ആര്‍.എസ്.എ. പ്രവര്‍ത്തകര്‍ മുന്നോട്ട് പോകുമ്പോഴാണ് സര്‍വ്വകലാശാല പരിപാടി വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്. ഇതിന് കാരണമായി സര്‍വ്വകലാശാല പറഞ്ഞത് കാമ്പസില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു എന്നാണ്. ഒരാഴ്ച മുമ്പ് കാമ്പസില്‍ ഇരുവിഭാഗം വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. അതിനെ തുടര്‍ന്ന് സര്‍വ്വകക്ഷിയോഗം നടക്കുകയും ഒന്നാം തീയതി മുതല്‍ സമാധാനപരമായി കാമ്പസ് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ വളരെ സമാധാനപരമായ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഫാസിസത്തെക്കുറിച്ചുള്ള അക്കാദമിക് സെമിനാര്‍ വിലക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍വ്വകലാശാല പുറപ്പെടുവിക്കുന്നത്. ഇത്തരത്തില്‍ ഒരു ഉത്തരവ് തയ്യാറാക്കുന്നതിന് മുമ്പ് പരിപാടിയുടെ സംഘാടകരുമായി ആശയവിനിമയത്തിലേര്‍പ്പെടാതെ ‘ചര്‍ച്ചയില്ല, പരിപാടി നടത്താനാവില്ല, ഓര്‍ഡര്‍ കൈപ്പറ്റി പോകുക’ എന്ന തികച്ചും ഏകാധിപത്യപരമായ നിലപാടാണ് സര്‍വ്വകലാശാല അധികാരികള്‍ സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് ആര്‍.എസ്.എ. കാമ്പസിലെ വിവിധ വിദ്യാര്‍ത്ഥി – ഗവേഷക – അധ്യാപക – അനധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തുകയും കാമ്പസ് സമൂഹത്തിന്റെ മുഴുവന്‍ പിന്തുണ ഉറപ്പാക്കുകയും ചെയ്തുകൊണ്ട് പരിപാടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍ അച്ചടി – ദൃശ്യ – സൈബര്‍ മാധ്യമങ്ങളിലൂടെ പരിപാടിക്ക് വലിയ പ്രചാരണവും പിന്തുണയും ലഭിച്ചു തുടങ്ങിയിരുന്നു. അതുവഴി ഫാസിസത്തിനെതിരായ പ്രവര്‍ത്തനങ്ങളെ നിഷേധിക്കുന്നത് വര്‍ഗ്ഗീയ ശക്തികള്‍ക്ക് വഴങ്ങിക്കൊടുക്കലാണെന്ന ചര്‍ച്ചയും പൊതുസമൂഹത്തില്‍ സജീവമായി. പരിപാടിയുടെ സംഘാടകരേയും, പിന്തുണയ്ക്കുന്നവരേയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനുള്ള തീരുമാനം ഒക്‌ടോബര്‍ 8 രാവിലെയാണ് പോലീസ് ഞങ്ങളെ അറിയിക്കുന്നത്. 

എന്നാല്‍ പരിപാടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച സംഘാടകര്‍ പരിപാടിയുടെ സുഗമമായ നടത്തിപ്പിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ആര്‍.എസ്.എ. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് ഫാക്‌സ് അയയ്ക്കുകയും വൈസ് ചാന്‍സിലര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു. ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനായി കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ എം.എല്‍.എ.യെ സംഘാടകര്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്.എഫ്.ഐ., എ.കെ.ആര്‍.എസ്.എ, ഇടതുപക്ഷ അധ്യാപക സംഘടന എ.എസ്.എസ്.യു.ടി., ഇടതുപക്ഷ അനധ്യാപക സംഘടന എസ്.യു.ഇ.യു. തുടങ്ങിയവര്‍ കാമ്പസില്‍ പോസ്റ്റര്‍ പ്രചരണവും സംഗമവേദിയിലേക്ക് ഐക്യദാര്‍ഢ്യപ്രകടനവും നടത്തി. സംഘാടകരെ അറസ്റ്റു ചെയ്യും, കവി കുരീപ്പുഴയെ കാമ്പസില്‍ പ്രവേശിപ്പിക്കില്ല, പങ്കെടുക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കും തുടങ്ങിയ നിരവധി അഭ്യൂഹങ്ങള്‍ക്കിടയില്‍ നിശ്ചിയച്ച സ്ഥലത്ത് അതേ സമയത്ത് തന്നെ സംഗമം ആരംഭിച്ചു. കവി കുരീപ്പുഴ ഉദ്ഘാടനവും, സുനില്‍ പി. ഇളയിടം മുഖ്യപ്രഭാഷണവും നടത്തി. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം.വിജിന്‍, എ.ഐ.ഡി.എസ്.ഒ. സംസ്ഥാന സെക്രട്ടറി ബിനുബേബി, യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അബ്ദുള്‍ റഹ്മാന്‍, എ.കെ.ആര്‍.എസ്.എ. സംസ്ഥാന കമ്മിറ്റി അംഗം ജംഷീദ് അലി, ഡി.ആര്‍.എസ്.ഒ. സംസ്ഥാന കണ്‍വീനര്‍ വിദ്യ ആര്‍.ശേഖര്‍, റഫീക് ഇബ്രാഹിം, സോബിന്‍ മഴവീട്, ലിബിന്‍ തത്തപ്പിള്ളി, ആര്‍.എസ്.എ. കണ്‍വീനര്‍ അലീന എസ്., ആര്‍.എസ്.എ. ആക്ടിംഗ് ചെയര്‍മാന്‍ സൗമിത് സഹദേവന്‍, എക്‌സിക്യൂട്ടീവ് അംഗം ധന്യ ഇല്ലത്ത് എന്നിവര്‍ സംസാരിച്ചു. 

കേരളത്തിലെ കലാലയങ്ങളില്‍ ദൈനംദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രശ്‌നങ്ങള്‍ വര്‍ഗ്ഗീയതയെ സ്ഥാപിച്ചെടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഹിന്ദുത്വ ശക്തികളുടെ വര്‍ഗ്ഗീയ അജണ്ടകള്‍ നടപ്പിലാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഹിന്ദുത്വ ശക്തികളുടെ വര്‍ഗ്ഗീയ അജണ്ടകള്‍ നടപ്പിലാക്കുന്നതിനുള്ള ഇടങ്ങളായി നമ്മുടെ കലാലയങ്ങള്‍ മാറാതെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റേയും വിജ്ഞാനോത്പാദനത്തിന്റെയും സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രങ്ങളായി കലാലയങ്ങള്‍ പൊതുസമൂഹത്തില്‍ നിലനില്‍ക്കണമെങ്കില്‍ ഫാസിസത്തെ ബൗദ്ധികമായി പരാജയപ്പെടുത്തേണ്ടതുണ്ട്. കക്ഷിരാഷ്ട്രീയത്തിനപ്പുറം വിദ്യാര്‍ത്ഥി ഗവേഷക സമൂഹം വിലക്കുകളെ ലംഘിച്ച് ജനാധിപത്യ സംസ്‌കാരത്തെ കാമ്പസുകളില്‍ വളര്‍ത്തിയെടുക്കാന്‍ ഐക്യപ്പെടുക.

(റിസര്‍ച്ച് സ്‌കോളേഴ്‌സ് ആസോസിയേഷന്‍(RSA) മുന്‍ എക്‌സിക്യൂട്ടീവ് മെംബറാണ് വിഷ്ണുരാജ് തൂവയൂര്‍ )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍