UPDATES

ന്യൂസ് അപ്ഡേറ്റ്സ്

താമസിക്കാനിടം ചോദിച്ച വിദ്യാര്‍ഥിനികള്‍ക്കെതിരെ ക്രിമിനല്‍ കേസ്; സംസ്കൃത സര്‍വകലാശാലയില്‍ സമരം ശക്തം

Avatar

വിഷ്ണു രാജ്

കാലടി ശങ്കരാചാര്യ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനികള്‍ക്ക് റൂം നല്‍കാതെ വനിത ഹോസ്റ്റലിലെ മുറികള്‍ അടച്ചിട്ടതിനെതിരെ വിദ്യാര്‍ഥിനികള്‍ റിലേ സത്യാഗ്രഹം ആരംഭിച്ചിരിക്കുകയാണ്. വളരെ സമാധാനപരമായി തങ്ങളുടെ പ്രതിഷേധം അറിയിച്ച വനിത വിദ്യാര്‍ത്ഥികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസുകള്‍ പിന്‍വലിക്കുകയും അര്‍ഹതപ്പെട്ട റൂമുകള്‍ തുറന്നു കൊടുക്കുകയും ചെയ്യണം എന്ന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷന്റെ (RSA) നേതൃത്വത്തില്‍ വ്യാഴാഴ്ച മുതല്‍ സമരം ആരംഭിച്ചത്.

2014 ഫെബ്രുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച ‘പൂര്‍ണ’ എന്ന ലേഡീസ് ഹോസ്റ്റലില്‍ ആദ്യം 57 ഗവേഷക വിദ്യാര്‍ഥിനികള്‍ക്കാണ് പ്രവേശനം ലഭിക്കുന്നത്. എന്നാല്‍ അതില്‍ ആറു റൂമുകള്‍ തുടക്കം മുതല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. സിന്‍ഡിക്കേറ്റംഗങ്ങളുടെ കൂടെ റിസര്‍ച്ച് ചെയ്യുന്നവര്‍ക്കും സ്വകാര്യ/പൊതു മേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വേണ്ടിയാണ് ആ റൂമുകള്‍ അടച്ചിട്ടിരുന്നത്. ഇവരാകട്ടെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണമാത്രമാണ് ഇവിടെവന്നു താമസിക്കുന്നത്. ബാക്കി സമയം മുഴുവന്‍ ഈ മുറികള്‍ അടഞ്ഞു കിടക്കുകയാണ്. ഇതുമൂലം അര്‍ഹതപ്പെട്ട കുട്ടികള്‍ വന്‍ തുക ചെലവാക്കി സ്വകാര്യതാമസയിടങ്ങളില്‍ കഴിയേണ്ടതായി വരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ വലിയ സാമ്പത്തികബാധ്യത ഉണ്ടാവുകയാണ് ഇതുമൂലം.

ഈ അനീതിക്കെതിരെ നിരന്തരമായ പരാതികളും അപേക്ഷകളും നല്‍കുകയും പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ റൂമുകള്‍ തുറന്നു കൊടുക്കാനായി 2015 ഏപ്രില്‍ 23ന് വി സി ഉത്തരവിറക്കുകയുണ്ടായി. എന്നാല്‍ ഉത്തരവ് വന്നു 12 ദിവസം കഴിഞ്ഞിട്ടും സര്‍വകലാശാല അധികൃതര്‍ വി സിയുടെ നിര്‍ദേശം നടപ്പാക്കുന്നില്ല.

മേയ് 5 വരെ ഇക്കാര്യത്തില്‍ ഒരു തീര്‍പ്പുണ്ടാകാഞ്ഞതിനെ തുടര്‍ന്ന്, ഈ ആവശ്യം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് രജിസ്ട്രാറോട് വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തോട് തികച്ചും അലസമായി പ്രതികരിച്ച രജിസ്ട്രാര്‍, ‘ഇതെന്റെ ജോലിയല്ല, ഡെപ്യൂട്ടി വാര്‍ഡനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ നടപടി സ്വീകരിക്കാന്‍ ശ്രമിക്കാം’എന്ന ഒഴുക്കന്‍ മറുപടിയില്‍ കാര്യം അവസാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ, വിദ്യാര്‍ത്ഥിനികള്‍ പിന്തിരിയാന്‍ തയ്യാറായിരുന്നില്ല. ജനുവരി മുതല്‍ ഇതേ ആവശ്യവുമായി കയറിയിറങ്ങുന്നവരാണ് അവര്‍. ഈ കൂട്ടത്തിലുണ്ടായിരുന്ന സുനു എന്ന ഹിന്ദി ഗവേഷക വിദ്യാര്‍ത്ഥിനി, ഇക്കാര്യത്തില്‍ തീരുമാനമാവാതെ പോകില്ല എന്ന് ശക്തമായ ഭാഷയില്‍ പറഞ്ഞു. തുടര്‍ന്ന് സുനുവുള്‍പ്പെടെ മുപ്പതോളം ഗവേഷക വിദ്യാര്‍ത്ഥിനികള്‍ രജിസ്ട്രാറുടെ ഓഫീസിനു സമീപം, തങ്ങളുടെ ആവശ്യത്തില്‍ ഉടനടി തീരുമാനമുണ്ടാക്കുകയെന്ന മുദ്രാവാക്യങ്ങളുമായി ഇരിപ്പുറപ്പിച്ചു. വിദ്യാര്‍ത്ഥിനികളുടെ ഈ നടപടി രജിസ്ട്രാറെ രോഷാകുലനാക്കി.

ഈ പ്രതിഷേധം കണക്കിലെടുക്കാനോ അവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാവാനോ രജിസ്ട്രാര്‍ തയ്യാറായില്ല. അന്നു രാത്രി മുഴുവന്‍ യാതൊരു സുരക്ഷയും ഇല്ലാതെ കാമ്പസിനുള്ളില്‍ മുപ്പതോളം വരുന്ന പെണ്‍കുട്ടികള്‍ തങ്ങളുടെ സമരം തുടര്‍ന്നു. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ കുറിച്ച് അറിഞ്ഞ മാധ്യമപ്രവര്‍ത്തകരോടും പോലീസിനോടും, അങ്ങനെയൊന്നും അവിടെ നടക്കുന്നില്ലെന്നായിരുന്നു അധികൃതര്‍ നല്‍കിയ മറുപടി. മാധ്യമങ്ങളെ കാമ്പസിനുള്ളില്‍ പ്രവേശിപ്പിക്കാതിരിക്കാനും അവര്‍ ശ്രദ്ധിച്ചു. ഇതറിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ ഗേറ്റിനു സമീപം വന്നാണ് മാധ്യമപ്രവര്‍ത്തകരോട് തങ്ങളുടെ ദുസ്ഥിതി വിളിച്ചു പറഞ്ഞത്. 

മാധ്യമങ്ങള്‍ ഈ വിഷയം ഏറ്റെടുത്തതോടെ പൊതുചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങി. പൊലീസും, ഹോസ്റ്റല്‍ അധികാരികളും സമരപ്രതിനിധികളുമായുണ്ടായ ചര്‍ച്ചയില്‍ മുറികള്‍ തുറക്കാമെന്നുള്ള ധാരണയായി. ഇതിന്‍പ്രകാരം ഒരു മുറി തുറക്കുകയും ചെയ്തു. എന്നാല്‍ വളരെ പെട്ടന്ന് കാര്യങ്ങള്‍ തിരിഞ്ഞു. പൊലീസിനെ കാമ്പസില്‍ നിന്ന് തിരിച്ചുവിളിപ്പിച്ചു. ബാക്കി മുറുകള്‍ തുറക്കുന്നത് തടയുകയും ചെയ്തു. ഇതിന്റെ പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം രജിസ്ട്രാര്‍ക്ക് ഉണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം.

തുടര്‍ന്ന് അരങ്ങേറിയത് സര്‍വകലാശാലയുടെ ചരിത്രത്തില്‍ അതുവരെ നടക്കാത്ത നാടകീയമായ സംഭവങ്ങളായിരുന്നു. ഒരിക്കല്‍ പോലും ചര്‍ച്ചയ്ക്കു തയ്യാറാവാതെ അധികൃതര്‍, സമരം ചെയ്തവരടക്കമുള്ള വിദ്യാര്‍ത്ഥിനികളെ പൊലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. കൃത്യമായ കണക്കു കൂട്ടലുകളോടെയായിരുന്നു ഈ അറസ്റ്റും. സ്‌റ്റേഷന്‍ ജാമ്യത്തില്‍ തീരേണ്ട കേസില്‍ വിദ്യാര്‍ത്ഥിനികളെ ഐപിസി 353 മുതല്‍ ഏഴ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അറസ്റ്റ് ചെയ്തവരെ രാത്രി പത്തരയോടെ യൂണിവേഴ്‌സിറ്റി പ്രത്യേകം ഏര്‍പ്പാടാക്കിയ വാഹനത്തില്‍ ആലുവ കടുങ്ങല്ലൂരിലുള്ള മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയായിരുന്നു. സ്ഥിതിഗതികള്‍ മനസ്സിലാക്കിയ അദ്ദേഹം ഉടന്‍ തന്നെ ജാമ്യം അനുവദിച്ചു. 

പക്ഷെ സര്‍വകലാശാല അധികൃതരുടെ ശിക്ഷാനടപടികള്‍ അവിടെയും അവസാനിച്ചിരുന്നില്ല. സീനിയോറിറ്റി ലിസ്റ്റില്‍ ക്രമക്കേടുകള്‍ നടത്തി സമരം ചെയ്തവര്‍ക്ക് ഉണ്ടായിരുന്ന മുറികള്‍ നിഷേധിച്ചു. ഒരു മുറി അനുവദിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ ഒന്നും പാലിക്കാതെയായിരുന്നു പകപോക്കലിനായുള്ള ഈ നടപടി രജിസ്ട്രാറുടെയും മറ്റുദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായത്.

സമരം അടിച്ചമര്‍ത്താനാണവര്‍ നോക്കുന്നത്. മുമ്പ് ഈ കാമ്പസില്‍ ഉണ്ടായിട്ടുള്ള സമരങ്ങളെ അവര്‍ അടിച്ചമര്‍ത്തിയത് ഇത്തരം പ്രതികാരനടപടികളോടെയായിരുന്നു. അക്കാഡമിക്- കുടുംബ-ഉദ്യോഗസ്ഥ ജീവിതത്തില്‍ ഗുരുതരമായി ബാധിക്കുന്ന വിധത്തില്‍ ക്രിമിനല്‍ കുറ്റത്തിന് കേസ് ചാര്‍ജ് ചെയ്താല്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളോര്‍മ്മപ്പെടുത്തി പെണ്‍കുട്ടികളെ ഭയപ്പെടുത്തി സമരത്തില്‍ നിന്നു പിന്‍തിരിപ്പിക്കാന്‍ നോക്കുന്നൂ. സമരം ചെയ്യാന്‍ അനുവദിക്കില്ലെന്നും അതിനു തയ്യാറാകുന്നവരുടെ ഗതി ഭയാനകമായിരിക്കുമെന്നുമുള്ള പരോക്ഷ ഭീഷണി രജിസ്ട്രാര്‍ തങ്ങള്‍ക്കുനേരെ മുഴക്കുന്നുണ്ടെന്ന് സമരരംഗത്തുള്ളവര്‍ പറയുന്നൂ.

സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയിലുള്ള സമര നടപടികളാണ് ഗവേഷക വിദ്യാര്‍ത്ഥിനികള്‍ നടത്തിയത്. എന്നാല്‍ ഉദ്യോഗസ്ഥരെ തടയുക, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക, സിന്‍ഡിക്കേറ്റ് അംഗങ്ങളേയും രജിസ്ട്രാറെയും രണ്ടു മണിക്കൂര്‍ ബന്ദികളാക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥിനകള്‍ക്കുമേലുള്ളത്. ഇതനുസരിച്ചാണ് ഇവര്‍ക്കുമേല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത്. ഇതെല്ലാം കെട്ടിച്ചമച്ചതാണെന്ന് കേരളത്തിലെ വാര്‍ത്താ മാധ്യമങ്ങള്‍ പുറത്തെത്തിച്ച വിഡിയോ ദൃശ്യങ്ങള്‍ തെളിയിക്കുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാല്‍ ഇതൊന്നും അംഗീകരിക്കാനോ അര്‍ഹതപ്പെട്ടവര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കാനോ അധികൃതര്‍ ഇപ്പോഴും തയ്യാറാവുന്നില്ല. അവര്‍ പ്രതികരിക്കുന്നവരെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കാനാണ് ശ്രമിക്കുന്നത്. തികച്ചും ഏകാധിപത്യപരമായ നടപടികളാണ് സര്‍വകലാശാല അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.

(റിസര്‍ച്ച് സ്‌കോളേഴ്‌സ് ആസോസിയേഷന്‍(RSA) മുന്‍ എക്‌സിക്യൂട്ടീവ് മെംബറാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍