UPDATES

ഫാസിസത്തിനെതിരെ പ്രതികരിക്കാന്‍ കാലടി സര്‍വ്വകലാശാലയില്‍ വിലക്ക്

Avatar

അലീന ഇമാമുദീന്‍

ഫാസിസത്തിനെതിരെ പ്രതികരിക്കുന്നതിന്  കാലടി സര്‍വകലാശാലയില്‍ വിലക്ക്. സര്‍വ്വകലാശാലയിലെ ഗവേഷകരുടെ  കൂട്ടായ്മയായ റിസര്‍ച്ച് സ്കൊളെഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ നടത്താന്‍ അനുമതി നിഷേധിച്ചു കൊണ്ടാണ് രജിസ്ട്രാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാത്രമല്ല അധ്യാപകര്‍ക്കിടയിലും വ്യാപകമായ എതിര്‍പ്പ് രൂപപ്പെട്ടിരിക്കുന്നു.  ഇതിനെതിരെ പ്രതിഷേധിക്കാന്‍ തന്നെയാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.  

പ്രൊഫ.എംഎം.കല്‍ബുര്‍ഗിയെ വര്‍ഗ്ഗീയവാദികള്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധമായാണ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ ഗവേഷകരുടെ  കൂട്ടായ്മയായ റിസര്‍ച്ച് സ്കോളേഴ്സ്  അസോസിയേഷന്‍റെ (ആര്‍എസ്എ) നേതൃത്വത്തില്‍ ‘ഇന്ത്യന്‍ ഫാസിസം- നവ രൂപങ്ങള്‍ -പ്രതിരോധങ്ങള്‍’ എന്ന പേരില്‍  വര്‍ഗ്ഗീയതയ്ക്കെതിരെ വിദ്യാര്‍ത്ഥി-ഗവേഷക സംഗമം ഒക്ടോബര്‍ 8 വ്യാഴാഴ്ച കാമ്പസില്‍ നടത്താന്‍ തീരുമാനിച്ചത്. കവി കുരീപ്പുഴ ശ്രീകുമാര്‍ ഉത്ഘാടനവും ഡോ.സുനില്‍ പി ഇളയിടം  മുഖ്യപ്രഭാഷണവും നടത്താനിരുന്ന ചര്‍ച്ചയിലേക്ക്   എബിവിപി ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളെ ക്ഷണിച്ചിരുന്നു. കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥി-ഗവേഷക സംഘടനകളുടെയും സംസ്ഥാന നേതാക്കന്മാര്‍ പങ്കെടുക്കാനും തീരുമാനമായിരുന്നു. 

ഉത്ഘാടകനായ കുരീപ്പുഴ ശ്രീകുമാറിന്‍റെ സൗകര്യാര്‍ത്ഥമാണ് എട്ടാം തീയതിയിലേക്ക് പരിപാടി നീട്ടിയത്. പ്രചാരണങ്ങളുമായി മുന്‍പോട്ടു പോകുമ്പോഴാണ് യാദൃശ്ചികമായി കാമ്പസില്‍ സംഘര്‍ഷമുണ്ടാവുന്നത്. എന്നാല്‍ സംഘര്‍ഷത്തിനു കാരണക്കാരായ ഒരാള്‍ക്ക് നേരേയും മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കാതെ തികച്ചും ഏകപക്ഷീയമായ ഒരു നിലപാടാണ് സര്‍വ്വകലാശാല ഇപ്പോള്‍  സ്വീകരിച്ചിരിക്കുന്നത്. ഒരു മീറ്റിംഗ് വിളിക്കാതെയോ വിശദീകരണം ആവശ്യപ്പെടാതെയോ എടുത്ത ഇത്തരമൊരു തീരുമാനം വഴി സര്‍വ്വകലാശാല നടത്തിയിരിക്കുന്നത് തീവ്രഹിന്ദുത്വ നിലപാടിലേക്ക് ഒരു പരകായപ്രവേശമാണ്.

എബിവിപിയും ആര്‍എസ്എസും പറയുന്നതിനെ മാത്രം മുഖവിലയ്ക്കെടുത്താണ് സര്‍വ്വകലാശാല ഗവേഷക-വിദ്യാര്‍ത്ഥി സംഗമം  വിലക്കിയത്.  കാമ്പസില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് പരിപാടി റദ്ദു ചെയ്യുന്നത് എന്നാണ് രജിസ്ട്രാര്‍ പുറത്തിറക്കിയ  ഉത്തരവില്‍ പറയുന്നത്. എബിവിപിയുടെ പരാതി ലഭിച്ചതായും പറയുന്നുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ ഒന്നാം തീയതി മുതല്‍ കാമ്പസ് സാധാരണനിലയില്‍ പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ടു തന്നെ ഈ പരിപാടിയ്ക്ക് സര്‍വ്വകലാശാല അനുമതി നിഷേധിച്ചിരിക്കുന്നത് വ്യക്തമായ ഒരു കാരണവും കാണിക്കാതെയാണ് എന്ന് മനസ്സിലാവും. .

അക്കാദമിക് ഗവേഷണ മേഖലയില്‍ നില്‍ക്കുന്നവരെ അരുംകൊല ചെയ്യുകയും ചരിത്രത്തെയും ശാസ്ത്രത്തെയും വളച്ചൊടിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ പ്രതികരിക്കേണ്ടത് അനിവാര്യമാണ്. അക്രമത്തിലൂടെയല്ല ബൌദ്ധികമായാണ് വര്‍ഗ്ഗീയതയെ പ്രതിരോധിക്കേണ്ടത്. ഈ ഒരു ലക്ഷ്യത്തോടെ സര്‍വ്വകലാശാല ഗവേഷകര്‍ നടത്തുന്ന ഗവേഷക വിദ്യാര്‍ത്ഥി സംഗമം എന്തൊക്കെ തടസ്സങ്ങള്‍ നേരിട്ടാലും നടത്താന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ഇനി വിദ്യാര്‍ത്ഥി ഗവേഷക സംഘടനകള്‍ക്ക് പുറമേ അധ്യാപക സംഘടനകളെയും വ്യാഴാഴ്ച 2 മണിക്ക് നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കാനാണ് ഞങ്ങളുടെ തീരുമാനം.

(കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍  എംഫില്‍ വിദ്യാര്‍ഥിനിയും റിസര്‍ച്ച് സ്കോളേഴ്സ്  അസോസിയേഷന്‍ കണ്‍വീനറുമാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍