UPDATES

ട്രെന്‍ഡിങ്ങ്

ഇടതു സംഘടനകളുടെ എതിര്‍പ്പിന് പുല്ലുവില; കാലടിയിലെ ശങ്കരപ്രതിമ വിദ്യാഭ്യാസമന്ത്രി അനാച്ഛാദനം ചെയ്തു

രാവിലെ എട്ടരയ്ക്ക് ചടങ്ങ് നടത്തിയത് മുഹൂര്‍ത്തം നോക്കിയാണെന്ന വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്.

ഇടതുപക്ഷ അധ്യാപക സംഘടനയും എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് തുടങ്ങിയ ഇടത് വിദ്യാര്‍ഥി സംഘടനകളും ശക്തമായ എതിര്‍പ്പുയര്‍ത്തിയ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ശങ്കരാചാര്യര്‍ പ്രതിമ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അനാച്ഛാദനം ചെയ്തു. രാവിലെ 8.30-നായിരുന്നു ചടങ്ങ്. ചടങ്ങില്‍ സംബന്ധിക്കരുതെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രിയെ പ്രശംസിച്ചും ഇടതു സംഘടനകളെ പരിഹസിച്ചും യുവമോര്‍ച്ചയും എബിവിപിയും ക്യാമ്പസില്‍ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. എഐഎസ്എഫ് ഉത്ഘാടന വേദിയില്‍ പ്രതിഷേധിക്കുകയും ചെയ്തു.

കാലടി സര്‍വകലാശാലയില്‍ എം.സി റോഡിനരികില്‍ പുതുതായി നിര്‍മിച്ച ഗേറ്റിനോട് അനുബന്ധിച്ചാണ് പുതിയ പ്രതിമയും സ്ഥാപിച്ചിട്ടുള്ളത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനടുത്ത് ശങ്കരാചാര്യരുടെ പ്രതിമയുണ്ടെന്നും ഇത് ഇപ്പോള്‍ തന്നെ ആരാധനാ സ്ഥലമായി മാറിക്കഴിഞ്ഞെന്നും ഇടത് സംഘടനകള്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. റോഡരുകില്‍ പുതിയ പ്രതിമ സ്ഥാപിച്ച് മതേതര സര്‍വകലാശാല വിശ്വാസ കേന്ദ്രമാക്കാനുള്ള സംഘപരിവാര്‍ ഗൂഡാലോചനയാണ് നടക്കുന്നതെന്നും ആരോപിച്ച് സംഘടനകള്‍ ഏറെ നാളായി സമരമാര്‍ഗത്തിലുമായിരുന്നു.

എന്നാല്‍ പ്രതിമ സ്ഥാപിക്കുന്നതിന് അനുകൂലമായി എ.ബി.വി.പി അടക്കമുള്ള വലതുസംഘടനകള്‍ രംഗത്തു വരികയും ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേരിട്ടെത്തി പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം പുതിയ ഗേറ്റിന്റെ നിര്‍മാണത്തില്‍ അഴിമതിയും ഇടത് സംഘടനകള്‍ ആരോപിച്ചിരുന്നു. സര്‍വകലാശാലയെ സംഘപരിവാര്‍ കേന്ദ്രമാക്കാനുള്ള ഗൂഡശ്രമത്തിന് ഇടതുപക്ഷം കൂട്ടു നില്‍ക്കരുതെന്നും അതിനാല്‍ മന്ത്രി ചടങ്ങില്‍ സംബന്ധിക്കരുതെന്നുമുള്ള ആവശ്യങ്ങളാണ് സംഘടനകള്‍ ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഇത് നടപ്പായില്ല. കേരളവര്‍മയിലെ ആല്‍ത്തറ ക്ഷേത്രം പോലെ ഭാവിയില്‍ ഇതും മാറിയേക്കാമെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഒപ്പം, രാവിലെ എട്ടരയ്ക്ക് ചടങ്ങ് നടത്തിയത് മുഹൂര്‍ത്തം നോക്കിയാണെന്ന വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍