UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീകളെ, ഓര്‍മയുണ്ടാകണം; വിലക്കുകള്‍ ട്രെന്‍ഡാകുന്ന സംഘി കാലമാണിത്

മായ ലീല

മായ ലീല

അങ്ങേയറ്റം പിന്തിരിപ്പന്‍ ആശയങ്ങളുടെ വക്താക്കളായ കുറെ സ്വാമിമാര്‍ക്ക് വേണ്ടി ഒരു എഴുത്തുകാരിയെ, അവര്‍ പെണ്ണാണ് എന്ന പേരില്‍ മാറ്റിനിര്‍ത്തുന്നത് സംഭവിച്ചിരിക്കുന്നത് ഒരു നൂറ്റാണ്ട് മുമ്പൊന്നുമല്ല; ഇവിടെ, പരിഷ്കൃത സമൂഹം എന്നു നാഴികയ്ക്ക് നാല്‍പ്പത് വട്ടം ആണയിടുന്ന ഇതേ കേരളത്തില്‍, നമ്മുടെയൊക്കെ കണ്‍വെട്ടത്താണ് അതുണ്ടായിരിക്കുന്നത്. ഇതിന് കാരണക്കാരായവര്‍ക്കെതിരെ ശക്തമായി മുന്നോട്ട് വരേണ്ടതിന് പകരം ചില കോണുകളില്‍ നിന്നുയര്‍ന്ന ചോദ്യങ്ങളും വാദങ്ങളും അതിലേറെ പരിഹാസ്യമായിരുന്നു. അനീതി ഒരെണ്ണം നടന്നു. അനീതിക്ക് വിധേയയായ സ്ത്രീയോട് എന്താണ് ഇതിനുമാത്രം നിങ്ങള്‍ ചെയ്തത് എന്ന് ചോദിക്കുന്ന ഇടത്ത് നിങ്ങള്‍ അനീതിയുടെ പക്ഷം പിടിക്കുകയാണ്. അശുദ്ധിയുടെ പേരില്‍ ഒരു സ്ത്രീയ്ക്ക് പൊതുവേദിയില്‍ സ്ഥാനം നിഷേധിക്കുമ്പോള്‍ സ്ത്രീയുടെ ചരിത്രം ചികഞ്ഞു പോകുന്നത് നല്ലൊന്നാന്തരം പുരുഷാധിപത്യ പരിപാടിയാണ്. പുസ്തകം മാര്‍ക്കറ്റ് ചെയ്യാന്‍ കമ്പനി നടത്തിയ പരിപാടിയാണ് എന്നൊക്കെയുള്ള വാദങ്ങളും ഉയര്‍ന്നുകേട്ടു. പക്ഷെ ജനശ്രദ്ധ തിരിഞ്ഞത് പുസ്തകത്തിലെയ്‌ക്കോ അതോ സ്വാമിനാരായണ വിശ്വാസങ്ങളിലേയ്‌ക്കോ? രണ്ടുലക്ഷം കോപ്പികള്‍ വിറ്റുപോകണം എന്നാണ് പ്രസാധകരുടെ വാദം. അങ്ങനെ എങ്കില്‍ ഈ വിവാദം ഉണ്ടായതുമൂലം കോപ്പികള്‍ എത്ര കൂടി എന്നൊരു കണക്കു കൂടി പ്രസ്തുത ആരോപകര്‍ എടുത്ത് വയ്ക്കണം. അടുത്ത തവണ സ്ത്രീയ്ക്ക് പൊതുവേദി നിഷേധിക്കപ്പെടുമ്പോള്‍ അതിനെ ന്യായീകരിക്കാന്‍ അബോധമായി എങ്കിലും നിങ്ങള്‍ കാരണങ്ങള്‍ തിരഞ്ഞാല്‍ ഈ കണക്കുകള്‍ ഉപകാരപ്പെടും.

 

ഇവിടെ ആനുകാലിക പ്രസക്തിയുള്ള മറ്റൊരു വിഷയം ഉണ്ട്. ഒരു സിനിമാക്കാരന്‍ കാന്‍സര്‍ എന്ന രോഗത്തേയും ആധുനിക വൈദ്യശാസ്ത്രത്തെയുംപ്പറ്റി യാതൊരു ആധികാരികതയും അറിവും ഇല്ലാതെ കേട്ടറിഞ്ഞ വായ്ത്താരികള്‍ വച്ച് ടിവിയിലും പത്രങ്ങളിലും ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതിനെല്ലാം കീഴില്‍ അയാള്‍, താനിതിനെപ്പറ്റി ഒരു സിനിമയും എടുക്കുന്നുണ്ട് എന്ന് പറഞ്ഞു നിര്‍ത്തുന്നു. വരാന്‍ പോകുന്ന സിനിമയ്ക്കുള്ള മാര്‍ക്കെറ്റിങ്ങ് തന്ത്രമായി സിനിമാക്കാരന്റെ കാന്‍സര്‍ പ്രസംഗം തള്ളുന്നതായി അധികം ഒന്നും കണ്ടില്ല. പറഞ്ഞത് പുരുഷന്‍ ആയതുകൊണ്ടോ എന്തോ എല്ലാരും അയാളുടെ വായ്ത്താരികള്‍ക്ക് ഇടം കൊടുക്കുന്നുണ്ട്. ഇവിടെ ശ്രീദേവി എന്ന സ്ത്രീയുടെ പക്ഷം കേള്‍ക്കാനും അതിലെ ലിംഗവിവേചന അനീതികളെ ചോദ്യം ചെയ്യാനും മുതിരുന്നതിനു പകരം ഇങ്ങനെ ഒരു വിവേചന സാധ്യതയെ തന്നെ തള്ളിക്കളഞ്ഞുകൊണ്ട് മറ്റു വ്യാഖ്യാനങ്ങള്‍ തിരയുകയാണ് മലയാളി പുരുഷാധിപത്യം.

 

 

രണ്ടാമത് കേട്ട ആരോപണം, അവര്‍ പുസ്തകം വായിച്ചല്ലേ തര്‍ജ്ജമ ചെയ്തത്, അപ്പോള്‍ അവര്‍ക്ക് അറിയാമായിരുന്നില്ലേ പ്രസ്തുത ആശ്രമത്തിന്റെ രീതികള്‍; പിന്നെന്തിന് അവരിപ്പോള്‍ പ്രശ്‌നം സൃഷ്ടിക്കുന്നു എന്നതാണ്. ശരിയാണ്; പുസ്തകത്തില്‍ സത്യനാരായണ വിശ്വാസ വിഭാഗത്തിന്റെ സ്ത്രീവിരുദ്ധ ആശയങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ അതുകൊണ്ട് ഈ പുസ്തകം പ്രകാശനം ചെയ്യാന്‍ ഗുജറാത്തില്‍ നിന്ന് ഒരു സ്വാമി വരുമെന്നും വന്നാല്‍ അങ്ങോട്ടേയ്ക്ക് തന്നെ വിലക്കും എന്നും ശ്രീദേവി എങ്ങനെ ഊഹിക്കണമായിരുന്നു? എങ്കില്‍ തന്നെയും പുസ്തകം തര്‍ജ്ജമ ചെയ്യാതിരുന്നോ അല്ലെങ്കില്‍ അനീതി തൊണ്ടതൊടാതെ വിഴുങ്ങിയോ വേണമായിരുന്നോ അവര്‍ പ്രതികരിക്കേണ്ടത്? പുസ്തകത്തിലെ വിഷയം സ്ത്രീവിരുദ്ധ മതവിശ്വാസങ്ങള്‍ ആയതു കൊണ്ട് അത് തര്‍ജ്ജമ ചെയ്ത സ്ത്രീ അതേ സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്ന വക്താവ് ആകുമെന്നും അതുകൊണ്ട് അവര്‍ക്കത് വരണമെന്നും കരുതന്നത് അങ്ങേയറ്റം പിന്തിരിപ്പനും അപകടകരവുമാണ്. ഇന്ത്യയില്‍ ഇന്ന് ജനാധിപത്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമാണ് ഏറ്റവും അധികം വിലങ്ങുവീഴുന്നത്. ദളിതരെ, കീഴ്ജാതിക്കാരെ അമ്പലങ്ങളില്‍ പ്രവേശിപ്പിക്കില്ല എന്ന് പറയുമ്പോള്‍ അതിനെതിരേ എങ്ങനെയാണ് നിങ്ങള്‍ പ്രതികരിക്കുക. ജനാധിപത്യപരമായി വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടി നിലകൊള്ളുമോ അതോ മതം ഉപേക്ഷിക്കൂ എന്ന് വിവേചനം നേരിടുന്നവരോട് നിന്ന് പ്രസംഗിക്കുമോ? അങ്ങനെയാണോ കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ നടന്നത്? ശ്രീദേവി തര്‍ജ്ജമ ചെയ്ത പുസ്തകത്തിലെ ഉള്ളടക്കം ചൂണ്ടിക്കാണിച്ച് കൊണ്ട് വിവേചനവും അനീതിയും അവര്‍ അര്‍ഹിക്കുന്നു എന്ന രീതിയില്‍ ഇതിനെ സമീപിക്കാന്‍ നിങ്ങളുടെ ഉള്ളില്‍ പുരുഷാധിപത്യം അതിഭീകരമായി വളര്‍ന്നിട്ടുണ്ടാവണം.
സ്ത്രീയുടെ പേരും അവരുടെ വിശ്വാസവും ജീവിതരീതിയും രാഷ്ട്രീയവും എല്ലാം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട് ഈ അവസരത്തില്‍. ഇനിയും ഇത്തരം സ്ത്രീവിരുദ്ധത വളര്‍ത്തി ബുദ്ധിജീവി ലേബലില്‍ എഴുതി വിടുന്നതില്‍ പ്രബുദ്ധ കേരളം ലജ്ജിച്ച് തലകുനിക്കണം. സ്ത്രീക്ക് പൊതു ഇടങ്ങള്‍ നിഷേധിക്കുന്ന, അവരെ തീണ്ടാരി ആക്കി മറച്ചു നിര്‍ത്തുന്ന അവസരത്തില്‍ അല്ല ഇതൊക്കെ ചികയേണ്ടത്. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ വസ്ത്രത്തിന്റെ നീളവും അവള്‍ കരഞ്ഞതിന്റെ ഒച്ചയുടെ അളവും തിരക്കുന്ന അതേ വാദമാണ് അപകടകരമായി നിങ്ങള്‍ പടച്ചു വിടുന്നത്. ഇന്ത്യയിലെ കോടതി മുറികളില്‍ വരെ മുഴങ്ങി കേള്‍ക്കുന്ന ഈ വിക്റ്റിം ബ്ലെയിമിംഗ് ഇനിയും സമൂഹം കൊണ്ട് നടക്കുന്നത് വരും കാലങ്ങളില്‍ ഒട്ടും ഗുണം ചെയ്യുകയില്ല. തലയ്ക്കു മുകളില്‍ ഫാഷിസമാണ് നില്‍ക്കുന്നത്, അറിഞ്ഞോ അറിയാതെയോ നിങ്ങള്‍ അവരുടെ പ്രവൃത്തികള്‍ക്ക് വളംവച്ചു കൊടുക്കുകയാണ്.

 

ഇനി പ്രസ്തുത ആശ്രമവും അവരുടെ വിശ്വാസങ്ങളും നോക്കാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സത്യനാരായണന്‍ എന്നറിയപ്പെട്ട സ്വാമി സ്ഥാപിക്കുന്നതാണ് ഹൈന്ദവ വിശ്വാസത്തിലെ ഈ വിഭാഗം. ഇതില്‍ സ്വാമിയാകാന്‍, ബ്രഹ്മത്തെ അറിയാന്‍, അല്ലെങ്കില്‍ ബ്രഹ്മം ആവാന്‍ തന്നെ ശിഷ്യപ്പെടുന്ന പുരുഷന്മാര്‍ക്ക് ബ്രഹ്മചര്യത്തിന് എഴുതപ്പെട്ട എട്ട് നിബന്ധനകള്‍ ഉണ്ട്. സ്ത്രീയെ നോക്കാന്‍ പാടില്ല, സ്ത്രീയുമായി ഇന്ന അകലം പാലിക്കണം, ഇടുങ്ങിയ വഴിയില്‍ ഒരു സ്ത്രീയും ഏതെങ്കിലും സ്വാമിയും ഒരേ സമയം എത്തിയാല്‍ ആ സ്ത്രീ സാരിത്തലപ്പു കൊണ്ട് തല മറച്ച് ഭിത്തിയില്‍ നോക്കി നില്‍ക്കണം. അതായത് സ്വാമി സ്ത്രീയുടെ മുഖം കാണാന്‍ പാടില്ല. സഹാജാനന്ദ എന്നൊരു സ്വാമി ബ്രഹ്മചര്യം മൂര്‍ദ്ധന്യത്തില്‍ എത്തിയ അവസ്ഥയില്‍ ഒരു സ്ത്രീയുടെ നിഴല്‍ പെട്ടതുകൊണ്ട് അസുഖം പിടിപെട്ടതായും ചരിത്രത്തില്‍ പറയുന്നു. സ്ത്രീകളുടെ കണ്ണിലോ, മുലകളിലോ, പൊക്കിളിലോ ഗുഹ്യഭാഗങ്ങളിലോ നോക്കാന്‍ പാടില്ല, അറിയാതെ പോലും കാണാന്‍ പാടില്ല. സ്ത്രീകളുടെ ചിത്രങ്ങളോ ശില്‍പ്പങ്ങളോ പോലും കാണാന്‍ പാടില്ല. സ്ത്രീകളുമായി സംസാരിക്കുന്നത് ലൈംഗിക ബന്ധങ്ങളില്‍ എത്തിച്ചേരും എന്നും അതുകൊണ്ട് അത്‌ പോലും ഒഴിവാക്കണം എന്നുമാണ് നിര്‍ദ്ദേശം. സ്ത്രീദൈവങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ സ്വാമിമാര്‍ സ്ത്രീകള്‍ സംസാരിക്കുന്ന വേദികളും അഭിമുഖങ്ങളും ഒഴിവാക്കും. ജീവന്‍ രക്ഷിക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ മാത്രമേ സ്വാമിമാര്‍ക്ക് സ്ത്രീകളുമായി എന്തെങ്കിലും ഇടപഴകലിന് സാധ്യതയുള്ളൂ.

 

 

എത്ര നല്ല മനോഹരമായ ആചാരങ്ങള്‍ എന്ന് തോന്നുന്നുണ്ടോ? സ്ത്രീകളും ശിഖണ്ഡികളും മൃഗങ്ങളുമായി യാതൊരു സംസര്‍ഗ്ഗവും ബ്രഹ്മചര്യത്തിനു പാടില്ല എന്ന് നിഷ്‌കര്‍ഷിക്കുന്ന ഭാഗത്താണ് ഈ വിശ്വാസം അങ്ങേയറ്റം സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവും ആകുന്നത്. സ്വന്തം കാമാസക്തികളെ അടക്കി വയ്ക്കാന്‍ സ്വാമിമാര്‍ സ്ത്രീകള്‍ക്ക് വിലക്കുകള്‍ കല്‍പ്പിക്കുന്നു. സ്ത്രീയെ കണ്ടാലോ സംസാരിച്ചാലോ തീരുന്നതാണോ ഈ ബ്രഹ്മചര്യ തപസ്യയുടെ ശക്തി, മനസ്സിനെ അടക്കാന്‍ ഉള്ള കഴിവ്? ഈ നിര്‍ദ്ദേശങ്ങളുടെ ഒക്കെ ഒരു നൈസര്‍ഗ്ഗിക പിഴവ് എന്താണെന്നറിയാമോ; സ്ത്രീയെ കാമത്തിന് മാത്രമായുള്ള ഒരു ഉപകരണമായി കാണുന്നു എന്നതാണ്. സ്ത്രീയുടെ കണ്ണ് കണ്ടാല്‍, സംസാരിച്ചാല്‍ അതെല്ലാം ലൈംഗിക ബന്ധത്തില്‍ ആണ് അവസാനിക്കുക എന്ന് പറയുന്ന ദ്രവിച്ച പാഠങ്ങള്‍ സ്ത്രീ, പുരുഷ ബന്ധങ്ങള്‍ക്ക് കാമത്തിന് അപ്പുറവും ഇപ്പുറവും സാധ്യതകള്‍ ഉണ്ടെന്ന് അറിഞ്ഞിട്ടുപോലുമില്ല. സ്ത്രീയ്ക്കും പുരുഷനും കാമവും മോഹവും ഇല്ലാതെയുള്ള പാരസ്പര്യങ്ങളും ബന്ധങ്ങളും ആശയവിനിമയവും സംവാദങ്ങളും ഉണ്ടാകാം എന്നവര്‍ക്ക് ബോധമില്ല. ഇടുങ്ങിയ ചിന്താഗതിയുടെ പരകോടിയില്‍ ആണ് ഈ ബ്രഹ്മചര്യത്തിന്റെ നിര്‍വ്വചനം. നിങ്ങളുടെ ബ്രഹ്മചര്യം സ്ത്രീകളുടെ ഉത്തരവാദിത്തം അല്ല. നിങ്ങളുടെ വിശ്വാസം പാലിക്കേണ്ടത് സ്ത്രീകളെ തലവഴി മുണ്ട് മറച്ചിട്ടു മൂടിയല്ല. നഗ്‌നയായി നില്‍ക്കുന്ന സ്ത്രീയാണെങ്കില്‍ പോലും കാമാസക്തി തോന്നാതിരിക്കുക എന്നത് അത്രവലിയ ബ്രഹ്മജ്ഞാനത്തിന്റെ മൂര്‍ദ്ധന്യ അവസ്ഥ ഒന്നുമല്ല. സ്ത്രീശരീരം പുരുഷന്റെ കാമോദ്ദീപനത്തിന് മാത്രമായുള്ള വസ്തുവാണ് എന്നുള്ള ചിന്താഗതിയില്‍ ചെറുതായി മാറ്റം വരുത്തിയാല്‍ മതിയാകും. അവള്‍ വ്യക്തിത്വമുള്ള ഒരു മനുഷ്യനാണെന്നും പ്രകടമായി ലൈംഗികതാത്പര്യം വെളിപ്പെടുത്താത്ത കാലത്തോളം അവളുടെ ശരീരമോ വാക്കോ ചേഷ്ടകളോ നിങ്ങളുടെ കാമപൂരണത്തിന് ഉപയോഗിക്കാന്‍ ഉള്ളതല്ല എന്നും മനസ്സിലാക്കിയാല്‍, അത് പ്രാവര്‍ത്തികമാക്കിയാല്‍ വളരെ ഈസിയായി കിട്ടാവുന്ന ഒന്നാണ് ആത്മസംയമനം. മതം വളരെയധികം വളച്ചൊടിച്ച് പുരുഷന്റെ കാമത്തിന്റെ സകല ഉത്തരവാദിത്തവും സ്ത്രീയുടെ തലയില്‍ വച്ചുകെട്ടിയിട്ടുണ്ട്. അതില്‍ എല്ലാ മതങ്ങളും പരസ്പരം മത്സരിച്ചാണ് സൂക്തങ്ങള്‍ ഇറക്കുന്നത്.

 

വിശ്വാസങ്ങളുടെ ഭാഗമായി വിലക്കുകള്‍ ട്രെന്‍ഡ് ആകുന്ന സംഘി ഭരണകാലത്ത് നാളെ സത്യനാരായണ സ്വാമിമാര്‍ക്ക് വേണ്ടി ഒരു സ്ത്രീ ബാന്‍ വരില്ല എന്ന് ആര് കണ്ടു. പൊതു വഴികളില്‍, വേദികളില്‍ നിന്നൊക്കെ സ്ത്രീയെ ബാന്‍ ചെയ്യുകയില്ല എന്ന് യാതൊരു ഉറപ്പും ഇല്ല. ഇപ്പോള്‍ തന്നെ അതുണ്ടല്ലോ, അലിഖിതമായി. രാത്രികാലങ്ങളും, ആര്‍ത്തവസമയവും, അമ്പലങ്ങളും മറ്റുമൊക്കെ സ്ത്രീയെ മാറ്റി നിര്‍ത്തി ബാന്‍ ചെയ്തു വച്ചിരിക്കുന്ന കീഴ്വഴക്കങ്ങള്‍ കേരളത്തില്‍ ധാരാളമുണ്ട്. ലിംഗവിവേചനം ക്രിമിനല്‍ കുറ്റമായി അംഗീകരിക്കുന്ന സമൂഹങ്ങള്‍ നിലവിലുള്ള ഇതേ ഭൂമുഖത്ത് തന്നെയാണ് കേരളവും. ഇനിയും നമ്മുടെ സമൂഹം സ്ത്രീകളെ അകറ്റി നിര്‍ത്തണോ? വിശ്വാസികളായ ഹൈന്ദവ സ്ത്രീകള്‍ തന്നെ ഇത്തരം കീഴ്വഴക്കങ്ങള്‍ ചോദ്യം ചെയ്യണ്ട സമയം അതിക്രമിച്ചു. വിശ്വാസം നിയമവും തിട്ടൂരങ്ങളും ആകുന്ന കാലത്ത്, ചോദ്യം ചെയ്യലുകള്‍ തലയറക്കപ്പെടാന്‍ ഉള്ള കാരണങ്ങള്‍ ആകുമ്പോള്‍ നിങ്ങള്‍ തീരുമാനിക്കണം, നിങ്ങളുടെ ശരീരവും ജീവിതവും അശുദ്ധമാണ് എന്ന വിശ്വാസംകൊണ്ട് നിങ്ങള്‍ക്ക് എന്ത് സ്വര്‍ഗ്ഗമാണ് കൈവരാന്‍ ഉള്ളതെന്ന്. വിശ്വാസം ആണ് പ്രശ്‌നം എങ്കില്‍ വേദവ്യാസന്‍ തന്നെ എഴുതിയ ദേവീഭാഗവതം സൗകര്യം പോലെ വായിച്ച് മനസ്സിലാക്കി എതിര്‍വാദങ്ങള്‍ ഉന്നയിക്ക്. നിങ്ങളുടെ മതത്തിലും വിശ്വാസങ്ങളിലും പുരാണങ്ങളിലും സ്ത്രീയുണ്ട്, പ്രപഞ്ചം സൃഷ്ടിച്ച് പരിപാലിക്കുന്ന സ്ത്രീ, സര്‍വ്വസംഹാരിയും ശക്തിസ്വരൂപിണിയും ആയ സ്ത്രീ. അതേ സ്ത്രീരൂപം കണ്ടാല്‍ പുരുഷന്മാര്‍ക്ക് കാമം ഉണ്ടാകുന്നില്ല എങ്കില്‍ നിങ്ങളുടെ രൂപത്തോട് മാത്രമെന്തിന് വിവേചനം?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍