UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെണ്ണുങ്ങളെ പേടിച്ചോടുന്ന ആര്‍ഷഭാരത സംസ്‌കാരവും കൂട്ടയോട്ടക്കാരും

k c arun

k c arun

ഡാ ലി

പെണ്ണുങ്ങള്‍ തങ്ങളുടെ പൊതുവിടങ്ങള്‍ പിടിച്ചെടുക്കാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ ആരൊക്കെ തിരിഞ്ഞോടുന്നു, ആരൊക്കെ അങ്കലാപ്പിലാകുന്നു, ആരുടെയൊക്കെ സ്ത്രീവിരുദ്ധത ചോദ്യം ചെയ്യപ്പെടുന്നു എന്നതാണ് കലാമിന്റെ നടക്കാതെ പോയ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് പ്രധാനമാകുന്ന കാര്യം.

 

ഒരു വിഷയത്തില്‍ പ്രശ്‌നവും പ്രശ്‌നത്തില്‍ ഇടപ്പെട്ടവരും/ഇടപ്പെടുന്നവരും കാണും. പ്രശ്‌നത്തെ അഭിസംബോധന ചെയ്യണമോ ഇടപ്പെട്ടവരെ നേരിടണമോ എന്നത് വലിയ/ചെറിയ കാഴ്ചപ്പാടുകളുടെ വ്യത്യാസമാണ്. ഇവിടെ വിഷയം സാഹിത്യ അക്കാദമി എന്ന പൊതുസ്ഥലത്ത് നടന്ന ഒരു പൊതുചടങ്ങില്‍ സ്ത്രീകള്‍ വേദിയിലോ മുന്‍നിരകളിലോ ഇരുന്നുകൂടാ എന്നൊരു സ്വാമിയുടെ നിലപാടിനെ കറന്റ് ബുക്ക്‌സ് പോലെയൊരു സ്ഥാപനം അംഗീകരിച്ച് നടപ്പാക്കാന്‍ തീരുമാനിച്ചിറങ്ങി എന്നതാണ്. ഈ ലിംഗവിവേചനത്തിനെതിരെ നടന്ന ജാഗ്രതയായിരുന്നു ആ വേദിയില്‍ നടന്ന സമരം. ഫാസിസത്തിനു കുടപിടിക്കാന്‍ മുന്നിട്ടു നില്ക്കുന്ന ആണധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് ഈ സമരത്തില്‍ ഇടപെട്ട, പുരോഗമന സംഘടനകള്‍ ചെറുത്തുനില്‍പ്പെന്ന പ്രത്യാശ ബാക്കിയുണ്ടെന്ന് തെളിയിക്കുന്നുണ്ട്.

 

ജാതി, വര്‍ഗ്ഗ, സ്വത്വവിഷയങ്ങളില്‍ നിന്ന് അടര്‍ത്തി ഒരു ലിംഗസമത്വ വിഷയവും കേരളത്തിലെ ചര്‍ച്ചകളില്‍ എത്തിപ്പെടാറില്ല. അതില്‍ നിന്നു വ്യത്യസ്തമായി ഏതാണ്ട് പൂര്‍ണ്ണമായും ലിംഗസമത്വ വിഷയം എന്ന് പറയാവുന്ന ഒരു വിഷയമാണു കലാമിന്റെ പുസ്തക പ്രകാശനം.
ആണ്‍നിര്‍മ്മിതമായ എല്ലാമതങ്ങളും സ്ത്രീസമത്വത്തിനെതിരാണ്. ആണധികാരവും പുരോഹിതവര്‍ഗ്ഗവും ചേര്‍ന്ന് നിര്‍മ്മിച്ച ഒരുമതവും സ്ത്രീയ്ക്ക് തുല്യത വിഭാവനം ചെയ്യുന്നില്ല. എന്നാല്‍ ഇന്ത്യ എന്നത് മതരാജ്യത്തില്‍ നിന്നും പുറപ്പെടുകയും ചെയ്തു എന്നാല്‍ സെക്യുലര്‍ സ്‌റ്റേറ്റിലോട്ടെത്തിയുമില്ല എന്ന രീതിയില്‍ മതനിരപേക്ഷതയില്‍ അഥവാ എല്ലാ മതങ്ങളോടുമുള്ള തുല്യ അകലത്തില്‍/തുല്യ അടുപ്പത്തില്‍ മുന്നോട്ട് പോകുന്ന ഭരണഘടന ഉള്ളയിടമാണ്. ഇവിടെ രാജ്യകാര്യങ്ങളില്‍ ഇടപ്പെടുന്ന മതങ്ങളിക്കിടയില്‍ നിന്നും പുരോഗമന മൂല്യങ്ങളെ റദ്ദ് ചെയ്യാതെ തന്നെ എന്തൊക്കെ ചെയ്യാം എന്നത് സ്ത്രീപ്രസ്ഥാനങ്ങള്‍ക്ക് മാത്രമല്ല രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഒരുപോലെ പ്രധാനമാണ്. ഇവിടെ മതത്തിന്റെ അടയാളം, സ്ത്രീ പ്രസവിച്ചത് അല്ലെന്നു തോന്നിപ്പിക്കുന്ന ആ സാമി, ശക്തമായ പ്രതിഷേധത്തിനു മുമ്പില്‍ പിടിച്ചുനില്ക്കാനാവാതെ തിരിച്ച് പോയിട്ടുണ്ട്. അതിനു കാരണമായത് ജനാധിപത്യ മഹിളാ അസോസിയേഷന്റേയും മറ്റ് ഇടത് സംഘടനകളുടേയും ആഭിമുഖ്യത്തില്‍ പെണ്ണുങ്ങള്‍ ഉയര്‍ത്തിയ വന്‍പ്രതിഷേധമാണ്. തങ്ങള്‍ക്ക് നിഷേധിക്കുന്ന ഇടങ്ങളില്‍ നിന്നും അകന്നു പോകുന്നതിനു പകരം അത് കയ്യടക്കുക തന്നെയാണു വേണ്ടതെന്ന ആധുനിക സ്ത്രീവാദ നിലപാടുകളെ പിന്തുണയ്ക്കാന്‍ പ്രശ്‌നത്തിന്റെ വേരു മനസ്സിലാക്കി പിന്തുണയ്ക്കാന്‍ മുന്നിട്ടിറങ്ങിയ പുരോഗമന പ്രസ്ഥാനങ്ങള്‍ ബാക്കിയുണ്ടെന്നത് ഈ ഇരുണ്ടകാലത്ത് വലിയൊരു ആശ്വാസമാണ്.

 

 

കറന്റ് ബുക്‌സ് മാത്രമല്ല കേരളത്തിലെ പ്രസാധന-വിതരണ ഭീമനായ ഡി.സിയും പ്രസാധന രംഗത്ത് കച്ചവടത്തിനപ്പുറം വലിയ ലിംഗസമത്വമോ പുരോഗമനമോ നോക്കുന്ന സ്ഥാപനങ്ങളാണിന്ന് എന്ന് കരുതാനാവില്ല. ഇസ്ലാമിക് രതി മുതല്‍ രതി മിഥുനവും, ബാബാജിയുടെ ഗീതാരഹസ്യവും അവരുടെ പ്രസാധന വിവര്‍ത്തന ഇനങ്ങളാണ്. വിറ്റുപോകുന്ന എന്തും അവര്‍ പ്രസിദ്ധീകരിക്കും, കാശുണ്ടാക്കും. വില്പനയെ സഹായിക്കുന്ന എന്തിനേയും അവര്‍ പിന്‍പറ്റും. എന്നിട്ടും ഈ വിഷയത്തില്‍ ഏറ്റ തിരിച്ചടി കാരണം ഡി.സിയ്ക്ക് കറന്റ് ബുക്‌സിനെ ഉപാധികളിലാതെ തള്ളിപ്പറയേണ്ടി വന്നിരിക്കുന്നു. ”ഇത്തരം സ്ത്രീവിരുദ്ധ നിലപാടുകള്‍ ഒരു കാലത്തും ഒരു പ്രസാധകനും എടുക്കരുത് എന്ന ശക്തമായ നിലപാടാണ് ഡി സി ബുക്‌സിനുള്ളതും’ എന്ന് പറയിക്കാന്‍ കഴിഞ്ഞതും സംഘടിതമായി ഈ വിഷയത്തെ നേരിട്ടത്തിന്റെ നേട്ടമാണ്. ആ സ്വാമിയുടെ സ്ത്രീവിരുദ്ധ ആവശ്യങ്ങളെ തള്ളിക്കളയാനുള്ള ആര്‍ജ്ജവമുണ്ടായില്ല എന്നതിനുമപ്പുറം ആ സ്വാമി ഓടിപ്പോയിട്ടും അതിലെ സ്ത്രീവിരുദ്ധത തിരിച്ചറിഞ്ഞ് ക്ഷമാപണം പോലും നടത്താന്‍ മുതിരാത്തിടത്ത് ഇന്നത്തെ കറന്റ് ബുക്‌സ് എവിടെ എത്തി നില്ക്കുന്നു, എങ്ങോട്ട് ഓടുന്നു എന്ന് മലയാളിക്ക് മനസ്സിലാക്കാന്‍ ഒരു അവസരവും ഈ പ്രതിഷേധം നല്കുന്നുണ്ട്.

 

ചോദിക്കേണ്ട മറ്റൊരു ചോദ്യം ഇത്രയും പ്രകടമായ ലിംഗസമത്വവിഷയത്തില്‍ കേരളത്തിലെ അറിയപ്പെടുന്ന ഫെമിനിസ്റ്റുകളുടെ നിലപാട് എന്താണെന്നതാണ്. ആരുടേയും ക്ഷിപ്രപ്രതികരണങ്ങള്‍ കണ്ടില്ല എന്നത് ഫെമിനിസ്റ്റ് നിലപാടുകളുടെ തണുപ്പ് പുറത്തുകൊണ്ടുവരുന്നുണ്ട്. അതേസമയം സാറാ ജോസഫിനെ പോലെ കേരളത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന സ്ത്രീപക്ഷ പുസ്തകങ്ങള്‍ എഴുതിയ ഒരാളുടെ നിലപാട് തീര്‍ത്തും പ്രതിലോമകരമാണെന്നു പറയാതെ വയ്യ. സാറാ ജോസഫ് എന്തൊക്കെ പറഞ്ഞാലും ഈ വിഷയത്തില്‍ അവര്‍ കേട്ട ആ വാക്കുകള്‍ ഉണ്ടല്ലോ, ”സാറാ ജോസഫ് ഗോ ബാക്ക്, സാറാ ജോസഫ് ഗോ ബാക്ക്”, അത് അവരിലെ ഫെമിനിസ്റ്റിനെ ഓടിച്ചിട്ട് വേട്ടയാടുക തന്നെ ചെയ്യും.

 

ഈ പ്രശ്‌നത്തെ ഇഴയഴിച്ച് പരിശോധിക്കുന്നവര്‍ക്ക് ഒരിക്കലും ഒഴിവാക്കാനാവാത്തതാണ് വലതുപക്ഷത്തിന്റെ പാവയായി മാത്രം നിന്ന കലാമിന്റെ നിലപാടുകള്‍. മുസ്ലീമായിരുന്നെങ്കിലും ദേശസ്‌നേഹിയായിരുന്നുവെന്ന് തീവ്രവലതുപക്ഷം തന്നെ വിശേഷണം ചാര്‍ത്തിക്കൊടുത്ത കലാമിലൂടെ ഒളിച്ചു കടത്തപ്പെട്ട അജണ്ടകള്‍ തിരിച്ചറിയപ്പെടാനും ചര്‍ച്ച ചെയ്യപ്പെടാനും കൂടിയുള്ള ഒരു ചെറിയ ഇടമെങ്കിലും ഈ വിഷയമുണ്ടാക്കുമെന്ന്‍ പ്രത്യാശിക്കാം. കലാമിനെതിരെ എഴുതിയതിന് കാതടഞ്ഞു പോകുന്ന തെറികള്‍ കേട്ടിട്ടും ചങ്കൂറ്റത്തോടെ നിലനില്ക്കുന്ന സ്ത്രീകളുള്ള സമകാലിക കേരളത്തില്‍ പ്രത്യേകിച്ചും.

 

(ഡാലി – 2006 മുതല്‍ സൈബറിടത്തില്‍ എഴുതുന്നു)

അഴിമുഖം പ്രസിദ്ധീകരിച്ച ഡാ ലിയുടെ മറ്റൊരു ലേഖനം: മല്ലുവിന് ഒരു ആണ്‍മുഖം

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

k c arun

k c arun

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍