UPDATES

ശ്രീചിത്രന്‍ എം.ജെ

കാഴ്ചപ്പാട്

ശ്രീചിത്രന്‍ എം.ജെ

ന്യൂസ് അപ്ഡേറ്റ്സ്

താമി ജനിച്ചു, ജീവിച്ചു, മരിച്ചു

കലാമണ്ഡലം താമി അഥവ കടവല്ലൂര്‍ കല്ലുംപുറത്ത് താമിയാശാന്‍ എന്ന മദ്ദളകലാകാരന്‍ കഴിഞ്ഞദിവസം ഓര്‍മ്മയായി. വടക്കൂട്ട് ചേന്ദന്റേയും നീലിയുടേയും മകനായി 1940ല്‍ ജനിച്ച താമി കലാമണ്ഡലം താമിയും താമിയാശാനുമായി മാറിയ ‘ഉജ്ജ്വലചരിത്രം’ ചില പത്രങ്ങളുടെ ചരമപ്പേജിലും ചിലരുടെ ഉള്‍പ്പേജിലും പ്രത്യക്ഷപ്പെട്ടു. ഏതാണ്ട് മൂന്നു ഖണ്ഡികയിലൊതുക്കാം ജീവരേഖ. കടവല്ലൂര്‍ അരവിന്ദാക്ഷന്‍, അന്നമനട പരമേശ്വരമാരാര്‍, ശ്രീധരന്‍ നമ്പീശന്‍ എന്നിവരില്‍ നിന്നു വാദ്യകല അഭ്യസിച്ചു. പ്രമുഖക്ഷേത്രങ്ങളില്‍ നിന്നെല്ലാം താമിയുടെ മദ്ദളം മാറ്റിനിര്‍ത്തപ്പെട്ടു. ഗുരുവായൂരിലൊരിക്കല്‍ സമരത്തിന്റെ ഫലമായി പഞ്ചവാദ്യം നടന്നപ്പോള്‍ മദ്ദളപ്രമാണം വഹിച്ചു. കടവല്ലൂര്‍ സ്‌കൂളില്‍ പഞ്ചവാദ്യസംഘമുണ്ടാക്കി. പിന്നങ്ങനെ, അങ്ങനെ പോയി. 2016 ല്‍ മരിച്ചു.

താമിയെ പഞ്ചവാദ്യം പഠിപ്പിച്ചതിനാണ് അരവിന്ദാക്ഷനു സവര്‍ണകലാകാരന്മാര്‍ ഭ്രഷ്ട് കല്‍പ്പിച്ചു മാറിനിന്നത്. ആരെ? കടവല്ലൂര്‍ അരവിന്ദാക്ഷനെ. മദ്ദളവാദനത്തിന്റെ എതിര്‍വാക്കില്ലാത്ത പ്രമാണിയെ. താമിക്ക്‌ പഞ്ചവാദ്യം കൊട്ടാനവസരം നല്‍കിയതിനാണ് പല ക്ഷേത്രങ്ങളിലേയും ഭാരവാഹികള്‍ക്കു ഭീഷണി നേരിടേണ്ടി വന്നത്. കടവല്ലൂര്‍ ശ്രീരാമക്ഷേത്രത്തില്‍ താമിയുടെ അരങ്ങേറ്റം തന്നെ പടിക്കു പുറത്താണ് നടന്നത്. ദളിതനായതു കൊണ്ടുമാത്രം, വാദ്യകലയുടെ മുഖ്യധാരയില്‍ നിന്ന് താമിയാശാന്‍ പടിപ്പുറത്തു നിന്നു. ഇപ്പോഴിതാ, പത്രങ്ങളിലെ പതിനഞ്ചുവരിയോര്‍മയായി താമിയുടെ ജീവിതം തീര്‍ന്നു.

കേരളത്തില്‍ വാദ്യകലയെ സ്‌നേഹിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ബാക്കിയുണ്ടെങ്കില്‍, ഇനിയെങ്കിലും നട്ടെല്ലുറപ്പോടെ നിവര്‍ന്നുനിന്ന് ഈ അല്‍പ്പബുദ്ധികളോടു ചോദിക്കണം, ‘നിങ്ങളേതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്’ എന്ന്. ‘സഹൃദയരെ’ന്നു സ്വയം വിശേഷിപ്പിക്കുന്ന ഈ വാദ്യകലാസ്വാദകസമൂഹത്തിന് ഈ ചോദ്യമുയര്‍ത്താനാവാത്തത് എന്തുകൊണ്ടാണ്?

അറിവിന്റെ ജനാധിപത്യം
‘സ്‌നാതമശ്വം, ഗജം മത്തം വൃഷഭം കാമമോഹിതം
ശൂദ്രമക്ഷരസംയുക്തം ദൂരതഃ പരിവര്‍ജയേത്’

(കുളിച്ചുവരുന്ന കുതിര, മദിച്ച ആന, കാമമോഹിതനായ കാള, അക്ഷരം പഠിച്ച ശൂദ്രന്‍ ഇതൊന്നിനേയും അടുപ്പിച്ചുകൂടാ)

നമ്മുടെ നാട്ടില്‍ ഇത്രയ്ക്ക് ഉദ്ധരിച്ചുരിച്ച് തേഞ്ഞ മറ്റൊരു ശങ്കരസൂക്തം കണ്ടെത്തുക പ്രയാസമായിരിക്കും. നവോഥാനഘട്ടമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം വരെയും ഏറെക്കുറെ നിയമമായി നിലനില്‍ക്കുകയും തുടര്‍ന്നു വിമര്‍ശനാത്മകമായി ഉദ്ധരിക്കപ്പെടുകയും ചെയ്ത ‘മഹദ്വചന’മാണിത്. ‘അക്ഷരത്തില്‍ നിന്ന് ശൂദ്രനെ ദൂരത്തു നിര്‍ത്തണം’ എന്ന ലളിതവ്യാഖ്യാനമാണ് ചില ചരിത്രപുസ്തകങ്ങളിലടക്കം നല്‍കിയിരിക്കുന്നത്. അക്ഷരത്തില്‍ നിന്ന് ശൂദ്രനെയല്ല, അക്ഷരം പഠിച്ച ശൂദ്രനെയാണ് മദിച്ച ആനയെയെന്നവണ്ണം കാണേണ്ടത് എന്ന അര്‍ത്ഥം അറിയാത്ത നിഷ്‌കളങ്കത കൊണ്ടാണെന്നൊന്നും കരുതുന്നില്ല. എന്തായാലും ഒന്നു നിശ്ചയം- അക്ഷരമെന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത് വിദ്യയാണെങ്കില്‍ ഇന്നും ശൂദ്രനോടുള്ള കാഴ്ച്ചപ്പാട് അതുതന്നെയാണ്. ഇതുകൊണ്ടാണ് പത്തു ബി എ ക്കാര്‍ ഉള്ള പുലയസമുദായം തന്റെ സ്വപ്നമാണെന്നു അയ്യങ്കാളി പറഞ്ഞത്. ജ്ഞാനാധികാരം എന്ന യാഥാര്‍ത്ഥ്യത്തെ മറ്റാരേക്കാളും നന്നായി സവര്‍ണനറിയാം. ആ തിരിച്ചറിവില്‍ നിന്നുതന്നെയാണ് അയ്യങ്കാളിയുടെ കാര്‍ഷികപണിമുടക്കുസമരമടക്കം പിറവിയെടുത്തതും.

കാര്‍ഷികപണിമുടക്കത്തെ പരാമര്‍ശിച്ചത് യാദൃശ്ചികമല്ല. ‘ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കാന്‍ സമ്മതിക്കില്ലെങ്കില്‍ ഞങ്ങള്‍ പണിക്കു വരില്ല’ എന്ന നേര്‍ക്കുനേരെയുള്ള കീഴാളസമരപ്രഖ്യാപനത്തിന്റെ ആര്‍ജ്ജവത്തെ നാമിന്നും ജ്ഞാനമേഖലയുടെ സമഗ്രതയിലേക്കു കണ്ണിചേര്‍ത്തിട്ടില്ല. ശ്രദ്ധിക്കുക, ഞങ്ങള്‍ക്കു സ്വന്തമായി കുടിപ്പള്ളിക്കൂടം വേണമെന്നല്ല അയ്യങ്കാളി ആവശ്യപ്പെട്ടത്, മേല്‍ജാതിക്കാര്‍ പഠിക്കുന്ന അതേ സ്‌കൂളില്‍, അതേ കോളേജില്‍, അതേ ജ്ഞാനവ്യവസ്ഥയെ അതേ സൗകര്യങ്ങളോടെ പഠിക്കാന്‍ ഞങ്ങളുടെ കുട്ടികള്‍ക്കും അവകാശം വേണം എന്നായിരുന്നു ആവശ്യം. ദീര്‍ഘസമരങ്ങളുടേയും യാതനകളുടെയും ചരിത്രമുണ്ട് നമ്മുടെ സാര്‍വ്വത്രിക വിദ്യാഭ്യാസത്തിന്. ഒഴുക്കുപോയിട്ട് ഓളങ്ങള്‍ പോലുമില്ലാത്തൊരു നിശ്ചലതടാകമായിരുന്നു നമ്മുടെ സമൂഹം. ‘ഒരു തുണ്ടു ഭൂമിയിലെ കാട്ടാളസംതൃപ്തി’ എന്നു മാര്‍ക്‌സ് വിശേഷിപ്പിച്ചത് ഇതിനെയാണ്. ബ്രാഹ്മണനും അമ്പലവാസിയും കരുവാനും തട്ടാനും ആശാരിയും പുലയനും എല്ലാം എന്തു ചെയ്യണമെന്ന് പൂര്‍വ്വനിശ്ചിതമായ, ജന്മം കൊണ്ട് ജീവിതം തീരുമാനിക്കപ്പെട്ട മനുഷ്യര്‍ താമസിക്കുന്ന ഒരു തുണ്ട് ഭൂമിയായിരുന്നു നമ്മുടെ നാട്. അവിടേക്ക് ഓളങ്ങളും അലകളും ക്രമേണ തിരമാലകളും ആര്‍ത്തുപൊങ്ങിയത് ജ്ഞാനാധികാരത്തിന്റെ ഈ പൊളിച്ചെഴുത്തിലൂടെയാണ്. അറിവിന്റെ ജനാധിപത്യവല്‍ക്കരണമാണ് ആധുനികതയുടെ പ്രഭവകേന്ദ്രവും ശക്തികേന്ദ്രവുമായി വര്‍ത്തിച്ചത്. ജന്മം കൊണ്ട് ആരും ഒരറിവിനും അവകാശപ്പെട്ടവനായിത്തീരില്ല എന്ന പ്രഖ്യാപനത്തോളം മനോഹരമായ ഒന്നും, ഒന്നും ആധുനികകേരളം കേട്ടിട്ടില്ല.

മദ്ദളവും ബ്രാഹ്മണാധികാരവും
ശിവന്‍ കൈലാസത്തില്‍ താണ്ഡവനൃത്തം ചെയ്യുമ്പോള്‍ കരചലനങ്ങളുടെ പ്രചണ്ഡവിന്യാസത്തിന് അകമ്പടിയേകാന്‍ ഒരു വാദ്യോപകരണത്തിനും ശക്തിപോരാതെ വന്നത്രേ. അപ്പോള്‍ മഹാവിഷ്ണു, ഒരു പുതിയ വാദ്യവിശേഷം നിര്‍മ്മിച്ചു. ശ്രദ്ധിക്കുക- ‘ബ്രാഹ്മണസ്വഭാവ’മുള്ളൊരു വാദ്യം. വിഷ്ണുവും ബ്രഹ്മാവും ആ പുതിയ വാദ്യത്തില്‍ ശിവതാണ്ഡവനൃത്തത്തിനു മേളം പകര്‍ന്നു. വിഷ്ണുവില്‍ നിന്ന് ശിവഭൂതമായ നന്ദികേശ്വരനും ആ വാദ്യമഭ്യസിച്ചു. അതാണ് മദ്ദളമെന്ന് ഐതിഹ്യം.

മദ്ദളത്തിന്റെ ഈ ഉല്‍ഭവകഥയില്‍ തന്നെ ബ്രാഹ്മണിക് സൂചനകള്‍ പ്രത്യക്ഷമാണ്. വൈഷ്ണവതന്ത്രവിധിയില്‍ ധ്വജദേവതമാരായ കുമുദാദികള്‍ക്കുള്ള ബലിസമയത്ത് മദ്ദളം വേണമെന്നു പ്രത്യേകവിധിയുണ്ട്. മദ്ദളത്തിന്റെ ശ്രേഷ്ഠസ്ഥാനവും കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. കിഴക്കു ശംഖുകളും അഗ്‌നികോണില്‍ കാഹളവും നിരതികോണില്‍ സുഷിരവാദ്യങ്ങളും ശ്രേഷ്ഠസ്ഥാനമായ തെക്ക് മദ്ദളവും. താന്ത്രികക്രിയകള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത വാദ്യോപകരണമായതുകൊണ്ട് മദ്ദളത്തെ അനുഷ്ഠാനവാദ്യോപകരണമായി പരിഗണിക്കുന്നു. മദ്ദളത്തില്‍ നിന്നുയരുന്ന നാദം പ്രണവനാദമാണെന്നാണ് സങ്കല്‍പ്പം. ഐതിഹ്യകഥകളിലും താന്ത്രിവിധികളിലുമെല്ലാമുള്ള മദ്ദളത്തിന്റെ സ്ഥാനം പരിഗണിച്ച് ബ്രാഹ്മണ്യത്തോട് അടുത്തബന്ധം ഈ വാദ്യോപകരണത്തിനുണ്ട് എന്നു ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു. ക്രിസ്തുവര്‍ഷാരംഭത്തിനു തൊട്ടുമുന്‍പും ശേഷവുമുള്ള നൂറ്റാണ്ടുകളില്‍ നമ്പൂതിരിമാര്‍ കേരളത്തിലെത്തി എന്ന ചരിത്രനിരീക്ഷണമനുസരിച്ച് മദ്ദളവും അവര്‍ക്കൊപ്പമെത്തിയ വാദ്യവിശേഷമാണ്. കേരളത്തിന്റെ നാടോടി തുകില്‍വാദ്യങ്ങളുമായി മദ്ദളത്തിനു സാമ്യമില്ല. മാത്രമല്ല നിന്നുകൊണ്ട് അരയിലുറപ്പിച്ചുപ്രയോഗിക്കുന്ന മറ്റൊരു വാദ്യോപകരണവും നമുക്കില്ല. അരയിലിട്ടുകൊട്ടാന്‍ തുടങ്ങിയ കാലം തര്‍ക്കവിഷയമാണെങ്കിലും കുഞ്ചന്‍ നമ്പ്യാരുടെ കാലത്തോളം എന്തായാലും അരയിലുറപ്പിച്ച മദ്ദളത്തിനു പഴക്കമുണ്ട് എന്നുറപ്പാണ് (മദ്ദളമരയിലുറപ്പിച്ചീടിന/വിദ്വാനോടുക പാരം ദണ്ഡം).

കൈയ്യില്‍ പിടിച്ച കോലുകള്‍ കൊണ്ട് കൈക്കുഴ മറിച്ച് കൊട്ടുക വഴി ‘ഉരുളുകൈ’ എന്ന വാദനവിസ്മയം ശീലിച്ചെടുത്ത ചെണ്ട കഴിഞ്ഞാല്‍, മദ്ദളത്തോളം കേരളീയമേളപദ്ധതിയുടെ സൗന്ദര്യമാവഹിക്കുന്ന മറ്റൊരു വാദ്യവിശേഷമില്ല. തിമിലയടക്കമുള്ള മറ്റേതു വാദ്യത്തിനും തനതായ ശബ്ദഭംഗിയും സാദ്ധ്യതയുമുണ്ടെങ്കിലും മദ്ദളനാദത്തിന്റെ ചാരുതയും വാദനസാദ്ധ്യതയും അനന്യമാണ്. കൈപ്പടം മുഴുവന്‍ അനിയന്ത്രിതമായി മദ്ദളത്തില്‍ വീഴ്ത്തിയല്ല, അളുക്കിലും ചോറിലുമെല്ലാം കൃത്യമായ സ്ഥാനബോധത്തോടെ കൊട്ടിയാണ് മദ്ദളത്തിന്റെ നാദപ്രപഞ്ചം നിര്‍മിക്കപ്പെടുന്നത്. മദ്ദളത്തിലെ സ്ഥാനശുദ്ധി താരതമ്യേന പ്രയാസകരവുമാണ്. ചോറിട്ടഭാഗത്തിനും വക്കിനും ഇടയില്‍ കൃത്യമായി വീണു കേള്‍ക്കുന്ന നാദം പോലെ, കൃത്യം കനത്തില്‍ പൊത്തിക്കൊട്ടുമ്പോള്‍ കേള്‍ക്കുന്ന നാദം പോലെ, അനേകം സൂക്ഷ്മശബ്ദങ്ങള്‍ ശീലിച്ചെടുക്കാന്‍ കടുത്ത പരിശീലനം വേണം.

മദ്ദളത്തിന്റെ കഴിഞ്ഞുപോയ തലമുറയിലെ ഏറ്റവും ശക്തനായ പ്രമാണമദ്ദളക്കാരനായിരുന്നു കടവല്ലൂര്‍ അരവിന്ദാക്ഷന്‍. അസാമാന്യമദ്ദളപ്രതിഭയായ ചെര്‍പ്പുളശ്ശേരി ശിവനടക്കമുള്ളവര്‍ അരവിന്ദാക്ഷരന്റെ ഭരണനൈപുണ്യത്തെ അംഗീകരിച്ചു കൊട്ടിയവരാണ്. അരവിന്ദാക്ഷന്റെ സഹപാഠിയായിരുന്ന താമി മദ്ദളം പഠിച്ചതും അരവിന്ദാക്ഷനില്‍ നിന്നായിരുന്നു. അന്നമനട പരമേശ്വരമാരാര്‍ എന്ന പഞ്ചവാദ്യകലയുടെ എതിരില്ലാത്ത വാദകനില്‍ നിന്നാണ് തിമില പഠിച്ചത്. എന്നിട്ടും താമിക്കു നേരിടേണ്ടിവന്ന അവഗണനകള്‍ക്കു കാരണമായി ജാതിയല്ലാതെ മറ്റൊന്നിനേയും ആര്‍ക്കും എടുത്തുകാണിക്കാനാവില്ല. മുന്‍പു സൂചിപ്പിച്ച, അറിവിന്റെ ജനാധിപത്യത്തെ പരസ്യമായി, ഹീനമായി നിന്ദിക്കുന്ന ഈ അശ്ലീലം നടന്നത് നാം ജീവിക്കുന്ന കാലത്തിലാണ്. നാം ജീവിക്കുന്ന ഇടത്തിലാണ്.

താമിയില്‍ തുടങ്ങുന്നതോ അവസാനിക്കുന്നതോ അല്ല ഈ അശ്ലീലം. ക്ഷേത്രത്തിനകത്തു മാത്രം ഒതുങ്ങുന്നുമില്ല ജാതിവിവേചനം. ഉപജീവനമായി വാദനകല ശീലിച്ച കലാകാരന്മാരുടെ അവസരങ്ങളെ ഒന്നടങ്കം നിര്‍ണ്ണയിക്കുന്നതില്‍ ജാതിക്ക് മുഖ്യപങ്കുണ്ട്. എത്ര വലിയ കലാകാരനുമായിക്കോട്ടെ, മാരാരും പൊതുവാളുമല്ലെങ്കില്‍ കൊട്ടുവിലക്കുള്ള ഇടങ്ങള്‍ ഈ പ്രബുദ്ധകേരളത്തിലുണ്ട്. കലാമണ്ഡലമടക്കമുള്ള സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്ന കലാകാരന്മാര്‍ ജാതിനിന്ദ അനുഭവിച്ചു ജീവിക്കുന്നതിനെ സഹൃദയകലാലോകം ഏതാണ്ട് ‘അവരുടെ സ്വയംകൃതാനര്‍ത്ഥം’ എന്ന മട്ടിലാണ് പ്രതികരിക്കുന്നത്. പണ്ട് ശ്രീമൂലം തിരുനാളിന്റെ തിരുവിതാംകൂറില്‍ ഈഴവസമുദായത്തില്‍ നിന്ന് തൊഴില്‍യോഗ്യത നേടി വന്നവരോട് ‘പോയി ചെത്താന്‍ നോക്ക്’ എന്നു പറഞ്ഞതില്‍ നിന്ന് ഈ സമീപനത്തിന് ഒരു വ്യത്യാസവുമില്ല.

ശരിയാണ് സഹൃദയരേ, കേരളത്തിലെ ശിങ്കാരിമേളസംഘങ്ങളില്‍ ഭൂരിപക്ഷവും ദളിതരാണ്. അവരുടെ ചാട്ടവും കളിയും കാണുമ്പോള്‍ നിങ്ങളുടെ ചുണ്ടിലും മനസ്സിലും വിരിയുന്ന ആ പുച്ഛച്ചിരിയുണ്ടല്ലോ, അതിനോളം വലിയ തെറിയല്ല ആ ദരിദ്രവാദ്യവിശേഷം. ശരിയാണ്, കേരളീയവാദ്യകലാസ്വാദനത്തിനെ ഒന്നാംപടിയില്‍ ചവിട്ടിയവര്‍ക്ക് ശിങ്കാരിമേളത്തില്‍ കേള്‍ക്കാനൊന്നുമില്ല. പക്ഷേ ആ കൊട്ടിത്തുള്ളുന്ന ഉടലുരുവങ്ങളില്‍ പല്ലാവൂര്‍ ത്രയത്തിലും മലമക്കാവുവഴിയിലും കൊട്ടിപ്പെരുക്കിയ നാദഗോപുരങ്ങളെ സാക്ഷാത്കരിക്കാന്‍ ശേഷിയുള്ള പ്രതിഭകളില്ലെന്നു നിങ്ങളുടെ മനസ്സിനുള്ള ആ തീര്‍പ്പുണ്ടല്ലോ, അതിന്റെ ചെകിട്ടത്ത് അയ്യങ്കാളി ഒരു നൂറ്റാണ്ടു മുന്‍പ് അടിച്ചതാണ്. പഴയൊരില്ലം വിറ്റുപോയിട്ടും പുതിയൊരോട്ടോ വാങ്ങിയിട്ടും പഴയ ഇല്ലത്തിന്റെ അകപ്പുരയില്‍ മനസ്സു സൂക്ഷിക്കുന്ന നിങ്ങള്‍ക്ക് ആ അടികൊണ്ട ജാള്യത പോലും തോന്നാത്തത് ബുദ്ധിഹീനത കൊണ്ടാണ്.

അതുകൊണ്ട്, വെളിച്ചം കാണിക്കാത്ത സവര്‍ണമയില്‍പ്പീലിയായി കേരളീയവാദ്യകല കാത്തുസൂക്ഷിച്ചോളൂ. വാദ്യകലയുടെ ഉത്തരത്തിലല്ല ലോകം കറങ്ങുന്നത്. അധികകാലം ഉത്തരം നില്‍ക്കില്ല. ചിതലുവീണിട്ട് കാലങ്ങളായി. ഇനി ഏറെക്കാലം ഇക്കണക്കണക്കിനു ബാക്കിയുണ്ടാവില്ല. ഓര്‍ത്താല്‍ നല്ലത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീചിത്രന്‍ എം.ജെ

ശ്രീചിത്രന്‍ എം.ജെ

സാംസ്കാരികപ്രവർത്തകനും കലാനിരൂപകനുമാണ്. തിരുവനന്തപുരത്ത് ഐ ടി മേഖലയിൽ ജോലിചെയ്യുന്നു. ഓൺലൈനിലും പ്രിന്റ് മീഡിയയിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അഴിമുഖത്തില്‍ Art Age എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍