UPDATES

കല്‍ബുര്‍ഗി കൊലപാതകക്കേസ് അട്ടിമറിക്കാന്‍ നീക്കം: പ്രകോപനം സ്വത്ത് തര്‍ക്കമെന്ന് പോലീസ്

ഹിന്ദു തീവ്രവാദികള്‍ക്കെതിരെ കടുത്ത നിലുപാടെടുത്ത കന്നഡ പുരോഗമന സാഹിത്യകാരനും ഹൂബ്ലി സര്‍വകലാശാല പ്രൊഫസറുമായിരുന്ന പ്രൊഫസര്‍ എംഎം കല്‍ബുര്‍ഗിയുടെ കൊലപാതകക്കേസ് അട്ടിമറിക്കാന്‍ നീക്കം. സ്വത്ത് തര്‍ക്കം മൂലമാണ് കല്‍ബുര്‍ഗിയെ കൊല ചെയ്തത് എന്ന സിദ്ധാന്തവുമായി കര്‍ണാടക പോലീസ് രംഗത്തെത്തി. അദ്ദേഹത്തിന്റെ സ്വത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണത്തിന് വിധേയമാക്കുന്നുണ്ടെന്ന് ധാര്‍വാഡ്-ഹുബ്‌ളി പൊലീസ് കമ്മീഷണര്‍ പി.എച്ച് റാണെ മാധ്യമങ്ങളോട് പറഞ്ഞു.

കല്‍ബുര്‍ഗിയുടെ പുരോഗമന നിലപാടുകളില്‍ രോഷാകുലരായ ഹൈന്ദവ തീവ്രവാദികളാണ് അദ്ദേഹത്തിന്റെ കൊലയ്ക്ക് പിന്നില്‍ എന്ന ആരോപണം ശക്തമായി നിലനില്‍ക്കെയാണ് ഇപ്പോഴത്തെ പോലീസ് നീക്കം. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അദ്ദേഹത്തിന്റെ ദാര്‍വാഡിലെ വസതിയില്‍ വച്ച് കല്‍ബുര്‍ഗി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.

പ്രഫസര്‍ കല്‍ബുര്‍ഗിക്ക് സ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകാന്‍ രണ്ടു രീതിയിലുള്ള സാധ്യതകളാണ് നിലനില്‍ക്കുന്നതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അഭിപ്രായപ്പെടുന്നു. ബിജാപൂര്‍ ജില്ലയില്‍ കല്‍ബുര്‍ഗിക്കും സഹോദരര്‍ക്കും കൂടി 70 ഏക്കര്‍ പൈതൃകസ്വത്തുണ്ട്. ഇപ്പോള്‍ സഹോദരന്‍മാരുടെ കൈവശമുള്ള ഈ സ്വത്തിലുള്ള ഓഹരിയില്‍ കല്‍ബുര്‍ഗിക്കോ മക്കള്‍ക്കോ യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല. അമ്മാവന്‍മാര്‍ നിര്‍ബന്ധിച്ചിട്ടും അതില്‍ നിന്ന് ഒന്നും വേണ്ടെന്ന് പിതാവ് പറഞ്ഞിരുന്നുവെന്നും കല്‍ബുര്‍ഗിയുടെ മകന്‍ ശ്രീവിജയ മാധ്യമങ്ങളോട് പറഞ്ഞു.

കല്‍ബുര്‍ഗിയുടെ മകളായ പൂര്‍ണിമക്ക് മരിച്ചുപോയ ഭര്‍ത്താവിന്റെ സ്വത്തിലുള്ള അവകാശത്തെക്കുറിച്ച് നിലനില്‍ക്കുന്ന തര്‍ക്കമാണ് രണ്ടാമതായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. എന്‍ജിനീയറായ പൂര്‍ണിമയുടെ ഭര്‍ത്താവ് മൂന്നുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. എന്നാല്‍ പൂര്‍ണിമയും ഭര്‍ത്താവിന്റെ വീട്ടുകാരും തമ്മിലുള്ള തര്‍ക്കത്തില്‍ കല്‍ബുര്‍ഗിക്ക് യാതൊരു പങ്കുമുണ്ടായിരുന്നില്ല.

കൊലപാതകത്തിന് കാരണം സ്വത്തുതര്‍ക്കമാണോയെന്ന പൊലീസിന്റെ സംശയത്തില്‍ യാതൊരു കഴമ്പുമില്ല എന്നാണ് സഹപ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നത്. ഒരിക്കല്‍ അവാര്‍ഡായി ലഭിച്ച വലിയ തുക സന്നദ്ധ സഹായത്തിനായി നീക്കിവച്ച ആളാണ് പ്രൊഫസര്‍ കല്‍ബുര്‍ഗി. അതുകൊണ്ടുതന്നെ സ്വത്തുതര്‍ക്കത്തിന്റെ മറവില്‍ കൊലപാതക കേസ് ഒതുക്കാനുള്ള ശ്രമമാണ് ഈ വാദത്തിന് പുറകില്‍ എന്ന സംശയം വ്യാപകമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍