UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അരുംകൊലകളും ബൗദ്ധിക ആത്മഹത്യകളും; സംഘ പരിവാറിന് മൂച്ചു കൂടുമ്പോള്‍

ഡോണ്‍ എസ്

ഓരോ രാജ്യത്തിനും അത് അർഹിക്കുന്ന ഭരണകൂടത്തെയാണത്രെ കിട്ടുന്നത്. ഓരോ മതവും നില നിർത്തുന്നത്  അത് ആഗ്രഹിക്കുന്ന തരം ദൈവത്തെയാണ്. ഓരോ സമുദായവും ഓർത്തു വെയ്ക്കുന്നത് അതിനാവശ്യമായ പൈതൃകം മാത്രമാണ്. അതുകൊണ്ടാണ് ചരിത്രാന്വേഷികൾ അപകടകാരികളാകുന്നത്. തെറി പറഞ്ഞോ നാട് കടത്തിയോ വെടി വെച്ചോ അവരെ ഒഴിവാക്കേണ്ടി വരുന്നത്.

“അന്ന് യു ആർ അനന്തമൂർത്തിയെങ്കിൽ ഇന്ന് എം എം കൽബുർഗി. ഹിന്ദു മതത്തെ അവഹേളിക്കുന്നവർക്ക് പട്ടിയുടെ മരണം. പ്രിയപ്പെട്ട കെ എസ് ഭഗവാൻ, അടുത്തത് നിങ്ങളാണ്,” മംഗലാപുരത്തെ ബജ്‌രംഗ് ദൾ നേതാവ് ഇങ്ങനെയാണ് കന്നഡ സർവ്വകലാശാല മുൻ വൈസ് ചാൻസിലർ കൽബുർഗിയുടെ വധത്തോട് റ്റ്വിറ്ററിൽ പ്രതികരിച്ചത്.
അനന്തമൂർത്തിയുടെ മരണം വൃക്കരോഗത്തെത്തുടർന്നായിരുന്നുവെന്ന് ആവേശത്തിനിടെ അയാൾ മറന്നു. അന്നും പക്ഷെ ആഘോഷിക്കാനാളുണ്ടായിരുന്നു. ജ്ഞാനപീഠ ജേതാവിന്റെ മരണമറിഞ്ഞ് പടക്കം പൊട്ടിച്ചവർക്കെതിരെ  മംഗലാപുരത്തും ചിക്മഗളൂരിലും  പൊലിസ് കേസെടുത്തിരുന്നു.

അനന്തമൂർത്തി വർഗീയതയ്ക്കെതിരെ സന്ധിയില്ലാ സമരത്തിലായിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായാൽ ഇന്ത്യ വിടും എന്ന് കൂടി പറഞ്ഞതോടെ അദ്ദേഹത്തിനെതിരായ ആക്രമണങ്ങൾ വർദ്ധിച്ചു. കൽബുർഗിയും അന്ധവിശ്വാസങ്ങൾക്കും വിഗ്രഹാരാധനയ്ക്കുമെതിരെ കടുത്ത ഭാഷയിൽ സംസാരിച്ചു. പ്രൊഫസർ കെ എസ് ഭഗവാനാകട്ടെ സ്ത്രീ വിരുദ്ധവും ദളിത്‌ വിരുദ്ധവും അതുവഴി ഭരണഘടന വിരുദ്ധവുമായ  ഭഗവദ് ഗീത കത്തിക്കണം എന്നു വരെ പറഞ്ഞു.

മൂന്നു ഗവേഷകരും ആത്യന്തികമായി എതിർത്തത് വർഗീയതയെയും ദുരാചാരങ്ങളെയുമായിരുന്നു, നരേന്ദ്ര ഡബോല്‍ക്കറെയും ഗോവിന്ദ് പൻസാരെയെയും പോലെ തന്നെ. ഇവർ ചരിത്ര വസ്തുതകളും മതഗ്രന്ഥങ്ങളും നിരത്തി അപ്രിയസത്യങ്ങൾ വിളിച്ചു പറഞ്ഞപ്പോൾ എതിർ ചേരി കൊലവെറി പൂണ്ടതെന്തിനായിരുന്നു?

“ഭീരുക്കളാണവർ. യുക്തിപരമായി തർക്കിച്ചു ജയിക്കാൻ അവർക്കാവില്ല. ഭീഷണിപ്പെടുത്തിയാൽ പിന്മാറും എന്നവർ കരുതുന്നു. എന്നാൽ എന്റെ വായടയ്ക്കാനാവില്ല. കാരണം ആഴ്‌ന്ന പഠനത്തിലൂന്നിയതാണ് എന്റെ വിശ്വാസങ്ങൾ,” ഭഗവാൻ പറയുന്നു. അദ്ദേഹത്തിന്റെ മൈസൂറിലെ വീട്ടിൽ ഇക്കഴിഞ്ഞ ദിവസവും ഒരു ഭീഷണിക്കത്ത് വന്നു: “നാളുകൾ എണ്ണിക്കോളൂ.”

കൽബുർഗിയെ കൊന്നതാരെന്ന് ഇപ്പോഴും വ്യക്തമല്ല. ആ കന്നഡ പണ്ഡിതനെ ഇരുപത്തഞ്ചു കൊല്ലം മുമ്പേ ഹുബ്ലിയിലെ ഒരു ലിംഗായത്ത്‌ മഠത്തിൽ വിളിച്ചു വരുത്തി തന്റെ വാക്കുകൾ വിഴുങ്ങാൻ നിർബന്ധിച്ചത് കർണാടകയിലെ പ്രബല സമുദായത്തിൻറെ തലപ്പത്തുള്ളവരായിരുന്നു.

“ഞാൻ അത് ചെയ്തത് എന്റെ കുടുംബത്തിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ്. എന്നാൽ ഞാനന്ന്  ബൌദ്ധികമായ ആത്മഹത്യ ചെയ്യുകയായിരുന്നു,” കൽബുർഗി പിന്നീട് പറഞ്ഞു.

നാമക്കലിൽ പെരുമാൾ മുരുഗനും കോഴിക്കോട്ട് എം എം ബഷീറും അസഹിഷ്ണുതയുടെ ഈ അക്ഷരവൈരം അറിഞ്ഞു പിൻവാങ്ങി. കൽബുർഗിയെപ്പോലെ മുരുഗനും അക്ഷരത്തിന്റെ മരണം പ്രഖ്യാപിച്ചു: “പെരുമാൾ മുരുഗൻ എന്ന എഴുത്തുകാരൻ മരിച്ചു. അയാൾ ദൈവമല്ല. ഉയിർത്തെഴുന്നേൽക്കുകയുമില്ല. ഇനി പി മുരുഗൻ എന്ന അധ്യാപകൻ മാത്രം.”

മാധൊരുഭാഗൻ എന്ന നോവലിൽ മുരുഗൻ വരച്ച വാമൊഴി കൊങ്ങു വെള്ളാള ഗൌണ്ടർ സമുദായത്തെ ചൊടിപ്പിച്ചു. തിരുച്ചെങ്ങോട് ക്ഷേത്രത്തിലെ രഥോത്സവ രാത്രി കുട്ടികളില്ലാത്ത സ്ത്രീകൾക്ക് അന്യപുരുഷനൊപ്പം ശയിക്കാൻ അനുവാദമുണ്ടായിരുന്നത്രേ. നോവൽ പ്രസിദ്ധീകരിച്ച് നാല് കൊല്ലം കഴിഞ്ഞ് പൊടുന്നനെ വിശ്വാസികൾ അതിലെ ദൈവനിഷേധം കണ്ടെത്തി. സംഘടിത ആക്രമണത്തിനൊടുവിൽ മുരുഗൻ പുസ്തകം പിൻവലിച്ചു. ഇനി എഴുതില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

കൽബുർഗിക്ക് തള്ളിപ്പറയേണ്ടി വന്നത് സമുദായാചാര്യനായ ബസവയെപ്പറ്റി നീണ്ട നാൾ നടത്തിയ ഗവേഷണമാണ്. മാർഗ എന്നാ ലേഖനസമാഹാരത്തിൽ ബസവയുടെ സഹോദരിക്ക് കീഴ്ജാതിക്കാരനായ കവിയിൽ ജനിച്ചതിനാലാവാം മറ്റൊരു ആചാര്യനായ ചന്നബസവയുടെ ജനനത്തെപ്പറ്റിയുള്ള വിവരങ്ങൾ തമസ്കരിക്കപ്പെട്ടതെന്നു അദ്ദേഹം എഴുതി. ബസവയും ഭാര്യയും തമ്മിൽ ലൈംഗികബന്ധമുണ്ടായിരുന്നില്ലെന്നും.

എണ്‍പതുകളുടെ ആദ്യം എഴുതിയ ലേഖനങ്ങൾക്കെതിരെ മഠാധിപതികൾ പ്രതിഷേധിക്കുന്നത് 1989 ഫെബ്രുവരിയിലാണ് – ഇറാനിൽ ആയത്തൊള്ള ഖൊമേനി സൽമാൻ റഷ്ദിയെ കൊല്ലാൻ ഫത്വയിറക്കിയ കാലത്ത്. കൽബുർഗിയുടെ ഭയം അസ്ഥാനത്തായിരുന്നില്ല. ‘സാത്താനിക് വെർസെസ്’ ആദ്യം നിരോധിച്ചത് ഇന്ത്യയിലായിരുന്നു.

പക്ഷെ കൽബുർഗി വീണ്ടും എഴുതി. മാർഗ- 4 2006-ൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടി.

ചരിത്രത്തിലേക്ക് മിത്ത് കലർത്തുന്ന കാലത്ത് മിത്തിന്റെ ചരിത്രം അന്വേഷിക്കുന്നത് പൊറുക്കാനാവില്ല. രാമന്റെ മാനുഷിക മുഖത്തെപ്പറ്റി പറയാൻ വല്മീകിക്കു പോലുമാവില്ല ഇന്ന്. ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം പോലെ വിലക്കപ്പെട്ട ഫാന്‍റസിയാണത്.

വാള് കാട്ടി പേനയെ പേടിപ്പിക്കുന്നതിലും ഫലപ്രദമാണ് എഴുത്തുകാരൻറെ വ്യക്തിഹത്യ. മതവിശ്വാസവുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും ചെന്നവസാനിക്കുന്നത് ജ്ഞാനത്തിന്മേൽ പൌരോഹിത്യം കൈയ്യാളുന്ന  കുത്തകാവകാശത്തിലാണ്.

‘ബഷീർ’ എന്തിന് രാമനെപ്പറ്റിയെഴുതണം എന്നാണത്രെ ചില മാതൃഭൂമി വായനക്കാർ ചോദിച്ചത്. കബീർ കവിതകളിൽ നിന്നും മാപ്പിള രാമായണത്തിൽ നിന്നും ഓം-ചന്ദ്രക്കല-കുരിശിൻറെ പ്രാതിനിധ്യ മതേതരത്വത്തിൽ എത്തിയ നമ്മൾ ആ ചോദ്യത്തോടും പൊരുത്തപ്പെട്ടിരിക്കും.

കൽബുർഗിയോട് ലിംഗായത്ത്‌ നേതൃത്വത്തിന് അങ്ങനെ ചോദിക്കാനാവില്ലായിരുന്നു. അദ്ദേഹം ലിംഗായത്ത്‌ തന്നെ ആയിരുന്നു. മാർഗയിലെ ലേഖനങ്ങൾ ബസവയുടെ വിശാലവീക്ഷണത്തിലേക്കും അദ്ദേഹത്തിന്റെ ഭാര്യയുടെ അർപ്പണത്തിലേക്കും വെളിച്ചം വീശി എന്നത് പൌരോഹിത്യം കണ്ടില്ലെന്ന് നടിച്ചു.

പരിഷ്കരണം സമുദായത്തിനുള്ളിൽ നിന്നാണ് വരേണ്ടതെന്ന വാദം പോലും അംഗീകരിക്കപ്പെടാത്തതെന്തുകൊണ്ടാണ്. “കാരണം രാഷ്ട്രീയമാണ്. മതം ജനസമൂഹത്തെ കൂടെ നിർത്താനുള്ള ഉപാധി മാത്രമായിക്കഴിഞ്ഞു. മറുവാദങ്ങൾ അവർക്ക് അലോസരമുണ്ടാക്കുകയേയുള്ളൂ,” ഭഗവാൻ പറയുന്നു.

അന്ധവിശ്വാസങ്ങൾക്കെതിരെ നിയമം വരുത്താനുള്ള ഡബോല്‍ക്കറുടെ ശ്രമങ്ങളെ ചെറുക്കാനുള്ള എളുപ്പവഴി അവയെ ദൈവനിഷേധമായി ചിത്രീകരിക്കുകയായിരുന്നു, വഴിവക്കിലെ കൈയേറ്റം സാധൂകരിക്കാൻ വിഗ്രഹം കണ്ടെടുക്കുന്നത് പോലെ. യുക്തിവാദിയായ ഡബോല്‍ക്കറെ പൂനെയിൽ വെടി വെച്ചു വീഴ്ത്തിയ ഉടനെ കോൽഹാപൂരിൽ പൻസാരെയെത്തെടി ഭീഷണികളെത്തിയിരുന്നു.

പൻസാരെയുടെ തെറ്റ് ശിവാജിക്ക് മാനവിക മുഖം നൽകി എന്നതായിരുന്നു. മുസ്ലിം വിരുദ്ധനും ഹിന്ദു സംരക്ഷകനുമായി ചിത്രീകരിക്കപ്പെട്ടിരുന്ന മറാഠ തലവന്റെ അംഗരക്ഷകരിൽ ഏറെപ്പേരും സൈനികരിൽ മൂന്നിലൊന്നും മുസ്ലിങ്ങളായിരുന്നു.

പൻസാരെ കൊല്ലപ്പെട്ട് മാസങ്ങൾക്ക് ശേഷം സനാതൻ സൻസ്ഥ എന്ന അതിഹൈന്ദവ കൂട്ടം പ്രതിക്കൂട്ടിലായിരിക്കുന്നു. കൊലയാളികൾക്ക് കല്‍ബുർഗിയുടെയും ഡബോല്‍ക്കറുടെയും വധത്തിലുള്ള പങ്കും അന്വേഷിക്കപ്പെടുന്നു.

“കേന്ദ്രത്തിലെ ഭരണമാറ്റത്തിന് ശേഷം വർഗീയ സംഘടനകൾക്ക് മൂച്ച് കൂടിയതായി തോന്നുന്നു. എന്തുമാവാം എന്ന തോന്നൽ. നിർഭാഗ്യവശാൽ, അവർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ചിന്തകൾ സമൂഹത്തിന് അപകടകരമാണ്,” ഭഗവാൻ പറയുന്നു.
ഈ അപകടം നിയമത്തിലും ഭരണവ്യവസ്ഥയിലും വേരോടിയിരിക്കുന്നു. മതഭേദമില്ലാതെ വർഗീയതയ്ക്ക് വളം വെക്കാൻ അവ തയ്യാറാണ്.

സംശയമുണ്ടെങ്കിൽ സനൽ ഇടമറുകിനോട് ചോദിക്കാം. മുംബൈയിലെ ഒരു പള്ളിയിലെ അദ്ഭുതം ചോദ്യം ചെയ്തതിൻറെ പേരിൽ രണ്ടു കൊല്ലത്തോളമായി അദ്ദേഹം ഇന്ത്യയിൽ നിന്ന് മാറി നിക്കാൻ നിർബന്ധിതനായിരിക്കുകയാണ്. ക്രിസ്തുവിന്റെ തിരുമുറിവിൽ നിന്നൊഴുകുന്ന രക്തം മതിലിലെ ചോർച്ച മാത്രമാണ് എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. അത് മൊത്തിക്കുടിച്ചിരുന്ന വിശ്വാസികൾ യുക്തിവാദിക്കെതിരെ കേസ് കൊടുത്തു. ഒന്നല്ല, പലത്.

മതവിശ്വാസത്തെ വ്രണപ്പെടുത്തിയ ഇടമറുകിനെ ജയിലിൽ അടയ്ക്കാൻ പൊലിസിനു ഒരു പരാതി മാത്രം മതി. ഫിൻലന്റിലെക്കു പോയ ഇടമറുക് മടങ്ങി വന്നില്ല. ജയിലിൽ തന്നെ അപായപ്പെടുത്താൻ നീക്കം നടക്കുന്നതായി അദേഹത്തിന് വിവരം ലഭിച്ചിരുന്നു.

അദ്ഭുതങ്ങൾ നിർബാധം തുടരുന്നു.

(മാധ്യമ പ്രവര്‍ത്തകനാണ് ഡോണ്‍ )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍