UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസാരിക്കേണ്ട; അനുസരിച്ചാല്‍ മതിയെന്ന് അവര്‍ പറയുമ്പോള്‍

Avatar

വി കെ അജിത്‌ കുമാര്‍

ഇന്ത്യന്‍ ജനാധിപത്യമെന്നത് ഒരു സങ്കല്പം മാത്രമാണെന്നും അതിന്‍റെ യഥാര്‍ത്ഥ്യം വഹിക്കുന്ന മെറ്റിരിയല്‍ ബോഡി തികഞ്ഞ ഉരുക്ക് കൊണ്ട് നിര്‍മ്മിച്ചതാണെന്നും ആദ്യമായി നമുക്ക് മനസിലാക്കിത്തന്നത് ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നമ്മളെ അസ്വസ്ഥരാക്കിക്കൊണ്ടിരിക്കുന്നത് ഭാരതീയനും ഇന്ത്യാക്കാരനും വ്യത്യസ്തനാണെന്ന് ചിലര്‍ നമ്മേ കാണിച്ചുതരുമ്പോഴാണ്. ഈ കാഴ്ച്ചവട്ടത്തില്‍ നിന്നുകൊണ്ടുവേണം നമ്മള്‍ വധവും (assassination) ആസൂത്രിത കൊലപാതകവും (targeted killing) തമ്മിലുള്ള വ്യത്യാസത്തെ മനസിലാക്കുവാന്‍. ഒരു ഭരണകൂടമോ അത് നിശ്ചയിക്കുന്ന ആളുകളോ തിരുമാനിച്ചുറച്ച് ഒരാളെ വകവരുത്തുന്നതിനെ ആസൂത്രിത കൊലപാതകം എന്ന് ( Intentional killing by a Govt or its agent) നിര്‍വചിക്കുമ്പോള്‍ ഭരണകൂടം അതിനു ന്യായീകരണമായി നിരത്തുന്നത്‌ പൊതുവികാരത്തിനെതിരായി നില്‍ക്കുന്ന വിരുദ്ധശക്തികളെയോ അതിനു നേതൃത്വം നല്‍കുന്നവരെയോ ആണ് ടാര്‍ജെറ്റ്‌ ചെയ്യുന്നതെന്നാണ്. പൊതു വികാരം, പൊതു അഭിപ്രായം, പൊതു ഇടം ഇവിടെയെല്ലാം കടന്നുവരുന്ന ‘പൊതു’ (common) എന്ന വിശേഷണത്തെ ഈ ഭരണക്രമങ്ങള്‍ യഥാര്‍ത്ഥ അവകാശികളില്‍ നിന്നും തന്ത്രപരമായി  അപഹരിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ പിന്നെ ഇവരെ വിശേഷിപ്പിക്കുവാന്‍ ഫാസിസം, നാസിസം തുടങ്ങിയ രാഷ്ട്രിയ പ്രാഗ് രൂപങ്ങള്‍ തേടി പോകേണ്ടതായിവരുന്നു. 

ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ഡോ. എം എം കല്‍ബുര്‍ഗിയുടേത് ഒരു targeted killing ആയിരുന്നു. അവകാശപ്പെട്ട പൊതുഇടത്തില്‍ നിന്നും നിര്‍ഭയം സംസാരിച്ച ഒരു മനുഷ്യന്‍റെ ശരീരം തുളച്ചുകയറിയത്‌ ഭരണകൂടസങ്കല്‍പം, അതിന്‍റെ സംരക്ഷണം ആവശ്യപ്പെടുന്ന സാധാരണ പൌരനെ ഭയക്കുന്നതിന്‍റെ തെളിവുകുടിയാണ് നല്‍കുന്നത്. കല്‍ബുര്‍ഗി  ഒരു ശരാശരി മലയാളി വായനക്കാരന് അനന്തമൂര്‍ത്തിയെപ്പോലെയോ മറ്റ് പല കന്നഡ എഴുത്തുകാരെപ്പോലെയോ പരിചിതനല്ലെങ്കിലും കന്നഡ സാഹിത്യത്തിലും രാഷ്ട്രീയത്തിലും ഏറെ നാളായി അദ്ദേഹത്തിന്‍റെ നിലപാടുകള്‍ ചില ചിന്തകള്‍ക്ക് രൂപം നല്‍കിയിരുന്നു. പ്രത്യേകിച്ച് ലിംഗായത്ത് എന്ന ഭുരിപക്ഷസമുദായത്തെ നിശിതമായി വിമര്‍ശിക്കുന്ന കാര്യത്തില്‍.

ബസവേശ്വരന്‍ എന്ന സാമൂഹികപരിഷ്കര്‍ത്താവിന് കര്‍ണ്ണാടകത്തിലുള്ള സ്ഥാനം വളരെ വലുതാണ്. അസമത്വം നിറയുന്ന എല്ലാ സമൂഹങ്ങളുടേയും ചരിത്രം പരിശോധിക്കുമ്പോള്‍ നവോത്ഥാന നായകന്മാര്‍ ഗുരുക്കളായും ദാര്‍ശനികരായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചാതുര്‍വര്‍ണ്യത്തിനും ഹിന്ദു ആചാരങ്ങള്‍ക്കും എതിര്‍ സംസാരിച്ചുകൊണ്ടും ആണ്‍-പെണ്‍ തുല്യതയെക്കുറിച്ച് ബോധവല്കരിച്ചുകൊണ്ടുമൊക്കെയായിരുന്നു ബസവേശ്വരന്‍ ജനങ്ങള്‍ക്കിടയിലേക്കു ചെന്നത്. അങ്ങനെ രൂപം കൊണ്ട ലിംഗായത്ത് എന്ന വംശം കാലക്രമേണ സമാനമായി രൂപപ്പെട്ട എല്ലാ സമുദായങ്ങളെപ്പോലെയും അതിന്‍റെ കേവലഭാവം നഷ്ടപ്പെടുത്തുന്നതാണ് കല്‍ബുര്‍ഗിയെപ്പോലൊരാള്‍ കണ്ടത്. വളരെ താത്വികമായ ചില ഗവേഷണങ്ങളുമായി കല്‍ബുര്‍ഗി രംഗത്തുവന്നിട്ടു ഏതാണ്ട് കാല്‍‍നൂറ്റാണ്ടിലേറെയായി. തൊണ്ണൂറുകളുടെ ആദ്യം തന്നെ ടാര്‍ജെറ്റ്‌ ചെയ്യപ്പെട്ടിരുന്നു അദ്ദേഹം. അന്ന് മാപ്പപേക്ഷിച്ചു മൂകനായതും ചരിത്രത്തിന്‍റെ ഭാഗമാണ്. എന്നാല്‍ എന്തുകൊണ്ട് ഇപ്പോള്‍ കല്‍ബുര്‍ഗി രക്തസാക്ഷിയായി എന്നതാണ് പ്രസക്തമായ വിഷയം. കര്‍ണ്ണാടകത്തിലെ തെരഞ്ഞെടുപ്പു രാഷ്ട്രിയത്തില്‍ മേധാവിത്വമുള്ള ലിംഗായത്ത് സമുദായത്തെ വരുതിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം ഭരിക്കുന്ന ഹിന്ദു ഫാസിസ്റ്റുകള്‍ക്ക് കല്‍ബുര്‍ഗിയെ പോലൊരാളുടെ രക്തം അനിവാര്യമായിരുന്നു. ഈയടുത്തകാലത്ത് The Wire എന്ന പുസ്തകത്തിലൂടെ ലിംഗായത്തുകളും നാമമാത്രമായ മറ്റൊരു വിഭാഗമായ വീരശൈവരും തമ്മിലുള്ള പൈതൃകപരമായ ചില കാര്യങ്ങളില്‍ അദ്ദേഹം നടത്തിയ വൈകാരിക നിരീക്ഷണങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയായിരുന്നു.

കല്‍ബുര്‍ഗിയുടെ മരണം നല്‍കുന്നത് അശുഭസൂചകമായ ഒരു സന്ദേശമാണ്. ചരിത്രത്തിന്‍റെ എല്ലാ പരിണാമഘട്ടങ്ങളിലും ഭുരിപക്ഷ വര്‍ഗ്ഗീയതയുടെ അടിസ്ഥാനത്തില്‍ ഭരണം കയ്യാളുന്ന ഒരു ഭരണകൂടത്തിന്‍റെ നിശിതമായ ചില നയപരിപടിയിലേക്ക് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നവകാശപ്പെടുന്ന ഇന്ത്യയും ചെന്നെത്തുന്നുവെന്നാണ് മനസിലാക്കേണ്ടത്. കാവിവല്‍ക്കരണം പെരുമാള്‍ മുരുകന്‍റെ എഴുത്തു കൈകള്‍ കെട്ടിയിട്ടപ്പോഴും ചില ദളിത് എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോഴും ഒരു ഭയം നമ്മളില്‍ ഉറയ്ക്കുകയായിരുന്നു.

മാത്രമല്ല ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകം ഏല്‍പ്പിച്ച മുറിവ് ഉണങ്ങിയിട്ടില്ല. ചരിത്രത്തെ വ്യഖ്യാനിച്ചു എന്ന തെറ്റാണ് അദ്ദേഹം ചെയ്തത്. ഒന്നുകൂടി കൃത്യമായി പറഞ്ഞാല്‍ എപ്പോഴും മുസ്ലിം മതവിഭാഗത്തിനെതിരായി സംഘപരിവാര്‍ ഉയര്‍ത്തിക്കാട്ടുന്ന ഛത്രപതി ശിവജിയെന്ന അതിഹൈന്ദവ ബിംബത്തെ സെക്കുലര്‍ കാഴ്ചപാടില്‍ കണ്ടുകൊണ്ട്  തെളിവുകള്‍ നിരത്തി എന്ന തെറ്റ്. ചില ബിംബങ്ങള്‍ അങ്ങനെ നിലനിര്‍ത്തേണ്ടത് മതപരമായ നിലപാടുകളുള്ള രാഷ്ട്രീയ കക്ഷികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ /വോട്ടു ബാങ്ക് സൃഷ്ടിക്കാന്‍ ആവശ്യമാണ്. അതിനുവേണ്ടി ചരിത്രത്തിന്‍റെ അപനിര്‍മ്മിതി അവര്‍ തുടര്‍ച്ചയായി നടത്തികൊണ്ടിരിക്കും.. 

2013 ആഗസ്റ്റ്‌ 20നാണ് നരേന്ദ്ര ദാബോല്‍ക്കറെ പോയിന്റ്‌ ബ്ലാങ്കില്‍ വെടിവച്ചു കൊന്നത്. Maharashtra Andhashraddha Nirmoolan Samithi(MANS)എന്ന സംഘത്തിലൂടെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ക്യാമ്പയിന്‍ സംഘടിപ്പിച്ചുകൊണ്ടിരുന്നു എന്ന തെറ്റാണ് ദാബോല്‍ക്കര്‍ ചെയ്തത്. സമാനമായ മറ്റൊന്ന് കൂടി ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ചരിത്രത്തിന്‍റെ ഭാഗമായി രേഖപ്പെടുത്തുന്നു. 1989 ജനുവരി 2ന് ജനനാട്യമഞ്ച് എന്ന തെരുവ് നാടക സംഘവുമായി രംഗത്തിറങ്ങിയ 34കാരനായ സഫ്ദര്‍ ഹാഷ്മി തെരുവില്‍ മരിച്ചുവീണ സംഭവം. അവിടെ  പ്രതിസ്ഥാനം പങ്കുപറ്റിയത് തെരഞ്ഞെടുക്കപ്പെട്ട ഭരണ സംവിധാനം തന്നെയായിരുന്നുവെങ്കില്‍ ഇവിടെ ഭരണ സംവിധാനവും അവര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാവിവല്‍ക്കരണമെന്ന വര്‍ണ്ണാധിഷ്ടിതമായ രാഷ്ട്രീയ അജണ്ടയുമാണ്.

ലോകത്തിന്‍റെ എല്ലാ ഭാഗത്തും ഇത്തരത്തില്‍ പ്രതികരിക്കുന്നവരെ വെട്ടിവിഴ്ത്തികൊണ്ടിരിക്കുന്ന സംസ്കാരം കൊണ്ടാടുന്നത് മതമെന്ന അജണ്ടയില്‍കൂടി ഭരണം കൈക്കലാക്കിയവരാണ്. തെരുവില്‍ മൃഗിയമായി കൊല്ലപ്പെട്ട ആനന്ദ് ബിജോയും അവിജിത് റോയിയും ബംഗ്ലാദേശില്‍ മതഭ്രാന്തിനെതിരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്നവരായിരുന്നുവല്ലോ. ബംഗ്ലാദേശ് എന്ന ചെറിയ രാജ്യത്ത് കഴിഞ്ഞ പത്തുകൊല്ലത്തിനിടെ ഇങ്ങനെ വധിക്കപ്പെട്ടവര്‍ പതിനഞ്ചില്‍ അധികമാണെന്നത് മതമെന്ന ഭ്രാന്തന്‍ അവസ്ഥയുടെ സൂചകമാണ്.

കെയ്റോവില്‍ Female genital mutilation (FGM) ന് എതിരെ ശബ്ദമുയത്തിയതിന് ജയിലില്‍ അടയ്കപ്പെട്ട നവല്‍ എല്‍ സദാവിയ്കും അമേരിക്കയിലേക്ക് പലായനം ചെയ്ത ആഫ്രിക്കന്‍ എഴുത്തുകാരി അയന്‍ ഹിര്സി അലിയ്കും പറയാനുള്ളത് ഒരേ അനുഭവം തന്നെയാണ്. ലബനനില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ കൊല്ലപെട്ട ഹസ്സന്‍ കനാഫനിയും മതഭരണകൂടത്തിന്‍റെ രക്തസാക്ഷിയാണ്. അമേരിക്കയില്‍ കൊലചെയ്യപ്പെട്ട മാല്‍കം എക്സും മറ്റൊരു തെളിവാണ്. ഭീതിയോടെ സിനിമ എടുക്കുന്ന ഇറാനിയന്‍ സംവിധായകന്‍ മജീദിയും അനുഭവിക്കുന്നത്  ഇതേ അരക്ഷിതാവസ്ഥതന്നെയാണെന്ന് പറയേണ്ടതായി വരുന്നു.

വെറുതെ ഇനിയും നഷ്ടപ്പെടാത്ത ചില ജനാധിപത്യ സങ്കല്‍പ്പത്തെപ്പറ്റിനമുക്ക് നെടുവിര്‍പ്പിടാന്‍ നരേന്ദ്ര ദാബോല്‍ക്കാര്‍ പറഞ്ഞത് അതേപടി ഓര്‍മ്മിക്കാം. “If I have to take police protection in my own country ,from myown people then there is something wrong with me , I am fighting with in the framework of Indian Constituion and it is not against any one but for every one”. 

യാതൊരു ചര്‍ച്ചയും കുടാതെ ഭരണകൂട ആരാച്ചാര്‍മാര്‍ തന്നെ വധശിക്ഷ തെരുവില്‍ നടപ്പാക്കുമ്പോള്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ നിന്നും അതൊഴി വാക്കണം എന്നാവശ്യപ്പെടുന്നതിന്‍റെ സാംഗത്യം ഇനിയും മറ്റൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കാം. അല്ലെങ്കില്‍ തന്നെ ദക്ഷിണയായി പെരുവിരല്‍ മുറിച്ചു തരുവാന്‍ ആവശ്യപ്പെട്ട മഹനായ ഒരു ഗുരുവിന്‍റെ പിന്മുറയെന്ന്‍ ഘോഷിക്കുന്ന ഭാരത വക്താക്കള്‍ക്ക് വ്യതിരിക്ത ചിന്തയും പ്രവര്‍ത്തിയും എങ്ങനെ അംഗികരിക്കാന്‍ പറ്റും. നമ്മള്‍ ഭയക്കേണ്ടത് ആരെയാണോ ആ ശത്രു നമ്മുടെ കണ്മുന്‍പില്‍ തന്നെ നിലകൊള്ളുന്നു. ആരെതിര്‍ക്കുന്നുവോ അവര്‍ പാക്കിസ്ഥാനിലേക്ക് പോകൂ എന്നവര്‍ ടിക്കറ്റെടുത്തുകൊണ്ട് അട്ടഹസിക്കുന്നു. ഇനിയും പോയില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ആര്‍ഷഭാരത വ്യാഖ്യാതാക്കള്‍ പുതു മാധ്യമങ്ങളിലൂടെ അവരുടെ ടാര്‍ജെറ്റുകള്‍ അക്കമിട്ടു നിരത്തും. ഒന്ന്, രണ്ട്, മൂന്ന്….. 

(സമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍