UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യം കണ്ട ഏറ്റവും വലിയ എഴുത്തുകാരുടെ കലാപം; അവാര്‍ഡുകള്‍ തിരികെ നല്‍കിയവര്‍ ആരൊക്കെ?

Avatar

രാജ്യത്ത് അനുദിനം വളരുന്ന ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ എഴുത്തുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്. മുമ്പൊന്നും രാജ്യം കണ്ടിട്ടില്ലാത്ത വിധം അത് ലോകശ്രദ്ധ പിടിച്ചു പറ്റുന്നു. ഗോമാംസം കഴിച്ചു എന്ന് ആരോപിച്ച് യു പിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ തല്ലികൊന്നതും, നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി എന്നിവരെ വെടിവെച്ച് കൊലപ്പെടുത്തിയതും ഒക്കെയാണ് പ്രധാനമായും എഴുത്തുകാരെ പ്രതിഷേധത്തിലേക്ക് നയിച്ചത്. അക്ഷരങ്ങള്‍കൊണ്ട് പ്രതികരിക്കുമ്പോള്‍ അതിനെ വെടിയുണ്ട കൊണ്ട് നേരിടുന്ന, ഭൂരിപക്ഷ വര്‍ഗീയത പ്രകടമായി പ്രചരിപ്പിക്കുന്നവര്‍ക്ക് ഭരണകൂടം ഒത്താശ ചെയ്തു കൊടുക്കുന്നുവെന്നാണ് ഇവരുടെ പ്രധാന ആരോപണം. അടിയന്തരാവസ്ഥാ കാലത്തും ഭരണകൂടത്തെ നിശിതമായി വിമര്‍ശിച്ചിട്ടുള്ള നയന്‍താര സെഗാളിനെ പോലുള്ളവര്‍ ഇപ്പോള്‍ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും വിലയിരുത്തുന്നു. അക്കാദമിയുടെ എക്കാലത്തേയും ഭാഗഭാക്കായിരുന്ന കല്‍ബുര്‍ഗിയെപോലുള്ളവര്‍ വെടിയേറ്റ് വീഴുമ്പോഴും ഒന്ന് മനസ്സറിഞ്ഞ് അനുശോചിക്കാന്‍ പോലും അക്കാദമിക്ക് സാധിക്കുന്നില്ലെങ്കില്‍ പിന്നെ ഇത്തരത്തിലൊരു സാംസ്‌കാരിക സംഘത്തിന്റെ പ്രസക്തി തന്നെ ഇല്ലാതായിരിക്കുന്നുവെന്ന് ഉദയ് പ്രകാശിനെ പോലുള്ളവര്‍ പറയുന്നു. പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നതിന് എതിരെ സാഹിത്യകാര്‍ക്കിടയില്‍ നിന്നുതന്നെ എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ന്നുവെങ്കിലും സ്ഥാനമാനങ്ങളും പുരസ്‌കാരങ്ങളും തിരിച്ചുനല്‍കുന്നവരുടെ എണ്ണം അനുദിനം കൂടിവരികയാണ്. ഇതുവരെ അവാര്‍ഡുകള്‍ തിരികെ നല്‍കി പ്രതികരിച്ച പ്രമുഖര്‍ -തയ്യാറാക്കിയത് സുഫാദ് ഇ മുണ്ടക്കൈ


ഉദയ് പ്രകാശ്
കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ സാഹിത്യ അക്കാദമി പുലര്‍ത്തിയ കുറ്റകരമായ മൗനത്തില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കി ആദ്യം പ്രതിഷേധിച്ച സാഹിത്യകാരനാണ് ഉദയ് പ്രകാശ്. അറിയപ്പെടുന്ന ഹിന്ദി ചെറുകഥാകൃത്തും കവിയും മാധ്യമപ്രവര്‍ത്തകനുമാണ് ഇദ്ദേഹം. തന്റെ ചെറു കഥാ സമാഹരമായ ‘മോഹന്‍ ദാസി’ന് 2010-ലാണ് ഹിന്ദിയില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്.

നയന്‍താര സെഗാള്‍
ഉദയ് പ്രകാശിന്റെ പ്രതിഷേധത്തിന്റെ പിന്നാലെയാണ് ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് മുസ്ലിം മത വിശ്വാസിയെ തല്ലിക്കൊന്ന സംഭവമുണ്ടായത്. ഇത് കൂടുതല്‍ സാംസ്‌കാരിക പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചു. നയന്‍താര സെഗാള്‍ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയാണ്. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരിയായ വിജയ ലക്ഷ്മി പണ്ഡിറ്റിന്റെ മകളാണ് അവര്‍. 1986-ല്‍ ‘റിച്ച് ലൈക് അസ്’ എന്ന പുസ്തകത്തിനാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്.

അശോക് വാജ്‌പേയ്
കേന്ദ്ര സാഹിത്യ അക്കാദമി അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെടുന്നതില്‍ പ്രതിഷേധിച്ചാണ് ലളിതകലാ അക്കാദമി അദ്ധ്യക്ഷനും കവിയുമായ അശോക് വാജ്‌പേയ് സാഹിത്യ അക്കാദമി അവാര്‍ഡ് ഉപേക്ഷിച്ചത്.

സാറാ ജോസഫ്
‘ആലാഹയുടെ പെണ്മക്കള്‍’ എന്ന നോവലിനാണ് 2003 ല്‍ സാറാ ജോസഫിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ ഇവര്‍ക്ക് 2001-ല്‍ ഇതേ കൃതിക്ക് കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചുവെങ്കിലും പിന്നീട് എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആദിവാസികള്‍ക്ക് നേരെ നടന്ന മുത്തങ്ങ വെടിവയ്പ്പില്‍ പ്രതിഷേധിച്ച് അത് തിരിച്ചു നല്‍കിയിരുന്നു.

കെ സച്ചിദാനന്ദന്‍
മലയാളത്തിലെ ആധുനിക കവികളില്‍ പ്രമുഖനാണ് കെ സച്ചിദാനന്ദന്‍. 2010-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്. 2012- ല്‍ ‘മറച്ചുവച്ച വസ്തുക്കള്‍’ എന്ന കവിതക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും, അനവധി തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും കരസ്തമാക്കി. നിലവില്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഒന്നിലധികം സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു. എന്നാല്‍ എഴുത്തുകാരുടെ അഭിപ്രായ സ്വാതന്ത്ര്യം പോലും ഹനിക്കപ്പെട്ടിട്ടും അക്കാദമി മൗനം പാലിച്ചതില്‍ പ്രതിഷേധിച്ച് എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജി വച്ചതായി അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.

ഗുലാം നബി ഖയാല്‍
കശ്മീരിലെ പ്രശസ്ത കവിയാണ് ഗുലാം നബി ഖയാല്‍. ഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ സമീപ കാലത്ത് കനത്ത വെല്ലുവിളികള്‍ നേരിടുന്നുവെന്നും അത് അവരെ ഭയചകിതരാക്കുന്നുവെന്നും അഭിപ്രായപ്പെട്ട ഖയാല്‍ ന്യൂനപക്ഷ ജന വിഭാഗത്തെ വിശ്വാസത്തില്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അഭിപ്രായപ്പെട്ടു. 1975-ലാണ് ഇദ്ദേഹത്തിന്റെ ‘കാഷിക് മിനാര്‍’ എന്ന കൃതിക്ക് അക്കാദമി അവാര്‍ഡ് ലഭിച്ചത്.

റഹ്മാന്‍ അബ്ബാസ്
അനീതികള്‍ക്കെതിരെ ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ അത് ഏറ്റവും കുറ്റകരമായിത്തീരുമെന്ന് പറഞ്ഞാണ് പ്രമുഖ ഉറുദു കവിയായ റഹ്മാന്‍ അബ്ബാസ് അവാര്‍ഡുകള്‍ തിരിച്ചു നല്‍കിയത്. 2011-ലാണ് ‘ഖുദാ കെ സായെ മേന്‍ അങ്ക് മിച്ചോലി’ എന്ന നോവലിന് ഉറുദു സഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. ദാദ്രി കൊലപാതകത്തെ കടുത്ത ഭാഷയില്‍ അപലപിച്ച ഇദ്ദേഹം ‘സ്വാതന്ത്ര്യത്തിന്റെ അതിര്‍ വരമ്പുകള്‍ ചുരുങ്ങി ഒടുവില്‍ അതില്ലാതായി തീരുമെന്നും പ്രതികരിക്കണമെന്നും’ ആഹ്വാനം ചെയ്താണ് അവാര്‍ഡുകള്‍ തിരിച്ചു നല്‍കിയത്.

ശശി ദേശ്പാണ്ഡെ
കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ അക്കാദമിയും പ്രധാനമന്ത്രിയും തുടരുന്ന കനത്ത മൗനത്തില്‍ പ്രതിഷേധിച്ചു കൊണ്ടാണ് ശശി ദേശ്പാണ്ഡെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സിലില്‍ നിന്നും രാജി പ്രഖ്യാപിച്ചത്. ‘ദാറ്റ് ലോങ്ങ് സൈലന്‍സ്’ എന്ന നോവലിന് 1990-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. 2009-ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.

വരിയം സിംഗ് സന്ധു
പഞ്ചാബില്‍ നിന്നുള്ള എഴുത്തുകാരനാണ് വരിയം സിംഗ് സന്ധു. ഇദ്ദേഹത്തിന്റെ ചെറുകഥാ സമാഹാരമായ ‘ചൗതി കൂട്ടിന്’ 2000-ത്തിലാണ് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. ‘വര്‍ഗ്ഗീയ ശക്തികള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും, ഒന്ന് വാതുറന്ന് പ്രതികരിക്കാന്‍പോലും കഴിവില്ലാത്തവനായിപ്പോയി നമ്മുടെ പ്രധാനമന്ത്രി’ എന്നും ഇദ്ദേഹം പ്രതികരിച്ചു.

ഗുര്‍ബചന്‍ സിംഗ് ബുള്ളര്‍
ഗുര്‍ബചന്‍ സിംഗ് ബുള്ളര്‍ പഞ്ചാബിലെ അറിയപ്പെടുന്ന ചെറുകഥാകൃത്താണ്. ‘കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന കടുത്ത വര്‍ഗ്ഗീയവത്കരണം ഭരണഘടനയുടെ ആമുഖം പറയുന്ന മതേതരത്വത്തേയും ജനാധിപത്യത്തേയും തന്നെ ചോദ്യം ചെയ്യുന്നതാണെന്ന്’ ഇദ്ദേഹം പറയുന്നു. ‘അഗ്നി കലശ്’ എന്ന ചെറുകഥാ സമാഹാരത്തിന് 2005-ലാണ് അക്കാഡമി അവാര്‍ഡ് ലഭിച്ചത്.

അജ്മീര്‍ സിംഗ് ഔലാക്
സാധാരണ ജീവിതങ്ങളുടെ നീറുന്ന യാഥാര്‍ഥ്യങ്ങള്‍ രാഷ്ട്രീയത്തിന്റെ അടിവര ചേര്‍ത്ത് അവതരിപ്പിക്കുന്ന ഇന്ത്യയിലെ അറിയപ്പെടുന്ന നാടക പ്രവര്‍ത്തകനാണ് പഞ്ചാബില്‍ നിന്നുള്ള അജ്മീര്‍ സിംഗ് ഔലാക്. അഭിപ്രായ സ്വാതന്ത്ര്യത്തെ കൊന്നു തള്ളുന്ന വര്‍ഗ്ഗീയ ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച ഇദ്ദേഹം തനിക്ക് ലഭിച്ച അക്കാദമി അവാര്‍ഡുകളും തിരിച്ചു നല്‍കി. 2006-ല്‍ ‘ഇസ്ഹാക് ഭജ് നമാസ് ദ ഹാസ്സ് നഹി’ എന്ന നാടക സമാഹാരത്തിനാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്.

ഡോ: അറ്റംജിത് സിംഗ്
പഞ്ചാബില്‍ നിന്നുള്ള മറ്റൊരു നാടകകൃത്താണ് ഡോ: അറ്റംജിത് സിംഗ്. ‘താത്തി തവി ദാസ്’ എന്ന നാടക സമാഹാരത്തിന് 2009-ലാണ് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിച്ചതിനെ തടയിടാന്‍ ഒരു വര്‍ഗ്ഗീയ ഭരണകൂടങ്ങള്‍ക്കും ഒരിക്കലും സാധിക്കുകയില്ലെന്ന് പറയുന്ന ഇദ്ദേഹം തനിക്ക് ലഭിച്ച സംഗീത നാടക അക്കാദമി അവാര്‍ഡുകളടക്കം എല്ലാം തിരികെ നല്‍കുന്നതായും പ്രഖ്യാപിച്ചു.

ജി എന്‍ രംഗനാഥ റാവു
കര്‍ണാടകയിലെ അറിയപ്പെടുന്ന എഴുത്തുകാരനും വിവര്‍ത്തകനുമാണ് ജി എന്‍ രംഗനാഥ റാവു. അക്ഷരങ്ങള്‍ കൊണ്ട് പ്രതികരിക്കുമ്പോള്‍ ബുള്ളറ്റുകള്‍കൊണ്ട് നേരിടുന്നത് ഭീരുത്വമാണെന്ന് പറയുന്ന ഇദ്ദേഹം അവാര്‍ഡുകള്‍ തിരികെ നല്‍കിയുള്ള ഈ പ്രതിഷേധ മുറ രാജ്യം ഏറ്റെടുക്കുമെന്നും അഭിപ്രായപ്പെട്ടു.

മംഗലേഷ് ദബ്രാള്‍
ഹിന്ദിയിലെ അറിയപ്പെടുന്ന എഴുത്തുകാരനും നിരൂപകനും കവിയുമാണ് മംഗലേഷ് ദബ്രാള്‍. ‘ഹം ജൊ ദേഖ്‌തേ ഹെ’ എന്ന കവിതാ സമാഹരത്തിന് 2000 -ലാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്.

രജേഷ് ജോഷി
ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരനും കവിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമാണ് രജേഷ് ജോഷി. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും അധ:സ്ഥിത വിഭാഗങ്ങളും ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമാണെന്നും, ബഹുജന പ്രതിഷേധം അനിവാര്യമാണെന്നും അഭിപ്രായപ്പെട്ട ഇദ്ദേഹവും അക്കാദമി അവാര്‍ഡുകള്‍ തിരിച്ചു നല്‍കി. 2002-ലാണ് ‘ദോ പക്തിയൊന്‍ കെ ബീച്ച്’ എന്ന കവിതാസമാഹാരത്തിനാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്.

ഗണേഷ് എന്‍ ദേവി
അക്കാദമി അവാര്‍ഡ് തിരികെ നല്‍കിയ ശേഷം ഗുജറാത്തിലെ ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ താന്‍ രാജ്യ താല്‍പര്യത്തിന് എതിരാണോ എന്ന് അന്വേഷിക്കാന്‍ നിരന്തരം തന്റെ നാട്ടില്‍ സന്ദര്‍ശനം നടത്തുന്നുണ്ടെന്ന് ഗുജറാത്തില്‍ നിന്നുള്ള ഹിന്ദി എഴുത്തുകാരന്‍ ഗണേഷ് എന്‍ ദേവി പറയുന്നു. ‘ആഫ്റ്റര്‍ അംനേഷ്യ’ എന്ന കൃതിക്കാണ് അദ്ദേഹത്തിന് അക്കാദമി അവാര്‍ഡ് ലഭിച്ചത്.

കെ വീരഭദ്രപ്പ
വെടിയുണ്ടകള്‍ പേനക്ക് ഭീഷണിയായതില്‍ അതീവ ഉത്കണ്ഠ രേഖപ്പെടുത്തിയ കന്നഡ എഴുത്തുകാരനാണ് വീരഭദ്രപ്പ. 2007-ലാണ് ‘അരമനെ’ (കൊട്ടാരം) എന്ന നോവലിന് ഇദ്ദേഹത്തിന് കര്‍ണ്ണാടക സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. കല്‍ബുര്‍ഗി കൊല്ലപ്പെട്ടിട്ട് അമ്പത് ദിവസം കഴിയുമ്പോഴും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഭരണകൂടത്തിനോ പൊലീസിനോ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന അദ്ദേഹം തനിക്ക് ലഭിച്ച എല്ലാ അവാര്‍ഡുകളും സമ്മാനത്തുകയും തിരികെ നല്‍കി.

അരവിന്ദ് മലഗട്ടി
ഇന്ത്യയിലെ അറിയപ്പെടുന്ന ദളിത് ചിന്തകനും എഴുത്തുകാരനുമാണ് കര്‍ണ്ണാടകയില്‍ നിന്നുള്ള അരവിന്ദ് മലഗട്ടി. സാഹിത്യകാരന്മാര്‍ കൊല്ലപ്പെടുമ്പോഴും സാഹിത്യ അക്കാദമി തുടരുന്ന മൗനത്തില്‍ പ്രതിഷേധിച്ചാണ് ഇദ്ദേഹം കര്‍ണാടക സഹിത്യ അക്കാദമി ജനറല്‍ കൗസിലില്‍ നിന്നും രാജിവച്ചത്. നേരത്തെ വിഖ്യാതമായ അംബേദ്കര്‍ ഫെലോഷിപ്പ് നേടിയിട്ടുള്ള ഇദ്ദേഹം ‘ഗവണ്മെന്റ് ബ്രാഹ്മണ’ എന്ന കന്നഡയിലെ ആദ്യത്തെ ദളിത് ആത്മകഥയിലൂടെ കര്‍ണ്ണാടക സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു.

റഹ്മത് താരികെരെ
റഹ്മത് താരികെരെ കന്നഡയിലെ പുതു തലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനാണ്. മികച്ച നിരൂപകനും സാംസ്‌കാരിക ചിന്തകനുമായ ഇദ്ദേഹം കന്നഡ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ്. 2010-ല്‍ ‘കറിയഞ്ചിന ദാരി’ എ കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്.

ബല്‍ദേവ് സിംഗ് സദക്‌നാമ
ബല്‍ദേവ് സിംഗ് സദക്‌നാമ പഞ്ചാബി നോവലിസ്റ്റാണ്. 2011-ല്‍ ‘ധഹ്‌വാന്‍ ദില്ലി ദെ കിംഗ്‌രെ’ എന്ന നോവലിനാണ് പഞ്ചാബി സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്. ‘അനീതികള്‍ക്കെതിരെ പ്രതികരിച്ചാലും ഇല്ലെങ്കിലും കൊലക്കത്തിക്കിരയാവാന്‍ വിധിക്കപ്പെട്ടവരായി മാറി മോദി ഭരണകാലത്ത് ഇന്ത്യയിലെ ജങ്ങളെന്നും, വര്‍ഗ്ഗീയ ശക്തികള്‍ക്ക് അച്ചേദിന്‍ ഉണ്ടാക്കികൊടുക്കുമെന്നാണ് അദ്ദേഹത്തിന്റൈ മുന്‍പ്രസ്താവനകളുടെ അര്‍ത്ഥമെന്നത് ഇപ്പോഴാണ് മനസ്സിലായതെന്നും’ അദ്ദേഹം അഭിപ്രായപ്പെട്ടു.

ദിലിപ് കൗര്‍ തിവാന
ബുദ്ധനും ഗുരുനാനാക്കും പിറന്ന മണ്ണ് വര്‍ഗ്ഗീയ വാദികള്‍ ചോരക്കളമാക്കുമ്പോള്‍ ഭരണകൂടം കയ്യുംകെട്ടി നോക്കി നില്‍ക്കകയാണെന്ന് ആരോപിച്ചാണ് പഞ്ചാബില്‍നിന്നുള്ള സമകാലീന എഴുത്തുകാരി ദിലിപ് കൗര്‍ തിവാന പദ്മശ്രീ തിരിച്ചു നല്‍കിയത്. 1971-ല്‍ ‘എഹൊ ഹമാരാ ജീവന്‍’ എന്ന നോവലിന് സാഹിത്യ അക്കാദമി അവാര്‍ഡും, 2001-ല്‍ ‘കഥാ കഹോ ഉര്‍വശി’ എന്ന നോവലിന് സരസ്വതി സമ്മാനും നേടിയിട്ടുണ്ട്. 2004-ലാണ് സാഹിത്യത്തിലേയും വിദ്യാഭ്യാസത്തിലേയും സമഗ്ര സംഭാവനകള്‍ പരിഗണിച്ച് രാജ്യം പദ്മശ്രി നല്‍കി ആദരിച്ചത്.

സുര്‍ജിത് പട്ടാര്‍
സുര്‍ജിത് പട്ടാര്‍ പഞ്ചാബി കവിയാണ്. 1993-ല്‍ ‘ഹനെരെ വിച് സുല്‍ഘ്ടി വര്‍ണ്മാല’ എന്ന കൃതിക്കാണ് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്. 2009-ല്‍ സരസ്വതി സമ്മാനും, 2012-ല്‍ പദ്മശ്രീയും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയും വര്‍ഗ്ഗീയ വേര്‍തിരിവുകളും രാജ്യത്തിന്റെ ഐക്യത്തെ തകിടം മറിക്കുമെന്ന് ദാദ്രി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇദ്ദേഹം ആശങ്കപ്പെടുന്നു.

മായാ കൃഷ്ണ റാവു
ഓം സ്വാഹ എന്ന തെരുവ് നാടകത്തിലൂടെ ലോക പ്രശസ്തയായ നാടക പ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമാണ് ഡല്‍ഹിയില്‍നിന്നുള്ള മായാ കൃഷ്ണ റാവു. 2010-ലാണ് ഒരു അഭിനേത്രി എന്ന നിലയില്‍ ഇന്ത്യന്‍ നാടക പ്രസ്ഥാനത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സാഗീത നാടക അക്കാദമി അവാര്‍ഡ് നല്‍കിയത്. ദാദ്രി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യുക്തിവാദികള്‍ക്കും ചിന്തകര്‍ക്കും മാത്രമല്ല, സാധാരണക്കാര്‍ക്കു പോലും ജീവിക്കാനുള്ള അവകാശം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് അവര്‍ അവാര്‍ഡ് തിരിച്ചു നല്‍കിയത്.

അമന്‍ സേത്തി
ഇന്ത്യയിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് അമന്‍ സേത്തി. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് കലാപം റിപ്പോര്‍ട്ട് ചെയ്ത് ലോകശ്രദ്ധ നേടിയ മാധ്യമ പ്രവര്‍ത്തകനാണ് ഇദ്ദേഹം. ‘എ ഫ്രീ മാന്‍’ എ തന്റെ ആദ്യ കൃതിക്ക് 2012-ലെ മികച്ച യുവ എഴുത്തുകാരനുള്ള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. എഴുത്തുകാര്‍ കൊല ചെയ്യപ്പെടുമ്പോള്‍ മൗനം പാലിക്കുന്ന അക്കാദമിയുടെ നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ടാണ് അമന്‍ സേത്തി തന്റെ അവാര്‍ഡ് തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

ചമന്‍ലാല്‍
ജെ എന്‍ യു വിലെ പ്രൊഫസറും പ്രമുഖ ഹിന്ദി വിവര്‍ത്തകനുമാണ് ചമന്‍ലാല്‍. പഞ്ചാബി കവിതകള്‍ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തതിനാണ് 2002-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. കല്‍ബുര്‍ഗിയുടെ കൊലപാതകവും അക്കാദമിയുടെ മൗനവും ഒരുപോലെ ഭീകരമാണെന്ന് പറഞ്ഞാണ് അദ്ദേഹം അവാര്‍ഡ് തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

മന്ദക്രാന്താ സെന്‍
ബംഗാളില്‍ നിന്നുള്ള സമകാലീന എഴുത്തുകാരില്‍ പ്രമുഖയാണ് മന്തക്രാന്താ സെന്‍. അവരുടെ കവിതാ സമാഹാരത്തിന് 2004-ലാണ് മികച്ച യുവ ഏഴുത്തുകാരിക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്. രാജ്യത്ത് എഴുത്തുകാര്‍ കൊലചെയ്യപ്പെടുന്നതിലുള്ള പ്രതിഷേധമാണ് അവാര്‍ഡ് തിരികെ നല്‍കുന്നതിലൂടെ ചെയ്യുന്നതെന്ന് അവര്‍ പറയുന്നു.

നന്ദ് ഭരദ്വാജ്
ദൂരദര്‍ശന്റെ മുന്‍ ഡയറക്ടറും രാജസ്ഥാനില്‍ നിന്നുള്ള ഹിന്ദി എഴുത്തുകാരനുമാണ് നന്ദ് ഭരദ്വാജ്. സംഹി ഖുല്‍തോ മാര്‍ഗ് എ രാജസ്ഥാനീ നോവലിന് 2004-ലാണ് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്. ദാദ്രി സംഭവത്തിലും എഴുത്തുകാര്‍ കൊല്ലപ്പെട്ട സംഭവങ്ങളിലുമായി കേന്ദ്ര മന്ത്രിമാര്‍ നടത്തിയ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം പ്രതിഷേധക്കാരുടെ കൂടെ താനും ചേരുന്നുവെന്നും അവാര്‍ഡ് തിരികെ നല്‍കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി.

രാജ്യത്ത് നിലനില്‍ക്കുന്ന ഭീകരമായ അന്തരീക്ഷമാണ് സര്‍ഗ്ഗപ്രതിഭകളെ ഇത്തരത്തിലുള്ള കടുത്ത പ്രതിഷേധങ്ങളിലേക്ക്‌ നയിച്ചത്. വര്‍ഗ്ഗീയ ശക്തികള്‍ തെരുവിലിറങ്ങി കൊലവിളി നടത്തുമ്പോള്‍ മൗനം കൊണ്ട് അംഗീകരിച്ചും വിഷമയമായ വാക്കുകള്‍ കൊണ്ട് അനുകൂലിച്ചും ഭരണകൂടം കൂടെ നില്‍ക്കുന്നതില്‍ കടുത്ത അസംതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് അക്ഷരം കൊണ്ട് പ്രതികരിക്കേണ്ടവര്‍ വ്യത്യസ്തമായ ഇത്തരം സമരമുറകള്‍ സ്വീകരിക്കുന്നത്.

(കോഴിക്കോട് സര്‍വ്വകലാശാല കാമ്പസില്‍ മാധ്യമ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍