UPDATES

ഓഫ് ബീറ്റ്

തൃശൂര്‍ ആസ്ഥാനമായ കല്‍ദായ സുറിയാനി സഭയുടെ ക്രിസ്മസ് ജനുവരി ഏഴിനായിരുന്നു; ആ ചരിത്രം

കല്‍ദായ സുറിയാനി സഭ ഡിസംബര്‍ 25-നു ക്രിസ്മസ് ആഘോഷിക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷമായതേ ഉള്ളൂ

കല്‍ദായ സുറിയാനി സഭയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ക്രിസ്ത്യന്‍ ആചാരങ്ങള്‍ പിന്തുടരുന്ന കത്തോലിക്ക, ലത്തീന്‍, സുറിയാനി, യക്കോബയെ, മര്‍ത്തോമ്മ അങ്ങനെ പല സഭകളുമുണ്ട് കേരളത്തില്‍. അക്കൂട്ടത്തില്‍ തന്നെയുള്ള ഒരു സഭയാണ് കല്‍ദായ സുറിയാനി സഭ. അംഗസംഖ്യകൊണ്ട് ന്യൂനപക്ഷമായ ഈ സഭയുടെ ആചാരങ്ങളും മറ്റും കേരളത്തിലെ മറ്റ് സഭകളില്‍ നിന്ന് തീര്‍ത്തും വിഭിന്നമാണ്. കല്‍ദായസഭയുടെ ക്രിസ്മസ് ആഘോഷങ്ങളും വ്യത്യസ്തമാണ്. കേരളത്തിലെ കല്‍ദായ സുറിയാനി സഭ ഡിസംബര്‍ 25 ക്രിസ്മസായി ആചരിക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷമെ ആയിട്ടുള്ളൂ. അതിന് മുമ്പ് ജനുവരി ഏഴിനായിരുന്നു ഇവര്‍ ക്രിസ്മസ് ആഘോഷിച്ചിരുന്നത്. 1995 മുതലാണ് കേരളത്തിലെ കല്‍ദായ സഭ മറ്റ് സഭകളെപ്പോലെ ഡിസംബര്‍ 25-ന് ക്രിസ്മസായി ആചരിക്കാന്‍ തുടങ്ങിയത് (1582-ല്‍ മാര്‍പാപ്പ തയ്യാറാക്കിയ ഗ്രിഗോറിയന്‍ കലണ്ടര്‍ പിന്തുടര്‍ന്ന്). എന്നാല്‍ റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കല്‍ദായ സഭക്കാര്‍ ഇപ്പോഴും പഴയ രീതിയിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. ജൂലിയന്‍ കലണ്ടര്‍ പ്രകാരമുള്ള ദിവസങ്ങള്‍ കണക്കാക്കിയാണ് അവരുടെ ക്രിസ്മസ് ആഘോഷം.

caldaya

ഇറാക്കിലെ ബാഗ്ദാദിലുള്ള അസ്സീറിയന്‍ പൗരസ്ത്യ സഭയുടെ കേരള ശാഖയാണ് കല്‍ദായ സുറിയാനി സഭ. നെസ്‌തോറിയന്‍ വിശ്വാസികളാണ് കല്‍ദായ സഭക്കാര്‍ (മാര്‍ നെസ്‌തോറിസ് പാത്രിയര്‍ക്കീസിന്റെ കീഴില്‍ വരുന്ന). കല്‍ദായ സഭയുടെ ആസ്ഥാനം തൃശ്ശൂരാണ് (മെത്രാപ്പോലീത്തന്‍ പാലസ്, ചര്‍ച്ച് ഓഫ് ദ ഈസ്റ്റ്). സഭയുടെ മേലധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപ്പോലീത്തയാണ് (ഷിക്കാഗോ ആസ്ഥാനമായുള്ള കാതോലിക്കോസ്-പാത്രിയര്‍ക്കീസ് ആണ് അസ്സീറിയന്‍ സഭയുടെ ആഗോള തലവന്‍). സഭയുടെ പേരായ കല്‍ദായ എന്ന പദത്തിന് പല അര്‍ത്ഥങ്ങളും പറയുന്നുണ്ട്. സുറിയാനിയില്‍ പൂര്‍വ സുറിയാനിക്കാരന്‍ എന്നാണിതിന്റെ അര്‍ത്ഥം. ലത്തീനിലും മറ്റു യൂറോപ്യന്‍ ഭാഷകളിലും കല്‍ദായ എന്ന പദം സിറിയന്‍ ദേശീയതയെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചു പോന്നിരുന്നത്. റോമിലെ മാര്‍പാപ്പയെ പിന്താങ്ങുന്ന കത്തോലിക്കാ സുറിയാനിക്കാരെ കല്‍ദായ കത്തോലിക്ക ക്രിസ്ത്യാനികളെന്നും പൂര്‍വ്വിക സുറിയാനി ക്രിസ്ത്യാനികളെ കല്‍ദായ സുറിയാനി സഭക്കാര്‍ എന്നുമാണ് വിളിക്കുന്നത്.

1968-ല്‍ സ്ഥാനമേറ്റ മാര്‍ അപ്രേം മൂക്കനാണ് സഭയുടെ നിലവിലുള്ള മെത്രാപ്പോലീത്താ. മെത്രാപ്പോലീത്തായെ കൂടാതെ മാര്‍ യോഹന്നാന്‍ യൊസെഫ്, മാര്‍ ഔഗിന്‍ കുറിയാക്കോസ് എന്നീ രണ്ടു എപ്പിസ്‌കോപ്പമാര്‍ കൂടി സഭയിലുണ്ട്. സഭയുടെ ആസ്ഥാനം തൃശ്ശൂരും മെത്രാപ്പോലീത്തയുടെ ആസ്ഥാന പള്ളി തൃശ്ശൂരില്‍ സ്ഥിതി ചെയ്യുന്ന മര്‍ത്താ മറിയം കത്തീഡ്രലുമാണ്. കല്‍ദായ സഭയില്‍ 32 ഇടവകകളിലായി 30,000 പേരാണുള്ളത്. ഈ 32 ഇടവകകളും തൃശ്ശൂരിലെ മര്‍ത്താ മറിയം കത്തീഡ്രലില്‍ പോയവരാണ്. കേരളത്തില്‍ തിരുവനന്തപുരത്തും കോട്ടയത്തും കൊച്ചിയിലുമക്കെ കല്‍ദായ സഭയുടെ ഇടവകകളുണ്ട്. കോരളത്തിന് പുറത്ത് ഡല്‍ഹിയിലും മുബൈയിലും ഗോവയിലും ഷാര്‍ജയിലും കല്‍ദായ പള്ളികളുണ്ട്.

കേരളത്തിലെ കല്‍ദായ സുറിയാനി സഭക്കാര്‍ക്ക് മറ്റ് സഭക്കാരെപോലെ തന്നെ ക്രിസ്മസ് രാത്രിയില്‍ കുര്‍ബാനയുണ്ട്. രാത്രിയില്‍ 12 മണി കഴിഞ്ഞാല്‍ പള്ളിയുടെ മുമ്പില്‍ തീചൊയില്‍ കത്തിക്കുക (പനയുടെ ഓല കത്തിക്കുക) എന്നൊരു ആചാരം കൂടിയുണ്ടിവര്‍ക്ക്. ഇതിന്റെ സങ്കല്‍പം- യേശു ജനിച്ചു എന്ന സന്ദേശം വരുമ്പോള്‍ അട്ടിടയന്‍മാര്‍ പുറത്ത് മഞ്ഞത്ത് തീകാഞ്ഞിരിക്കുമ്പോഴായിരുന്നു എന്നാണ്. മുമ്പ് ഇതൊക്കെ ജനുവരി ഏഴിനായിരുന്നു ആഘോഷിച്ചിരുന്നത്. ജനുവരി ആറിന് ഒരു ചടങ്ങ് ഉണ്ട്. ഉണ്ണിയേശു പിറന്നതിന്റെ 13-ാം നാള്‍ കണക്കാക്കിയാണിത്. പിണ്ടിയില്‍ ദീപാലങ്കാരങ്ങളൊക്കെ നടത്തി ഒരു ആചാരമുണ്ട്. പിണ്ടികുത്തി പെരുന്നാളെന്നാണ് ഇത് അറിയപ്പെടുന്നത്.

കിഴക്കില്‍ നിന്ന് പുറപ്പെട്ട രാജാക്കന്മാരെ നക്ഷത്രം വഴികാട്ടി ജറുസേലമിലെ ബത്ത്‌ലേഹം ഗ്രാമത്തില്‍ ഉണ്ണിയേശുവിന്റെ അടുത്തെതിയത് 13-ാം നാളായിരുന്നു. ഈ രാജാക്കന്മാര്‍ ഉണ്ണിയേശുവിന് സമ്മാനങ്ങളും നല്‍കിയിരുന്നു. പൊന്നും കുന്തിരിക്കവുമായിരുന്നു സമ്മാനമായി നല്‍കിയത്. ഈ ദിവസം കണക്കാക്കിയാണ് പിണ്ടികുത്തി പെരുനാള്‍ ആഘോഷിക്കുന്നത്. ഈ പെരുനാളിന് പിസാനിയോ (പ്രകാശിക്കുക) എന്നാണ് പറയുക. സുറിയാനിയില്‍ ദിനക പെരുനാള്‍ എന്നും പറയും. ജനുവരി ആറിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു കഥയെന്നത്, യേശു ജനിച്ചിട്ട് 30 വര്‍ഷം കഴിഞ്ഞ് ജോര്‍ദാന്‍ നദിയില്‍ മാമോദീസ മുങ്ങിയതാണ്. പെരുനാള്‍ ആചരിക്കാന്‍ ഈ ദിവസം തെരഞ്ഞെടുക്കാന്‍ കാരണം ഇതാണ്.

കല്‍ദായ സഭക്കാര്‍ക്ക് ക്രിസ്മസിന് പുല്‍ക്കൂട് ഒരുക്കുകയെന്ന ഒരു രീതിയില്ല. കാരണം പുല്‍ക്കൂട് ഒരുക്കിയാല്‍ അതിന്റെ ഉള്ളില്‍ ഉണ്ണിയേശുവിന്റെ രൂപം വയ്‌ക്കേണ്ടി വരും. അങ്ങനെ ചെയ്താല്‍ അത് വിഗ്രഹാരാധനയാകുമെന്നതുകൊണ്ടാണ് പുല്‍ക്കൂട് ഒരുക്കുന്ന രീതി പിന്തുടരാത്തത്.

(കടപ്പാട്- ചര്‍ച്ച് ഓഫ് ദ ഈസ്റ്റിന്റെ തലവന്‍ എച്ച് ജി മാര്‍ അപ്രേം മെത്രാപ്പോലീത്തന്‍ തിരുമേനി)

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് കൃഷ്ണ ഗോവിന്ദ്)

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍