UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇടുക്കി ബിഷപ്പിനോട്, പാപ്പയുടെ ചാക്രിക ലേഖനങ്ങള്‍ അങ്ങു കാണാറില്ലേ?

Avatar

സന്ദീപ് വെള്ളാരംകുന്ന്

പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം ലക്ഷ്യമിടുന്ന ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ സമരങ്ങള്‍ നടന്ന ജില്ലകളിലൊന്നാണ് ഇടുക്കി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചതിന്റെ പേരില്‍ മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ പിടി തോമസ് കത്തോലിക്കാ സഭയുടെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും കണ്ണിലെ കരടാവുകയും ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കാതെ വരികയും ചെയ്തു. പരിസ്ഥിതി സംരക്ഷണം വിശ്വാസികളുടെ കടമയാണെന്നും പരിസ്ഥിതിക്കെതിരായ കടന്നു കയറ്റങ്ങള്‍ പറഞ്ഞു കുമ്പസരിക്കേണ്ട പാപമാണെന്നും കത്തോലിക്കാ സഭാ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിട്ടും അധിക കാലമായിട്ടില്ല. എന്നാല്‍ ഇടുക്കി ജില്ലയില്‍ മല ഇടിച്ചു നിരത്തി സഭാ നേതൃത്വം തന്നെ പള്ളികള്‍ പണിയുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ സഭാ നേതൃത്വം പിന്തുടരുന്നത് ആരുടെ വാക്കുകളാണെന്ന ചോദ്യം മാത്രം ബാക്കിയാവുകയാണ്.

ഒരു മല മുഴുവന്‍ ഇടിച്ചു നിരത്തി പള്ളി നിര്‍മിച്ചതിന്റെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത് ഇടുക്കി രൂപതയ്ക്കു കീഴിലുള്ള കല്ലാര്‍കുട്ടി സെന്റ് ജോസഫ് പള്ളിയാണ്. കര്‍ഷകനായ സിബി മൂന്നാര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത ഒരു ചിത്രമാണ് സംഭവം പൊതു സമൂഹത്തിന്റെ ശ്രദ്ധയിലെത്തിച്ചത്.

കഴിഞ്ഞ ദിവസം ആര്‍ഡിഒ സ്ഥലത്തെത്തി കുന്നിടിച്ചുള്ള നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് നിര്‍ദേശം നല്‍കുകയും മണ്ണിടിച്ചു കൊണ്ടിരുന്ന ജെസിബികളുടെ താക്കോല്‍ വാങ്ങി വയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയെത്തിയ പള്ളി വികാരി ഉള്‍പ്പടെയുള്ളവര്‍ 5000 രൂപ പിഴയടച്ച് ഇനി മണ്ണിടിക്കില്ലെന്നുറപ്പു നല്‍കി താക്കോല്‍ തിരികെ വാങ്ങുകയായിരുന്നു. എന്നാല്‍ താക്കോല്‍ ലഭിച്ച ഉടന്‍ പള്ളി അധികൃതര്‍ കുന്നിടിച്ചുള്ള നിര്‍മാണം പൂര്‍വാധികം ശക്തിയോടെ തുടരുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. ഇതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ആര്‍ഡിഒ നിര്‍മാണം വീണ്ടും നിര്‍ത്തി വയ്പ്പിച്ചിരിക്കുകയാണ്.

ഇടുക്കി ജില്ല പോലെ അതീവ പരിസ്ഥിതി ദുര്‍ബലമായ സ്ഥലത്ത് കുന്നുകള്‍ ഇടിക്കുന്നത് ദോഷകരമാണെന്നു മനസിലാക്കുന്നതിനാണ് കുന്നിടിച്ചുള്ള പള്ളി നിര്‍മാണത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതെന്ന് കര്‍ഷകനായ സിബി മൂന്നാര്‍ പറയുന്നു.

‘ചിത്രം പുറത്തു വന്നതോടെ പൊതു സമൂഹം ഇത് ഏറ്റെടുക്കുകയായിരുന്നു. പരിസ്ഥിതി നാശത്തിന്റെ ദോഷഫലങ്ങള്‍ എന്തൊക്കെയാണെന്ന് ഇടുക്കിയില്‍ ജീവിക്കുന്ന കര്‍ഷകനായ എനിക്കു നന്നായറിയാം,’ അദ്ദേഹം പറയുന്നു.

‘ഈ കാര്യങ്ങള്‍ പുറം ലോകത്തെത്തിയാല്‍ മാത്രമേ ഇത്തരം പ്രവര്‍ത്തികള്‍ തടയാനാവൂ. ആ ഉദ്ദേശത്തോടെ തന്നെയാണ് ചിത്രം പോസ്റ്റു ചെയ്തത്. ഇതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഇടുക്കി ജില്ലയില്‍ ഗവണ്‍മെന്റിന്റെ നേതൃത്വത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം അശാസ്ത്രീയമായാണ് നടത്തുന്നത്. 2007-ല്‍ മൂന്നാര്‍ ആര്‍ട്‌സ് കോളജ് കെട്ടിടം നൂറടി മണ്ണിടിച്ചു നിര്‍മിച്ചതിനെത്തുടര്‍ന്ന് ഒരു ഭാഗം ഇടിഞ്ഞു പോയിരുന്നു. തുടര്‍ന്നു കുറേക്കാലം കോളജ് വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിനു ശേഷം കോളജിന്റെ മറ്റൊരു ഭാഗം നിര്‍മിച്ചിട്ടുള്ളതാകട്ടെ വീണ്ടും അറുപത് അടിയോളം മണ്ണിടിച്ചു നിരത്തിയാണ്.’

അടിമാലിക്കും കൂമ്പന്‍പാറക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഗവണ്‍മെന്റ് ടെകനിക്കല്‍ സ്കൂള്‍ നിര്‍മിച്ചിട്ടുള്ളതും മലയിടിച്ചാണ്. അതേ സമയം ഭൂമിയില്‍ ദോഷമില്ലാതെ എങ്ങനെ നിര്‍മാണം നടത്താമെന്നതിന് ഉദാഹരണമാണ് മൂന്നാര്‍ എന്‍ജിനീയറിംഗ് കോളജ് കെട്ടിടം. 30 ഡിഗ്രിക്കു മുകളില്‍ ചരിവുള്ള പ്രദേശങ്ങളിലെ നിര്‍മാണങ്ങള്‍ വയനാട് ജില്ലാകളക്ടര്‍ നിരോധിച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി കളക്ടറുടെ തീരുമാനം ശരിവയ്ക്കുകയാണുണ്ടായത്. ‘ഇടുക്കിയില്‍ നടക്കുന്ന അശാസ്ത്രീയ നിര്‍മാണങ്ങള്‍ തടഞ്ഞില്ലെങ്കില്‍ നാം വലിയ വിലകൊടുക്കേണ്ടി വരുമെന്നുറപ്പാണ്’, സിബി മൂന്നാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ആഡംബര പള്ളി നിര്‍മാണങ്ങള്‍ക്കെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്നെ രംഗത്തെത്തിയിരുന്നു. നാല്‍പ്പതു കോടിയിലധികം രൂപ മുടക്കി നിര്‍മ്മിച്ച എറണാകുളം ജില്ലയിലെ ഇടപ്പള്ളി പള്ളി നിര്‍മാണത്തിന്റെ പേരില്‍ സഭാ നേതൃത്വം പ്രതിക്കൂട്ടിലാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കുന്നിടിച്ചു നിരത്തിയുള്ള നിര്‍മാണത്തിന്റെ പേരില്‍ സഭ വീണ്ടും പ്രതിക്കൂട്ടിലാകുന്നത്. ഇടുക്കി രൂപതയ്ക്കു കീഴിലുള്ള കല്ലാര്‍കുട്ടി പള്ളി ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഏപ്രില്‍ രണ്ടിന് കൂദാശ ചെയ്യുമെന്നാണ് വിവരം.

അതേസമയം പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ നിശബ്ദരായിരിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് കല്ലാര്‍കുട്ടി സെന്റ് ജോസഫ് പള്ളി വികാരി ഫാദര്‍ തോമസ് മണിയാട്ട് പറയുന്നു. ‘കുന്നിടിച്ചു പള്ളി നിര്‍മിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണ്. പള്ളി നിര്‍മ്മിക്കുന്നതിനായുള്ള സ്ഥലത്തിനു ചുറ്റുമുള്ള റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റിയ പ്രദേശങ്ങള്‍ ചെത്തി നിരപ്പാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇതിനെയാണ് മലയിടിച്ചു നിരത്തിയെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് ‘, അദ്ദേഹം വാദിക്കുന്നു.

‘ഇതോടൊപ്പം എല്ലാവിധ നിയമവും അനുസരിച്ചു മാത്രമാണ് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. അകലെ നിന്നുള്ള ചിത്രമാണ് ഓണ്‍ലൈനുകളില്‍ പ്രചരിച്ചതും. ഇവിടെ നേരിട്ടെത്തിയാല്‍ ആര്‍ക്കും ഏതുതരം നിര്‍മാണമാണു നടക്കുന്നതെന്നു കാണാനാവും. പിന്നെ ഏതു തരം നിര്‍മാണ പ്രവര്‍ത്തനമായാലും ചെറിയ തോതിലെങ്കിലും മണ്ണെടുക്കാതിരിക്കാനാവുമോ. ഇതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചുമൊന്നും ഞങ്ങള്‍ക്കു പറഞ്ഞു തരണ്ടേ ആവശ്യമില്ലല്ലോ. മണ്ണൊലിപ്പു തടയാന്‍ എല്ലാ സ്ഥലങ്ങളിലും വ്യാപകമായി മരം നട്ടു പിടിപ്പിക്കുന്നവരാണ് ഞങ്ങള്‍.’ ഫാദര്‍ തോമസ് മണിയാട്ട് കൂട്ടിച്ചേര്‍ക്കുന്നു.

അതീവ പരിസ്ഥിതി ദുര്‍ബല മേഖലയായ ഇടുക്കി ജില്ലയില്‍ ശക്തമായ മഴ പെയ്താലുടന്‍ ഉരുള്‍ പൊട്ടുന്നതും മലയിടിയുന്നതും പതിവാണ്. അതുകൊണ്ടു തന്നെ ഇവിടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കരുതലോടെ വേണം താനും. എന്നാല്‍ ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇവിടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

ഒരു വര്‍ഷം മുമ്പ് പരിസ്ഥിതി സംരക്ഷണം വിശ്വാസികളുടെ കടമയാണെന്നു ചൂണ്ടിക്കാട്ടി സീറോ മലബാര്‍ സഭ ലഘുലേഖ പുറത്തിറക്കിയിരുന്നു. കത്തോലിക്കാ സഭാ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാകട്ടെ തന്റെ പ്രസംഗങ്ങളില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എടുത്തു പറയുകയും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ചാക്രിക ലേഖനം പുറത്തിറക്കുകയും ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണ ആഹ്വാനങ്ങള്‍ നടക്കുന്നതിനിടയിലാണ് പള്ളി വികാരിമാര്‍ കുന്നുകളിടിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നതും ശ്രദ്ധേയം.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍