UPDATES

കേരളം

ഇതുകൊണ്ടാണ് പൊക്കുടന്‍ രണ്ടാമതും ആത്മകഥ എഴുതിയത്

കെ പി റഷീദ്

”ഒരു പുലയന് ജീവചരിത്രമുണ്ടോ?എന്ത് ജീവചരിത്രം?എല്ലാവരും മരിക്കുകയോ അന്തരിച്ചു പോവുകയോ ചെയ്യുമ്പോള്‍ ചത്തുപോവുന്ന ചില ജന്മങ്ങളെക്കുറിച്ച് എന്തു പറയാനാണ് എന്ന് ചിലര്‍ ചോദിച്ചേക്കും. സ്ഥിരം സംശയാലുക്കളായ ആ സുഹൃത്തുക്കള്‍ക്ക് ഞാന്‍ ദീര്‍ഘായുസ്സ് നേരുന്നു” (‘കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം’- പൊക്കുടന്‍)

ഒറ്റ ജീവചരിത്രവും തളിര്‍ക്കാത്ത പുലയന്റെ നിസ്സഹായ ജന്മത്തെക്കുറിച്ച് അമര്‍ഷവും വേദനയും നിറഞ്ഞ സ്വരത്തില്‍ സംസാരിക്കുന്ന കല്ലേന്‍ പൊക്കുടന് ഇപ്പോള്‍, രണ്ട് ജീവചരിത്രങ്ങളുണ്ട്. രണ്ട് ആത്മകഥകള്‍.

ആദ്യത്തെ ആത്മകഥ ‘കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം’ 2002ല്‍, താഹ മാടായി കേട്ടെഴുതി, എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചു.

‘എന്റെ ജീവിതം’  എന്ന് പേരിട്ട്, പൊക്കുടന്റെ മകന്‍ ശ്രീജിത്ത് പൈതലേന്‍ മാസങ്ങള്‍ക്ക് മുമ്പ് എഴുതിത്തയാറാക്കിയതാണ് രണ്ടാം ആത്മകഥ.

ആദ്യ പുസ്തകം, പേര് സൂചിപ്പിക്കുന്നതുപോലെ കല്ലേന്‍ പൊക്കുടനെന്ന സാധാരണ മനുഷ്യനെ കണ്ടല്‍ പൊക്കുടനാക്കുന്ന പരിണാമകാലത്തിന്റെ കണക്കെടുപ്പാണ്. ആര്‍ക്കും വേണ്ടിയല്ലാതെ, പഴയങ്ങാടി പുഴയോരത്തും മറ്റിടങ്ങളിലും കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിക്കുന്ന, പരിസ്ഥിതിയെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും സദാ ആകുലനാവുന്ന ഒരാളുടെ ആത്മഭാഷണമാണത്.

”വാക്കുകള്‍ അനുഭവസത്യങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഉണ്ടാവുന്ന അസാധാരണമായ ഉള്‍ബലം കൊണ്ട് എല്ലാവരെയും വിനീതരാക്കുന്ന ഒരു ആത്മകഥ” എന്ന് അവതാരികയില്‍, പ്രശസ്ത കഥാകൃത്ത് എന്‍. പ്രഭാകരന്‍.

”സമകാലിക ലോകത്തിന്റെ ബഹുവിധം പത്രാസ്സുകളില്‍നിന്നകന്ന് ഫലം ഇച്ഛിക്കാതെ കര്‍മം ചെയ്യുന്ന സുകൃതശാലികള്‍. ഏത് ചുഴലിക്കാറ്റിലും അവരുടെ ഉള്ളിലെ വെളിച്ചം കെട്ടുപോവുകയില്ല. പൊക്കുടന്‍ അങ്ങനെയൊരാളാണ്. കേരളത്തില്‍ ജീവിക്കുന്ന ഒരു മസുനാബോ ഫുക്കുവോക്ക” എന്ന് എഡിറ്ററുടെ പിന്‍കുറിപ്പ് പൊക്കുടനെ അടയാളപ്പെടുത്തുന്നു. ആ ഒരര്‍ഥത്തില്‍തന്നെയാണ്, പുസ്തകത്തില്‍ പൊക്കുടന്‍ അവതരിപ്പിക്കപ്പെടുന്നത്. അതു മാത്രമായി!

എന്നാല്‍, അതു മാത്രമല്ല, പൊക്കുടനെന്നാണ് രണ്ടാം ആത്മകഥ പറയുന്നത്. കര്‍ഷകനും കര്‍ഷകത്തൊഴിലാളിയും ദലിതനുമായി ജീവിച്ച്, രാഷ്ട്രീയം, സമുദായപ്രവര്‍ത്തനം, പരിസ്ഥിതിപ്രവര്‍ത്തനം എന്നീ വഴികളിലൂടെ നടന്ന സങ്കീര്‍ണ വ്യക്തിത്വമായാണ് പൊക്കുടന്‍ ഇതില്‍ പ്രത്യക്ഷപ്പെടുന്നത്. ആദ്യ ആത്മകഥ പറയാത്തതും വിട്ടുകളഞ്ഞതും അവഗണിച്ചതുമായ കാര്യങ്ങള്‍ക്കാണ് ഇതില്‍ മുന്‍കൈ. ” ജാതിയല്ല വര്‍ഗമാണ് പൊക്കുടന് പ്രധാനമെന്നും, കീഴാള/അഹിന്ദു വിരുദ്ധ രാഷ്ട്രീയം ഒളിച്ചു കഴിയുന്നതായി സംശയിക്കാവുന്ന പ്രകൃതിജീവന സിദ്ധാന്തങ്ങളുടെ പ്രതിലോമപരതയല്ല പൊക്കുടന്റെ പ്രകൃതിദര്‍ശനമെന്നും പറയുന്ന ആദ്യ ആത്മകഥയില്‍ നിന്ന് വ്യത്യസ്തനാണ് രണ്ടാം ആത്മകഥയിലെ പൊക്കുടന്‍.

വര്‍ഗരാഷ്ട്രീയത്തിന്റെ മാര്‍ക്സിസ്റ്റ് അതിരുകള്‍ക്കുള്ളില്‍ ആദ്യ ആത്മകഥ പൊക്കുടനെ അടയാളപ്പെടുത്തുമ്പോള്‍ അതിനു നേര്‍വിപരീതമായൊരാളെ രണ്ടാം ആത്മകഥ പകര്‍ത്തുന്നു. ഈ വൈരുധ്യങ്ങള്‍, ഇരു പുസ്തകങ്ങള്‍ക്കുമിടയിലെ ആഴമുള്ള ഈ വിയോജിപ്പുകള്‍ -അതുതന്നെയാണ് രണ്ടാം ആത്മകഥ അനിവാര്യമാക്കിയതെന്ന് അത് കേട്ടെഴുതിയ പൊക്കുടന്റെ മകന്‍ പറയുന്നു.

എന്തുകൊണ്ടാണ് ഒരാള്‍ക്ക് രണ്ട് ആത്മകഥ വേണ്ടിവരുന്നത്? അതും,ആത്മകഥകള്‍ വിധിക്കപ്പെട്ടിട്ടില്ലാത്ത സാമൂഹിക, സാമ്പത്തിക ചുറ്റുപാടില്‍ കഴിയുന്ന പൊക്കുടനെപ്പോലെ ഒരാള്‍ക്ക്?

ഈ ചോദ്യങ്ങള്‍ അനേകം ദിശകളിലേക്കുള്ള കൈചൂണ്ടിപ്പലകകളാണ്. കേട്ടെഴുത്തിനും എഡിറ്റിംഗിനുമിടയില്‍ എന്തൊക്കെയോ അപഹരിക്കപ്പെടുന്നുവെന്നും ബോധപൂര്‍വമോ അല്ലാതെയോ ഉള്ള അത്തരം ശ്രമങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയ, പ്രത്യയശാസ്ത്ര അര്‍ഥങ്ങളുണ്ടെന്നും ഈ ചോദ്യങ്ങളുടെ കൈപിടിച്ചു നടക്കുമ്പോള്‍ ബോധ്യമാവുന്നു. ഒരാളുടെ ആത്മകഥ മറ്റൊരാള്‍ എഴുതുമ്പോള്‍ സംഭവിക്കാവുന്ന അടിസ്ഥാനപരമായ മാറ്റങ്ങളെക്കുറിച്ച് ഒരാളുടെതന്നെ വ്യത്യസ്തമായ ഈ രണ്ട് ആത്മകഥകളും ആഴത്തിലുള്ള ഉള്‍ക്കാഴ്ച തരുന്നു.

ഭാഷയുടെ അധികാരകേന്ദ്രിതമായ കുത്തൊഴുക്കുകളില്‍ ഇടം കിട്ടാതെ അരികുകളില്‍ കഴിഞ്ഞുകൂടുന്നവര്‍ക്ക് നാവു നല്‍കുന്ന കേട്ടെഴുത്തിന്റെ അധികാരപ്രയോഗങ്ങളെക്കുറിച്ചും ഈ രണ്ട് ഭിന്ന വ്യവഹാരങ്ങള്‍ സംസാരിക്കുന്നു. എഡിറ്റര്‍ കൈയാളുന്ന അധികാരങ്ങള്‍ ആഖ്യാനത്തെ മാറ്റി മറിക്കുന്നതിലൂടെ എന്തെന്ത് പ്രതിച്ഛായകള്‍ സൃഷ്ടിക്കുന്നുവെന്നും അവ വ്യക്തമാക്കുന്നു. അരികുജീവിതങ്ങളെ എന്നും പുറമ്പോക്കി അകറ്റിനിറുത്തുന്ന പൊതുസമൂഹത്തിന് അങ്ങനെയുള്ളവരുടെ ആത്മകഥകള്‍ മാത്രം സ്വീകാര്യമാവുന്നത് ഏതൊക്കെ ചേരുവയിലൂടെയാണെന്നും ഈ വ്യത്യസ്ത ആഖ്യാനങ്ങള്‍ പറഞ്ഞു തരുന്നു. ഇത്തരം അനേക സാധ്യതകളിലേക്കാണ് പൊക്കുടന്റെ രണ്ട് ആത്മകഥകളും പിറന്നു വീഴുന്നത്.

കേട്ടെഴുത്തിന്റെ രാഷ്ട്രീയം
‘വലിയ ജീവിതം’ ജീവിച്ചവര്‍ക്ക് മാത്രമുള്ളതായിരുന്നു അടുത്തകാലംവരെ ആത്മകഥകള്‍. പൊതുസമൂഹം കല്‍പിച്ചു നല്‍കുന്ന അതിരുകള്‍ക്കുള്ളിലായിരുന്നു അത്തരം ഭൂരിഭാഗം ആത്മകഥകളും. എന്നാല്‍, അപാരമായ ജീവിതത്തിന്റെ സത്യസന്ധതയാല്‍ ചിലരൊക്കെ ഈ അതിരുകള്‍ തകര്‍ത്തു. ജീവിതത്തിന്റെ പച്ചയായ തുറന്നെഴുത്തായി അവ മാറുകയും ചെയ്തു. എങ്കിലും ഭാഷയുടെയും സാമൂഹിക അംഗീകാരം നല്‍കുന്ന അധികാരത്തിന്റെയും ബലത്തിലായിരുന്നു ഈ ‘വലിയ മനുഷ്യ’രുടെ ആത്മകഥകളെല്ലാം.

‘കണ്ടല്‍ക്കാടുകളില്‍ എന്റെ ജീവിത’ത്തിന്റെ അവതാരികയില്‍ എന്‍. പ്രഭാകരന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്: ”സ്വാനുഭവങ്ങളെക്കുറിച്ച് ലോകത്തോട് സംസാരിക്കാന്‍ ഒരാള്‍ അര്‍ഹനാകണമെങ്കില്‍ അയാള്‍ ജനജീവിതത്തിന്‍െറ രാഷ്ട്രീയമോ സാംസ്കാരികമോ ആയ തലങ്ങളില്‍ വലിയ ഇടപെടലുകള്‍ നടത്തിയിരിക്കണമെന്നതാണ് നമ്മുടെ സാമാന്യ ധാരണ. അങ്ങനെ അല്ലാതുള്ള ഒരാളുടെ ആത്മകഥയോ ഓര്‍മക്കുറിപ്പുകളോ യാത്രാവിവരണമോ നമുക്ക് സ്വീകാര്യമാവണമെങ്കില്‍, അത്:

1. അനുഭവങ്ങള്‍ സവര്‍ണ പാരമ്പര്യത്തിലെ പല ഘടകങ്ങളുമായുള്ള ബന്ധത്തില്‍നിന്ന് മാന്യതയും സൌന്ദര്യവും നേടിയ ഒരു കൃതിയായിരിക്കണം.

അല്ലെങ്കില്‍
2. ആഖ്യാന ഭാഷയില്‍ സംസ്കൃത പദങ്ങളും പ്രയോഗങ്ങളും സമൃദ്ധമായി ഉപയോഗിച്ചും ഹൈന്ദവ പുരാണേതിഹാസങ്ങളില്‍ നിന്നുള്ള സൂചനകള്‍കൊണ്ടും അനുഭവങ്ങളെസംസ്കൃതവത്കരിച്ചിരിക്കണം.

അല്ലെങ്കില്‍
3.സംഭവങ്ങളെ/അനുഭവങ്ങളെഅത്യധികം കാല്‍പനികമായ രീതിയിലോ അതിവൈകാരികത നല്‍കിയോ അവതരിപ്പിക്കണം.

അല്ലെങ്കില്‍
4. സംഭവങ്ങളെ/അനുഭവങ്ങളെഅവയുടെ പശ്ചാത്തലത്തില്‍ നിലകൊള്ളുന്ന വിരൂപമായ സാമ്പത്തിക യാഥാര്‍ഥ്യങ്ങളിലും ‘മറ്റു ദുരിതങ്ങളിലും ശ്രദ്ധ ചെല്ലാത്ത വിധ’ത്തില്‍ സൌന്ദര്യാത്മക ഘടകങ്ങളില്‍ ഊന്നല്‍ നല്‍കി അവതരിപ്പിക്കണം” (പേജ് 12).

ഈ സാധ്യതകളില്‍തന്നെയാണ്, പുറമ്പോക്കില്‍നിന്നുള്ള ആത്മകഥകളുടെ നില്‍പ്നില്‍പ്പ്. മലയാളത്തില്‍ അടുത്ത കാലത്താണ് അരികു ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ആത്മകഥകളായി പ്രത്യക്ഷപ്പെടുന്നത്. അപരിചിതവും ഏതൊക്കെയോ അര്‍ഥങ്ങളില്‍ കൌതുകമുണര്‍ത്തുന്നതുമായ ഈ ജീവിതങ്ങള്‍ക്ക് പൊതു വായനാസമൂഹത്തിന്റെ സ്വീകാര്യത ലഭിക്കുകയും ചെയ്തു.

ലൈംഗികത്തൊഴിലാളിയുടെയും കള്ളന്റെയും ചെരിപ്പുകുത്തിയുടെയും തെരുവിലുറങ്ങുന്നവന്റെയും ജീവിതങ്ങള്‍ക്ക് ആത്മകഥയുടേതായ മണ്ഡലത്തില്‍ ഇടമുണ്ടെന്ന തിരിച്ചറിവുകളായിരുന്നു അവ. ഭാഷയിലും ആഖ്യാനത്തിലും സരളതയും ലാളിത്യവും നിലനിറുത്തിയും ഒളിഞ്ഞുനോട്ടത്തിന്റേതായ സാധ്യതകള്‍ ശേഷിപ്പിച്ചുമാണ് ഇവയില്‍ ചിലത് മുഖ്യധാരയില്‍ ഇടം പിടിച്ചത്.

ഭാഷയുടെയും അറിവിന്റെയും പുറമ്പോക്കുകളിലാണ് വാസമെന്നതിനാല്‍, ഇവരുടെയൊക്കെ ആത്മഭാഷണങ്ങള്‍ക്ക് കൈത്താങ്ങ് നല്‍കിയത് കേട്ടെഴുത്തുകളാണ്. ഭാഷയുടെയും ആഖ്യാനത്തിന്റെയും പരിമിതികളില്‍ നിന്ന് ഇത്തരം ‘ചെറിയ ജീവിതങ്ങളെ’ സ്വന്തം ഭാഷയുടെയും ചിന്തയുടെയും മൂര്‍ച്ചയിലൂടെയാണ് കേട്ടെഴുത്തുകാര്‍ കൈപിടിച്ചു നടത്തിയത്.

മാധ്യമങ്ങളിലെ ഫീച്ചറെഴുത്തിന്റെ രീതികളും അവതരണവുമാണ് ഇവരില്‍ പലരും കൈക്കൊണ്ടത്. വായനാസമൂഹത്തെയും അവരുടെ അഭിരുചികളെയും മുന്നില്‍ക്കണ്ട്, അപരിചിതമായ ‘ഈ അന്യദേശങ്ങളെ’ പൊതുവെ സ്വീകാര്യമായ ആഖ്യാനവടിവുകളിലേക്ക് കോരിയൊഴിക്കുകയായിരുന്നു ഇവര്‍.

പറയുന്നത് പുറമ്പോക്ക് ജീവിതമാണെങ്കിലും, കേട്ടെഴുത്തുകാരുടെ വ്യക്തിഗത കാഴ്ചപ്പാടുകള്‍തന്നെയാണ് ഇത്തരം ആത്മകഥകളില്‍ മുന്നിട്ടു നില്‍ക്കുന്നത്. സാമൂഹിക അംഗീകാരത്തിനു പുറത്തുള്ള ജീവിത വ്യതിയാനങ്ങളെയെല്ലാം പൊതുധാരണകളുടെ ഏകശിലാത്മകതയിലേക്ക് രൂപപ്പെടുത്തുകയായിരുന്നു ഈകേട്ടെഴുത്തുകാര്‍. അതുതന്നെയാവണം, പകല്‍വെളിച്ചത്തില്‍ അസഹ്യമായ അരികുജീവിതങ്ങള്‍ ആത്മകഥയായി മുന്നില്‍ വരുമ്പോള്‍ പൊതുസമൂഹം കൈ നീട്ടി സ്വീകരിച്ചത്. ഭാഷയുടെ നാട്ടുനടപ്പുകള്‍ക്ക് പിടികൊടുക്കാത്ത പച്ചജീവിതങ്ങളെ പൊതുബോധത്തിനു പറ്റുന്നതാക്കി മാറ്റുന്ന മെരുക്കല്‍ പ്രക്രിയ തന്നെയായിരുന്നു ഈയര്‍ഥത്തില്‍ കേട്ടെഴുത്തുകള്‍.

വിപണികേന്ദ്രിത മാധ്യമ വ്യവസ്ഥിതിക്കോ പൊതുബോധത്തിനോ വേണ്ടിയുള്ള മെരുക്കലാണെങ്കിലും കേട്ടെഴുത്തുകാരുടെ വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങളും ഈ ആത്മകഥാരചനകളില്‍ നിര്‍ണായകമായിരുന്നു. ഏത് ഉത്തരം വേണമെന്ന ബോധ്യങ്ങളോടെയായിരുന്നു വിഷയിയുമായുള്ള അഭിമുഖങ്ങളിലെ ചോദ്യങ്ങള്‍. വേണ്ട ഉത്തരം സംഘടിപ്പിച്ചെടുക്കുന്ന പ്രക്രിയക്കൊപ്പം അവയെ വിന്യസിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നതിലെ മുന്‍ഗണനാക്രമവും കേട്ടെഴുത്തുകാരുടെ അധികാരപരിധിക്കുള്ളില്‍തന്നെ നിന്നു.

ഈ മുന്‍ഗണനാക്രമം വായനാക്ഷമത കൂട്ടി. ഒപ്പം, കേട്ടെഴുത്തുകാരന്‍ നിര്‍മിക്കുന്ന ഇമേജായി ആത്മകഥയുടെ യഥാര്‍ഥ അവകാശി അവതരിപ്പിക്കപ്പെടുകയും ചെയ്തു. ഇങ്ങനെ നിര്‍മിക്കപ്പെട്ട അനേകം ഇമേജുകളാണ് വാസ്തവത്തില്‍, ആത്മകഥാ പാരമ്പര്യത്തെ ലംഘിക്കുന്നുവെന്ന് നാം വിശേഷിപ്പിക്കുന്ന പ്രാന്തവത്കൃത ജീവിതങ്ങള്‍. ഈ ഇമേജിനപ്പുറം സ്വന്തം സ്വത്വബോധത്തെ വളര്‍ത്തിയെടുക്കുക സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല.


(ഫോട്ടോ: ബാബു കാമ്പ്രത്ത്)

പ്രതിച്ഛായയും സ്വത്വവുംതമ്മിലുള്ള വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും മാധ്യമങ്ങള്‍ വളര്‍ത്തിയെടുക്കുന്ന ‘താര’ങ്ങളെ വല്ലാത്തൊരു പ്രതിസന്ധിയില്‍ കൊണ്ടെത്തിക്കാറാണ് പതിവ്. ഈ ഇമേജിലും പൊതു സ്വീകാര്യതയിലും അഭിരമിച്ചു കഴിയുന്ന സുഖദമായ അവസ്ഥ സ്വീകരിക്കാന്‍ ഇവരില്‍ പലര്‍ക്കും എളുപ്പമല്ല. ഇമേജിനെ മറികടന്ന് സ്വയം പ്രകാശിപ്പിക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് ‘ഗുഡ് സര്‍ട്ടിഫിക്കറ്റു’കള്‍ തിരിച്ചു വാങ്ങാന്‍ പൊതു സമൂഹത്തിന് എളുപ്പത്തില്‍ കഴിയും. അങ്ങനെയുള്ളവര്‍ വീണ്ടും അരികുകളിലേക്കുതന്നെ തള്ളപ്പെടാറാണ് പതിവ്.

അനേകം ജീവിതങ്ങള്‍ ജീവിച്ചു തീര്‍ന്നിട്ടും അതിലൊരു ജീവിതം മാത്രമായി മുദ്രകുത്തപ്പെട്ടതിന്റെ അസഹനീയതതന്നെയാണ് രണ്ടാമത്തെ ആത്മകഥയിലേക്ക് പൊക്കുടനെ എത്തിച്ചത്. ആദ്യ ആത്മകഥയുടെ നിഷേധമല്ല അത്. മറിച്ച്, അതു മാത്രമല്ല, മറ്റ് പലതുമാണ് താനെന്ന് ഘോഷിക്കുകയാണ് ഈ രണ്ടാം ആത്മകഥയിലൂടെ പൊക്കുടന്‍.

ആത്മകഥയിലെ പൊക്കുടന്‍
പൊക്കുടന്‍ എന്ന സാധാരണ മനുഷ്യനെ മലയാളി പൊതുബോധത്തിനു മുന്നില്‍ അവതരിപ്പിക്കുകയും ആ ജീവിതത്തിന് സ്വീകാര്യത നേടിക്കൊടുക്കുകയും ചെയ്തെങ്കിലും ‘കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം’ എന്ന ആദ്യ കൃതി ആത്മ കഥയെന്ന നിലയില്‍ അപൂര്‍ണമാണ്. 1937ല്‍ ജനിച്ച പൊക്കുടന്റെ ജീവിതത്തെക്കുറിച്ച് 2002ല്‍ പുറത്തിറങ്ങിയ ഈ പുസ്തകത്തിലുള്ളത് ആ സങ്കീര്‍ണ ജീവിതത്തിലെ ഒരു പ്രത്യേക വശം മാത്രമാണ്. ഒരു പ്രത്യേക കാലയളവ്. കണ്ടല്‍ക്കാടുകള്‍ നട്ടുവളര്‍ത്തുന്ന ഒരാള്‍ എന്ന പ്രതിച്ഛായ. ‘നഷ്ടപ്പെടുന്ന ഹരിതകാന്തിയെ ആലോചിച്ച് എല്ലാവര്‍ക്കും വേണ്ടി കണ്ടല്‍ക്കാടുകളുടെ വിത്തു പാകുന്നവന്‍. താന്‍ നടുന്ന കണ്ടല്‍വനങ്ങളുടെ വിത്തുകളൊന്നുംതന്നെ ചതുപ്പു നിലങ്ങളില്‍ പാഴായും ശൂന്യമായും പോവില്ലെന്ന് പൊക്കുടന് നിശ്ചയമുണ്ട്” എന്ന് പിന്‍കുറിപ്പ് വ്യക്തമാക്കുന്നു.

എന്നാല്‍, ഇത് മാത്രമല്ല പൊക്കുടനെന്ന് പഴയങ്ങാടിയിലും ഏഴോത്തുമുള്ള മനുഷ്യര്‍ക്കറിയാം; പൊക്കുടനും കുടുംബാംഗങ്ങള്‍ക്കുമറിയാം. ആറര പതിറ്റാണ്ട് നീണ്ട പൊക്കുടന്റെ ജീവിതത്തിലെ അനിവാര്യമായ എത്തിപ്പെടല്‍ മാത്രമായിരുന്നു കണ്ടല്‍ക്കാടുകള്‍. ജന്മിത്തത്തിന്റെ കാലത്ത് അതിനോട് വിയോജിക്കുകയും കൂട്ടായചെറുത്തുനില്‍പുകള്‍ക്ക് ശ്രമിക്കുകയും കമ്യൂണിസ്റ്റ് പ്രവര്‍ത്തകനാവുകയും ചെയ്തൊരാള്‍ പൊക്കുടന്‍റ കഴിഞ്ഞകാല ജീവിതത്തിലുണ്ട്.

സി.പി.എം അംഗവും കര്‍ഷകത്തൊഴിലാളി സംഘടനയുടെ പ്രാദേശികനേതാവുമായി ജനകീയ പ്രശ്നങ്ങളില്‍ സദാ ഇടപെട്ടൊരാള്‍. സര്‍വലോക സാഹോദര്യം പറയുമെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ജാതിവ്യവസ്ഥ ശക്തമാണെന്നും ദലിതന് പാര്‍ട്ടി ചട്ടക്കൂടിനകത്ത് അധമമായ ഇടമാണെന്നും അനുഭവിച്ചറിഞ്ഞ് പാര്‍ട്ടിയില്‍ നിന്ന് പിന്‍വാങ്ങുകയും സാമുദായിക സംഘടനാ പ്രവര്‍ത്തനത്തിലൂടെയും ദലിത് രാഷ്ട്രീയ ബോധത്തിലൂടെയും ആ അവസ്ഥകളെ മാറ്റുകയും ചെയ്യാന്‍ ശ്രമിച്ചൊരാള്‍.

സമുദായപ്രവര്‍ത്തനത്തിലും ഇടമില്ലെന്ന തിരിച്ചറിവില്‍ വര്‍ഷങ്ങള്‍ നീണ്ട മൌനത്തിലേക്കും അതില്‍ നിന്ന് കരകയറാന്‍ നിശബ്ദമായി കണ്ടല്‍ക്കാടുകള്‍ വളര്‍ത്തലിലേക്കും നീങ്ങിയൊരാള്‍. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ജാതിവ്യവസ്ഥയും സമുദായ സംഘടനാ പ്രവര്‍ത്തനത്തിലെ ശൂന്യസ്ഥലങ്ങളുമാണ് വാസ്തവത്തില്‍, കല്ലേന്‍ പൊക്കുടനെ കണ്ടല്‍ പൊക്കുടനാക്കുന്നത്.

എന്നാല്‍, ഈ ഭൂതകാലമോ, കണ്ടല്‍നടലിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയവും സാമൂഹികവുമായ ഒറ്റപ്പെടുത്തലോ ആദ്യ ആത്മകഥയില്‍ കാണാനാവില്ല. ഒഴുക്കന്‍ മട്ടില്‍ ഇടക്ക്പരാമര്‍ശിച്ചു പോവുന്നതല്ലാതെ എന്തുകൊണ്ട് പൊക്കുടന്‍ കണ്ടല്‍വളര്‍ത്തലിലേക്കും പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലേക്കും എത്തിയെന്ന് ആ ത്മകഥ വിശദമാക്കുന്നില്ല. കണ്ടല്‍വളര്‍ത്തലുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കേണ്ടിവന്ന മനോരോഗത്തോളമെത്തിയ പ്രശ്നങ്ങളെക്കുറിച്ചും പില്‍ക്കാല ജീവിതത്തില്‍ പൊക്കുടനെ ചലനാത്മകമാക്കിയ ദലിത് രാഷ്ട്രീയ ബോധ്യങ്ങളെക്കുറിച്ചും ആത്മകഥ മൌനം പാലിക്കുകയാണ്. അതിന്റെ ഘടനയും വലുപ്പവുമൊക്കെയാവാം കാരണം. എന്നാല്‍, കൌതുകവസ്തുവെന്നതിനപ്പുറം പ്രാധാന്യമുള്ള കാര്യങ്ങളുണ്ടായിട്ടും അവയൊന്നും പരാമര്‍ശിക്കുന്നില്ല.

ആത്മകഥയുടെ ആദ്യ പതിപ്പില്‍ 116 പേജുകളാണുള്ളത്. ഒഴിഞ്ഞ താളുകളുടെ ലേഔട്ട് സാധ്യത പരമാവധി ഉപയോഗിച്ചിട്ടും 48 പേജില്‍ മാത്രമാണ് ആത്മകഥ. എന്നാല്‍, അക്ഷരങ്ങളുടെ വലുപ്പം കുറച്ചിട്ടും ‘സാമൂഹ്യപാഠങ്ങളും പ്രകൃതിപാഠങ്ങളും’ എന്ന് തലക്കെട്ടുള്ള എന്‍. പ്രഭാകരന്റെ അവതാരിക 21 പേജ് വരും. 48 പേജ് ആത്മകഥക്ക് 21 പേജ് അവതാരിക!

അനുബന്ധത്തില്‍ കൊടുത്ത, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ജാഫര്‍ പാലോട്ടിന്റെ ‘കണ്ടല്‍ക്കാടിന്റെ പാരിസ്ഥിതിക പ്രാധാന്യം’ എന്ന പ്രൌഡ പ്രബന്ധം 22 പേജ് വരും. ഡോക്യുമെന്ററി സംവിധായകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ബാബു കാമ്പ്രത്ത് കണ്ടല്‍ക്കാടുകളെക്കുറിച്ച് നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥയും, കെ.പി. രവിയും പൊക്കുടന്റെ മകന്‍ ആനന്ദനും എഴുതിയ കുറിപ്പുകളും എട്ടു പേജുകളുണ്ട്. താഹ മാടായി എഴുതിയ എഡിറ്ററുടെ പിന്‍കുറിപ്പ് നാല് പേജ് വരും.

അപ്പോള്‍, സ്ഥലപരിമിതിയായിരുന്നില്ല ആത്മകഥ ചെറുതാവാന്‍ കാരണമെന്ന് വ്യക്തമാവുന്നു.  മറിച്ച്,പൊക്കുടനെ വ്യത്യസ്തനായ പരിസ്ഥിതി പ്രവര്‍ത്തകനായി അവതരിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. ആ മനുഷ്യന്റെ ഭൂതകാലത്തിലെ സമരതീക്ഷ്ണതയും സി.പി.എമ്മിനും സാമുദായിക സംഘടനകള്‍ക്കും മറ്റ് രാഷ്ട്രീയ സംഘടനകള്‍ക്കുമെതിരെ ആശയാധിഷ്ഠിതമായി നടത്തിയ എതിര്‍പ്പുകളും ആത്മകഥയില്‍ വരുന്നില്ല. അത് കേട്ടെഴുത്തിലൂടെ നിര്‍മിക്കാന്‍ ഉദ്ദേശിച്ച പ്രതിച്ഛായയെ മാറ്റിത്തീര്‍ക്കുമെന്നതിനാലാണ് ഈ മുന്‍കരുതലെന്ന് പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ മനസ്സിലാവും.

ആദിമധ്യാന്ത പൊരുത്തമുള്ള ജീവിതമായല്ല, പൊക്കുടനെ ഇതില്‍  അവതരിപ്പിക്കുന്നത്. 15 ചെറുകുറിപ്പുകളിലൂടെയാണ് ആത്മകഥ ആവിഷ്കരിക്കുന്നത്. കുട്ടിക്കാലത്തെ ചില ഓര്‍മകള്‍, ജന്മിത്ത കാലത്തെ അടിയാള ജീവിതത്തിന്റെ ചിതറിയ ചിത്രങ്ങള്‍, അക്കാലത്തെ ഭക്ഷണം, പാര്‍പ്പിടം, പൂരം, വെള്ളപ്പൊക്കം, കോളറ എന്നിവയെക്കുറിച്ച തിരിഞ്ഞുനോട്ടങ്ങള്‍ എന്നിവയാണ് ഇതിലെ അഞ്ച് ഭാഗങ്ങള്‍.

മല്‍സ്യങ്ങള്‍,പക്ഷികള്‍, നീര്‍നായ, പെരുച്ചാഴി,കൈപ്പാമ്പ് എന്നിവയെക്കുറിച്ചുള്ള വ്യക്തിഗത അഭിപ്രായങ്ങളും നാട്ടറിവുകളുമാണ് മൂന്നു കുറിപ്പുകളില്‍. കണ്ടലുകളെക്കുറിച്ചുള്ള രണ്ട് കുറിപ്പുകളില്‍ ഒന്ന്, വിവിധയിനം കണ്ടല്‍ച്ചെടികളെക്കുറിച്ചാണ്. ഇതിന്റെ വിശദവും ശാസ്ത്രീയവുമായ രൂപമാണ്, തൊട്ടടുത്ത പേജുകളില്‍ വരുന്ന ജാഫര്‍ പാലോട്ടിന്റെ 22 പേ ജ് പഠനം.

അരിങ്ങളേയന്‍ ഗോവിന്ദന്‍ പറോട്ടിയുടെയും കല്ലേന്‍ വെള്ളച്ചിയുടെയും മൂന്നാമത്തെ മകനായി കണ്ണൂര്‍ ജില്ലയില്‍ ഏഴോം പഞ്ചായത്തിലെ എടക്കീല്‍ തറയില്‍ ജനിച്ച കല്ലേന്‍ പൊക്കുടന്റെ ഹ്രസ്വ ബയോഡാറ്റ പുസ്തകത്തിന്റെ തുടക്കത്തിലുണ്ട്. ഇതില്‍, പൊക്കുടന്റെ രാഷ്ട്രീയ, സാമുദായിക, പാരിസ്ഥിതിക ജീവിതങ്ങളെ ചെറു വാചകങ്ങളില്‍ രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഈ ജീവിതം ആത്മകഥയില്‍ കാണില്ല. ബയോഡാറ്റയിലെ സംഭവബഹുലമായഭൂതകാലവും പില്‍ക്കാല ജീവിതവും ‘ആത്മകഥ’യില്‍ നിന്ന് പുറത്താണ്.

കൌതുകകരമായ മറ്റൊരു സംഭവം ഇതിനിടക്കുണ്ട്. ആത്മകഥ ഇറങ്ങി മൂന്നു വര്‍ഷത്തിനു ശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പൊക്കുടന്റെ അഭിമുഖം വന്നു. ആത്മകഥ തയാറാക്കിയ താഹ മാടായി തന്നെയായിരുന്നു അഭിമുഖകാരന്‍. പാര്‍ട്ടിക്കുള്ളിലെ ജാതിയെക്കുറിച്ചും രാഷ്ട്രീയാനുഭവങ്ങളെക്കുറിച്ചുമാണ് പൊക്കുടന്‍ അഭിമുഖത്തില്‍ സംസാരിക്കുന്നത്. ആത്മകഥയില്‍നിന്ന് ഒഴിവാക്കിയ പൊക്കുടന്റെ രാഷ്ട്രീയ തലം. ആഴ്ചപ്പതിപ്പിലെ അഭിമുഖത്തിന് മാത്രം ചേരുന്നതും ആത്മകഥക്ക് ചേരാത്തതുമായിരിക്കണം അത്.


എന്‍. പ്രഭാകരന്‍ 

അവതാരികയുടെ രാഷ്ട്രീയം
2002 ഏപ്രില്‍ 19നാണ് എന്‍. പ്രഭാകരന്‍ ആത്മകഥയുടെ അവതാരിക തയാറാക്കുന്നത്. പാര്‍ട്ടിയോടുള്ള വിയോജിപ്പുകള്‍ അടുത്ത കാലത്തായി തുറന്നു പ്രകടിപ്പിക്കുന്ന എന്‍. പ്രഭാകരന്‍ അന്ന് സി.പി.എം സഹയാത്രികനായിരുന്നു.

ആത്മകഥയെ അതിന്റെ ഉറവിടങ്ങളില്‍ ചെന്നു തൊടുന്നതായിരുന്നു അവതാരിക. ഒരു സാധാരണ ജീവിതം ചെന്നെത്തുന്ന അസാധാരണ തലങ്ങള്‍ ആഹ്ലാദത്തോടെയും ആദരവോടെയും അത് നോക്കിക്കണ്ടു. ആത്മകഥ എന്ന ഗണത്തെയും (genre) അതില്‍ പ്രാന്തവത്കൃതരുടെ ഇടത്തെയും സൂക്ഷ്മമായി പരിശോധിക്കുന്നതാണ് അവതാരിക. ”’കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം’ പോലുള്ള കൃതികള്‍ മുന്നിലെ ത്തുമ്പോഴാണ് പഴയ ആധുനികതയുടെ അന്തഃസാര ശൂന്യത നമ്മെ ശരിക്കും അമ്പരപ്പിക്കുന്നത്”’ എന്ന വരികള്‍ ആത്മകഥയെ അവതാരിക നോക്കിക്കണ്ടതെങ്ങനെ എന്ന് വ്യക്തമാക്കുന്നു.

എന്നാല്‍, കേട്ടെഴുത്തും എഡിറ്റിംഗും സമര്‍ഥമായി നിര്‍വഹിച്ച പ്രതിച്ഛായയെ അതേ പടി നിഷ്കളങ്കമെന്നോണമാണ് അവതാരിക സ്വീകരിക്കുന്നത്. പൊക്കുടന്‍ എന്ന മനുഷ്യന്‍ പലപ്പോഴായി കുറിച്ചുവെച്ചതും ഈ പുസ്തകത്തിനു വേണ്ടി പല ദിവസങ്ങളിലായി നടത്തിയ അഭിമുഖങ്ങളില്‍ അദ്ദേഹം പറഞ്ഞതുമായ കാര്യങ്ങളില്‍ തികച്ചും അത്യാവശ്യമെന്ന് തോന്നിയ തിരുത്തലുകള്‍ മാത്രം വരുത്തി താഹ മാടായിയും സുഹൃത്തുക്കളും ചേര്‍ന്ന് തയാറാക്കിയതായാണ് ആത്മകഥയെ അവതാരിക വിശേഷിപ്പിക്കുന്നത്. ആത്മകഥയുടെതുടക്കത്തിലും എഡിറ്ററുടെ പിന്‍കുറിപ്പിലും ഇതുതന്നെയാണ് പറയുന്നത്.

മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഒരാളാണ് താനെന്നും മലയാളത്തില്‍ എത്ര അക്ഷരങ്ങളുണ്ടെന്ന് അറിയില്ലെന്നും ആത്മകഥയിലെ ആദ്യ കുറിപ്പുതന്നെ പറയുന്നു. വേറൊരാള്‍ക്ക് വായിച്ചാല്‍ മനസ്സിലാകാത്തവിധമുള്ള അക്ഷരങ്ങളില്‍ നേരത്തേ നോട്ടുപുസ്തകത്തില്‍ എഴുതിയ ആത്മകഥാശ്രമത്തെക്കുറിച്ചും ഈ കുറിപ്പ് വിശദീകരിക്കുന്നു. പൊക്കുടന്‍ പലപ്പോഴായികുറിച്ചു വെച്ചതില്‍നിന്ന് അവശ്യം തിരുത്തലുകള്‍ നടത്തി തയാറാക്കിയതാണ് ആത്മകഥയെന്ന വാദവുമായി ചേര്‍ന്നുപോവുന്നതല്ല ഈ സാഹചര്യം.

ആത്മകഥയുടെ ലാളിത്യത്തെയും ക്രമരാഹിത്യത്തെയും ഭാഷയെയും അവതാരിക സമീപിക്കുന്നത് നേരത്തേ സൂചിപ്പിച്ച നിലപാടില്‍ നിന്നുകൊണ്ടാണ്. കേട്ടെഴുത്തുകാരന്റെയും എഡിറ്ററുടെയും അധികാര, സ്വാതന്ത്യ്ര സാധ്യതകള്‍ പരിഗണിക്കാതെ ”സ്വാനുഭവങ്ങളില്‍ ഏറ്റവും പ്രസക്തമായവ മാത്രം തെരഞ്ഞെടുത്ത് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിക്കുക എന്നതാണ്ഈ ആത്മകഥാകാരന്‍ സ്വീകരിച്ച രീതി”യെന്ന് അവതാരിക വിലയിരുത്തുന്നത് അതുകൊണ്ടാണ്.

‘കല്ലേന്‍ പൊക്കുടന്‍ എന്ന വ്യക്തിയുടേതില്‍ കവിഞ്ഞ് അദ്ദേഹം ഉള്‍പ്പെടുന്ന ജനവിഭാഗത്തിന്റെതന്നെ ആഖ്യാനരീതിയുടെ സവിശേഷത”യായി അവതാരിക വിശേഷിപ്പിക്കുന്നത് കേട്ടെഴുത്തുകാരന്റെ മുന്‍ഗണനാക്രമങ്ങള്‍ക്കനുസരിച്ച് രൂപംകൊണ്ട ആഖ്യാനരീതിയെയാണ്. പൊക്കുടന്റെ ഭാഷയെക്കുറിച്ചും അവതാരിക വാചാലമാവുന്നു. പുലയഭാഷാഭേദം എന്നു വിളിക്കാനാവാത്ത, അച്ചടി ഭാഷയുടെ ചിട്ടകള്‍ക്ക് പൂര്‍ണമായി വഴങ്ങിക്കൊടുക്കാത്ത ഒന്നായാണ് ആത്മകഥയിലെ ഭാഷയെ അവതാരിക പരിഗണിക്കുന്നത്.

”നിരലംകൃതതമായ വസ്തുതാ വിവരണങ്ങളുടെ സമാഹാര”മാണ് ഇതിലെ ആഖ്യാനരീതിയെന്ന് അത് പറയുന്നു. ”പ്രകൃതിയുമായുള്ള ആത്മബന്ധത്തിനും അനുഭവങ്ങളിലൂടെ ആര്‍ജിച്ച ധാരണകള്‍ക്കും ഭാഷാരൂപം നല്‍കുമ്പോള്‍ സ്വാഭാവികമായിവന്നു ചേരുന്ന തുടിപ്പുകള്‍” മാത്രമാണ് പക്ഷികളെയും മീനുകളെയും കുറിച്ച് പറയുമ്പോള്‍ ഭാഷക്കുണ്ടാവുന്ന തെളിമയും തിളക്കവുമെന്നും അവതാരിക നിരീക്ഷിക്കുന്നു.

എന്നാല്‍, ആത്മകഥയിലെ ഈ ഭാഷ ഒരു പ്രത്യേക തരം ചേരുവയാണ്. ചില കുറിപ്പുകളിലെ ആഖ്യാനം ഋജുവും സരളവും നേര്‍ക്കുനേര്‍ പറച്ചിലുമാണ്. എന്നാല്‍, മറ്റ് ചിലയിടങ്ങളില്‍ അതിന് ഗഹനതയും അലങ്കാരത്തൊങ്ങലുകളുമുണ്ട്. പഴയങ്ങാടി പ്രദേശത്തെ കീഴാള ഭാഷയുടെ പച്ചപ്പാണ് ചില ഭാഗങ്ങളില്‍. എന്നാല്‍, മറ്റു ചിലയിടങ്ങളില്‍ അത് അച്ചടി ഭാഷയും സാഹിത്യ ഭാഷയുമാവുന്നു. ഒരേ കുറിപ്പില്‍തന്നെ ഭാഷയുടെ വ്യത്യസ്തതകള്‍ കടന്നുവരുന്ന അനുഭവങ്ങളുമുണ്ട്. ചിലയിടങ്ങളില്‍ ദെയ്വം എന്നും മറ്റ് ചില സ്ഥലത്ത് ദൈവം എന്നും കാണുന്നു; കല്യാണം എന്ന് എഴുതിയതിന് താഴെ മങ്ങലം എന്നും. പ്രാദേശിക ഭാഷാഭേദവും മാനക ഭാഷയും കലങ്ങി മറിഞ്ഞ ഈ അവിയലിനെയാണ് ഭാഷയുടെ സ്വാഭാവികതയായും മൊത്തത്തിലുള്ള നാട്യമില്ലായ്മയായും അവതാരിക വായിച്ചെടുക്കുന്നത്.

ആത്മകഥയിലെ കേട്ടെഴുത്തുകാരന്റെയും എഡിറ്ററുടെയും സാന്നിധ്യത്തെ പരിഗണിക്കാതെ ഭാഷയെയും ആഖ്യാനത്തെയും കീഴാളവും സ്വാഭാവികവുമായി കാണുകയാണ് അവതാരിക. വാലും തലയുമില്ലാത്ത ആത്മകഥയുടെ ഘടനയെക്കുറിച്ച് അവതാരിക ഇങ്ങനെ പറയുന്നു:  ”ക്രമമില്ലായ്മയുടെ ക്രമം കൈവരിച്ചതിലൂടെ ഈ കൃതി യഥാര്‍ഥത്തില്‍ തന്റെ കീഴാള സ്വത്വത്തിന് അടിവരയിടുകയാണ്.”

മറ്റൊരാളുടെ ബോധപൂര്‍വമായ ശ്രമങ്ങളാല്‍ തയാറാക്കപ്പെട്ട ആത്മകഥയെ സ്വാഭാവികമായ ഒന്നായി കണ്ടിടത്താണ് അവതാരിക വഴിതെറ്റിപ്പോവുന്നത്. എന്നാല്‍, ഈ വഴിതെറ്റലിനപ്പുറം അവതാരിക ബോധപൂര്‍വം ആത്മകഥയെ വഴിതെറ്റിക്കുന്നുമുണ്ട്. ജാതിയെയും പരിസ്ഥിതിയെയും കുറിച്ചുള്ള നിരീക്ഷണങ്ങളിലൂടെയാണ് ഇത്.

പാര്‍ട്ടിയിലെ ജാതിമേല്‍ക്കോയ്മ സൃഷ്ടിച്ച ശൂന്യതയില്‍ സാമുദായിക രാഷ്ട്രീയത്തിലേക്കും അവിടെനിന്ന് പരിസ്ഥിതിവാദത്തിലേക്കും ആശയപരമായി ചുവടുമാറ്റുന്ന പൊക്കുടന്റെ ജീവിതത്തെ വര്‍ഗരാഷ്ട്രീയവുമായും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായും കെട്ടിയിടുന്നുണ്ട് അവതാരിക. ഒരാളുടെ ജീവിതത്തിന്റെ ഒരു ഘട്ടം മാത്രം പൊലിപ്പിച്ച് ആത്മകഥ നിര്‍മിക്കുന്ന പ്രതിച്ഛായയെ അയാളുടെ രാഷ്ട്രീയത്തിനും ദര്‍ശനത്തിനും നേര്‍ വിപരീതമായ മറ്റൊരിടത്ത് കെട്ടിയിടുകയാണ് അവതാരിക ചെയ്യുന്നത്.

ദലിത് രാഷ്ട്രീയത്തോട് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പുലര്‍ത്തുന്ന അസഹിഷ്ണുതതന്നെയാണ് അവതാരികയും മുന്നോട്ടു വെക്കുന്നത്. കാഞ്ച ഇളയ്യ ഉന്നയിക്കുന്ന ദലിത് വത്കരണം എന്ന ആശയത്തെ വര്‍ഗരാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടില്‍ കീറിമുറിച്ചാണ് ഇത് സാധ്യമാക്കുന്നത്. മാര്‍ക്സിസ്റ്റ് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന്റെ നിരീക്ഷണങ്ങള്‍ ആധാരമാക്കിയാണ് ഇത് പ്രാവര്‍ത്തികമാക്കുന്നത്.

ജാതി തിരിഞ്ഞുള്ള സംഘം ചേരലുകളല്ല, വര്‍ഗാടിസ്ഥാനത്തിലുള്ള സമരമുഖങ്ങളാണ് തുറക്കപ്പെടേണ്ടതെന്ന വിശ്വാസത്തിന്റെ ബലത്തില്‍ അവതാരിക പൊക്കുടനെക്കുറിച്ച് ഇങ്ങനെ പറയുന്നു: ”ജാതിയുടെ കാര്യത്തില്‍ പൊക്കുടേട്ടന്റെ വീക്ഷണം ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി കുറേക്കൂടി യാഥാര്‍ഥ്യബോധത്തില്‍ അധിഷ്ഠിതമാണ്. കീഴാളരുടെ പ്രശ്നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണണമെന്നൊന്നും അദ്ദേഹം നിര്‍ദേശിക്കുന്നില്ല. പക്ഷേ, ജാതിയേക്കാള്‍ വലിയ വേര്‍തിരിവ് വര്‍ഗത്തിന്റേതാണെന്നും ആ അന്തരം ഇല്ലാതാക്കുന്നതിലൂടെയേ എല്ലാ മനുഷ്യരുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരമാവൂ എന്നുമുള്ള നിലപാട് ഈ ആത്മകഥയിലൊരിടത്ത് അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്”.

വര്‍ഗരാഷ്ട്രീയത്തിനകത്തെ ജാതി മേല്‍ക്കോയ്മയെ തുടര്‍ന്ന് പാര്‍ട്ടി വിടുകയും സമുദായ പ്രവര്‍ത്തനങ്ങളിലേക്കിറങ്ങുകയും ചെയ്ത ഒരാളാണ് ആത്മകഥക്കു പുറത്തെ പൊക്കുടന്‍. ഹരിജന്‍ സമാജവും കല്ലറ സുകുമാരന്റെ ഹരിജന്‍ ഫെഡറേഷനും ലയിക്കുന്ന കോട്ടയം സമ്മേളനത്തിന് പഴയങ്ങാടി നിന്ന് വണ്ടി കയറുന്ന പൊക്കുടന്‍ വ്യക്തമായ ദലിത് രാഷ്ട്രീയ ബോധം കൊണ്ടുനടക്കുന്നയാളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷത്തിന് പകരം ബി.എസ്.പി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് പറഞ്ഞ് പത്രസമ്മേളനം നടത്തിയ ആള്‍. അങ്ങനെയൊരാളെയാണ് അവതാരിക അയാള്‍ ഒരിക്കല്‍ കൈയൊഴിഞ്ഞ വര്‍ഗരാഷ്ട്രീയത്തോട് വീണ്ടും കൂട്ടിച്ചേര്‍ക്കുന്നത്.

പൊക്കുടന്റെ ജാതി -രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്ന ആത്മകഥയിലെ ഒരു ഉദ്ധരണി ഉപയോഗിച്ചാണ്അവതാരിക സ്വതാല്‍പര്യം സമര്‍ഥിക്കുന്നത്. അതിങ്ങനെ: ”ഒരുപാട് പ്രലോഭനങ്ങള്‍ ഉണ്ടായിട്ടും താന്‍ ക്രിസ്തുമതം സ്വീകരിക്കാതിരുന്ന കാര്യം വ്യക്തമാക്കിയശേഷം അദ്ദേഹം എഴുതുന്നു: “ഒരു ജാതിയുടെ പേരിലുള്ള നുകം മറ്റൊരു മതത്തിന്റെ പേരില്‍ വെച്ചുകെട്ടിയാല്‍ തീരുന്നവയല്ല മനുഷ്യന്റെ പ്രശ്നങ്ങള്‍ എന്ന് എനിക്കു തോന്നി.”

ഇങ്ങനെ ഒരു ഉദ്ധരണി, എന്നാല്‍, നമുക്ക് പുസ്തകത്തില്‍ കാണാനാവില്ല. എന്നാല്‍, 50ാം പേജില്‍ ഇതു പോലെ വായിക്കാം: ”ഒരു മതത്തിന്റെ പേരിലുള്ള നുകം മറ്റൊരു മതത്തിന്റെ പേരില്‍ വെച്ചുകെട്ടിയാല്‍ തീരുന്നവയല്ല മനുഷ്യന്റെ പ്രശ്നങ്ങള്‍ എന്ന് എനിക്ക് തോന്നി.”

മതത്തിന്റെ പേരിലുള്ള നുകം എന്ന വാക്യം അവതാരികയില്‍ എത്തുമ്പോള്‍ ജാതിയുടെ പേരിലുള്ള നുകം എന്നാവുന്നത് ശ്രദ്ധിക്കുക. ബോധപൂര്‍വമോ അല്ലെങ്കിലോ, മതത്തിനു പകരം ജാതി എന്ന് വരുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അവതാരികയുടെ രാഷ്ട്രീയം വെളിപ്പെടുത്തുന്നുണ്ട്.

ജാതിരാഷ്ട്രീയത്തെ തുടര്‍ന്ന് അവതാരിക വിശകലനം ചെയ്യുന്നത് പരിസ്ഥിതി രാഷ്ട്രീയത്തെയാണ്. പാരിസ്ഥിതിക അവബോധത്തിന്റെ പുരോഗമന സ്വഭാവത്തെയാണ് അവതാരിക ഉയര്‍ത്തിപ്പിടിക്കുന്നത്. പരിസ്ഥിതി സംരക്ഷണവുമായി കൈകോര്‍ത്തു നീങ്ങുന്ന പ്രകൃതിചികില്‍സയുടെയും പ്രകൃതി ജീവനത്തിന്‍െറയും പുരോഗമന വിരുദ്ധത കാര്യമായി പഠിക്കുന്നുണ്ട് അവതാരിക.

മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാരായ ഡി.ഡി. കൊസാംബിയെയും ഇര്‍ഫാന്‍ ഹബീബിനെയും ഉദ്ധരിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഒപ്പം, ഇക്കോളജിസ്റ്റായ മാധവ് ഗാഡ്ഗിലും സാമൂഹിക ശാസ്ത്രജ്ഞനായ രാമചന്ദ്ര ഗുഹയും ചേര്‍ന്നെഴുതിയ The Fissured Land എന്ന പുസ്തകത്തിന് ശാസ്ത്ര സാഹിത്യ പരിഷത്ത് തയാറാക്കി പ്രസിദ്ധീകരിച്ച ‘വിണ്ടുകീറിയ ഭൂമി’യുടെ പരിഭാഷയും ഉദ്ധരിക്കുന്നു.

വനഭൂമിക്കു മേലുള്ള ആദിവാസികളുടെ അവകാശവുമായി ബന്ധപ്പെട്ട വനനിയമ ലംഘന പ്രസ്ഥാനത്തെക്കുറിച്ചുള്ള കാര്യങ്ങളാണ് ഉദ്ധരിച്ചത്. 1946ല്‍ കര്‍ഷകസംഘം ചീമേനിയില്‍ നടത്തിയ തോല്‍ വിറക് സമരത്തിന് കെ.എ. കേരളീയന്‍ രചിച്ച പാട്ടിലെ വരികളും ഇതോടൊപ്പം അവതാരിക കൂട്ടിവായിക്കുന്നു. പാരിസ്ഥിതിക അവബോധത്തിന്റെ പുരോഗമന സ്വഭാവത്തെക്കുറിച്ച് സൂചിപ്പിക്കാനാണ് ഇതെല്ലാം.

കൌതുകകരമായ ഒരു വസ്തുത, മാധവ് ഗാഡ്ഗിലും ഗുഹയും ചേര്‍ന്നെഴുതിയ പുസ്തകം പരിസ്ഥിതി വിശകലനങ്ങളിലെ മാര്‍ക്സിസ്റ്റ് ഇടപെടലുകളെ നിരാകരിക്കുന്നതാണ്എന്നതാണ്. പുസ്തകത്തിന്റെ തുടക്കത്തില്‍തന്നെ ഇക്കാര്യം വിശദമാക്കുന്നുണ്ട്. ഉല്‍പാദനബന്ധങ്ങളിലും ഉല്‍പാദനശക്തികളിലും അധിഷ്ഠിതമായ മാര്‍ക്സിസ്റ്റ് വിശകലനത്തിന് പ്രകൃതിയെയും പരിസ്ഥിതിയെയും കൈകാര്യം ചെയ്യാനാവില്ലെന്ന് 12ാം പേജില്‍ പറയുന്നു. യന്ത്രവത്കരണത്തെയും വികസനത്തെയും അഭിമുഖീകരിക്കുന്നതില്‍ മാര്‍ക്സിസ്റ്റ്, സാമ്രാജ്യത്വ വിശകലനങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലെന്ന്തൊട്ടടുത്ത പേജിലും വ്യക്തമാക്കുന്നു. വിതരണത്തിന്റെ കാര്യത്തിലല്ലാതെ, പ്രകൃതിയോടുള്ള കാഴ്ചപ്പാടിന്റെ കാര്യത്തില്‍ ഇരു വീക്ഷണങ്ങളും ഒരേ നിലപാട് സ്വീകരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ പാരിസ്ഥിതിക വിശകലന രീതികളാണ് ഉപയോഗിക്കേണ്ടതെന്നും പുസ്തകം പറയുന്നു (The Fissured Land).

എന്നാല്‍, പാരിസ്ഥിതിക വിശകലനമല്ല, മാര്‍ക്സിസ്റ്റ് വിശകലനമാണ് അവതാരിക മുന്നോട്ടു വെക്കുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങളോടുള്ള മാര്‍ക്സിസ്റ്റ് വീക്ഷണം സാധൂകരിക്കുന്നതിന് ‘വിണ്ടുകീറിയ ഭൂമി’യിലെ അനുയോജ്യ ഉദ്ധരണികള്‍ഉപയോഗിക്കുന്ന അവതാരിക ആ പുസ്തകത്തിന്റെ പൊതുവീക്ഷണം അവഗണിക്കുകയാണ്. ഈ നിലപാടുകളില്‍ നിന്നുകൊണ്ട് അവതാരിക പൊക്കുടനെ ഇങ്ങനെ കാണുന്നു: ”പൊക്കുടേട്ടന്റെ പ്രകൃതിദര്‍ശനത്തിന് മുകളില്‍ വിവരിച്ച ഏതെങ്കിലും തരത്തിലുള്ള പ്രതിലോമപരതയില്ല. മനുഷ്യരും പക്ഷികളും പലതരം മീനുകളും കൈപ്പാമ്പും കണ്ടല്‍മരങ്ങളുമെല്ലാം തുല്യ പരിഗണനയോടെ നിലനില്‍ക്കുന്ന ലോകമാണ്അദ്ദേഹത്തിന്റേത്.”

പലരുമായ ഒരാളെ ഒന്നു മാത്രമായി ആത്മകഥ ചുരുക്കുമ്പോള്‍, അതിലൂന്നി  അയാളുടെ രാഷ്ട്രീയ, ജീവിത ദര്‍ശനങ്ങളെ കീഴ്മേല്‍ മറിച്ചിടുകയാണ് അവതാരിക. ഇത് രണ്ടും ചേര്‍ന്നാണ് പൊക്കുടനെന്ന, പൊതുസമൂഹത്തിന് സ്വീകാര്യനായ പ്രതിച്ഛായ സൃഷ്ടിക്കുന്നത്.


ശ്രീജിത്ത് പൈതലേന്‍

ആത്മകഥക്കു പുറത്ത് പൊക്കുടന്റെ ജീവിതം
ആര്‍ക്കും വേണ്ടിയല്ലാതെ കണ്ടല്‍ നട്ടു വളര്‍ത്തുന്ന ഒരാള്‍ എന്ന നിലയിലാണ് പൊക്കുടന്‍ പ്രശസ്തനാവുന്നത്. വീടിന് മുന്നിലെ കൈപ്പാട് നിലങ്ങളോട് ചേര്‍ന്ന ചിറയിലെ ചളിനിലത്തിലൂടെ കുട്ടികള്‍ നടന്നുപോവുന്നത് കണ്ടാണ് കണ്ടലിലേക്ക് ചിന്ത പോയതെന്ന് പൊക്കുടന്‍ പറയുന്നു. കണ്ടലുകളുടെ പ്രാധാന്യം പണ്ടേക്കു പണ്ടേ അറിയാമായിരുന്നു.അങ്ങനെയാണ്, കൂര്‍ത്ത മുനയുള്ളപ്രാന്തന്‍ കണ്ടലിന്റെ വിത്തുകള്‍ ചതുപ്പു നിലത്ത് ആഴ്ത്തി നട്ടു തുടങ്ങുന്നത്.

പാര്‍ട്ടിയും സമുദായവും കൈയൊഴിഞ്ഞ ഏകാന്ത കാലം മുറിച്ചുകടക്കാനുള്ള മാര്‍ഗമായിരുന്നു അത്. തൊട്ടടുത്ത പ്രദേശമായ പയ്യന്നൂരിലെ പരിസ്ഥിതി പ്രവര്‍ത്തകരും അന്ന് വിദ്യാര്‍ഥിയായിരുന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ജാഫര്‍ പാലോട്ടുമൊക്കെയാണ് പൊക്കുടനെ കണ്ടെത്തിയത്. നിസ്വാര്‍ഥമായി കണ്ടല്‍ നട്ടുകൊണ്ടേയിരിക്കുന്ന വൃദ്ധന് അവര്‍ ഇടം കൊടുത്തു. പതിയെ,വനം വകുപ്പും മറ്റ് സംഘടനകളുമെല്ലാം പൊക്കുടനെ തിരിച്ചറിഞ്ഞു. ഇതിനിടയിലാണ് ‘കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം പുറത്തിറങ്ങിയത്. പുസ്തകമിറങ്ങിയതോടെ സംസ്ഥാന വ്യാപകമായി സ്വീകാര്യത ലഭിച്ചു. നിരവധി പുരസ്കാരങ്ങളും സാമൂഹിക അംഗീകാരവും ലഭിച്ചു. ഇതിനു ശേഷം വനംവകുപ്പിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

മറ്റ് നിരവധി സ്ഥലങ്ങളില്‍ കണ്ടല്‍ നട്ടുപിടിപ്പിച്ചു. ആവശ്യക്കാര്‍ക്ക് ചെറിയ കാശിന് കണ്ടല്‍ത്തൈകള്‍ ശേഖരിച്ചു നല്‍കാനും തുടങ്ങി.വീടിനു മുന്നിലെ ചെറുവഴിക്കിരുപുറവും നട്ടുപിടിപ്പിച്ച പതിനായിരത്തിലേറെ കണ്ടല്‍ക്കാടുകളാണ് പൊക്കുടനെ പ്രശസ്തനാക്കിയത്.

എന്നാല്‍, പ്രശസ്തി മാത്രമേ ബാക്കി നിന്നുള്ളൂ. പ്രാദേശികവും വ്യക്തിപരവുമായ ചിലരുടെ അസഹിഷ്ണുത ആ കണ്ടല്‍ച്ചെടികളെ മുഴുവന്‍ നശിപ്പിച്ചു. റോഡ് നിര്‍മാണത്തിന്‍െറ മറവിലാണ് മക്കളെപ്പോലെ പൊക്കുടന്‍ സ്നേഹിച്ച കണ്ടല്‍ക്കാടുകള്‍ വെട്ടിമുറിച്ചു കളഞ്ഞത്. ഇത് കണ്ട് അന്വേഷിക്കാന്‍ ചെന്ന പൊക്കുടനെയും ഭാര്യയെയും അവിടെ വെച്ചുതന്നെ ഇവര്‍ ക്രൂരമായി മര്‍ദിച്ചു.സി.പി.എമ്മില്‍നിന്ന് അകന്നുനിന്നതിനാല്‍, പഞ്ചായത്തോ മറ്റാരെങ്കിലോ സഹായത്തിനെത്തില്ല എന്ന ഉറപ്പിലായിരുന്നു മര്‍ദനം.

മുത്തങ്ങ കാലത്ത് ആദിവാസി നേതാവിന്റെ വേഷമിട്ട പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ശ്രീരാമന്‍ കൊയ്യോന്റെ നേതൃത്വത്തിലാണ് കണ്ടല്‍ നശിപ്പിച്ചതും മര്‍ദനം അഴിച്ചുവിട്ടതുമെന്ന് പൊക്കുടന്‍ പറയുന്നു. കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുകയുംപ്രകോപനപരമായി ഇടപെടുകയും ചെയ്യുന്ന പ്രകൃതവും പരിസ്ഥിതിപ്രവര്‍ത്തകനെന്ന പ്രശസ്തിയോടുള്ള അസഹിഷ്ണുത നിറഞ്ഞ അസൂയയുമാണ് ഈ എതിര്‍പ്പിന് വഴിയൊരുക്കിയതെന്നും അദ്ദേഹം വിശ്വസിക്കുന്നു.

എന്നും നടന്നുപോവുന്ന വഴിയിലാണ് കണ്ടലുകള്‍ മുറിച്ചിട്ടത്. ഇവ നീക്കം ചെയ്യാതെ ഇട്ടു. ഈ അവസ്ഥ താങ്ങാനാവുമായിരുന്നില്ല പൊക്കുടന്. വിഷാദവും മനോരോഗവുമായിരുന്നു ഫലം. ഏറെ നാള്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. സ്വന്തം നാട്ടില്‍ ഇനി കണ്ടല്‍ നടില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും പോവുന്ന വഴിയില്‍ കണ്ടല്‍ കാണാതിരിക്കുന്നത് അസഹ്യമായതിനാല്‍ സമീപത്തെ കൈപ്പാട് വയലില്‍ കുറെ കണ്ടലുകള്‍ ഒന്നിച്ചുനട്ടു. അതിപ്പോള്‍ ഒരു തുരുത്തുപോലെ നില്‍ക്കുന്നുണ്ട്.

ഇപ്പോഴും സാമൂഹികമായ ഭ്രഷ്ടിന്റെ അവസ്ഥയില്‍തന്നെയാണ് പൊക്കുടന്റെ കുടുംബം. നിലപാടുകളില്‍ ഒരു മയവും വരുത്താത്തതിനാല്‍ ശത്രുക്കള്‍ കുറയുന്നേയില്ല. ”ഒരു കാര്യത്തിനും ആരും സഹായിക്കില്ല. ആരും ഇവിടെ വരില്ല. സംസാരിക്കില്ല. താങ്ങാനാവാത്ത അവസ്ഥയായിരുന്നു. ഇപ്പോഴും അത് മാറിയിട്ടില്ല” -കഴിഞ്ഞു പോവുന്നത് എങ്ങനെയെന്ന് പൊക്കുടന്റെ ഭാര്യ മീനാക്ഷി വിശദീകരിക്കുന്നു.

”അടിയും ഉപദ്രവവും എല്ലാംകൂടി വല്ലാത്ത സ്ഥിതിയായപ്പോള്‍ ഒരിക്കല്‍ ഞാന്‍പോലും ചോദിച്ചു പോയി, ‘നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ ഈ കണ്ടലും നട്ട് നാട്ടുകാരുടെ വെറുപ്പ് വാങ്ങാന്‍”’ -മീനാക്ഷി പറയുന്നു.

എല്ലാം കേട്ടിട്ടും മടുപ്പില്ലാതെ പൊക്കുടന്‍ പഴയപോലെ തുടരുന്നു.

കണ്ടലുകള്‍ നട്ടതിനെ തുടര്‍ന്നുണ്ടായ ആക്രമണങ്ങളും സാമൂഹികമായ ഒറ്റപ്പെടുത്തലുമൊന്നും ആദ്യആത്മകഥയില്‍ വന്നിട്ടേയില്ല. പാര്‍ട്ടി വിടാനുണ്ടായ കാരണങ്ങളും ആത്മകഥയില്‍ വരുന്നില്ല.

”ഒരു പുലയനെയൊന്നും സഹിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല. ഇക്കാര്യം പലതവണ ബോധ്യമായി. ഇതിനിടെയുണ്ടായ രണ്ട് സംഭവങ്ങള്‍, ഇനി മുന്നോട്ടു പോവാനാവില്ല എന്ന് തീര്‍ച്ചവരുത്തി” – പൊക്കുടന്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കാനുണ്ടായ കാരണങ്ങള്‍ പറയുന്നു.

1968-69 കാലത്തെ ഏഴോം കര്‍ഷകത്തൊഴിലാളി സമരവുമായി ബന്ധപ്പെട്ടാണ് പൊക്കുടന്‍ പരാമര്‍ശിക്കുന്ന രണ്ട് സംഭവങ്ങളും ഉണ്ടായത്.  കര്‍ഷകത്തൊഴിലാളി സമരങ്ങളിലും ഭൂപരിഷ്കരണ നിയമത്തിന്റെ ഭാഗമായി ഭൂമി അളന്നു കൊടുക്കലുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയായിരിക്കെയാണ് ഏഴോം കര്‍ഷകത്തൊഴിലാളി സമരം നടക്കുന്നത്. പാര്‍ട്ടി അംഗവും പ്രദേശത്തെ കര്‍ഷക – കര്‍ഷകത്തൊഴിലാളി സംഘടനകളുടെ അവിഭാജ്യ ഘടകവുമായിരുന്നു അന്ന് പൊക്കുടന്‍.

കൈപ്പാട് നിലങ്ങളുടെ നാടാണ്പൊക്കുടന്റേത്. ഒരു വിള നെല്‍കൃഷിയും അത് കഴിഞ്ഞ് ചെമ്മീന്‍കെട്ടുമാണ് കൈപ്പാട് വയലുകളുടെ രീതി. ജന്മിത്തം കൊടികുത്തിയ കാലത്ത്, ദലിത് വിഭാഗത്തില്‍പെടുന്ന തൊഴിലാളികളുടെ ജീവിതം ഈ വയലുകളുമായി ബന്ധപ്പെട്ടായിരുന്നു. കൈപ്പാട് നിലങ്ങളിലെ ചെമ്മീന്‍കെട്ടുമായി ബന്ധപ്പെട്ട പ്രശ്നമാണ്ഏഴോം സമരത്തിന് കാരണം. കൃഷിതുടങ്ങേണ്ട സമയമായിട്ടും ചെമ്മീന്‍കെട്ട് പൊളിക്കാത്തതിനാല്‍, തൊഴിലില്ലാതായവര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ നടത്തിയ സമരമായിരുന്നു അത്.

കെട്ട് പൊളിക്കില്ലെന്ന് കരാറുകാര്‍ വാശിപിടിച്ചപ്പോള്‍ കെട്ടുപൊളിച്ച് കൃഷി ആരംഭിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ജന്മി ദൂരെ ആലക്കോടുനിന്ന് തടിമാടന്മാരായ ആറ് കാവല്‍ക്കാരെ കൊണ്ടുവന്നു. സമരനേതാക്കളായ പൊക്കുടനെയും സുഹൃത്ത് കാഞ്ഞിരനെയും കൊല്ലാന്‍ കാവല്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പാര്‍ട്ടിതീരുമാന പ്രകാരം രാത്രിയില്‍ ചെമ്മീന്‍കെട്ടിലേക്ക് മാര്‍ച്ച് ചെയ്തവരെ കാവല്‍ക്കാര്‍ തടഞ്ഞു. അങ്ങോട്ടുമിങ്ങോട്ടും മണ്‍കട്ടകൊണ്ടുള്ള ഏറുണ്ടായി. ഇതിനിടെ, കുഞ്ഞാലി എന്ന കാവല്‍ക്കാരന്‍ കാല്‍വഴുതി വെള്ളത്തില്‍ വീണ് കൊല്ലപ്പെട്ടു. കൊലക്കേസില്‍ പൊക്കുടന്‍ അടക്കമുള്ള തൊഴിലാളികള്‍ പ്രതികളായി. കുറച്ചു നാള്‍ മാറിനിന്നെങ്കിലും പാര്‍ട്ടി നിര്‍ദേശപ്രകാരം കോടതിയില്‍ കീഴടങ്ങി. പാര്‍ട്ടി ഇടപെടലിനെ തുടര്‍ന്നുണ്ടായ മധ്യസ്ഥതയിലൂടെ കേസ് ഇല്ലാതായി. എന്നാല്‍, കേസിനിടെരണ്ട് സംഭവങ്ങള്‍ പൊക്കുടനെ മുറിവേല്‍പിച്ചു.

വിചാരണ സമയത്ത് തലശ്ശേരിയില്‍ മുറിയെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായതാണ് ആദ്യ സംഭവം. പൊക്കുടനും കാഞ്ഞിരനും മാത്രമായിരുന്നു പ്രതികളിലെ ദലിതര്‍. മറ്റു ള്ളവര്‍ മേല്‍ജാതിക്കാര്‍. ലോഡ്ജില്‍ ചെന്നപ്പോള്‍ കൂടെയുള്ളവര്‍ പറഞ്ഞു, ”പൊക്കുടനും കാഞ്ഞിരനും വേറെ മുറിയില്‍ കിടന്നാല്‍ മതി.”

”ഞങ്ങള് നിങ്ങളെ മുറിയില്‍ കിടന്നാല്‍ എന്താ പ്രശ്നം” -പൊക്കുടന്‍ ചോദ്യം ചെയ്തപ്പോള്‍ അവര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. ”പാര്‍ട്ടിയില് പുലയന് സ്ഥാനമില്ലെന്ന് അന്ന് മനസ്സിലായി. വല്ലാത്ത മുറിവായിരുന്നു അത്. ചോര നീരാക്കി വളര്‍ത്തിയ പാര്‍ട്ടിക്കും എന്നെ മനുഷ്യനായി കാണാന്‍ പറ്റില്ലെന്ന് മനസ്സിലായപ്പോള്‍ വല്ലാതെ വേദനിച്ചു” – പൊക്കുടന്‍ ആ അനുഭവം ഓര്‍ത്തെടുക്കുന്നു.

കേസ് തീര്‍ന്നതിനെ തുടര്‍ന്ന് ചെമ്മീന്‍കെട്ട് കരാറുകാരും തൊഴിലാളികളുമായി ഉണ്ടാക്കിയ വ്യവസ്ഥയിലെ പണവിതരണവുമായി ബന്ധപ്പെട്ടതായിരുന്നു രണ്ടാമത്തെ പ്രശ്നം. സമരം ചെയ്തത് കര്‍ഷകത്തൊഴിലാളികളാണെങ്കിലും ആനുകൂല്യം കിട്ടിയത് കര്‍ഷകര്‍ക്കാണ്. ഒറ്റ ദലിതനുമുണ്ടായിരുന്നില്ല അവരില്‍.

പാര്‍ട്ടിയാണ് ധനവിതരണത്തിന്‍െറ മുഴുവന്‍ കാര്യങ്ങളും തീരുമാനിച്ചത്. പാര്‍ട്ടി വഴി തന്നെയായിരുന്നു വിതരണം. പിന്നീട്, ഓഫീസര്‍ കുഞ്ഞമ്പു എന്നറിയപ്പെടുന്ന ദലിത് വിഭാഗക്കാരനായ പഞ്ചായത്ത് സെക്രട്ടറി പണവിതരണത്തില്‍ നിന്ന് പാര്‍ട്ടിയെ ഒഴിവാക്കി. ബാങ്കു വഴി പണം വിതരണം ചെയ്യാന്‍ ഏര്‍പ്പാടുണ്ടായി.”പാര്‍ട്ടിയിലും രണ്ട് തരമുണ്ടെന്ന് അതോടെ പൂര്‍ണ ബോധ്യമായി. രണ്ടാംതരക്കാരനായി പാര്‍ട്ടിയില്‍ നില്‍ക്കാനാവില്ലായിരുന്നു. അങ്ങനെയാണ് പുറത്തുകടക്കുന്നത്” -പൊക്കുടന്റെ വാക്കുകള്‍.

പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് സമുദായ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. വലിയനിരാശയുടെ കാലമായിരുന്നു. കല്ലറ സുകുമാരന്റെ നേതൃത്വം അംഗീകരിക്കുകയും ലയന സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. പാര്‍ട്ടി വിട്ട ശേഷം ഒന്നര വര്‍ഷത്തോളം നിര്‍ജീവമായ പൊക്കുടന്‍ ഇതിനു ശേഷം സമുദായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഇത് പാര്‍ട്ടി എതിര്‍ത്തു. സമുദായാംഗങ്ങളുടെ യോഗം വിളിച്ചു ചേര്‍ത്തപ്പോള്‍ ഭീഷണിയുണ്ടായി. വകവെക്കാതെ യോഗത്തിനു പോയി. മടങ്ങുമ്പോള്‍, ക്രൂരമായി മര്‍ദിക്കപ്പെട്ടു. ”നിനക്ക് ഇപ്പോള്‍ എവിടുന്നാടാ സമുദായം” എന്ന് ചോദിച്ചായിരുന്നു മര്‍ദനം. ബഹളം കേട്ടെത്തിയ സമുദായാംഗങ്ങള്‍തന്നെ എരിപുരം ഗവ. ആശുപത്രിയിലാക്കി. ആ കേസ് പിന്നെ കോംപ്രമൈസ് ആയി.

”അച്ഛന്‍ ഏറ്റവുമധികം വേദനിച്ചത് പാര്‍ട്ടിക്കാര്‍ തല്ലിയപ്പോഴാണ്. പാര്‍ട്ടി വിട്ടിട്ടും, സ്നേഹം പോയിരുന്നില്ല. അതുവരെ ഒന്നിച്ചുണ്ടായിരുന്നവര്‍ ശത്രുവായിക്കണ്ട് തല്ലിച്ചതച്ചത് അച്ഛന്റെ മനസ്സില്‍ ഉണങ്ങാത്ത മുറിവാണ് ഉണ്ടാക്കിയത്” – പൊക്കുടന്റെ മകന്‍ ശ്രീജിത് പൈതലേന്‍ പറയുന്നു.

ഈ കഥകളൊന്നും ‘കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിത’ത്തിലില്ല. ആ അഭാവമാണ് മകനെക്കൊണ്ട് രണ്ടാമതും ആത്മകഥ എഴുതിപ്പിച്ചത്.

”കേട്ടെഴുത്തുതന്നെയാണ് ഞാനുംനടത്തിയത്. എന്നാല്‍, അതില്‍ വ്യത്യാസമുണ്ടായിരുന്നു. ജീവിതത്തിനെ അധ്യായങ്ങളാക്കി വേര്‍തിരിച്ചെന്നോണമാണ് അച്ഛന്‍ പറഞ്ഞു തന്നത്. ചെറിയ കാര്യങ്ങളില്‍ മാത്രമാണ് ഞാന്‍ ഇടപെട്ടത്” -കേരള സര്‍വകലാശാലയില്‍ നിന്ന് എം.സി.ജെ കഴിഞ്ഞ ശേഷം കുറച്ചു കാലം പ്രമുഖ വാരികയില്‍ ജോലി ചെയ്ത ശ്രീജിത് പറയുന്നു.

തന്നെ പൂര്‍ണമായി പകര്‍ത്തുന്ന പുതിയ ആത്മകഥയില്‍ പൊക്കുടന്‍ സംതൃപ്തനാണ്. ആദ്യ ആത്മകഥയെ നിഷേധിക്കുകയോ അതിനു പിന്നിലുള്ളവരെ ഇകഴ്ത്തുകയോ ചെയ്യാതെയാണ് പൊക്കുടന്‍ പുതിയ ആത്മകഥയെ സമീപിക്കുന്നത്.

പൊക്കുടന്റെ വീടിനു മുന്നിലായി ‘കണ്ടല്‍ പൊക്കുടന്‍’ എന്ന് വലിയ അക്ഷരത്തിലെഴുതിയ വലിയൊരു ബോര്‍ഡ് നാട്ടിയിട്ടുണ്ട്. സമീപത്തെ കോളജ് വിദ്യാര്‍ഥികളില്‍ ചിലര്‍ നാട്ടിയതാണ് ബോര്‍ഡ്. ഇരുമ്പു കാലുകളുള്ള ഇത്ര വലിയ ബോര്‍ഡ് എന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ പൊക്കുടന്‍ ആ കഥ പറഞ്ഞു: ”നേരത്തേ ചെറിയൊരു ബോര്‍ഡ് വെച്ചിരുന്നു. പല സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വഴി അറിയാന്‍. സ്ഥാപിച്ച് ആഴ്ചകള്‍ക്കുള്ളില്‍ അത് ചിലര്‍ ചവിട്ടിപ്പൊളിച്ചു കളഞ്ഞു. അത് കഴിഞ്ഞാണ് ഇത് വെച്ചത്. ഇത്തിരി കടുപ്പത്തിലായിക്കോട്ടെ എന്നു വിചാരിച്ചു. ആരെന്തു ചെയ്യുമെന്ന് കാണാമല്ലോ.”

ഈ സ്വഭാവംതന്നെയാണ് പൊക്കുടന്റെ പ്രത്യേകത. വിയോജിപ്പുകള്‍ വെട്ടിത്തുറന്നു പറയും. എതിര്‍പ്പുകള്‍ കൂസാതെ ചെയ്യേണ്ടത് ചെയ്യും. അതിനാല്‍, പ്രശ്നങ്ങള്‍ അങ്ങനെയൊന്നും തീരാന്‍ ഇടയില്ല. എതിര്‍പ്പും ഒറ്റപ്പെടുത്തലും അങ്ങനെയങ്ങനെ തുടരും.”ഒരിക്കലും സ്വസ്ഥതയുണ്ടാവില്ല. അതെന്റെ തലയിലെഴുത്താണ്”- പൊക്കുടന്‍ പറഞ്ഞു നിര്‍ത്തുന്നു.

(2009 ആഗസ്ത് 24ന് മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍